സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

വിവ: ഫായിസ് ബിന്‍ മഹ്മൂദ് അല്‍ഹികമി

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 66:6).

ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: 'അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക' (ഹാകിം തന്റെ മുസ്തദ്‌റകില്‍ ഉദ്ധരിച്ചത്, ഇത് സ്ഥിരപ്പെട്ടതാണ്).

അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.

അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.

ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ''ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്'' (അഹ്കാമുന്നിസാഅ്).

ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ''സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: 'ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.' അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു'' (സ്വഹീഹുല്‍ ബുഖാരി).

ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ''മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.''

ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.

മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ''ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും'' (മിഫ്താഹു ദാരിസ്സആദ).

അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.

അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.

ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; 'ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്' (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).

ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീര്‍ച്ചയാണ്. കാരണം, അവര്‍ വായിക്കുന്നത് 'അല്ലാഹുവും പ്രവാചകനും പറഞ്ഞു,' 'അബൂബക്കര്‍ സിദ്ദീക്വ്(റ) പറഞ്ഞു,' 'ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു,' 'ഇമാം മാലിക്(റഹി) പറഞ്ഞു,' 'ഇമാം ശാഫിഈ(റഹി) പറഞ്ഞു' എന്നൊക്കെയാണ്. ഇത് പ്രകാശത്തിനുമേല്‍ പ്രകാശമാണ്. അതിനാല്‍ നിര്‍ബന്ധമായും അവന്റെ നമസ്‌കാരത്തിലും മറ്റു ആരാധനകളിലും ഇടപാടുകളിലും അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് നാം (ഈ കുറിപ്പിന്റെ) തുടക്കത്തില്‍ പാരായണം ചെയ്ത, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: 'സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക...'

അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയെല്ലാവരെയും അല്ലാഹു ആ ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.

ഇത് നമുക്ക് ഉപകാരപ്പെടുവാനും നമ്മുടെ സ്ത്രീകളെ നേര്‍മാര്‍ഗത്തിലാക്കാനും നമുക്കും അവര്‍ക്കും മതത്തില്‍ പാണ്ഡിത്യം നല്‍കാനുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്.

(ആശയ വിവര്‍ത്തനം)