ലോക മേധാവിത്വം കൊതിക്കുന്ന സാമ്രാജ്യത്വ ശക്തികൾ

പത്രാധിപർ

2026 മാർച്ച് 07, 1447 റമദാൻ 17

പതിറ്റാണ്ടുകളായി അശാന്തി പുകയുന്ന പശ്ചിമേഷ്യ ഇപ്പോൾ ആളിക്കത്തുകയാണ്. 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ തുടക്കം. ഒടുവിൽ ഇറാന്റെ പരമോന്നത നേതാവിനെത്തന്നെ അവർ വധിച്ചിരിക്കുന്നു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി തങ്ങളെ ആക്രമിച്ചപ്പോൾ ഇറാൻ ഇസ്രായേലിന് നേരെയും ആക്രമണം നടത്തി. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും മിസൈലാക്രമണം നടത്തി. ഇത് ഗൾഫ് രാജ്യങ്ങളിൽ അശാന്തി പരക്കാൻ കാരണമായി. അവർ ഇത് തങ്ങളുടെ രാജ്യത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്നതിൽ സംശയമില്ല. ഗൾഫ് രാജ്യങ്ങളിൽ മിസൈലാക്രമണം നടത്താൻ ഇറാൻ ധൈര്യം കാണിച്ചത് ധിക്കാരപരമായ നടപടി തന്നെയാണ്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കണമെന്നില്ല. ജനവാസ കേന്ദ്രങ്ങളിൽ പതിക്കാനും വലിയ തോതിൽ ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. തിരിച്ചടിക്കാനുള്ള ഇറാന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാൽ അത് മറ്റു രാജ്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമായിക്കൂടാ.

തെമ്മാടി രാഷ്ട്രങ്ങൾ എന്നും ഭീകര രാഷ്ട്രങ്ങൾ എന്നും ഇസ്രായേലിനെയും അമേരിക്കയെയും സമാധാനകാംക്ഷികൾ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. പശ്ചിമേഷ്യ എന്നല്ല ലോകം തന്നെ തങ്ങളുടെ ആധിപത്യത്തിനു കീഴിൽ വരണമെന്ന ചിന്തയാണ് അവർക്കുള്ളത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ ആക്രമിച്ച് ഭരണാധികാരികളെ കൊന്ന് ‘സമാധാനം’ കൊണ്ടുവരുന്ന പ്രവർത്തനമാണല്ലോ അമേരിക്ക കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇറാനെ ആക്രമിച്ചതിന് ന്യായമായി നെതന്യാഹു സങ്കടത്തോടെ പറഞ്ഞത് ഖാംനഈ സ്വന്തം ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു എന്നാണ്. ഖാംനഈ അത്ര നിഷ്‌കളങ്കനല്ലെന്നും പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നതിന്റെ ചോരപ്പാടുകൾ അദ്ദേഹത്തിന്റെ കൈകളിലുണ്ടെന്നും ലോകർക്കറിയാം. എന്നാൽ പതിനായിരക്കണക്കിന് ഫലസ്തിൻ കുഞ്ഞുങ്ങളെയും സാധാരണക്കാരെയും ചുട്ടുകൊന്ന ചെകുത്താനാണ് ഈ വേദമോതുന്നതെന്ന് ഓർക്കുക.

മിഡിൽ ഈസ്റ്റിൽ ഒരു കഴുകനെപ്പോലെ അമേരിക്ക വട്ടമിട്ടുപറക്കുന്നതിനു പിന്നിൽ പല താർപര്യങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ-വാതക ശേഖരം മിഡിൽ ഈസ്റ്റിലാണ്. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും ഈ മേഖലയിലെ ആധിപത്യം അവർക്ക് അത്യാവശ്യമാണ്. ഇസ്രായേലിന്റെ നിലനിൽപ്പും സുരക്ഷയും ഉറപ്പാക്കുക എന്നത് അമേരിക്കൻ വിദേശനയത്തിന്റെ പ്രധാന ഭാഗമാണ്. ഇതിനായി വലിയ തോതിലുള്ള സൈനിക-സാമ്പത്തിക സഹായങ്ങൾ അവർ നൽകിവരുന്നുണ്ട്. ഈ മേഖലയിൽ അമേരിക്കയുടെ പ്രധാന ശത്രു ഇറാനാണ്. ഇറാന്റെ ആണവ പദ്ധതികളെ തടയുക, മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുക എന്നിവ അമേരിക്കയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളാണ്. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ സൗഹൃദത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഇതാണ്. സൂയസ് കനാൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ പ്രധാനപ്പെട്ട ജലപാതകൾ മിഡിൽ ഈസ്റ്റിലാണ്. ആഗോള വ്യാപാരം സുഗമമായി നടക്കാൻ ഈ വഴികളിലെ നിയന്ത്രണവും സമാധാനവും അമേരിക്കയ്ക്ക് പ്രധാനമാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ മിഡിൽ ഈസ്റ്റിൽ സ്വാധീനമുറപ്പിക്കുന്നത് അമേരിക്കക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ലോകത്തിലെ ഏക ‘സൂപ്പർ പവർ’ ആയി തുടരാനും ഈ മേഖലയിലെ ആധിപത്യം അവർക്ക് അനിവാര്യമാണ്. ഇതിനായി എന്ത് നെറികേടും കാണിക്കാൻ അവർ തയ്യാറാകുമെന്നതിന്റെ തെളിവാണ് ലോകമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.