ക്വുർആനിന്റെ വെളിച്ചം
പത്രാധിപർ
2026 ഫെബ്രുവരി 21, 1447 റമദാൻ 03

“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 17:9).
അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ ഗ്രന്ഥം നൽകപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻ തന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ദൃഷ്ടാന്തങ്ങൾ അവർക്ക് നൽകപ്പെട്ടത്. മുഹമ്മദ് നബിﷺക്ക് നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുർആൻ എന്ന വേദഗ്രന്ഥം. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ക്വുർആൻ യാതൊരുവിധ മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ ഇന്നും നിലകൊള്ളുന്നു എന്നതുതന്നെ അതിന്റെ ദൈവികതക്ക് തെളിവാണ്. കോടിക്കണക്കിന് മുസ്‌ലിംകൾ ഒരേ ഭാഷയിൽ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അനേകം ആളുകൾക്ക് അത് മനഃപാഠമാണ്. എത്രയോ ആളുകൾ അതിൽ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്നു; ഇന്നും കടന്നുവന്നുകൊണ്ടിരിക്കുന്നു.
മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചത്.
“...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെഅനുമതിപ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ(മാർഗത്തിലേക്ക് അവരെ കൊണ്ടുവരാൻ വേണ്ടി). സത്യനിഷേധികൾക്ക് കഠിനമായ ശിക്ഷയാൽ മഹാനാശംതന്നെ’’ (14:1,2).
ആറാം നൂറ്റാണ്ടിൽ ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തെ വെളിച്ചത്തിലേക്ക് നയിച്ചതും
അവരുടെ മനസ്സുകളെ നന്മയാൽ പ്രകാശമാനമാക്കിയതും ക്വുർആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാൻ അവർ തയ്യാറായത് വിശുദ്ധ ക്വുർആൻ അവരുടെ ചിന്തയെ തട്ടിയുണർത്തിയതുകൊണ്ടായിരുന്നു.
“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാർ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).
“അപ്പോൾ, അവർ ക്വുർആൻ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേൽ പൂട്ടുകളിട്ടിരിക്കുകയാണോ?’’ (47:24).
മനുഷ്യന്റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണ്. ഒരു വിശ്വാസി ക്വുർആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്. ക്വുർആൻ പാരായണം ചെയ്യുന്നവനെയും പാരായണം ചെയ്യാത്തവനെയും നബിﷺ ഉപമിച്ചത് കാണുക: “ക്വുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉപമ- അവൻ മാതളനാരങ്ങപോലെയാണ്. അതിന്റെ ഗന്ധം ഹൃദ്യവും രുചി നല്ലതുമാണ്. ക്വുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപ മ- അവൻ കാരക്ക പോലെയാണ്. അതിന് സുഗന്ധമില്ല; മാധുര്യമുണ്ട്’’ (ബുഖാരി, മുസ്‌ലിം).
വിശ്വത്തിന്റെ പ്രകാശമായ വിശുദ്ധ ക്വുർആൻ പഠിക്കുവാനും പാരായണം ചെയ്യുവാനും പരിശ്രമിക്കുക. സർവശക്തൻ അനുഗ്രഹിക്കട്ടെ.

