അറിവിന്റെ ആഴങ്ങളിലേക്ക് മിഴിതുറക്കുക

പത്രാധിപർ

2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

ഒരു വേനലവധികൂടി വന്നെത്തിയിരിക്കുകയാണ്. വിദ്യാലയങ്ങൾക്ക് വാർഷിക പരീക്ഷ കഴിഞ്ഞാൽ പിന്നെ രണ്ടു മാസത്തെ അവധിയാണ്. പണ്ടൊക്കെ ഈ രണ്ടു മാസവും കുട്ടികൾ പാടത്തും പറമ്പിലും മൈതാനത്തിലുമൊക്കെയായി കായികമായ വ്യത്യസ്ത കളികളിൽ ഏർപ്പെട്ട് സമയം ചെലവഴിക്കുകയാ യിരുന്നു ചെയ്തിരുന്നത്. ഇന്റർനെറ്റും സ്മാർട്ട് ഫോണും കടന്നുവന്നതോടുകൂടി കുട്ടികൾ പുറത്തിറങ്ങി കൂട്ടുകൂടി കളിക്കുന്നില്ല. വീടിന്റെ ഒരു മൂലയിൽ ഫോണുമായി ചുരുണ്ടുകൂടിയിരുന്ന് അവധിക്കാലം കഴിച്ചുകൂട്ടുന്നവരാണ് അധികവും. ചില കുട്ടികൾക്കാകട്ടെ, അവധിക്കാലവും പഠനത്തിന്റെതാണ്. രക്ഷിതാക്കൾ അവരെ പഠനത്തിന്റെ ലോകത്ത് കെട്ടിയിടുന്നു എന്ന് പറയുന്നതാണ് ശരി.

ഒഴിവുസമയം പുസ്തക വായനക്കുകൂടി നീക്കി വയ്ക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം തയ്യാറാകേണ്ടിയിരിക്കുന്നു. അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള കവാടമാണല്ലോ വായന. അറിവ് കരസ്ഥമാക്കുന്നതിനെ ഇസ്‌ലാമിനോളം പ്രോത്സാഹിപ്പിച്ച ഒരു മതമോ പ്രത്യയശാസ്ത്രമോ ലോകത്തില്ല എന്ന് പറയുന്നതിൽ അൽപം പോലും അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് നബിﷺക്ക് ആദ്യമായി അവതീർണമായ ക്വുർആൻ വചനങ്ങൾ തന്നെ വായനക്കും ആഴത്തിലുള്ള പഠനത്തനും ചിന്തക്കും പ്രേരണ നൽകുന്നതാണെന്ന് കാണാം.

പൗരാണികകാല മുസ്‌ലിം സമൂഹം ക്വുർആനിന്റെയും പ്രവാചക വചനങ്ങളുടെയും അന്തസ്സത്തയുൾക്കൊണ്ട് സകല വിജ്ഞാനീയങ്ങളിലും വ്യുൽപത്തി നേടുവാൻ ശ്രമിച്ചിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയവും സാമൂഹ്യവുമായ കാരണങ്ങളാൽ പിൽക്കാലത്ത് ഈ രംഗത്ത് മുസ്‌ലിം ലോകം അൽപം പുറകോട്ടടിച്ചു എന്നത് വസ്തുതയാണ്.

പഠനം എന്നത് ക്ലാസ്‌മുറികളിലോ പുസ്തകങ്ങളിലോ ഒതുങ്ങുന്നതല്ല. പ്രപഞ്ചം തന്നെയും ഒരു തുറന്ന പുസ്തകമാണ്. കടലും പുഴയും കാനനവും പറവകളും എണ്ണമറ്റ ജന്തുജാലങ്ങളുമെല്ലാം പകർന്നുതരുന്നത് വിസ്മയകരമായ അറിവുകളാണ്. അവധിക്കാലത്ത് വിനോദയാത്ര പോകുന്ന കുട്ടികളെ, വിനോദത്തോടൊപ്പം അവരുടെ ചിന്തയെ തട്ടിയുണർത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ കൂടി കാണിക്കണം.

ആഴത്തിലുള്ള പഠനത്തിലൂടെയും ചിന്തയിലൂടെയും ദൈവാസ്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നതിൽ സംശയമില്ല. സൃഷ്ടിപ്പിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് ക്വുർആൻ നൽകുന്ന വിവരണങ്ങളും വിജ്ഞാനങ്ങളും വിശ്വാസ ദൃഢീകരണത്തിനുതകുന്നതാണ്.

“ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യർക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തു നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിർജീവാവസ്ഥക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവൻ നൽകിയതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച’’ (ക്വുർആൻ 2:164).

അറിവിന്റെ അക്ഷയഖനികൾ നിറഞ്ഞതാണ് പ്രപഞ്ചം. അതിൽനിന്നും ഓരോ മുത്ത് കണ്ടെടുക്കുമ്പോഴും പ്രപഞ്ചനാഥനെയും അവന്റെ നിസ്തുലമായ കഴിവുകളെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. കുറ്റമറ്റ രീതിയിലുള്ള ഓരോ സ്ഥൂല-സൂക്ഷ്മ ജീവിയുടെയും സകല വസ്തുക്കളുടെയും സൃഷ്ടിപ്പിനു പിന്നിൽ ആകസ്മികതയോ യാദൃച്ഛികതയോ അല്ലെന്നും സുക്ഷ്മജ്ഞാനിയും സർവശക്തനുമായ ഒരുവന്റെ കരങ്ങളാണെന്നും കണ്ടെത്താൻ ചിന്താശേഷി ഉപയോഗിക്കുന്നവർക്ക് കഴിയുമെന്നതിനാലാണ് ക്വുർആനിലൂടെ അനേക തവണ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നത്.