ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

(ഭാഗം: 27)

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' ഹൃദയത്തിന്റെ എല്ലാ ഭയപ്പാടുകളും വ്യഥകളും നീക്കിക്കളയും. നിര്‍ഭയത്വം നേടിത്തരുന്നതില്‍ അതിന് അത്ഭുതകരമായ സ്വാധീനമുണ്ട്. ഭയം കൊടുമ്പിരികൊണ്ട ഏതൊരാള്‍ക്കും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെക്കാള്‍ ഫലപ്രദമായ മറ്റൊന്നുംതന്നെയില്ല എന്നതാണ് സത്യം. ഏതൊരാള്‍ക്കും തന്റെ 'ദിക്‌റി'ന്റെ തോതനുസരിച്ച് നിര്‍ഭയത്വം കണ്ടെത്തുവാനും ഭീതി അകറ്റുവാനും സാധിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അയാള്‍ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്ത കാര്യങ്ങള്‍തന്നെ അയാള്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതായി മാറും. എന്നാല്‍ ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്‍ വല്ലാത്ത ഭീതിയിലായിരിക്കും. അവന്‍ എത്രതന്നെ സുരക്ഷകളൊരുക്കിയിട്ടുണ്ടെങ്കി ലും ആ ഭയപ്പാടുകള്‍ക്കൊട്ടും കുറവുണ്ടാവുകയില്ല. ഗ്രാഹ്യശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരാള്‍ക്കും ഇവ രണ്ടും അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. അല്ലാഹുവാണ് സഹായമേകുന്നവന്‍.

അറുപത്തിയൊന്ന്: തീര്‍ച്ചയായും ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ദിക്ര്‍ പ്രത്യേകമായ ഒരു ശക്തി നല്‍കുന്നതാണ്. ദിക്‌റിന്റെ അഭാവത്തില്‍ ചെയ്യാന്‍ കഴിയാതിരുന്ന സംഗതി ദിക്‌റിന്റെ കൂടെയാകുമ്പോള്‍ അനായാസേന ചെയ്യാന്‍ സാധിക്കുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യുടെ ഇത്തരത്തിലുള്ള കഴിവ് നാം നേരിട്ട് കണ്ടിട്ടുള്ളതാണ്. മഹാനവര്‍കളുടെ നടത്തത്തിലും സംസാരത്തിലും ഏതൊരു കാര്യത്തിലും മൂന്നിട്ടിറങ്ങാനുള്ള സന്നദ്ധതയിലും എഴുത്തുകളിലുമെല്ലാം അത്ഭുതകരമായ ആ ശക്തി കാണാവുന്നതാണ്. അദ്ദേഹം ഒരൊറ്റ ദിവസം കൊണ്ട് എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ക്ക് എഴുതിത്തീര്‍ക്കാന്‍ ഒരാഴ്ചയോ അല്ലെങ്കില്‍ അതിലധികമോ വേണ്ടിവരുമായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ ശക്തി അത്ഭുതകരമായ രൂപത്തില്‍ സൈന്യത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

