പുത്തന്‍വാദികളോടുള്ള നിലപാട്

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

2021 ഫെബ്രുവരി 13 1442 റജബ് 01

(ബിദ്അത്തിന്‍റെ ഇനങ്ങളും അവയുടെ വിധികളും 2)

ബിദ്അത്തിന്‍റെ കക്ഷികളെ എതിര്‍ക്കുകയും അവര്‍ക്ക് മറുപടി നല്‍കുകയും ബിദ്അത്തിനെ നിഷ്കാസനം ചെയ്യുകയും അതില്‍നിന്ന് അവരെ തടയുകയും ചെയ്യുന്ന സമീപനമാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്.

ഉമ്മുദ്ദര്‍ദാഅ്(റ) പറയുന്നു: "അബുദ്ദര്‍ദാഅ്(റ) കോപിഷ്ഠനായിക്കൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. ഞാന്‍ ചോദിച്ചു: 'താങ്കള്‍ക്കെന്തുപറ്റി?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുതന്നെയാണ് സത്യം! അവര്‍ ഒന്നിച്ച് നമസ്കരിക്കുന്നുണ്ട് എന്നതല്ലാതെ മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഒരു കാര്യവും ഞാനവരില്‍ കണ്ടില്ല" (ബുഖാരി).

2. അംറുബ്നു യഹ്യ(റ) പറയുകയാണ്: "എന്‍റെ പിതാവ് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: 'ഞങ്ങള്‍ സ്വുബ്ഹി നമസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന്‍റെ വാതില്‍ക്കല്‍ ഇരുന്നു. അദ്ദേഹം പുറത്ത് വന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കൂടെ പള്ളിയിലേക്ക് പോയി. അപ്പോള്‍ അബൂമൂസല്‍അശ്അരി(റ) തങ്ങളുടെ അടുക്കലേക്ക് വന്നുകൊണ്ട് ചോദിച്ചു: 'അബൂ അബ്ദുര്‍റഹ്മാന്‍ ഇനിയും വന്നില്ലേ?' ഞങ്ങള്‍ പറഞ്ഞു: 'ഇല്ല.' അങ്ങനെ അദ്ദേഹം വരുന്നതുവരെ ഞങ്ങളുടെ കൂടെയിരുന്നു. അബൂഅബ്ദുര്‍റഹ്മാന്‍ വന്നപ്പോള്‍ ഞങ്ങളെല്ലാവരും എഴുന്നേറ്റു നിന്നു; അപ്പോള്‍ അബൂ മൂസല്‍അശ്അരി(റ) പറഞ്ഞു: 'അല്ലയോ അബൂഅബ്ദുറഹ്മാന്‍! ഞാന്‍ വെറുക്കുന്ന ഒരു കാര്യം ഇപ്പോള്‍ പള്ളിയില്‍വെച്ച് കണ്ടു. അല്‍ഹംദുലില്ലാഹ്! ഞാന്‍ കണ്ടത് നന്മ മാത്രമാണ്!' അബൂഅബ്ദുര്‍റഹ്മാന്‍ ചോദിച്ചു: 'എന്താണ് കണ്ടത്?' അബുമൂസ(റ) പറഞ്ഞു: 'താങ്കള്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ താങ്കള്‍ക്കുമത് കാണാം. ഒരു വിഭാഗം ആളുകള്‍ നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് വട്ടമിട്ടിരിക്കുന്നു. ഓരോ വട്ടത്തിലും (നേതൃത്വം കൊടുക്കാന്‍) ഒരാളുണ്ട്. അവരുടെയെല്ലാം കൈകളില്‍ ചെറിയ കല്ലുകളുണ്ട്. അയാള്‍ പറയും: '100 തവണ അല്ലാഹു അക്ബര്‍ പറയുക.' അപ്പോള്‍ അവരിങ്ങനെ പറയും. '100 തവണ ലാഇലാഹ ഇല്ലല്ലാഹ് പറയുക.' അപ്പോള്‍ അവരത് പറയും. '100 തവണ സുബ്ഹാനല്ലാഹ് പറയുക.' അപ്പോള്‍ അവരത് പറയും." അബൂഅബ്ദുറഹ്മാന്‍(റ) ചോദിച്ചു: 'അവരുടെ തിന്മകള്‍ എണ്ണുവാനവരോട് കല്‍പിക്കുകയും നിങ്ങളുടെ നന്മകളില്‍നിന്ന് ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ എന്നവരോട് പറയുകയും ചെയ്തില്ലേ?' അങ്ങനെ ഞങ്ങള്‍ പോയി. പള്ളിയിലെ ഹല്‍ക്വകളിലെ ഒരു ഹല്‍ക്വയുടെ അടുത്തെത്തി. എന്നിട്ട് ചോദിച്ചു: 'എന്താണ് നിങ്ങളീ കാണിക്കുന്നത്?' അവര്‍ പറഞ്ഞു: 'അബൂ അബ്ദുര്‍റഹ്മാന്‍, ഇത് കുറച്ചു കല്ലുകളാണ്. ഞങ്ങളതുകൊണ്ട് തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കുകയാണ്.'

