ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

(ഭാഗം: 28)

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

ചുരുക്കത്തില്‍, സ്വര്‍ഗത്തിലെ ചെടികളും കെട്ടിടങ്ങളും ദിക്‌റുകള്‍ നിമിത്തമാണുണ്ടാകുന്നത്.  അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ ഹദീഥായി അബിദ്ദുന്‍യാ പ്രസ്താവിക്കുന്നു; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ സ്വര്‍ഗത്തിലെ ചെടികള്‍ അധികരിപ്പിക്കുക.'' സ്വഹാബിമാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ ,എന്താ ണ് അതിലെ ചെടികള്‍?'' നബി ﷺ പറഞ്ഞു: 'മാശാഅല്ലാഹ്(അല്ലാഹു ഉദ്ദേശിച്ചത് നടന്നു),' 'ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)' എന്നീ ദിക്‌റുകളാണ്.

അറുപത്തിയഞ്ച്: തീര്‍ച്ചയായും ദിക്ര്‍ ഒരടിമയുടെയും നരകത്തിന്റെയും ഇടയിലുള്ള മതില്‍ക്കെട്ടായി വര്‍ത്തിക്കുന്നതാണ്. ആ അടിമക്ക് തന്റെ പ്രവര്‍ത്തനഫലമായി നരകത്തിലേക്കെത്താവുന്ന വല്ല വഴിയും തുറന്നുകിടപ്പുണ്ടെങ്കില്‍ അയാളുടെ 'ദിക്ര്‍' ആ വഴി അടച്ചുകളയുന്നതാണ്. പരിപൂര്‍ണവും നിത്യേന ചെയ്യുന്നതുമാണ് ആ ദിക്‌റുകളെങ്കില്‍ ഒരു നിലയ്ക്കും ഭേദിച്ചുകടക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശക്തമായ നിലയ്ക്കുള്ള മതില്‍ക്കെട്ടായി അത് നിലകൊള്ളും. അല്ലായെങ്കില്‍ അതിന്റെതായ തോതനുസരിച്ചായിരിക്കും ഉണ്ടാവുക.

അബ്ദുല്‍ അസീസുബ്‌നു അബീ റവ്വാദ്(റഹി) പറയുന്നു: ''ഗ്രാമീണനായ ഒരാള്‍ ഒരു പള്ളിയുണ്ടാക്കി. എന്നിട്ട് അതിന്റെ ക്വിബ്‌ലയുടെ ഭാഗത്ത് ഏഴ് കല്ലുകള്‍ വെച്ചു. അയാള്‍ തന്റെ നമസ്‌കാരം കഴിയുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: 'ഹേ,കല്ലുകളേ! അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നതിന് ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തുന്നു.' പിന്നീടയാള്‍ രോഗിയായി മരണപ്പെട്ടു. ഇബ്‌നു അബീ റവ്വാദ്(റഹി) പറയുന്നു: 'അയാളെ നരകത്തിലേക്ക് ഇടാന്‍ എന്നോട് കപിക്കപ്പെടുന്നതായി സ്വപ്‌നദര്‍ശനമുണ്ടായി. അപ്പോഴതാ എനിക്കറിയാവുന്ന ആ കല്ലുകളില്‍ ഒന്ന് വലുതായി വരികയും നരകത്തിന്റെ കവാടങ്ങള്‍ എന്നില്‍നിന്ന് മറയ്ക്കുകയും ചെയ്തു! അങ്ങനെ മറ്റൊരു വാതില്‍ക്കലേക്ക് എന്നെ കൊണ്ടുപോകുമ്പോള്‍ ആ കല്ലുകളുടെ കൂട്ടത്തില്‍പെട്ട എനിക്കറിയാവുന്ന ഒരു കല്ല് വലുതായി വന്ന് അവിടെയും നരക കവാടത്തിനു മുന്നില്‍ തടസ്സം തീര്‍ക്കുന്നു! അങ്ങനെ നരകത്തിന്റെ എല്ലാ വാതിലുകള്‍ക്ക് മുമ്പിലും ആ കല്ലുകള്‍ തടസ്സം നില്‍ക്കുന്നു'' (അബുല്‍ ക്വാസിമുത്തൈമി 'അത്തര്‍ഹീബു വത്തര്‍ഗീബി'ല്‍ ഉദ്ധരിച്ചത്).