നബിﷺ തന്റെ പ്രിയ പുത്രി ഫാത്വിമ(റ)ക്കും അലി(റ)വിനും രാത്രി കിടക്കാന്‍ നേരത്ത് 33 പ്രാവശ്യം തസ്ബീഹ് ചെയ്യുവാനും 33 പ്രാവശ്യം 'അല്‍ഹംദുലില്ലാഹ്' എന്ന് പറയാനും 34 പ്രാവശ്യം 'അല്ലാഹു അക്ബര്‍' എന്ന് പറയാനും പഠിപ്പിച്ചുകൊടുത്തത് പ്രസിദ്ധമാണല്ലോ. വീട്ടിലെ ജോലികളും പ്രയാസങ്ങളുമെല്ലാം പറഞ്ഞ് പിതാവിനോട് ആവലാതിപ്പെട്ട് ഒരു വേലക്കാരനെ ആവശ്യപ്പെട്ടപ്പോഴാണ് നബിﷺ മകള്‍ ഫാത്വിമയോട് അപ്രകാരം പറഞ്ഞത്. അവിടുന്ന് പറഞ്ഞു: 'നിശ്ചയം, അത് നിങ്ങള്‍ക്ക് ഒരു ഭൃത്യനുണ്ടാകുന്നതിനെക്കാള്‍ ഉത്തമമാണ്' (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും അത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഒരു വേലക്കാരനെ ആവശ്യമില്ലാത്തവിധം പണിയെടുക്കുന്നതിന് ശാരീരികമായ കഴിവും ശേഷിയുമുണ്ടാകുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ ഒരു മഹദ്വചനം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതായത്, മലക്കുകളോട് സിംഹാസനം (അര്‍ശ്) വഹിക്കാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞുവത്രെ,'ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മഹത്ത്വവും ഗാഭീര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ മഹത്തായ സിംഹാസനം ഞങ്ങള്‍ എങ്ങനെ വഹിക്കാനാണ്?' അപ്പോള്‍ അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ ലാ ഹൗല വലാ ക്വുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം' (അത്യുന്നതനും മഹത്ത്വപൂര്‍ണനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)എന്ന് പറയുക. അങ്ങനെ അവരത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ക്കത് വഹിക്കാന്‍ കഴിഞ്ഞു' (നഖഌുത്തഅ്‌സീസ് 1/568, അത്തുഹ്ഫതുല്‍ ഇറാഖിയ്യ, മജ്മുഉ ഫതാവ എന്നിവ കാണുക).

ഇബ്‌നു അബിദ്ദുന്‍യാ ഇതേ ഹദീഥ് ഉദ്ധരിക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞു. അല്ലാഹു സിംഹാസനവാഹകരായ മലക്കുകളെ സൃഷ്ടിച്ച ആദ്യ സമയത്ത് അവര്‍ ചോദിച്ചു: 'ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്?' (അഥവാ ഞങ്ങളുടെ ചുമതലയെന്താണ്). അല്ലാഹു പറഞ്ഞു: 'എന്റെ സിംഹാസനം (അര്‍ശ്) വഹിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ പടച്ചത്. അവര്‍ ചോദിച്ചു: 'നിന്റെ മഹത്ത്വവും ഗാംഭീര്യവും നിറഞ്ഞുനില്‍ക്കുന്ന നിന്റെ അര്‍ശ് വഹിക്കാന്‍ ആര്‍ക്കാണ് കഴിയുക?' അല്ലാഹു പറഞ്ഞു: 'അതിനുവേണ്ടിയാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്.' വീണ്ടും അവര്‍ പലപ്രാവശ്യം ചോദ്യമാവര്‍ത്തിച്ചു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: 'നിങ്ങള്‍ ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്നു പറയുക'. അങ്ങനെ അവര്‍ അത് വഹിച്ചു.' (ഉഥ്മാനുബ്‌നു സഈദുദ്ദാരിമി  'മിര്‍രീസിക്കുള്ള തന്റെ മറുപടി'യില്‍ ഉദ്ധരിച്ചത്. ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ തഫസീറിലും ഇതുപോലുള്ളൊരു റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്).

ഈ വാക്കുകള്‍ക്ക് വിഷമകരമായ ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന കാര്യത്തില്‍ വിസ്മയകരമായ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതിലും രാജാക്കന്മാരുടെ അടുക്കലേക്കും ഭയപ്പെടുന്ന മറ്റു ആളുകളുടെ അടുക്കലേക്കും നിര്‍ഭയത്വത്തോടെ കടന്നുചെല്ലാനും ഭീകരാവസ്ഥകളെ തരണം ചെയ്യാനുമൊക്കെ ഇത് വലിയ ആശ്വാസമാണ്.

