ആരാധനകള്‍ക്കൊരു ആമുഖം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2021 ആഗസ്ത് 21 1442 മുഹര്‍റം 12

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 18)

(വെള്ളത്തിന്റെ) രണ്ടാമത്തെ ഉപമ ഇതാണ്; അല്ലാഹു പറയുന്നു: ''അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്'' (ക്വുര്‍ആന്‍ 2:19).

ആകാശത്തുനിന്ന് കുത്തിച്ചൊരിയുന്ന പേമാരിയുടെ ഉപമ. അതാണ് ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ക്വുര്‍ആനിന്റെ ഉപമ. മഴമൂലമാണല്ലോ ഭൂമിക്കും ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ജീവന്‍ നിലനില്‍ക്കുന്നത്. സത്യവിശ്വാസികള്‍ അത് ഗ്രഹിക്കുകയും അതുമുഖേന ലഭ്യമാക്കുന്ന ജീവനെക്കുറിച്ച് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അതിനോടൊപ്പമുള്ള ഇടിയും മിന്നലും അവരെ അതില്‍നിന്ന് തടയുന്നില്ല. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചവര്‍ക്ക് താക്കീതായി നല്‍കിയ ശിക്ഷകളും നടപടികളും അവന്റെ താക്കീതുകളും ഭീഷണികളുമൊക്കെയാണ് ആ ഇടിയും മിന്നലും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. തന്റെ ദൂതരെ കളവാക്കിയവര്‍ക്കുനേരെയാണ് അവന്‍ അത് ഇറക്കുക എന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ അതില്‍ (ക്വുര്‍ആനില്‍) അടങ്ങിയിട്ടുള്ള ശക്തമായ കല്‍പനകള്‍, ശത്രുക്കളുമായുള്ള ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെടല്‍, ദുരിതങ്ങളില്‍ സഹനമവലംബിക്കല്‍ മുതലായവയും മനസ്സുകള്‍ കൊതിക്കുന്നതിനെതിരായി അവയ്ക്ക് പ്രയാസകരമായ ചില കല്‍പനകളുമൊക്കെ ഇരുട്ടും മിന്നലും ഇടിയും പോലെയാണ്. എന്നാല്‍ മഴയുടെ പരിണതിയും അതുമൂലമുണ്ടാകുന്ന ജീവസുറ്റതായ നിരവധി നേട്ടങ്ങളുമൊക്കെ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം അവയോടൊന്നും അവര്‍ എതിര്‍പ്പോ വെറുപ്പോ അസന്തുഷ്ടിയോ പ്രകടിപ്പിക്കുകയില്ല. പ്രത്യുത അവരതില്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും നല്ല പ്രത്യാശയിലായിരിക്കുകയും ചെയ്യും.

