ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

(ഭാഗം: 25)

അന്‍പത്തിയൊന്ന്: ഇഹലോകത്തെ സ്വര്‍ഗത്തോപ്പില്‍ താമസിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിക്‌റിന്റെ ഇരിപ്പിടങ്ങളില്‍ അയാള്‍ ഇരിപ്പുറപ്പിച്ചുകൊള്ളട്ടെ; നിശ്ചയം അത് സ്വര്‍ഗത്തോപ്പാകുന്നു.

ഇബ്‌നു അബീദുന്‍യയും മറ്റും ജാബിര്‍(റ)വിന്റെ ഹദീസായി ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി ﷺ ഞങ്ങളിലേക്ക് വന്നുകൊണ്ട് പറഞ്ഞു:

'അല്ലയോ ജനങ്ങളേ, സ്വര്‍ഗീയ തോപ്പുകളില്‍ നിങ്ങള്‍ മേഞ്ഞുകൊള്ളുക.''ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്താണ് ആ സ്വര്‍ഗത്തോപ്പ്?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ദിക്‌റിന്റെ സദസ്സുകളാണത്.' എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ രാവിലെയും വൈകുന്നേരവും പോവുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും അല്ലാഹുവിന്റെയടുക്കലുള്ള തന്റെ സ്ഥാനം അറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ തന്റെയടുക്കല്‍ അല്ലാഹുവിനുള്ള സ്ഥാനം എങ്ങനെയാണന്ന് അവന്‍ നോക്കിക്കൊള്ളട്ടെ. തന്റെയടുക്കല്‍ അല്ലാഹുവിന് അവന്‍ കല്‍പിച്ച സ്ഥാനമനുസരിച്ച് അല്ലാഹു അവനും സ്ഥാനം നല്‍കുന്നതാണ്' (അബ്ദുബ്‌നു ഹുമൈദ് തന്റെ മുസ്‌നദിലും അബൂയഅ്‌ല തന്റെ മുസ്‌നദിലും ഉദ്ധരിച്ചത്. ഹാകിമും ഇബ്‌നുഹിബ്ബാനും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിലെ ഉമറുബ്‌നു അബ്ദില്ല എന്ന വ്യക്തി ദുര്‍ബലനാണ്. എന്നാല്‍ ഇമാം മുന്‍ദിരി 'അത്തര്‍ഗീബു വത്തര്‍ഹീബി'ല്‍ ഇതിനെ 'ഹസനായി' പരിഗണിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഉപോല്‍ബലകങ്ങളായ മറ്റു റിപ്പോര്‍ട്ടുകളെ (ശവാഹിദ്) പരിഗണിച്ചായിരിക്കും- കുറിപ്പുകാരന്‍).

അന്‍പത്തിരണ്ട്: ദിക്‌റിന്റെ സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. അല്ലാഹു പ്രകീര്‍ത്തിക്കപ്പെടുന്ന സദസ്സുകളല്ലാതെ മറ്റൊരു സദസ്സും അവര്‍ക്ക് ദുനിയാവിലില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്നു: അബൂ ഹുറയ്‌റ(റ) നിവേദനം: ''അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: 'നിശ്ചയം, ജനങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ കൂടാതെ അല്ലാഹുവിന് പ്രത്യേകമായി ചില മലക്കുകളുണ്ട്. അവര്‍ വഴികളിലൂടെ ചുറ്റിസഞ്ചരിച്ച് 'ദിക്‌റി'ന്റെ ആളുകളെ അന്വേഷിക്കും. അങ്ങനെ അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന  ആളുകളെ കണ്ടെത്തിയാല്‍  (മറ്റു മലക്കുകളോടായി) അവര്‍ വിളിച്ചു പറയും: 'നിങ്ങള്‍ അന്വേഷിച്ചുനടക്കുന്നതിലേക്ക് വരൂ.' അങ്ങനെ അവര്‍ തങ്ങളുടെ ചിറകുകള്‍കൊണ്ട് ഇവരെ ചുറ്റിപ്പൊതിയും. അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും-അവന്‍ ഇവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്- 'എന്റെ ദാസന്മാര്‍ എന്താണ് പറയുന്നത്?' അവര്‍ പറയും: 'അവര്‍ നിന്നെ പ്രകീര്‍ത്തിക്കുകയും (തസ്ബീഹ്) നിന്റെ മഹത്ത്വങ്ങള്‍ വാഴ്ത്തുകയും (തക്ബീര്‍) നിന്നെ സ്തുതിക്കുകയും (ഹംദ്) നിന്നെ പുകഴ്ത്തുകയും ചെയ്യുകയാണ്.'