അറുപത്തിയാറ്: നിശ്ചയം, പശ്ചാത്തപിച്ചു മടങ്ങുന്നവര്‍ക്കു വേണ്ടി മലക്കുകള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നത് പോലെ ദിക്ര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയും മലക്കുകള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതാണ്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) പറഞ്ഞതായി ഹുസൈനുല്‍ മുഅല്ലിം ഉദ്ധരിക്കുന്നു: 'അല്ലാഹുവില്‍നിന്നുള്ള മുന്‍ വേദഗ്രന്ഥത്തില്‍ ഞാന്‍ കാണുകയുണ്ടായി; ഒരു അടിമ 'അല്‍ഹംദുലില്ലാഹ്' (അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും) എന്ന് പറഞ്ഞാല്‍ 'റബ്ബില്‍ ആലമീന്‍' (സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ) എന്ന് മലക്കുകള്‍ അതിനോട് ചേര്‍ത്ത് പറയും. എന്നാല്‍ ഒരു അടിമ 'അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍' (സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ 'അല്ലാഹുവേ, നിന്റെ ഈ ദാസന് നീ പൊറുത്ത് കൊടുക്കേണമേ' എന്ന് പറയും. ഇനി അയാള്‍ 'സുബ്ഹാനല്ലാഹ്' (അല്ലാഹു എത്രയോ പരിശുദ്ധന്‍) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ പൂര്‍ത്തീകരിച്ച് പറയും. അതിനോട് ചേര്‍ത്ത് 'വബി ഹംദിഹി' (അവന്നാകുന്നു സ്തുതികളഖിലവും) എന്ന് പൂര്‍ത്തീകരിച്ച് പറഞ്ഞാല്‍ 'അല്ലാഹുവേ, നിന്റെ ഈ ദാസന് നീപൊറുത്ത് കൊടുക്കേണമേ' എന്ന് മലക്കുകള്‍ പറയും. ഇനി അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു' (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ചേര്‍ത്ത് പറയും. 'ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍' (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാണ്) എന്ന് അയാള്‍ പൂര്‍ത്തിയാക്കി പറഞ്ഞാല്‍ മലക്കുകള്‍ 'അല്ലാഹുവേ, നിന്റെ ഈ അടിമക്ക് നീപൊറുത്ത് കൊടുക്കേണമേ' എന്ന് പറയും.'

അറുപത്തിയേഴ്: മലകളും ഒഴിഞ്ഞ പ്രദേശങ്ങളും പരസ്പരം അഭിമാനം കൊള്ളും. അതിലൂടെ അല്ലാഹുവിനെ ദിക്ര്‍ ചെയ്ത ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കില്‍ അവ അതില്‍ സന്തോഷിക്കും.

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''നിശ്ചയം, ഒരു മല മറ്റൊരു മലയെ പേരുപറഞ്ഞ് വിളിച്ച് ഇപ്രകാരം ചോദിക്കുമെത്ര: 'അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ട് ഇന്ന് ആരെങ്കിലും നിന്റെയടുത്തുകൂടെ കടന്നുപോയിട്ടുണ്ടോ?' അതെയെന്ന് അത് പറഞ്ഞാല്‍ ആ കുന്ന് സന്തോഷിക്കുമെത്ര!'' (ഇബ്‌നുല്‍ മുബാറക് തന്റെ 'അസ്സുഹ്ദി'ലും ഇബ്‌നു അബീശൈബ 'മുസ്വന്നഫി'ലും ത്വബ്‌റാനി 'മുഅ്ജമില്‍ കബീറി'ലും ബൈഹഖി 'ശുഅബുല്‍ ഈമാനി'ലും ഹസനായ പാരമ്പരയിലൂടെ ഉദ്ധരിച്ചത്).

ഔനുബ്‌നു അബ്ദില്ല(റ) പറയുന്നു: ''നിശ്ചയം, ഓരോ ഭൂപ്രദേശവും അടുത്തുള്ള പ്രദേശത്തെ പരസ്പരം വിളിച്ച് ഇങ്ങനെ ചോദിക്കുമത്രെ: 'അല്ലയോ അയല്‍ക്കാരീ, അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ട് ഇന്ന് ആരെങ്കിലും നിന്റെയടുത്തുകൂടി കടന്നുപോയോ?' അപ്പോള്‍ ചിലത് പറയും: 'അതെ.' മറ്റു ചിലത് പറയും: 'ഇല്ല.' (ഇബ്‌നു അബീഹാതിം തന്റെ ഹദീഥില്‍ ഉദ്ധരിച്ചതായി ഇബ്‌നു കഥീര്‍ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു. അബൂ നുഐം തന്റെ 'ഹില്‍യ'യിലും ഇതിന് സമാനമായ ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട് -കുറിപ്പുകാരന്‍).