അബൂ അബ്ദുര്‍റഹ്മാന്‍(റ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ തിന്മകള്‍ എണ്ണിക്കൊള്ളുക. നിങ്ങളുടെ നന്മകളില്‍ ഒന്നും നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ. മുഹമ്മദ് നബി ﷺ യുടെ സമൂഹമേ, നിങ്ങള്‍ക്ക് നാശം! എത്ര പെട്ടെന്നാണ് നിങ്ങള്‍ നശിച്ചത്! റസൂലിന്‍റെ അനുചരന്മാരിതാ (സ്വഹാബിമാര്‍) ജീവിച്ചിരിക്കുന്നു. റസൂലിന്‍റെ വസ്ത്രങ്ങളിതാ, അത് നുരുമ്പിയിട്ടില്ല. റസൂല്‍ ഉപയോഗിച്ച പാത്രങ്ങളിതാ, അവ കേടുവന്നിട്ടില്ല. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം! മുഹമ്മദ് നബി ﷺ കൊണ്ടുവന്ന മാര്‍ഗത്തെക്കാള്‍ നല്ല മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ വഴികേടിന്‍റെ വാതിലുകള്‍ തുറക്കുകയാണോ നിങ്ങള്‍?' അവര്‍ പറഞ്ഞു: 'അബൂഅബ്ദുര്‍റഹ്മാന്‍, ഞങ്ങള്‍ നന്മയല്ലാതെ ഉദ്ദേശിച്ചിട്ടില്ല.' അദ്ദേഹം പറഞ്ഞു: 'ഇങ്ങനെ, നന്മയാഗ്രഹിച്ചിട്ട് അതു ലഭിക്കാത്ത എത്രപേര്‍! നബി ﷺ പറഞ്ഞിട്ടുണ്ട്: ചില ആളുകള്‍ വരും. അവര്‍ ക്വുര്‍ആന്‍ ഓതുമെങ്കിലും അത് തൊണ്ടവിട്ട് താഴോട്ടിറങ്ങുകയില്ല. അല്ലാഹുതന്നെയാണ് സത്യം! എനിക്കറിയില്ല; അവരില്‍ അധികവും നിങ്ങളില്‍ തന്നെയായിരിക്കാം.' അംറുബ്നു സലമ(റ) പറയുന്നു: 'ഇവരില്‍ അധികമാളുകളെയും നഹര്‍വാന്‍ യുദ്ധദിവസം ഖവാരിജുകളോടൊപ്പം ഞങ്ങള്‍ കണ്ടു" (തിര്‍മിദി).

3. മാലിക് ഇബ്നു അനസി(റഹി)ന്‍റെ അടുക്കലേക്ക് ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: 'ഞാന്‍ എവിടെനിന്നാണ് ഇഹ്റാമില്‍ പ്രവേശിക്കേണ്ടത്?' (മാലിക്) പറഞ്ഞു: 'നബി ﷺ നിശ്ചയിക്കുകയും ഇഹ്റാമില്‍ പ്രവേശിക്കുകയും ചെയ്ത മീക്വാതില്‍ നിന്ന്.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ അതിനെക്കാള്‍ ദൂരത്തുനിന്നും ഇഹ്റാമില്‍ പ്രവേശിച്ചാലോ? മാലിക് പറഞ്ഞു: 'ആ അഭിപ്രായം എനിക്കില്ല.' അദ്ദേഹം ചോദിച്ചു: 'ഇക്കാര്യത്തില്‍ എന്തു മാര്‍ഗമാണ് താങ്കള്‍ വെറുക്കുന്നത്?' മാലിക് പറഞ്ഞു: 'താങ്കളില്‍ ഫിത്നയുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു.' വീണ്ടും അയാള്‍ ചോദിച്ചു: 'നന്മ വര്‍ധിപ്പിക്കുന്നതില്‍ എന്ത് ഫിത്നയാണുള്ളത്?' ഇമാം മാലിക് പറഞ്ഞു: 'അല്ലാഹു പറയുന്നു: നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ചോര്‍ന്നുപോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ' (നൂര്‍: 63) നബി ﷺ നല്‍കിയിട്ടില്ലാത്ത ഒരു പ്രത്യേകമായ ശ്രേഷ്ഠത നിങ്ങളുണ്ടാക്കുന്നതിനെക്കാള്‍ വലിയ ഫിത്ന വേറെ എന്താണുള്ളത്?"

