ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 12)

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ 'സ്വിറാത്തിന്‍മേല്‍' ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്

നബി ﷺ പറയുന്നു: ''ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

മറ്റൊന്ന് ഹദീഥില്‍ പറഞ്ഞത്; ''അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുവാന്‍ (ദിക്ര്‍ ചെയ്യുവാന്‍) അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ ധൃതിപ്പെട്ടു പിന്നാലെ കൂടിയ ഒരാളുടേത് പോലെയാണ.് അങ്ങനെ അയാള്‍ ശക്തവും സുരക്ഷിതവുമായ ഒരു കോട്ടയുടെ അടുക്കലെത്തി. തന്റെ ശരീരത്തെ ശത്രുക്കളില്‍നിന്നും സുരക്ഷിതമാക്കി. അപ്രകാരം അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' (സ്മരണ) ആണ് ഒരു ദാസനെ പിശാചില്‍നിന്ന് രക്ഷപ്പെടുത്തുന്നത്.''

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍'കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് 'ദിക്‌റി'ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് 'ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍' (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും'' (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ 'തഅലീക്വാ'യും ഉദ്ധരിച്ചിട്ടുണ്ട്).

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ''അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.''

മുആദ്(റ) പറയുന്നു: ''നബി ﷺ പറഞ്ഞു: 'നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?' സ്വഹാബിമാര്‍ പറഞ്ഞു: 'അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.' അവിടുന്ന് പറഞ്ഞു: 'മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്'' (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).

സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ''നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു  മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍  നബി ﷺ പറഞ്ഞു:  'നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്.  മുന്‍കടന്നവര്‍ വിജയിച്ചു.'  സ്വഹാബിമാര്‍ ചോദിച്ചു: 'നബിയേ, ആരാണ് മുന്‍കടന്നവര്‍?' നബി ﷺ പറഞ്ഞു: 'അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും).''

സുനനു അബീദാവൂദില്‍ അബൂഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം: ''ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്'' (അബുദാവൂദ്, അഹ്മദ്, ഹാകിം).

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്: ''ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും'' (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി).

സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: ''നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യും അബൂസഈദും(റ) സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: 'ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും'' (മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ''ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!''

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്: ''ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍'കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!' (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

 അബൂസഈദി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ''നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: 'അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിനെ ധാരാളമായി  സ്മരിക്കുന്നവര്‍ക്ക്.' ചോദിക്കപ്പെട്ടു: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?' നബി ﷺ പറഞ്ഞു: 'ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്'' (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം  തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).

സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു: ''തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.''

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ''നബി ﷺ പറഞ്ഞു: ''അല്ലാഹു തആല പറഞ്ഞിരിക്കുന്നു: 'എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.''

അനസി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ''നിശ്ചയം നബി ﷺ പറഞ്ഞു: 'നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.' സ്വഹാബിമാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍' (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: ''അല്ലാഹു തആലാ പറഞ്ഞു: 'നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്'' (ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജറി (റഹി)നെപോലെയുള്ളവര്‍ ഇതിനെ 'ഹസന്‍' എന്ന ഗണത്തില്‍പെടുത്തുന്നു. 'നതാഇജുല്‍ അഫ്കാര്‍,' 'ഫുതൂഹാതുര്‍റബ്ബാനിയ്യ' മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).

ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ 'ദിക്ര്‍' ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (ക്വുര്‍ആന്‍ 8:45).

ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.

''...ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 33:35).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍'' (ക്വുര്‍ആന്‍ 33:41). (തുടരും)