‘ഗോദി മീഡിയ’ അഥവാ ഭരണകൂട നാവ്

പത്രാധിപർ

2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

ആധുനിക സാമൂഹിക ജീവിതത്തിലെ അവശ്യഘടകവും മനുഷ്യന്റെ ചിന്തയെയും മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ള സംവിധാനവുമാണ് മാധ്യമങ്ങൾ. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാംതൂണും ജനാധിപത്യത്തിന്റെ കാവലാളായുമാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. അധാർമികതയും അരാജകത്വവും അഴിമതിയും അരങ്ങുതകർക്കുമ്പോൾ തിരുത്തലുകൾക്ക് വഴിതുറക്കുന്നത് മാധ്യമങ്ങളുടെ ധീരമായ ഇടപെടലുകളാണ്.

മാധ്യമങ്ങൾക്ക് അവയുടെ ധർമങ്ങൾ നിർവഹിക്കാൻ സ്വാതന്ത്ര്യം നൽകണം. എന്നാൽ ഭരണകൂടവും വ്യവസായികളുമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്നാണ് സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് ശരിയായ വാർത്തകളും സന്ദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ സാധിക്കാതെ വരുന്നു. നുണകളും അവാസ്തവങ്ങളായ കാര്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ച് സത്യമെന്ന് വരുത്തിത്തീർക്കുക മാത്രമല്ല; ജനങ്ങൾക്ക് എന്ത് വിവരം നൽകണം, എന്ത് വിവരം നൽകേണ്ട എന്നു തീരുമാനിക്കുന്നതിലേക്കും മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ എത്തിച്ചേരുന്നു. വാർത്താ വിനിമയ സംവിധാനത്തിന് പുറമെനിന്നുള്ള ഇടപെടൽ; അത് സർക്കാരിൽ നിന്നോ മറ്റാരെങ്കിൽ നിന്നോ ആയാലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കലാണ്.

ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ അവിശ്വാസവും തെറ്റിദ്ധാരണയും വളർത്താൻ വേണ്ടി ബോധപൂർവം ശ്രമം നടത്തുന്ന ചില പത്രങ്ങളും ചാനലുകളുമുണ്ട്. സമൂഹത്തിൽ നടക്കുന്ന അരുതായ്മ കളും ഭരണതലത്തിലുള്ള അഴിമതിയും ഇല്ലായ്മ ചെയ്യുന്നതിലും അനീതിക്ക് ഇരയാകുന്നവർക്ക് ന്യായമായ നീതി നേടിക്കൊടുക്കുന്നതിലുമുള്ള മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.

ഹിന്ദി പ്രൈം ടൈം വാർത്താ ചാനലുകളും മറ്റു ചില മുഖ്യധാരാ മാധ്യമങ്ങളും ‘ഗോദി മീഡിയ’ (Godi Media) എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. ‘ഗോദി’ എന്ന ഹിന്ദി വാക്കിന്റെ അർഥം ‘മടിത്തട്ട്’ എന്നാണ്. പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനായ രവീഷ് കുമാർ ആണ് ഈ പ്രയോഗം ജനകീയമാക്കിയത്. ഭരണകൂടത്തിന്റെ മടിയിലിരുന്ന് വാർത്തകൾ ചെയ്യുന്ന മാധ്യമങ്ങൾ എന്ന അർഥത്തിലാണ് ‘ഗോദി മീഡിയ’ എന്ന പേര് വിളിച്ചുതുടങ്ങിയത്.

സർക്കാരിന്റെ വീഴ്ചകളെയോ ജനകീയ പ്രശ്‌നങ്ങളെയോ (വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ) ചർച്ച ചെയ്യുന്നതിന് പകരം, എപ്പോഴും ഭരണകൂടത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്യുക, സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ജനകീയ സമരങ്ങൾ നടത്തുന്നവർ എന്നിവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കുക, ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ മതപരവും വർഗീയവുമായ ചർച്ചകൾക്ക് ചാനലുകളിൽ അമിത പ്രാധാന്യം നൽകുക തുടങ്ങിയവയാണ് ഗോദി മീഡിയകളെന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തിന്റെ നാലാം തൂണായി നിന്ന് ഭരണകൂടത്തെ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങൾ, അതിന് പകരം സർക്കാരിന്റെ പി.ആർ (Public Relations) ഏജൻസികളെപ്പോലെ പ്രവർത്തിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് അപമാനം തന്നെയാണ്.