അപ്രകാരം തന്നെ ദാരിദ്ര്യത്തെ തടയുന്നതിലും ഇതിന് വലിയ സ്വാധീനമുണ്ട്. ഇബ്‌നു അബിദ്ദുന്‍ യാ(റ) ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു: 'ആരെങ്കിലും ഓരോ ദിവസവും 'ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്' എന്ന് നൂറ് പ്രവശ്യം പറഞ്ഞാല്‍ അയാളെ ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല' (ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും ഇത് പരമ്പര മുറിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് മുന്‍ദിരി(റ)യുടെ അത്തര്‍ഗീബ് വത്തര്‍ഹീബും ശൈഖ് അല്‍ബാനിയുടെ അതിന്റെ അനുബന്ധവും കാണുക- കുറുപ്പുകാരന്‍).

ശത്രുവിനെ കണ്ടുമുട്ടുകയോ വല്ല കോട്ടയെയും അഭിമുഖീകരിക്കുകയോ ചെയ്താല്‍ 'ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്' എന്ന ദിക്ര്‍ ചൊല്ലല്‍ നല്ലതാണെന്ന് ഹബീബ്‌നു മസ്‌ലമ(റ) അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കോട്ടയെ അപ്രകാരം നേരിട്ടപ്പോള്‍ റോമക്കാര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ മുസ്‌ലിംകള്‍ ആ വചനം ഉരുവിടുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. അങ്ങനെ ആ കോട്ട തകര്‍ന്നു' (ബൈഹക്വി 'ദലാഇലുന്നുബുവ്വ'യിലും ഇബ്‌നു അസാകിര്‍ 'താരിഖുദിമശ്ക്വി'ലും ഉദ്ധരിച്ചത്).

അറുപത്തിരണ്ട്: പരലോകത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ മത്സരത്തിന്റെ ഗോദയിലാണ്. അതിന്റെ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ ദിക്‌റിന്റെ വക്താക്കളും. പക്ഷേ, ഇരുട്ടും പൊടിപടലങ്ങളും കൊണ്ട് അവരുടെ മത്സരമുന്നേറ്റങ്ങള്‍ കാണാന്‍ കഴിയില്ല എന്നുമാത്രം. എന്നാല്‍ അവ നീങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് അവരെ കാണാനും അവര്‍ വിജയകിരീടം സ്വായത്തമാക്കിയതറിയാനും കഴിയും.

വലീദുബ്‌നു മുസ്‌ലിം പറയുന്നു; ഗഫ്‌റയുടെ മൗല ഉമര്‍ പറഞ്ഞു: 'അന്ത്യനാളില്‍ ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ആവരണം നീങ്ങി വ്യക്തമായി കാണാന്‍ സാധിക്കുമ്പോള്‍ ദിക്‌റിനെക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലമുള്ള ഒരു കര്‍മവും അവര്‍ കാണുകയില്ല. ആ സന്ദര്‍ഭത്തില്‍ കുറെയാളുകള്‍ നിരാശപ്പെടുകയും ഖേദിക്കുകയും ചെയ്യും. അവര്‍ പറയും; ദിക്‌റിനെക്കാള്‍ പ്രയാസരഹിതമായ ഒന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.'

അബൂഹുറയ്‌റ(റ) പറയുന്നു; നബിﷺ പറഞ്ഞു: 'നിങ്ങള്‍ സഞ്ചരിക്കുക, പ്രത്യേകക്കാര്‍ മുന്‍കടന്നിരിക്കുന്നു.' സ്വഹാബികള്‍ ചോദിച്ചു: 'ആരാണ് ആ പ്രത്യേകക്കാര്‍?' (അല്‍മുഫര്‍രിദൂന്‍). നബി ﷺ പറഞ്ഞു: 'അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ മുഴുകിയവരാണവര്‍. ദിക്ര്‍ അവരുടെ പാപങ്ങളെ ഒഴിവാക്കും' (തിര്‍മുദി, ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും ഇബ്‌നു അദിയ്യ് 'അല്‍കാമിലി'ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പരയില്‍ ഉമറുബ്‌നുല്‍ റാശിദ് എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ്. വിശിഷ്യാ യഹ്‌യബ്‌നു അബീകഥീറില്‍ നിന്നുദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളില്‍. ഈ ഹദീഥാകട്ടെ അക്കൂട്ടത്തില്‍പെട്ടതാണ്. ഇബ്‌നു അദിയ്യും തിര്‍മുദിയും ഇതിന്റെ ദുര്‍ബലതയിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതല്ലാത്ത, ഇതിനെക്കാള്‍ നല്ല ഒരു വഴിയിലൂടെ ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനം പറഞ്ഞ 'ദിക്ര്‍ അവരുടെ പാപഭാരം ഇറക്കിവെക്കും' എന്ന ഭാഗമില്ല. അഹ്മദും ബുഖാരി തന്റെ 'താരീഖുല്‍ കബീറി'ലും ബൈഹഖി 'ശുഅബുല്‍ ഈമാനി'ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥിന്റെ ഒരു ആശയം സ്വഹീഹുല്‍ മുസ്‌ലിമില്‍ വന്നിട്ടുള്ളതാണ്-കുറിപ്പുകാരന്‍ ).