ഇമാം അഅ്മശ്(റ) മുജാഹിദി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: ''നിശ്ചയം, ചില കുന്നുകള്‍ മറ്റു ചില കുന്നുകളെ പേരുവിളിച്ചു ചോദിക്കും. അല്ലയോ പര്‍വതമേ, അല്ലാഹുവിനെ ദിക്ര്‍ ചെയ്യുന്ന ആരെങ്കിലും ഇന്ന് നിന്റെ അടുത്തുകൂടെ കടന്നുപോയോ?' അപ്പോള്‍ ചിലര്‍ 'ഇല്ല' എന്നും വേറെ ചിലര്‍ 'അതെ, ഉണ്ട്' എന്നും വിളിച്ചും പറയും' (മുസ്വന്നഫ് അബൂശൈബയിലും ഇബ്‌നുല്‍ മുബാറകിന്റെ 'അസ്സുഹ്ദിലും' ഉദ്ധരിച്ചിട്ടുണ്ട്. ചിലത് സ്വഹാബിയായ അനസി(റ)ന്റെ വാക്കുകളായും വന്നിട്ടുണ്ട്. നബി ﷺ യില്‍നിന്നുള്ളതായിട്ടുള്ള റിപ്പോര്‍ട്ടുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. ത്വബ്‌റാനിയുടെ 'ഔസതും' അബൂ നുഐമിന്റെ 'ഹില്‍യ'യിലും നോക്കുക-കുറിപ്പുകാരന്‍).

അറുപത്തിയെട്ട്: നിശ്ചയം, ദിക്‌റുകള്‍ അധികരിപ്പിക്കുക എന്നത് കാപട്യത്തില്‍(നിഫാക്വ്)നിന്നുള്ള സുരക്ഷയാണ്. കാരണം മുനാഫിക്വുകള്‍ അല്ലാഹുവിനെ വളരെ കുറച്ചു മാത്രം ദിക്ര്‍ ചെയ്യുന്നവരാണ്.

മുനാഫിക്വുകളെക്കുറിച്ച് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 4:142).

കഅബ്(റ) പറയുന്നു: ''ആര് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ അധികരിപ്പിക്കുന്നുവോ അയാള്‍ കാപട്യത്തില്‍(നിഫാക്വ്)നിന്ന് ഒഴിവാണ്. അതുകൊണ്ടാകണം (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍) സൂറത്തുല്‍ മുനാഫിക്വൂന്‍ അല്ലാഹു അവസാനിപ്പിച്ചത് ഈ വാക്കുകള്‍കൊണ്ടാണ്: ''...അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (63:11).

തീര്‍ച്ചയായും അതില്‍ അല്ലാഹുവിനെ 'ദിക്ര്‍' ചെയ്യുന്നതില്‍നിന്നകന്ന് അശ്രദ്ധരായി കഴിയുന്ന കപട വിശ്വാസികളുടെ അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ താക്കീതുണ്ട്. അല്ലാഹുവില്‍നിന്നുള്ള അശ്രദ്ധയും അകലവുമാണ് അവനെ കാപട്യത്തില്‍ വീഴ്ത്തിക്കളഞ്ഞത്.

സ്വഹാബികളില്‍ ചിലരോട് ഖവാരിജുകളെ സംബന്ധിച്ച് ഇപ്രകാരം ചോദിക്കപ്പെട്ടു: ''അവര്‍ മുനാഫിക്വുകളാണോ?' സ്വഹാബിമാര്‍ പറഞ്ഞു: 'അല്ല, മുനാഫിക്വുകള്‍ അല്ലാഹുവിനെ കുറച്ച് മാത്രമെ സ്മരിക്കുകയുള്ളു'' (ഇബ്‌നു അബീശൈബ തന്റെ 'മുസ്വന്നഫി'ലും അബ്ദുറസാക്വ് തന്റെ 'മുസ്വന്നഫി'ലും മുഹമ്മദുബ്‌നു നസ്വ്ര്‍ അല്‍മര്‍വസി തന്റെ 'തഅഌമു ഖദ്‌രി സ്വലാത്ത്' എന്ന ഗ്രന്ഥത്തിലും വിവിധ പരമ്പരകളിലൂടെ ഉദ്ധരിച്ചത്. അതില്‍ ചിലത് സ്വഹീഹാണ്-കുറിപ്പുകാരന്‍).

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കുറയുക എന്നത് കാപട്യത്തിന്റെ അടയാളത്തില്‍ പെട്ടതാണ്. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിന്റെ ആധിക്യം കാപട്യത്തില്‍നിന്നുള്ള സുരക്ഷയുമാണ്. അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തെ കാപട്യംകൊണ്ട് അവന്‍ പരീക്ഷിക്കുകയില്ല. മറിച്ച്, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഹൃദയങ്ങള്‍ക്കായിരിക്കും അതുണ്ടാവുക.