അഹ്ലുസ്സുന്നത്തി വല്‍ജമാഅയും ബിദ്അത്തിന്‍റെ കക്ഷികളും

ബിദ്അത്തിന്‍റെ കക്ഷികളെ എതിര്‍ക്കുന്നതില്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മാനദണ്ഡപ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗമാണ് (മന്‍ഹജ്) അഹ്ലുസ്സുന്നത്തി വല്‍ജമാഅ സ്വീകരിച്ചിട്ടുള്ളത്. തൃപ്തികരവും സമ്പൂര്‍ണവുമായ മന്‍ഹജാണത്. അത് ബിദ്അത്തിന്‍റെ കക്ഷികളുടെ സംശയങ്ങളെ നിരത്തിവെക്കുകയും ശേഷം അവര്‍ക്കുള്ള മറുപടി നല്‍കുകയും ചെയ്യുന്നു. സുന്നത്ത് മുറുകെപ്പിടിക്കേണ്ടതിനും ബിദ്അത്തുകളെയും പുതുനിര്‍മിതികളെയും വര്‍ജിക്കേണ്ടതിനും ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും തെളിവുകള്‍ നിരത്തി വിശദീകരിക്കുകയും ചെയ്യുന്നു.

ഈ വിഷയകമായി ഒരുപാട് ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പിഴച്ചവാദങ്ങല്‍ പ്രചരിപ്പിക്കുന്ന അശ്അരിയാക്കള്‍, ജഹ്മിയാക്കള്‍, ഖവാരിജുകള്‍, ശിയാക്കള്‍ തുടങ്ങിയവര്‍ക്കുള്ള ഖണ്ഡനങ്ങള്‍ അവര്‍ കൃത്യമായി നല്‍കി. അതിനു പ്രത്യേകമായി ഗ്രന്ഥങ്ങള്‍ രചിച്ചു.

'ജഹ്മിയ്യാക്കള്‍ക്കൊരു മറുപടി' എന്ന ഇമാം അഹ്മദിന്‍റെ ഗ്രന്ഥം അതിനുദാഹരണമാണ്. കൂടാതെ, ഉസ്മാനുബ്നു സഈദുദ്ദാരിമി, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയായ ഇബ്നുല്‍ക്വയ്യിം, ശൈഖ് മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ് തുടങ്ങിയ മഹാരഥന്മാരെല്ലാം സ്വൂഫികള്‍ക്കും ക്വുബൂരികള്‍ക്കുമെതിരില്‍ ഗ്രന്ഥം രചിച്ചവരില്‍ ചിലരാണ്.

ബിദ്അത്തിന്‍റെ കക്ഷികള്‍ക്ക് മറുപടിയായി പ്രത്യേകം എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. ഇമാം ശാത്വിബിയുടെ 'അല്‍ഇഅ്ത്വിസാം.'

2. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ 'ഇഖ്തിളാഉസ്സ്വിറാതില്‍ മുസ്തക്വീം.'

3. ഇബ്നു വല്ലാഹിന്‍റെ 'ഇന്‍കാറുല്‍ഹവാദിഥി വല്‍ബിദഅ്.'

4. ത്വര്‍ത്വൂശിയുടെ 'അല്‍ ഹവാദിഥു വല്‍ബിദഅ്.'

5. അബൂശാമയുടെ 'അല്‍ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിഥി.'

 

ആധുനിക ഗ്രന്ഥങ്ങള്‍

1. അലീ മഹ്ഫൂദ്: 'അല്‍ ഇബ്ദാഉ ഫീ മളാര്‍റില്‍ ഇബ്തിദാഅ്.'

2. ശൈഖ് മുഹമ്മദ്ബ്നു അഹ്മദുജ്ജുവൈരി അല്‍ഹവാമിദി: 'അസ്സുനനു വല്‍മുബ്തദിആത്തു അല്‍ മുതഅല്ലിക്വതു ബില്‍അദ്കാരി വസ്സ്വലവാതി.'

3. അബ്ദുല്‍ അസീസ് ഇബ്നുബാസ്: 'അത്തഹ്ദീറു മിനല്‍ ബിദഇ.'

