ആർഎസ്എസിന്റെ സൂഫി പ്രേമം എന്ന പിആർ തന്ത്രം!

പത്രാധിപർ

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ മേൽനോട്ടത്തിൽ ഉത്തർപ്രദേശിൽ സൂഫി പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും സൂഫിവര്യന്മാരുടെ ദർഗകൾ കേന്ദ്രീകരിച്ച് തദ്ദേശീയ കൂട്ടായ്മകൾ രൂപീകരിക്കാനുമുള്ള നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുസ്‌ലിം വിഭാഗങ്ങളെ ശത്രുപക്ഷത്തുനിർത്തി സംഘടനാശേഷിയും രാഷ്ട്രീയ സ്വാധീനവും കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം, അതേ സമുദായത്തിലെ ഒരു ആശയധാരയെ നെഞ്ചേറ്റാൻ ശ്രമിക്കുന്നതിലെ വൈരുധ്യവും രാഷ്ട്രീയ തന്ത്രങ്ങളും ഗൗരവമേറിയ വിശകലനമർഹിക്കുന്നു.

ആർഎസ്എസ് വിഭാവനം ചെയ്യുന്ന ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ‘അന്യവൽക്കരണ’മാണ്. വിചാരധാര അടക്കമുള്ള ആർഎസ്എസിന്റെ പ്രമാണ ഗ്രന്ഥങ്ങളിൽ ഭാരതീയ സംസ്‌കാരത്തിന് പുറത്തുനിന്നുള്ളവരായി അടയാളപ്പെടുത്തിയ പ്രധാന ‘ആഭ്യന്തര ഭീഷണി’ മുസ്‌ലിംകളാണ്. യുപിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ബുൾഡോസർ രാജ്, ആരാധനാലയ തർക്കങ്ങൾ- തകർക്കലുകൾ, പൗരത്വ നിയമങ്ങളിലെ വിവേചനം എന്നിവയെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗതലങ്ങളാണ്. എന്നാൽ, അതേ യുപിയിൽ സൂഫിസം പ്രചരിപ്പിക്കാൻ ഇറങ്ങുമ്പോൾ, ഇത്രയും കാലം മുന്നോട്ടുവച്ച ആഭ്യന്തര ഭീഷണി എന്ന സിദ്ധാന്തത്തിന്റെ അടിത്തറ തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

മുസ്‌ലിംകളെ മൊത്തത്തിൽ എതിർക്കുന്നതിനു പകരം, സമുദായത്തെ ‘നല്ല മുസ്‌ലിം,’ ‘കെട്ട മുസ്‌ലിം’ എന്നിങ്ങനെ വിഭജിക്കുക എന്നത് സംഘപരിവാർ ദീർഘകാലമായി പരീക്ഷിക്കുന്ന തന്ത്രമാണ്. സൂഫിസത്തെ ‘ഭാരതീയ സംസ്‌കാര’ത്തോട് ഇഴുകിച്ചേർന്ന (നല്ല) ഇസ്‌ലാമായും, മറ്റു ധാരകളെ വിദേശീ യവും തീവ്രസ്വഭാവമുള്ളതുമായ (‘കെട്ട’) ഇസ്‌ലാമായും ചിത്രീകരിക്കാനാണ് ശ്രമം.

സമുദായത്തിനുള്ളിലെ ആശയപരമായ വ്യത്യാസങ്ങളെയും അസ്വാരസ്യങ്ങളെയും മുതലെടുത്ത് മുസ്‌ലിം വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുക, അതിലൂടെ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.

സൂഫിസത്തെ അതേപടി ഉൾക്കൊള്ളുകയല്ല, മറിച്ച് അതിനെ ‘ഭാരതീയവൽക്കരിക്കുക’ അല്ലെങ്കിൽ ഹിന്ദുത്വ ചട്ടക്കൂടിലേക്ക് ചുരുക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിൽ. അദ്വൈതം പോലുള്ള ഹൈന്ദവ ചിന്താധാരകൾക്കു സമാനമായ പല വിശ്വാസങ്ങളും പേറി നടക്കുന്ന സൂഫിസത്തെ ഹിന്ദുത്വ ചട്ടക്കൂടിലേക്ക് ചുരുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്ന അന്താരാഷ്ട്ര വിമർശനങ്ങളെ പ്രതിരോധി ക്കാനും തങ്ങൾ ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ എതിരല്ല, മറിച്ച് തങ്ങളുടെതായ സഹിഷ്ണുതാസംസ്‌കാരം അംഗീകരിക്കുന്നവരെ ചേർത്തുപിടിക്കുന്നു എന്ന് ബാഹ്യലോകത്തെ കാണിക്കാനുള്ള ഒരു ‘പിആർ’ തന്ത്രം കൂടിയാണിത്.

ഒരുവശത്ത് ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വീടുകളും മസ്ജിദുകളും തകർക്കുകയും പൗരത്വവും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുക; മറുവശത്ത് അതേ സമുദായത്തിലെ സൂഫി ആശയങ്ങളെ താലോലിക്കുക. ഈ വൈരുധ്യം കേവലം അബദ്ധത്തിൽ സംഭവിക്കുന്നതല്ല, മറിച്ച് കൃത്യമായി പ്ലാൻ ചെയ്ത രാഷ്ട്രീയതന്ത്രമാണ്. മുസ്‌ലിം കൂട്ടായ്മകളെ ദുർബലപ്പെടുത്താനും സ്വന്തം രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുമുള്ള ഉപകരണമായി സൂഫിസത്തെ മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ വൈരുധ്യത്തെ തിരിച്ചറിയുക എന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തം. കോട്ടിട്ട കപട മൗലാനമാർ സംഘപരിവാർ വേദികളിൽ വാഴ്ത്തുപാട്ടുകളുമായി പ്രത്യക്ഷപ്പെടുന്നതു കണ്ട് മുസ്‌ലിം സമുദായം ഒന്നടങ്കം ആ പാളയത്തിലേക്കു ചേക്കേറുമെന്നത് വ്യാമോഹം മാത്രമാണ്. കോഴിയോട് ‘പേടിക്കേണ്ട, ഞാൻ കൂടെയുണ്ട്’ എന്നു പറയുന്ന കുറുക്കന്റെ മനസ്സിലിരുപ്പ് അത്ര നിഷ്‌കളങ്കമല്ല.