കപട വിശ്വാസിയാകട്ടെ; തന്റെ ഹൃദയത്തിന്റെ അന്ധത കാരണത്താല്‍ ഇരുട്ടിന്നപ്പുറമുള്ള യാതൊരു നന്മയും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല. കാഴ്ച തട്ടിയെടുക്കുന്ന മിന്നല്‍പിണറുകളും ഘോരമായ ഇരുട്ടും ഇടിമുഴക്കങ്ങളും മാത്രമെ അവന്‍ കാണുന്നുള്ളൂ. അതുകൊണ്ട്തന്നെ അവയെ അവന് പേടിയും വെറുപ്പുമാണ്. അതിനാല്‍ തന്റെ വിരലുകള്‍ ചെവിയില്‍ തിരുകി ഇടിമുഴക്കം കേള്‍ക്കാതിരിക്കാനും മിന്നല്‍പിണറുകളുടെ ശക്തമായ പ്രകാശം കാണാതിരിക്കാനുമാണ് അവന്‍ ആഗ്രഹിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടമാകുമോ എന്ന പേടിയാണയാള്‍ക്കുള്ളത്. കാരണം ആ പ്രകാശത്തിന്റെ മുന്നില്‍ ഉറച്ചുനില്‍ക്കാനുള്ള ശേഷി അവനോ അവന്റെ കണ്ണുകള്‍ക്കോ ഇല്ല. ശക്തമായ ഇടിമുഴക്കം കേട്ടുകൊണ്ട് അയാള്‍ ഇരുട്ടില്‍തന്നെ നില്‍ക്കുകയാണ്. കണ്ണുകളെ റാഞ്ചിയെടുക്കാന്‍ പാകത്തിലുള്ള മിന്നല്‍പിണറുകളാണ് അയാള്‍ കാണുന്നത്. അതില്‍നിന്ന് വല്ല വെളിച്ചവും കിട്ടിയാല്‍ അതിന്റെ അകമ്പടിയില്‍ മുന്നോട്ട് ഗമിക്കും. ആ വെളിച്ചം നഷ്ടമായാല്‍ എവിടേക്ക് പോകണമെന്നറിയാതെ പരിഭ്രമിച്ച് അന്തംവിട്ടു നില്‍ക്കും. അയാളുടെ വിവരക്കേടുകൊണ്ട് ശക്തമായ മഴയുടെ അനിവാര്യമായ സംഗതികളാണിവയൊക്കെയെന്ന വസ്തുത അയാള്‍ക്ക് ഗ്രഹിക്കാനാകുന്നില്ല. അതുമുഖേനയാണ് സസ്യലതാദികളും ഭൂമിതന്നെയും ജീവസ്സുറ്റതാകുന്നതെന്ന് അയാള്‍ അറിയുന്നില്ല. മറിച്ച് ഇടിയും മിന്നലും കൂരിരുട്ടും മാത്രമെ അയാള്‍ കാണുന്നുള്ളൂ. അങ്ങനെവരുമ്പോള്‍ അതിനോട് തികഞ്ഞ പേടിയും വെറുപ്പും അകല്‍ച്ചയുമൊക്കെ തോന്നല്‍ സ്വാഭാവികമാണ്.

എന്നാല്‍ ശക്തമായ മഴയോട് ഇണക്കവും പരിചയവുമുള്ള, അതിലൂടെ കൈവരുന്ന നന്മകളെക്കുറിച്ചും ഭൂമിയിലെ ജീവനെയും മറ്റു പ്രയോജനങ്ങളെയും പറ്റി ബോധമുള്ള ഏതൊരാള്‍ക്കും മഴയോടൊപ്പമുള്ള ഇടിയും മിന്നലും ഇരുട്ടും ഒന്നും പേടിപ്പെടുത്തുന്നതോ പരിചയമില്ലാത്തതോ അല്ല. അതിനാല്‍അതിന്റെ നന്മകളാര്‍ജിക്കുന്നതില്‍നിന്നും അയാളെ അതൊന്നും തടയുന്നുമില്ല

അല്ലാഹുവിന്റെ പക്കല്‍നിന്ന് മലക്ക് ജിബ്‌രീല്‍(അ) നബി ﷺ യുടെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു കൊടുത്ത ആ പേമാരിയോട് തികച്ചും യോജിക്കുന്നതാണ് ഈ ഉപമ. അതുനിമിത്തമാണ് ഹൃദയങ്ങള്‍ക്കും സര്‍വസൃഷ്ടികള്‍ക്കും ജീവസ്സു ലഭിക്കുന്നത്. വെള്ളമായി പെയ്തിറങ്ങുന്ന മഴയോടൊപ്പം ഇടിയും മിന്നലുമൊക്കെയുള്ളതുപോലെ ഇതിലും സമാനമായ ചിലതൊക്കെ ഉണ്ടാകുമെന്നതാണ് പടച്ചവന്റെ യുക്തി.