ഇന്നും പണ്ഡിതന്മാര്‍ ബിദ്അത്തിനെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു. മുബ്തദിഉകള്‍ ഖണ്ഡനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാസികകളും വാരികകളും ഖുതുബകളും പൊതു പ്രഭാഷണങ്ങളും യോഗങ്ങളും അതിന്നുവേണ്ടിയവര്‍  സംഘടിപ്പിക്കുന്നു. മുസ്ലിംകള്‍ക്കിടയില്‍  വലിയ  പ്രതിഫലനങ്ങളാണവ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബിദ്അത്തുകളെ ഇല്ലായ്മ ചെയ്യാനും ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്.

 

ചില ആധുനിക ബിദ്അത്തുകള്‍

1. പ്രവാചകന്‍റെ ജന്മദിനാഘോഷം:

ക്രിസ്ത്യാനികളോട് സാദൃശ്യം സ്വീകരിക്കലാണ് ഈ ഒരു പ്രവര്‍ത്തനത്തിലൂടെ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാചകന്‍റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ മാസത്തില്‍ വഴിപിഴപ്പിക്കുന്ന ഉലമാക്കളും പാമരന്മാരായ പൊതുജനങ്ങളുമാണിത് ചെയ്തുകൊണ്ടിരിക്കുന്നത്. ചിലര്‍ പള്ളികളിലും മറ്റു ചിലര്‍ വീടുകളും വേറെ ചിലര്‍ ഇതിന്നായി പ്രത്യേകം സംവിധാനിക്കപ്പെട്ട സ്ഥലങ്ങളിലും ഇത് നടത്തിക്കൊണ്ടുപോരുന്നു. ഒട്ടനവധി ജനങ്ങള്‍ അവിടെ ഒരുമിച്ചുകൂടുന്നു. ഈസാനബി(അ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ക്രിസ്ത്യാനികള്‍ ചെയ്യുന്നതിനോട് സാദൃശ്യമുള്ളതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ക്രിസ്ത്യാനികളോട് സാദൃശ്യംപുലര്‍ത്തല്‍, ബിദ്അത്ത് എന്നിവക്ക് പുറമെ ഒട്ടനവധി വെറുക്കപ്പെട്ട കാര്യങ്ങളും ശിര്‍ക്കുകളും ഈ ആഘോഷത്തില്‍ വ്യക്തമാണ്. പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും സ്ഥാനത്തേക്കെത്തുന്ന രൂപത്തിലുള്ള അതിരുകവിഞ്ഞ പ്രവാചക പുകഴ്ത്തലുകള്‍ അടങ്ങിയ പദ്യങ്ങള്‍ പാരായണം ചെയ്യുന്നു. നബി ﷺ യാകട്ടെ അത് പാടില്ല എന്ന് പറഞ്ഞതുമാണ്: "നസ്വാറാക്കള്‍ ഈസബ്നു മര്‍യമിന്‍റെ കാര്യത്തില്‍ അതിരുകവിഞ്ഞപോലെ എന്‍റെ കാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. ഞാനൊരു അടിമ മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിന്‍റെ അടിമയും അവന്‍റെ റസൂലുമെന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക" (ബുഖാരി, മുസ്ലിം).

നബി ﷺ അത്തരം സദസ്സുകളില്‍ ഹാജറാകുമെന്നുപോലും ചിലര്‍ വിശ്വസിക്കുന്നു. ഈണങ്ങളും രാഗതാളങ്ങളും ചേര്‍ന്നുള്ള സംഘമായിട്ടുള്ള പദ്യപാരായണമാണ് ഈ പരിപാടിയില്‍ നിഷിദ്ധമാക്കപ്പെട്ട മറ്റൊന്ന്. സ്വൂഫികള്‍ പടച്ചുണ്ടാക്കിയ ബിദ്അത്തുകളില്‍ പെട്ടതാണത്. പുരുഷന്മാരും സ്ത്രീകളും ഇവിടെ കൂടിക്കലരുന്നു. ഫിത്നകള്‍ക്കും മ്ലേഛതകള്‍ക്കും ഇത് കാരണമായിത്തീരും.

ഇനി ഇത്തരം നിഷിദ്ധങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വെറും ഒരുമിച്ചുകൂടലും ഭക്ഷണം നല്‍കലും സന്തോഷം പ്രകടിപ്പിക്കലും മാത്രമാണെങ്കില്‍തന്നെ ഇത് ബിദ്അത്താണ്. കാരണം നബി ﷺ പറഞ്ഞിട്ടുണ്ട്; 'എല്ലാ പുതുനിര്‍മിതികളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടിലാണ്' എന്ന്. മാത്രമല്ല, ഇത് പുരോഗമിച്ച് പുരോഗമിച്ച് മറ്റു സദസ്സുകളില്‍ നടമാടുന്ന വെറുക്കപ്പെട്ട കാര്യങ്ങളും ഉണ്ടായിത്തീരാനിടയുണ്ട്.