അപ്പോള്‍ അല്ലാഹു ചോദിക്കും: 'അവര്‍ എന്നെ കണ്ടിട്ടുണ്ടോ?' മലക്കുകള്‍ പറയും: 'ഇല്ല, അല്ലാഹുവാണെ സത്യം! അവര്‍ നിന്നെ കണ്ടിട്ടില്ല.' അപ്പോള്‍ അവന്‍ ചോദിക്കും: 'അപ്പോള്‍ അവര്‍ എന്നെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി?' അവര്‍ പറയും: 'അവര്‍ നിന്നെ കണ്ടിരുന്നെങ്കില്‍  ഏറ്റവും ശക്തമായി നിനക്ക് ഇബാദത്തുകള്‍  എടുക്കുകയും  ഏറ്റവും ശക്തമായി നിന്നെ വാഴ്ത്തുകയും പുകഴ്ത്തുകയും വളരെ കൂടുതലായി നിന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.'

അല്ലാഹു ചോദിക്കും: 'അവര്‍ എന്താണ് എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്?' മലക്കുകള്‍ പറയും: 'അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു.' അപ്പോള്‍ അല്ലാഹു ചോദിക്കും: 'അവര്‍ സ്വര്‍ഗം കണ്ടിട്ടുണ്ടോ?' അപ്പോള്‍ മലക്കുകള്‍ പറയും: 'ഇല്ല, അല്ലാഹുവാണെ, അവര്‍ അത് കണ്ടിട്ടില്ല.' അപ്പോള്‍ അല്ലാഹു പറയും: 'അപ്പോള്‍ അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി?' മലക്കുകള്‍ പറയും: 'അവര്‍ അത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ആഗ്രഹമുള്ളവരും അതിയായി അതിനുവേണ്ടി തേടുന്നവരും അതിന്റെ കാര്യത്തില്‍ അതീവ തല്‍പരരുമാകുമായിരുന്നു.'

എന്നിട്ട് അല്ലാഹു ചോദിക്കും: 'എന്തില്‍നിന്നാണവര്‍ രക്ഷ തേടുന്നത്?' മലക്കുകള്‍ പറയും: 'നരകത്തില്‍ നിന്ന്.' അല്ലാഹു ചോദിക്കും: 'അവരത് കണ്ടിട്ടുണ്ടോ?' മലക്കുകള്‍ പറയും: 'ഇല്ല, അല്ലാഹുവാണെ അവരത് കണ്ടിട്ടില്ല.' അല്ലാഹു പറയും: 'അപ്പോള്‍ അവരത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?' മലക്കുകള്‍ പറയും: 'അവരത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായി അതില്‍നിന്ന് ഓടിയകലുകയും വല്ലാതെ അതിനെ ഭയക്കുകയും ചെയ്യുമായിരുന്നു.' അല്ലാഹു പറയും: 'ഞാനിതാ നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് പറയുന്നു: തീര്‍ച്ചയായും ഞാനവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു.' അപ്പോള്‍ ആ മലക്കുകളില്‍ പെട്ട ഒരു മലക്ക് പറയും: 'അവരുടെ കൂട്ടത്തില്‍ അവരില്‍ പെടാത്ത ഒരാളുണ്ട്. അയാള്‍ മറ്റെന്തോ ആവശ്യത്തിന് വന്നുപെട്ടതാണ്.' അവന്‍ പറയും: 'അവര്‍ ഒരുമിച്ചിരുന്നവരാണ്. അവരോടൊപ്പം ഇരുന്നവരും പരാജയപ്പെടുകയില്ല' (ബുഖാരി, മുസ്‌ലിം).