ശക്തമായ ആ മഴയില്‍നിന്ന് കപടവിശ്വാസികള്‍ക്ക് ലഭിക്കാനുള്ളത് അതിന്റെ കാര്‍മേഘവും ഇടിയും മിന്നലും മാത്രമാണ്. അതിനപ്പുറമുള്ളതൊന്നും അവര്‍ക്കറിയില്ല. അതിനാല്‍ സത്യവിശ്വാസികള്‍ക്കുള്ളത് പോലെയുള്ള ഇണക്കവും അടുപ്പവുമല്ല അവര്‍ക്കുള്ളത്; പ്രത്യുത പേടിയും അപരിചിതത്വവുമാണ്. അറിവുള്ളവര്‍ക്ക് ലഭിക്കുന്ന നിര്‍ഭയത്വത്തിനും സമാധാനത്തിനും പകരം അവര്‍ക്ക് സന്ദേഹങ്ങളും സംശയങ്ങളുമായിരിക്കും ഉണ്ടാവുക. അറിവും ഉള്‍ക്കാഴ്ചയുമുള്ളവര്‍ക്ക് ദൃഢബോധ്യമുള്ള കാര്യങ്ങളില്‍ അവര്‍ക്ക് സംശയമാണ്. തീയിന്റെ ഉപമയില്‍ അവരുടെ കണ്ണുകള്‍ നട്ടുച്ചനേരത്തെ വവ്വാലിന്റെ കണ്ണുകളുടേത് പോലെയാണ്. വെള്ളത്തിന്റെ ഉപമയില്‍ അവരുടെ കാതുകളില്‍ ഇടിമുഴക്കം കാരണത്താല്‍ മരണപ്പെട്ടയാളുടെ കാതുപോലെയുമാണ് ഉള്ളത്. ചില ജീവികളെ സംബന്ധിച്ച് ഇടിമുഴക്കം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവ മരിച്ചുപോകുമെന്ന് പറയാറുണ്ട്.

ഇവരുടെ ബുദ്ധിയിലും കണ്ണിലും കാതിലുമെല്ലാം പൈശാചികമായ വല്ല സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ പിഴച്ച തോന്നലുകളോ ഭാവനകളോ ഒക്കെ എത്തിപ്പെട്ടാല്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ച് വിശാലമാവുകയും അതിനെപ്പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ അധികരിക്കുകയും അത് പാടിപ്രചരിപ്പിക്കുകയുമൊക്കെ ചെയ്യും. അപ്പോള്‍ കുറെയാളുകള്‍ ഇവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അതിന്റെ വക്താക്കളും സംരക്ഷകരുമായി മാറും. അങ്ങനെ അവരുടെ എണ്ണം വര്‍ധിപ്പിക്കുകയും പ്രചാരണം കൂട്ടുകയുമൊക്കെ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെയും അവന്റെ ഇഷ്ടദാസന്മാരുടെയും അടുക്കല്‍ ഇക്കൂട്ടര്‍ നിന്ദ്യരും നിസ്സാരരുമായിരിക്കും.

ഇത്തരക്കാരുടെ (കപടവിശ്വാസികളുടെ) ഫിത്‌നകള്‍ ദൂരവ്യാപകവും അവരുടെ സംസാരങ്ങള്‍ മൂലം ഹൃദയങ്ങള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ അനവധിയാണെന്നതിനാലും അവരുടെ കാപട്യത്തിന്റെ പുറംപൂച്ചുകള്‍ വലിച്ചുകീറി ഉള്ളുകള്ളികള്‍ വിശദമായിത്തന്നെ പറഞ്ഞുതന്നിട്ടുണ്ട് വിശുദ്ധ ക്വുര്‍ആന്‍. അവരുടെ ലക്ഷണങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം വ്യക്തമാക്കിത്തന്നിട്ടുമുണ്ട്. എത്രയോ തവണ 'അവരുടെ കൂട്ടത്തിലുണ്ട് ചിലര്‍' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹു പറഞ്ഞുതന്നിട്ടുണ്ട്.