അതായത് ദിക്‌റില്‍ വ്യാപൃതരായി, അത് ഒരിക്കലും ഉപേക്ഷിക്കാതെ തങ്ങളുടെ പതിവാക്കിയവര്‍. അതാണ് 'ദിക്‌റിന്റെ പ്രത്യേകക്കാര്‍' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ദിക്‌റിലൂടെ വളര്‍ന്ന് ദിക്‌റില്‍തന്നെ മരിച്ചവര്‍ എന്ന വിശദീകരണവും ഇതിന് നല്‍കപ്പെട്ടിട്ടുണ്ട്.

അറുപത്തിമൂന്ന്: അല്ലാഹു തന്റെ അടിമയെ സത്യപ്പെടുത്താന്‍ 'ദിക്ര്‍' ഒരു നിമിത്തമാണ്. കാരണം 'ദിക്ര്‍' അല്ലാഹുവിനെക്കുറിച്ചുള്ള അവന്റെ മഹത്തായ ഗുണവിശേഷണങ്ങളും പൂര്‍ണതയുടെ വിവരണങ്ങളും അടങ്ങുന്ന സത്യപ്രസ്താവനയാണ്. അവ മുഖേന ഒരു അടിമ അല്ലാഹുവിനെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ അല്ലാഹു അയാളെ ശരിവെക്കും. അല്ലാഹു ശരിവെച്ച ഒരാള്‍ വ്യാജക്കാരോടൊപ്പം ഒരുമിച്ചുകൂട്ടപ്പെടുകയില്ല. മറിച്ച് സത്യവാന്മാരുടെ കൂടെയായിരിക്കും ഒരുമിച്ചുകൂട്ടപ്പെടുകയെന്ന് ന്യായമായും പ്രതീക്ഷിക്കാം.

അബൂമുസ്‌ലിമുല്‍ അഗര്‍റ് പറഞ്ഞതായി അബൂ ഇസ്ഹാക്വ് ഉദ്ധരിക്കുന്നു; അബൂഹുറയ്‌റ(റ)യും അബൂസഈദുല്‍ ഖുദ്‌രി(റ)യും നബിﷺ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: ''ഒരു അടിമ 'ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍' (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മാറ്റാരുമില്ല. ഞാനാണ് ഏറ്റവും വലിയവന്‍.' അടിമ 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു' (അല്ലാഹു എകനാണ്, അവനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്, ഞാന്‍ എകനാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല.' 'ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു '(അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. അവന്‍ എകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും 'എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എനിക്ക് യാതൊരു പങ്കുകാരുമില്ല.' ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദ്' (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യം, അവന്നാകുന്നു സര്‍വ സ്തുതികളും) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: 'എന്റെ അടിമ പറഞ്ഞത് ശരിയാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. എനിക്കാകുന്നു സര്‍വാധിപത്യം. എനിക്കാകുന്നു സര്‍വസ്തുതികളും.' 'ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: 'എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.' അബൂ ഇസ്ഹാക്വ് പറയുന്നു: 'ശേഷം അബൂ മുസ്‌ലിമുല്‍ അഗര്‍റ് എന്തോ ഒരു കാര്യം പറഞ്ഞു. എനിക്കത് മനസ്സിലായില്ല. ഞാന്‍ അബൂ ജഅ്ഫറിനോട് അതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആര്‍ക്കെങ്കിലും തന്റെ മരണ സമയത്ത് ഈ വാക്യങ്ങളുരുവിടാന്‍ ഉദവി നല്‍കപ്പെട്ടാല്‍ നരകാഗ്‌നി അയാളെ സ്പര്‍ശിക്കുകയില്ല' (തിര്‍മുദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം).