അറുപത്തിയൊമ്പത്: കര്‍മങ്ങളുടെ കൂട്ടത്തില്‍ ദിക്‌റിന് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേക ആസ്വാദനമുണ്ട്. ഒരു അടിമക്ക് അതിലൂടെ കിട്ടുന്ന ആസ്വാദനമല്ലാതെ മറ്റ് പ്രതിഫലങ്ങളൊന്നുമില്ലായെന്ന് വന്നാല്‍പോലും അതൊരു നഷ്ടമല്ല. അയാളുടെ ഹൃദയത്തിന് കിട്ടുന്ന ആ സുഖാസ്വാദനം തന്നെ മതിയായതാണ്. അതുകൊണ്ടാണ് ദിക്‌റിന്റെ സദസ്സുകള്‍ക്ക് സ്വര്‍ഗീയ പൂന്തോട്ടം (രിയാദുല്‍ ജന്ന) എന്ന് പേര് വിളിച്ചിരിക്കുന്നത്.

മാലിക് ഇബ്‌നു ദീനാര്‍(റഹി) പറയുന്നു: ''അല്ലാഹുവിനെ ദിക്ര്‍ ചെയ്യുന്നതിലൂടെ കിട്ടുന്ന ആസ്വാദനം പോലെയുള്ള ഒരു ആസ്വദനവും സത്യത്തില്‍ ഒരു ആസ്വാദകരും ആസ്വദിക്കുന്നില്ല'' (ബൈഹക്വി 'ശുഅബുല്‍ ഈമാനി'ല്‍ ഉദ്ധരിച്ചത്. ഇമാം അഹ്മദ് തന്റെ 'അസ്സുഹ്ദി'ലും അബൂ നുഐം 'ഹില്‍യ'യിലും ഇതിന് സമാനമായ റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്-കുറിപ്പുകാരന്‍).

കര്‍മങ്ങളുടെ കൂട്ടത്തില്‍ ഇതിനോളം ഭാരം കുറഞ്ഞതും ആസ്വാദനം കൂടിയതും മനസ്സിന് കൂടുതല്‍ സന്തോഷവും ആഹ്ലാദവും പകരുന്നതുമായ മറ്റൊന്നും ഇല്ലതന്നെ.

എഴുപത്: തീര്‍ച്ചയായും ദിക്ര്‍ ഇഹലോകത്ത് മുഖങ്ങള്‍ക്ക് ശോഭ നല്‍കും. പരലോകത്ത് പ്രകാശവും പ്രദാനം ചെയ്യും. ദിക്ര്‍ ചെയ്യുന്നവര്‍ ദുനിയാവില്‍ മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും മുഖകാന്തിയുള്ളവരായിരിക്കും. പരലോകത്ത് മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രകാശമുള്ളവരുമായിരിക്കും.

നബി ﷺ യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ചില 'മുര്‍സലായ' റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ കാണാം: (സനദിന്റെ അഥവാ പരമ്പരയുടെ അവസാനഭാഗത്തുനിന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിട്ടുപോയ റിപ്പോര്‍ട്ടിനെയാണ് 'മുര്‍സല്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്- പരിഭാഷകന്‍)

ആരെങ്കിലും ഓരോദിവസവും 100 പ്രാവശ്യം 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീതു ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍' (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന്ന് യാതൊരു പങ്കുകാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യവും. അവന്നാകുന്നു സര്‍വസ്തുതികളും. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. അവന്റെ കയ്യിലാണ് സര്‍വ നന്മയും. അവന്‍ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു) എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെയടുക്കല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ചെല്ലുന്നത് പൗര്‍ണമിദിനത്തിലെ പൂര്‍ണചന്ദ്രനെക്കാള്‍ പ്രശോഭിക്കുന്ന മുഖവുമായിട്ടായിരിക്കും.'' (ഇതിനു സമാനമായ റിപ്പോര്‍ട്ട് ത്വബ്‌റാനി തന്റെ മുസ്‌നദുശ്ശാമിയ്യീന്‍ എന്ന ഗ്രന്ഥത്തില്‍ അബുദ്ദര്‍ദാഅ് നബി ﷺ യില്‍നിന്നുദ്ധരിക്കുന്ന ഹദീഥായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈതമി മജ്മഇല്‍ പറയുന്നു: 'അതിന്റെ പരമ്പരയില്‍ അബ്ദുല്‍ വഹാബിബ്‌നു ദഹ്ഹാക്ക് എന്ന വ്യക്തിയുണ്ട്. അയാള്‍ വളരെ ദുര്‍ബലനാണ്-കുറിപ്പുകാരന്‍).