സൂറത്തുല്‍ ബക്വറയുടെ ആദ്യഭാഗത്ത് അല്ലാഹു സത്യാവിശ്വാസികളുടെയും അവിശ്വാസികളുടെയും കപടവിശ്വാസികളുടെയും വിശേഷണങ്ങള്‍ പറഞ്ഞു. സത്യവിശ്വാസികളുടെ സ്വഭാവ സവിശേഷതകള്‍ മൂന്ന് വചനങ്ങളിലായി പ്രതിപാദിച്ചു. അവിശ്വാസികളുടെ വിശേഷണങ്ങളാകട്ടെ രണ്ട് സൂക്തങ്ങളിലും. എന്നാല്‍ ഇക്കൂട്ടരെ (കപടവിശ്വാസികളെ) കുറിച്ച് പത്തിലധികം വചനങ്ങളില്‍ വിവരിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍, ഇവരിലൂടെയുണ്ടായേക്കാവുന്ന ഫിത്‌നകളും അവരുമായി ഇടപഴകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളും അത്രമാത്രം ഗുരുതരവും ദൂരവ്യാപകവുമാണ്. കാരണം അവര്‍ കൂടെനിന്നുകൊണ്ട് ശത്രുക്കള്‍ക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാരും വഞ്ചകരുമാണ്. പ്രത്യക്ഷശത്രുവായ എതിരാളികള്‍ അങ്ങനെയല്ലല്ലോ!

ഈ രണ്ട് ഉപമകള്‍ക്കും സമാനമായ ഉപമകളാണ് സൂറതൂര്‍റഅ്ദില്‍ പറയപ്പെട്ട ഉപമകള്‍. അല്ലാഹു പറയുന്നു: ''അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു'' (ക്വുര്‍ആന്‍ 13:17).

ഈ ഉപമയും വെള്ളത്തിന്റെ ഉപമയാണ്. ഹൃദയങ്ങളുടെ ജീവസ്സിനായി അല്ലാഹു ഇറക്കിയ ദിവ്യസന്ദേശങ്ങളെ (വഹ്‌യിനെ) ആകാശത്തുനിന്ന് ഇറക്കിയ വെള്ളത്തോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ആ ദിവ്യസന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ഹൃദയങ്ങളെ, അഥവാ അതിന്റെ വാഹകരെ മലവെള്ളം പേറുന്ന താഴ്‌വാരകളോടും സാദൃശ്യപ്പെടുത്തി.

വലിയ മഹത്തരങ്ങളായ വിജ്ഞാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഹൃദയം ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്ന വലിയ താഴ്‌വര പോലെയാണ്. കുറഞ്ഞ വിജ്ഞാനങ്ങളുള്‍ക്കൊള്ളുന്ന കൊച്ചുഹൃദയം ചെറിയ താഴ്‌വര പോലെയും. ഹൃദയങ്ങള്‍ ഈ ദിവ്യ ബോധനമാകുന്ന വിജ്ഞാനത്തെ വഹിക്കുന്നത് ആ താഴ്‌വരകള്‍ മഴവെള്ളത്തെ പേറുന്നതുപോലെയാണ്.

താഴ്‌വരകളിലും വെള്ളമൊഴുകുന്ന ചാലുകളിലുമൊക്കെ ചണ്ടികളും ചവറുകളും പോലുള്ളവ വെള്ളത്തോടൊപ്പം ഒഴുകി നുരയും പതകളുമായി മീതെ പൊന്തിക്കിടക്കുന്നുണ്ടാവും. എന്നാല്‍ അതിന്റെ അടിയില്‍ ജീവസ്സുറ്റതാക്കുന്ന സ്വച്ഛമായ വെള്ളവുമുണ്ടാകും. ചണ്ടിയും പതകളുമൊക്കെ ഇരുവശങ്ങളിലേക്കായി തള്ളിമാറ്റപ്പെടുകയും നല്ലവെള്ളം അതിനടിയില്‍ നിലനില്‍ക്കുകയും അതുമുഖേന നാടിനും നാട്ടുകാര്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ ഗുണം കിട്ടുകയും അവയെല്ലാം ജീവസ്സുറ്റതായി മാറുകയും ചെയ്യും. നുരയും പതയുമൊക്കെ ഗുണമോ നിലനില്‍പ്പോ ഇല്ലാതെ നശിച്ചുപോവുകയും ചെയ്യും.