ഇത് അവര്‍ക്ക് അല്ലാഹു കല്‍പിച്ച ആദരവിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമാണ്. അവര്‍ക്ക് മാത്രമല്ല, അവരോട് കൂടെ ഇരുന്നവര്‍ക്കും. അല്ലാഹു സൂറതു മര്‍യമില്‍ പറഞ്ഞതില്‍നിന്നൊരു വിഹിതം അവര്‍ക്കുമുണ്ട്: ''ഞാന്‍ എവിടെയായിരുന്നാലും എന്നെ നീ അനുഗ്രഹീതനാക്കേണമേ...''(19:31). ഇപ്രകാരമാണ് സത്യവിശ്വാസി. അവന്‍ എവിടെച്ചെന്നിറങ്ങിയാലും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. എന്നാല്‍ തെമ്മാടികള്‍ എവിടെ ചെന്നുപെട്ടാലും ലക്ഷണം കെട്ടവരായിരിക്കും.

അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന അശ്രദ്ധയുടെ സദസ്സുകളാട്ടെ അവ പിശാചുക്കളുടെ സദസ്സുകളാണ്. ഓരോന്നും അതിന്റെതായ സദൃശ്യരിലേക്കും കോലത്തിലേക്കുമാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഓരോ വ്യക്തിയും തനിക്ക് അനുയോജ്യമായതിലേക്ക് ചെന്നുചേരുന്നതാണ്.

അമ്പത്തിമൂന്ന്: നിശ്ചയം, അല്ലാഹു അവനെ പ്രകീര്‍ത്തിക്കുന്നവരെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയും. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍  അബൂസഈദില്‍  ഖുദ്‌രി(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: ''പള്ളിയിലുണ്ടായിരുന്ന ഒരു സദസ്സിലേക്ക് മുആവിയ(റ) ചെന്നിട്ട് ചോദിച്ചു: 'എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്ന കാര്യം?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇരുന്നതാണ്.' അദ്ദേഹം ചോദിച്ചു: 'അല്ലാഹുവാണെ, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവാണേ, ഞങ്ങള്‍ അതിനുവേണ്ടി മാത്രമാണ് ഇവിടെയിരുന്നത്.'

മുആവിയ(റ) പറഞ്ഞു: 'ഞാന്‍ നിങ്ങളെ സംശയിച്ചതുകൊണ്ടല്ല നിങ്ങളോട് ശപഥം ചെയ്യിച്ചത്. (പ്രത്യുത മറ്റൊരു കാര്യത്തിനാണ്). എന്നെക്കാള്‍ നബി ﷺ യില്‍നിന്ന് കുറച്ചു മാത്രം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വേറെ ആരും ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നബി ﷺ തന്റെ സ്വഹാബികള്‍ കൂടിയിരുന്ന ഒരു സദസ്സിലേക്ക് ചെന്നിട്ട് ചോദിച്ചു: 'എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയ സംഗതി?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ഇവിടെ ഇരുന്നത് അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും ഞങ്ങളെ ഇസ്‌ലാമിലേക്ക് വഴിനടത്തുകയും സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതിന് അവന് സ്തുതിക്കളര്‍പ്പിക്കുവാനുയിട്ടാണ്.' അപ്പോള്‍ നബി ﷺ ചോദിച്ചു: 'അല്ലാഹുവാണേ,സത്യം, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവാണേ സത്യം! അതുമാത്രമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങളെ സംശയിച്ചതിന്റെ പേരിലല്ല ഞാന്‍ നിങ്ങളെക്കൊണ്ട് ശപഥം ചെയ്യിച്ചത്. മറിച്ച് എന്റെയടുക്കല്‍ ജിബ്‌രീല്‍(അ) വന്നിട്ട് പറഞ്ഞു: 'നിശ്ചയം, അല്ലാഹു തആല നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുന്നുവത്രെ' (മുസ്‌ലിം).

പടച്ച റബ്ബിന്റെ ഈ അഭിമാനം പറച്ചില്‍  ദിക്‌റിന് അവന്റെയടുക്കലുള്ള മഹത്ത്വവും ആദരവും അവന് അതിനോടുള്ള ഇഷ്ടവുമൊക്കെ അറിയിക്കുന്നുണ്ട്. മറ്റു കര്‍മങ്ങളെക്കാള്‍ അതിനുള്ള പ്രത്യേകതയും മനസ്സിലാക്കിത്തരുന്നുണ്ട്. (തുടരും)