അറുപത്തിനാല്: സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ദിക്‌റുകള്‍ കാരണമായിട്ടാണ്. ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ ദിക്ര്‍ നിര്‍ത്തിയാല്‍ മലക്കുകള്‍ ആ നിര്‍മാണ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കും. വീണ്ടും ദിക്ര്‍ ആരംഭിക്കുകയാണെങ്കില്‍ അവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഹകീമുബ്‌നു മുഹമ്മദ് അല്‍ അഖ്‌നസി പറഞ്ഞതായി ഇബ്‌നു അബിദ്ദുന്‍യാ തന്റെ ഗ്രന്ഥത്തില്‍  പ്രസ്താവിക്കുന്നു: 'നിശ്ചയം, സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കുന്നപ്പെടുന്നത് ദിക്‌റുകള്‍ കാരണമാണെന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ദിക്‌റുകള്‍  നിര്‍ത്തിയാല്‍ പ്രസ്തുത നിര്‍മാണവും അവര്‍ (മലക്കുകള്‍) നിര്‍ത്തും. അപ്പോള്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടാല്‍ അവര്‍ ഇപ്രകാരം പറയുമത്രെ; 'അതിന്റെ ചെലവ് ഞങ്ങള്‍ക്ക് കിട്ടുന്നതുവരെ നിര്‍ത്തിവെക്കുന്നു.'

അബൂഹുറയ്‌റ(റ)യുടെ ഹദീഥായി ഇബ്‌നു അബിദ്ദുന്‍യാ രേഖപ്പെടുത്തുന്നു; നബിﷺ പറഞ്ഞു: ''ആരെങ്കിലും 'സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം' (അല്ലാഹു എത്രയോ പരിശുദ്ധനാണ്! അവന്നാകുന്നു സര്‍വസ്തുതിയും, മഹത്ത്വപൂര്‍ണനായ അല്ലാഹു ഏറെ പരിശുദ്ധനാകുന്നു) എന്ന് ഏഴു പ്രാവശ്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു അംബരചുംബിയായ കെട്ടിടം നിര്‍മിക്കപ്പെടുന്നതാണ്'' (ദുര്‍ബലമായ പരമ്പരയിലൂടെ സ്വഹാബിയുടെ വാക്കായി ബുഖാരി തന്റെ 'അത്താരീഖുല്‍ കബീര്‍' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്).

സ്വര്‍ഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിക്‌റുകള്‍ നിമിത്തമാണ് എന്നതുപോലെ സ്വര്‍ഗീയ തോട്ടങ്ങളിലെ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും ദിക്‌റുകള്‍ക്കനുസരിച്ചാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) പറഞ്ഞതായി നബിﷺ അറിയിച്ച മുമ്പ് വന്ന ഹദീസില്‍ ഇങ്ങനെ കാണാം

''നിശ്ചയം, സ്വര്‍ഗത്തിലെ മണ്ണ് വിശിഷ്ടവും വെള്ളം സംശുദ്ധവുമാണ്. അവിടം സസ്യങ്ങളില്ലാത്ത ഒഴിഞ്ഞ പ്രദേശമാണ്. അവിടെയുള്ള സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), വല്‍ ഹംദുലില്ലാഹി (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), വലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല), വല്ലാഹു അക്ബര്‍ (അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍ക്കനുസരിച്ചാണ്'' (തിര്‍മുദി, ത്വബ്‌റാനി).