അപ്രകാരമാണ് അല്ലാഹു വാനലോകത്തുനിന്ന് ഹൃദയത്തിലേക്കിറക്കിയ ശരിയായ ജ്ഞാനവും സത്യവിശ്വാസവും. ചില ഹൃദയങ്ങള്‍ അത് ഏറ്റെടുക്കുകയും അതുമായി കൂടിച്ചേരുകയും ചെയ്യുമ്പോള്‍ ദേഹേച്ഛകളും ആശയക്കുഴപ്പങ്ങളുമൊക്കെയാകുന്ന നുരകളും പതകളും മുകളില്‍ പൊങ്ങിക്കിടക്കുകയും ക്രമേണ നശിച്ചുപോവുകയും ചെയ്യും. സത്യവിശ്വാസവും സന്മാര്‍ഗവും ശരിയായ ജ്ഞാനവും ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരുറക്കുകയും ചെയ്യും. അതാണ് ഈമാനിന്റെ അടിത്തട്ടും സങ്കേതവും. നബി ﷺ പറഞ്ഞതും അതാണല്ലോ:

''സത്യവിശ്വാസം ആളുകളുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നു'' (ബുഖാരി, മുസ്‌ലിം).

ഈമാന്‍ (സത്യവിശ്വാസം) എന്നതിനു പകരം 'അമാനത്ത്' (വിശ്വസ്തത) എന്നാണ് ഹദീഥുകളില്‍ വന്നിട്ടുള്ളത്. ഇബ്‌നുല്‍ക്വയ്യിം (റഹി) പറഞ്ഞതുപോലെ 'ഈമാന്‍' എന്ന പദം ഹദീഥില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല-കുറിപ്പുകാരന്‍).

നുരയും പതയുമൊക്കെ അല്‍പാല്‍പമായി കെട്ടടങ്ങി പരിപൂര്‍ണമായും ഇല്ലാതാകും. എന്നാല്‍ ഉപകാരപ്രദമായ അറിവും നിഷ്‌കളങ്കവും സംശുദ്ധവുമായ സത്യവിശ്വാസവുമാകട്ടെ, അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ അവശേഷിക്കും. അവിടെ ജനങ്ങള്‍ എത്തി ദാഹം തീര്‍ക്കുകയും കൃഷിയിറക്കുകയും ജലസേചനം നടത്തുകയും ചെയ്യും.

അബൂമൂസാ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ''എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉപമ ഭൂമിയില്‍ പെയ്ത ഒരു മഴപോലെയാകുന്നു. അതില്‍ ഒരു പ്രദേശം വെള്ളത്തെ സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത സ്ഥലമാണ്. മറ്റൊരു പ്രദേശം വരണ്ടതും ഫലഭൂയിഷ്ടമല്ലാത്തതുമായ സ്ഥലമാണ്. അവിടെ കെട്ടിനിന്ന വെള്ളംകൊണ്ട് ആളുകള്‍ കൃഷിചെയ്യുകയും ജലസേചനം നടത്തുകയും ചെയ്തു. മറ്റൊരു പ്രദേശമാകട്ടെ വെള്ളം നില്‍ക്കാത്ത വിധം തീക്ഷ്ണമായ പ്രദേശമാണ്. അവിടെ വെള്ളംകെട്ടിനിന്നതുമില്ല; ചെടികള്‍ മുളക്കുകയും ചെയ്തില്ല. അപ്രകാരമാണ് അല്ലാഹുവിന്റെ ദീനില്‍ അറിവ് നേടിയ ആളുകളുടെ ഉപമ. എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗം അയാള്‍ക്കുപകരിച്ചു. അയാള്‍ അത് പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിലേക്ക് ശ്രദ്ധകൊടുക്കാതിരിക്കുന്നവരാകട്ടെ, അവര്‍ അല്ലാഹു എന്നെ നിയോഗിച്ചയച്ച സന്മാര്‍ഗം സ്വീകരിച്ചില്ല.'' (ബുഖാരി, മുസ്‌ലിം).

സന്മാര്‍ഗവും വിജ്ഞാനവുമായി ബന്ധപ്പെട്ട് ആളുകളെ മൂന്ന് വിഭാഗമാക്കിയാണ് നബി ﷺ ഈ ഹദീഥിലൂടെ പറഞ്ഞുതന്നത്. ഒന്നാമത്തെ വിഭാഗം അല്ലാഹുവിന്റെ ദൂതന്മാരുടെ അനന്തരാവകാശികളും പ്രവാചകന്മാരുടെ പിന്‍ഗാമികളുമാണ്. അവരാണ് മതാധ്യാപനങ്ങള്‍ പഠിച്ചും പ്രവര്‍ത്തിച്ചും അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മറ്റുള്ളവരെ ക്ഷണിച്ചും ദീന്‍നിലനിര്‍ത്തുന്നവര്‍. ഇക്കൂട്ടരാണ് നബി ﷺ യുടെ യഥാര്‍ഥ അനുയായികള്‍. അവരാണ് ഒന്നാമത് പറഞ്ഞ നല്ല പ്രദേശത്തിന് സമാനമായവര്‍. വെള്ളം സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത ശുദ്ധമായ സ്ഥലത്തെപോലെ സ്വയം സംശുദ്ധരാവുകയും അവരിലൂടെ മറ്റുള്ളവരും വിശുദ്ധികൈവരിക്കുകയും ചെയ്തു.

ഇവര്‍ മതത്തില്‍ അറിവും ഉള്‍ക്കാഴ്ചയും നേടിയവരും ശക്തമായ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരാണ്. അതിനാലാണവര്‍ അല്ലാഹു ഇങ്ങനെ പറഞ്ഞ പ്രവാചകന്മാരുടെ അനന്തരാവകാശികളായത്:

''കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓര്‍ക്കുക'' (38:45).

അറിവും ഉള്‍ക്കാഴ്ചയുംകൊണ്ട് സത്യം ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും. ശക്തിയും ശേഷിയുംകൊണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാനും പ്രയോഗവല്‍ക്കരിക്കാനും അതിലേക്ക് ക്ഷണിക്കുവാനുമൊക്കെ കഴിയുകയും ചെയ്യും. ഈ വിഭാഗത്തിന് നല്ല ഓര്‍മശക്തിയും ഗ്രാഹ്യശക്തിയും മതജ്ഞാനവും വിശദാംശങ്ങളെ കുറിച്ചുള്ള കാഴചപ്പാടുമൊക്കെയുണ്ടാവും. പ്രമാണങ്ങളില്‍നിന്ന് വിജ്ഞാനങ്ങളുടെ ആറുകള്‍ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. അതില്‍നിന്ന് അറിവിന്റെ നിധിശേഖരങ്ങള്‍ കണ്ടെത്താനും കഴിയും. അവര്‍ പ്രത്യേകമായ ഒരുതരം ഗ്രാഹ്യത നല്‍കപ്പെട്ടവരാണ്. അലി(റ)യോട് ഒരാള്‍ ചോദിച്ചു: 'മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാത്ത വല്ലതും നിങ്ങളോട് മാത്രമായി നബി ﷺ പറഞ്ഞിട്ടുണ്ടോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇല്ല, ധാന്യങ്ങളെ പിളര്‍ത്തിക്കൊണ്ട് വരികയും ജീവ ജാലങ്ങളെ പടക്കുകയും ചെയ്ത അല്ലാഹുവാണേ സത്യം! പ്രത്യുത അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അവന്‍ ചിലര്‍ക്ക് നല്‍കുന്ന ഗ്രാഹ്യതയാണത്' (ബുഖാരി).

