ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

(ഭാഗം: 29)

എഴുപത്തിയൊന്ന്: വഴിയിലും വീട്ടിലും യാത്രാവേളയിലും നാട്ടിലായിരിക്കുമ്പോഴും മറ്റു ഭൂപ്രദേശങ്ങളിലുമൊക്കെ വെച്ച് നിരന്തരമായി ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അന്ത്യനാളില്‍ ആ അടിമക്ക് അനുകൂലമായ ധാരാളം സാക്ഷികളുണ്ടായിത്തീരും. നിശ്ചയം ആ ഭൂപ്രദേശങ്ങളും വീടും മലയും നാടുകളുമൊക്കെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ദിക്ര്‍ ചെയ്ത ആള്‍ക്ക് അനുകൂലമായി സാക്ഷി പറയും.

അല്ലാഹു പറയുന്നു: ''ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍-അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം'' (99:1-5).

അബൂഹുറയ്‌റ(റ) നിവേദനം: നബി ഈ വചനം (99:4) ഓതിയിട്ടു പറഞ്ഞു: ''എന്താണ് അതിന്റെ വാര്‍ത്തകള്‍ എന്ന് നിങ്ങള്‍ക്കറിയുമോ?'' സ്വഹാബിമാര്‍ പറഞ്ഞു അല്ലാഹുവും അവന്റെ റസൂലുമാണ് കൂടുതല്‍ അറിയുക.'' നബിﷺ പറഞ്ഞു: ''ഭൂമിയുടെ വാര്‍ത്തകള്‍ എന്ന് പറഞ്ഞത് ഭൂമുഖത്തുവെച്ച് ഏതൊരാളും ചെയ്ത കര്‍മത്തെ സംബന്ധിച്ച് ഭൂമി സാക്ഷി പറയുന്നതിനെക്കുറിച്ചാണ്. ഇന്ന ദിവസം ഇന്ന വ്യക്തി ഇന്നയിന്ന കാര്യങ്ങളൊക്കെ ചെയ്തു എന്ന് അത് വിളിച്ച് പറയും.'' ഈ ഹദീഥ് ഉദ്ധരിച്ച ശേഷം ഇമാം തുര്‍മുദി പറഞ്ഞു: 'ഈ ഹദീഥ് ഹസനും സഹീഹുമാകുന്നു.' (അഹ്മദ്, തിര്‍മുദി, നസാഈ മുതലായവര്‍ ഉദ്ധരിച്ചത്. എല്ലാവരുടെയും സനദ് കടന്നുപോകുന്നത് യഹ്‌യബ്‌നു അബീ സുലൈമാന്‍ എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹമാകട്ടെ ദുര്‍ബലനാണ് താനും. ഇബ്‌നു ഹിബ്ബാനും ഹാകിമും ഈ ഹദീഥ് സ്വഹീഹാണെന്ന് പറയുന്നു. എന്നാല്‍ ദഹബി അതിനെ എതിര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഈ പരമ്പരയിലെ യഹ്‌യ എന്ന വ്യക്തി മുന്‍കറുല്‍ ഹദീഥ് (ഏറെ ദുര്‍ബലന്‍) ആകുന്നു എന്ന് ഇമാം ബുഖാരി പറഞ്ഞിട്ടുണ്ട്-കുറിപ്പുകാരന്‍).

അല്ലാഹുവിനെ വേവ്വേറെ സ്ഥലങ്ങളില്‍വെച്ച് ദിക്ര്‍ ചെയ്യുന്ന വ്യക്തി തന്റെ സാക്ഷികളെ അധികരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവയെല്ലാം അദ്ദേഹത്തിന് അനുകൂലമായി സാക്ഷി പറഞ്ഞുകൊണ്ട് അന്ത്യനാളില്‍ അദ്ദേഹത്തെ സ്വീകരിക്കും. അപ്പോള്‍ അവയുടെ സാക്ഷ്യംകൊണ്ട് അയാള്‍ ഏറെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും.

എഴുപത്തിരണ്ട്: തീര്‍ച്ചയായും ദിക്‌റുകളില്‍ ഒരാള്‍ വ്യാപൃതമാകുമ്പോള്‍ ഏഷണി, പരദൂഷണം, അനാവശ്യസംസാരം, ജനങ്ങളെ അനാവശ്യമായി സ്തുതിക്കുകയോ ആക്ഷേപിക്കുക ചെയ്യല്‍ പോലുള്ള നിരര്‍ഥകമായ അനേകം സംസാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കും. നാവ് ഒരിക്കലും അടങ്ങിയിരിക്കില്ല. ഒന്നുകില്‍ നല്ലത് സംസാരിക്കുന്ന ദിക്‌റിന്റെ നാവ്, അല്ലെങ്കില്‍ അനാവശ്യങ്ങള്‍ സംസാരിക്കുന്ന അശ്രദ്ധയുടെ നാവ്. രണ്ടിലൊന്ന് അനിവാര്യമാണ്. മനസ്സിനെ നീ നന്മകളില്‍ വ്യാപൃതമാക്കിയില്ലെങ്കില്‍ അത് നിന്നെയുംകൊണ്ട് നിരര്‍ഥകമായ കാര്യങ്ങളില്‍ വ്യാപൃതമാകും. ഹൃദയം അല്ലാഹുവിനോടുള്ള സ്‌നേഹത്താല്‍ ശാന്തമായില്ലെങ്കില്‍ ഉറപ്പായും സൃഷ്ടികളോടുള്ള സ്‌നേഹത്തിലേക്കത് വഴുതിവീഴും. അതുപോലെയാണ് നാവും. നീ അതിനെ ദിക്‌റില്‍ വ്യാപൃതമാക്കിയില്ലെങ്കില്‍ നിന്നെ അത് അനാവശ്യങ്ങളില്‍ മുഴുകുന്നവനാക്കും. അത് നിനക്ക് എതിരായി വരുമെന്നതില്‍ സംശയമില്ല. അതിനാല്‍ രണ്ടില്‍ ഏത് മാര്‍ഗമാണ് നിനക്ക് വേണ്ടതെന്ന് നീ തീരുമാനിക്കുക.