ഇതൊരു ബിദ്അത്താണ്. ക്വുര്‍ആനിലോ സുന്നത്തിലോ അതിന് അടിസ്ഥാനമില്ല. സലഫുസ്സ്വാലിഹുകളുടെ മാതൃകയില്ല. ഉത്തമ നൂറ്റാണ്ടുകാര്‍ ചെയ്തിട്ടില്ല. ഹിജ്റ 4ന് ശേഷം ഉടലെടുത്ത നൂതനാചാരമാകുന്നു അത്. ശിയാക്കളിലെ ഫാത്വിമിയ്യ വിഭാഗമാണ് അതുണ്ടാക്കിയത്. ഇമാം താജുദ്ദീനുല്‍ ഫാകിഹാനി പറയുന്നത് കാണുക: "മൗലിദെന്ന പേരില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ ചില ആളുകള്‍ ഒരുമിച്ച് കൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്; മതത്തില്‍ ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന്. എനിക്ക് പറയാനുള്ളത് ഇതാണ്: ക്വുര്‍ആനിലോ ഹദീഥിലോ അതിനൊരു അടിസ്ഥാനവും ഉള്ളതായി എനിക്കറിവില്ല. മുന്‍ഗാമികളുടെ പാത പിന്‍പറ്റുന്നവരും മതകാര്യത്തില്‍ മാതൃകയാക്കാവുന്നതുമായ ഒരു പണ്ഡിതനില്‍നിന്നും ഇത്തരം ഒരു കാര്യം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ബാത്വിലിന്‍റെ ആളുകള്‍ ഉണ്ടാക്കിയെടുത്ത ബിദ്അത്തും ശാപ്പാട്ടുവീരന്മാര്‍ ഗൗരവത്തോടെ കാണുന്ന ഇച്ഛകളുടെ താല്‍പര്യവുമാണത്" (രിസാതുല്‍ മൗരിദ് ഫീ അമലില്‍ മൗലിദ്).

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: "നബി ﷺ യുടെ ജന്മദിനത്തെ ആഘോഷമായി ചില ആളുകള്‍ കൊണ്ടാടുന്നു. അത് നബി ﷺ യോടുള്ള ബഹുമാനമോ ക്രിസ്ത്യാനികളോടുള്ള മത്സരമോ ആകട്ടെ; ജന്മദിനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും സലഫുകള്‍ അത് ചെയ്തിട്ടില്ല. ഇതിന് വല്ല പ്രത്യേകതയോ ശ്രേഷ്ഠതയോ അതില്‍ നന്മയോ ഉണ്ടെങ്കില്‍ സലഫുകള്‍ നമ്മെ മുന്‍കടന്ന് പ്രവര്‍ത്തിക്കുമായിരുന്നു. കാരണം അവര്‍ നബി ﷺ യോട് നമ്മെക്കാള്‍ സ്നേഹവും ബഹുമാനവും ഉള്ളവരായിരുന്നു. നന്മയില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരായിരുന്നു. പ്രവാചകനെ പിന്‍പറ്റിക്കൊണ്ടും അനുസരിച്ചുകൊണ്ടും ബാഹ്യമായും ആന്തരികമായും പ്രവാചക സുന്നത്തുകള്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടും പ്രവാചകന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും ഹൃദയംകൊണ്ടും കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്തുകൊണ്ടുമായിരുന്നു നബി ﷺ യോടുള്ള സ്നേഹവും ബഹുമാനവും അവര്‍ നിലനിര്‍ത്തിയിരുന്നത്. ഇതായിരുന്നു മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും അവരെ പിന്‍പറ്റിയവരടെയും മാര്‍ഗം" (ഇക്വ്തിദാഉസ്സ്വിസാത്വില്‍ മുസ്തക്വീം).

ഈ ബിദ്അത്തിനെ എതിര്‍ത്തുകൊണ്ട് ആധുനികവും പൗരാണികവുമായി ഒരുപാട് ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. അന്യമതസ്ഥരോടുള്ള സാദൃശ്യത്തിനും ബിദ്അത്തിനും പുറമെ ഔലിയാക്കന്മാര്‍, ശൈഖന്‍മാര്‍ പോലെയുള്ളവരുടെ ജന്മദിനാഘോഷത്തിന് ഈ പ്രവണത കാരണമായിത്തീരും. അതിലൂടെ ഒട്ടനവധി തിന്മകളുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും.