ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 13)

അല്ലാഹു പറയുന്നു: ''അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല'' (2:200)

ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.

സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.''

ആഇശ(റ)യും അവരുടെ പിതാവ് അബൂബക്കര്‍  സിദ്ദീക്വും(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:''ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്'' (ബൈഹക്വി 'ശുഅബുല്‍  ഈമാനി'ലും ത്വബ്‌റാനി 'ഔസത്വി'ലും അബൂനുഐം 'ഹില്‍യ'യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത്  ഈ ഹദീഥ് ഉദ്ധരിച്ച ശേഷം  ഇമാം ബൈഹക്വി(റഹി) ഇപ്രകാരം രേപ്പെടുത്തി: 'ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍  മുആദി(റ)ന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: 'അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്' (ബൈഹക്വി 'ശുഅബുല്‍ ഈമാനി'ല്‍ ഉദ്ധരിച്ചത്).

പ്രവാചക പത്‌നി ഉമ്മു ഹബീബ(റ) പറയുന്നു: ''നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ)'' (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

മുആദുബ്‌നു ജബല്‍(റ) നിവേദനം: ''നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: 'കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?' നബി ﷺ പറഞ്ഞു: 'നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്' (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).

 അബുദ്ദര്‍ദാഅ്(റ) പറയുന്നു: ''ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്'' (ബൈഹക്വി 'ശുഅബുല്‍ ഈമാനി'ല്‍ ഉദ്ധരിച്ചത്).

നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം 'ദിക്ര്‍'കൊണ്ടാണ്. നിസ്സംശയം, 'ദിക്ര്‍' ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.

ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ 'ദിക്‌റി'ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.

അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും.  അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം 'ദിക്‌റി'ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അല്ലാഹു പറയുന്നു: ''തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്'' (ക്വുര്‍ആന്‍ 18:28).

ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍  ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും 'ദിക്‌റി'ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ  ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.

'ഫുറുത്വ' എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.

മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.

 ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍  എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!

റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട:് 'ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.'

ദിക്‌റിന്റെ മഹത്ത്വങ്ങള്‍

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:

1. പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.

2. പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.

3. മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.

4. മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.

5. മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.

6. മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.

7. ഉപജീവനം എളുപ്പമാക്കും.

8. റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.

9. തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ 'റബ്ബിനോടുള്ള സ്‌നേഹം' നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും 'റിവിഷനും' വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ 'ദിക്ര്‍' സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.

10. റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ 'ഇഹ്‌സാനി'ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന 'ഇഹ്‌സാനി'ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.

11. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ 'ദിക്ര്‍' അയാളെ സഹായിക്കും. 'ദിക്ര്‍' അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.

12. ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ 'ദിക്ര്‍' ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും. (അവസാനിച്ചില്ല)