ഈ ഗ്രാഹ്യത മഴപെയ്തശേഷം ആ പ്രദേശം ധാരാളം പുല്ലും ചെടികളും മുളപ്പിക്കുമെന്ന് പറഞ്ഞതിന്റെ സ്ഥാനത്താണ്. ഈയൊരു കാര്യംകൊണ്ടാണ് ഈ വിഭാഗക്കാര്‍ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തരാകുന്നത്. രണ്ടാം വിഭാഗക്കാരാകട്ടെ, അവര്‍ പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുകയും കൃത്യത വരുത്തുകയും ചെയ്തവരാണ്. അവരുടെ മുഖ്യശ്രദ്ധ അതിലാണ്. അവരുടെ അടുക്കല്‍ ആളുകള്‍ ചെല്ലുകയും പ്രമാണങ്ങളുടെ വചനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തി അവരില്‍നിന്ന് സ്വീകരിക്കുകയും അതില്‍ നിന്നുള്ള തെളിവുകള്‍ മനസ്സിലാക്കുകയും അവയിലെ വിജ്ഞാനത്തിന്റെ നിധികള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അതിലാണ് അവരുടെ വ്യാപാരം. കൃഷിക്കനുയോജ്യമായ സ്ഥലത്ത് അത് അവര്‍ വിതയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തത്തരും അവരവരുടേതായ മേഖലകളിലാണുള്ളത്.

ഇക്കൂട്ടരെ കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: ''എന്റെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും എന്നിട്ടത് ഉള്‍ക്കൊണ്ട് കേട്ടതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്ത വ്യക്തിക്ക് അല്ലാഹു പ്രകാശം ചൊരിയട്ടെ! എത്രയെത്ര വിജ്ഞാനവാഹകരാണ് യഥാര്‍ഥ ഗ്രാഹ്യത ഇല്ലാതെയുള്ളത്. തന്നെക്കാള്‍ കൂടുതല്‍ ഗ്രാഹ്യതയുള്ളവരിലേക്ക് വിജ്ഞാനം കൊണ്ടുചെന്നെത്തിക്കുന്നവരും എത്രയോ ഉണ്ട്'' (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

മഹാനായ ഇബ്‌നുഅബ്ബാസ്(റ); സമുദായത്തിലെ പണ്ഡിതകേസരി, ക്വുര്‍ആന്‍ വ്യാഖ്യതാവ് തുടങ്ങിയ അപദാനങ്ങളാല്‍ പ്രസിദ്ധനാണ് അദ്ദേഹം. നബി ﷺ യില്‍നിന്ന് അദ്ദേഹം കേട്ട് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേവലം ഇരുപതില്‍താഴെ മാത്രമാണ്. പക്ഷേ, അദ്ദേഹത്തിന് ഗ്രാഹ്യശേഷിയിലും തെളിവുകള്‍ നിര്‍ധാരണം ചെയ്യുന്നതിലുമൊക്കെ റബ്ബിന്റെ പ്രത്യേക അനുഗ്രഹം (ബറകത്ത്) ലഭിച്ചിരുന്നു. അങ്ങനെ ലോകം മുഴുക്കെ അദ്ദേഹത്തിന്റെ വിജ്ഞാനവും ഗ്രാഹ്യതയും സല്‍കീര്‍ത്തി നേടി.

അബൂമുഹമ്മദുബ്‌നു ഹസം(റഹി) പറയുന്നു: 'ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകള്‍ ബൃഹത്തായ ഏഴ് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.'

('അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം' എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുഹസം പറഞ്ഞത് ഖലീഫ മഅ്മൂനിന്റ പുത്രന്‍ അബൂബക്കര്‍ മുഹമ്മദുബ്‌നുമൂസ; ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകളായി ഇരുപത് ഗ്രന്ഥങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇബ്‌നുല്‍ ക്വയ്യിം ഇവിടെ ഉദ്ധരിച്ച വാചകം ഇബ്‌നു ഹസം ഹസനുല്‍ ബസ്വരിയെക്കുറിച്ച് പറഞ്ഞതാണ്. അല്‍ഇഹ്കാം 5/97 കാണുക. ഇബ്‌നുല്‍ ക്വയ്യിമിന്റെ 'ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍' 1/24 പരിശോധിക്കുക-കുറിപ്പുകാരന്‍). (അവസാനിച്ചില്ല)