ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 3

ശമീര്‍ മദീനി

2021 ഏപ്രില്‍ 23 1442 റമദാന്‍ 11
ഇബ്നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനം

ധാരാളം പണ്ഡിതന്മാര്‍ (ഇപ്രകാരം) പറഞ്ഞിട്ടുണ്ട്: "നമസ്കാരത്തിലോ അതിന്‍റെ കാര്യങ്ങളിലോ ശ്രദ്ധയില്ലാതെ എങ്ങനെയെങ്കിലുമൊക്കെ നമസ്കരിക്കുന്നവര്‍ക്ക് ആ നമസ്കാരംകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. കാരണം അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവരുടെ മനസ്സില്‍ ആദരവ് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്."

 അപ്രകാരം തന്നെ നമസ്കാരത്തിന്‍റെ ആദ്യസമയം നഷ്ടമായവനും ഒന്നാമത്തെ സ്വഫ്ഫ് നഷ്ടപ്പെടുത്തിയവനുമൊക്കെ വലിയ ലാഭമാണ് നഷ്ടപ്പെടുത്തുന്നത്. അല്ലാഹുവിന്‍റെ തൃപ്തിയും പ്രശംസയുമെല്ലാം നേടിത്തരുന്നതാണ് ഇവയൊക്കെയും. അവയുടെ മഹത്ത്വം വേണ്ടപോലെ അറിഞ്ഞിരുന്നുവെങ്കില്‍ ആ മഹത്ത്വം നേടിയെടുക്കാന്‍ വേണ്ടി പോരാടുകയും നറുക്കിടുകയും വരെ ചെയ്യുമായിരുന്നു.

അതേപോലെ വലിയ ജമാഅത്ത് നഷ്ടപ്പെടുന്നതും സൂക്ഷിക്കേണ്ടതുണ്ട്. ജമാഅത്തിന്‍റെ ആധിക്യത്തിനും എണ്ണക്കുറവിനുമനുസരിച്ചു നമസ്കാരത്തിന്‍റെ പ്രതിഫലത്തിലും ഏറ്റവ്യത്യാസമുണ്ടാകും. ആളുകളുടെ എണ്ണപ്പെരുപ്പത്തിന് അനുസരിച്ചും അതിലേക്കുള്ള കാലടികള്‍ക്കനുസരിച്ചും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിരിക്കും ആ നമസ്കാരം. അകലം കൂടുമ്പോള്‍ ഒരു കാലടി ചെറുപാപം പൊറുക്കാനും മറ്റൊന്ന് പദവി ഉയര്‍ത്താനും ഉപകരിക്കുന്നതാണ്.

നമസ്കാരത്തിലെ ഭക്തി നഷ്ടപ്പെടല്‍ ഏറ്റവും പ്രധാനമാണ്. അല്ലാഹുവിന്‍റെ മുമ്പിലാണ് നില്‍ക്കുന്നതെന്ന ബോധം നമസ്കാരത്തിന്‍റെ ആത്മാവും അകക്കാമ്പുമാണ്. ഭയഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവ് നഷ്ട്ടപ്പെട്ട മൃതശരീരം  പോലെയാണ്. നമ്മെപോലെയുള്ള ഏതെങ്കിലും ഒരു വ്യക്തിയുടെ മുന്നിലേക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരടിമയെ പാരിതോഷികമായി സമര്‍പ്പിക്കുന്നതില്‍ നമുക്കാര്‍ക്കാണ് ലജ്ജതോന്നാത്തത്? അപ്പോള്‍ താന്‍ പ്രത്യേകം ആദരിച്ച് സമര്‍പ്പിക്കുന്ന രാജാവോ നേതാവോ മറ്റോ ആണെങ്കില്‍ എന്തായിരിക്കും സ്ഥിതി?

ഭക്തിയും മനഃസാന്നിധ്യവുമില്ലാതെയുള്ള നമസ്കാരം ഈ ജീവനില്ലാത്ത അടിമയെ രാജാക്കന്മാര്‍ക്കും മറ്റും പരിതോഷികമായി സമര്‍പ്പിക്കുന്നതിന് സമാനമാണ്. അതിനാല്‍ അത്തരം ആരാധനകള്‍ അല്ലാഹു അയാളില്‍നിന്ന് സ്വീകരിക്കുകയില്ല. ഇഹലോകത്ത് ഒരു പക്ഷേ, ബാധ്യത നിര്‍വഹിച്ചയാളായി കണക്കാക്കപ്പെട്ടേക്കുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടുകയില്ല. താന്‍ മനഃസാന്നിധ്യത്തോടെ ഗ്രഹിച്ചു നിര്‍വഹിച്ചതല്ലാതെ ഒരടിമക്ക് തന്‍റെ നമസ്കാരത്തില്‍നിന്ന് ഒന്നും കിട്ടുകയില്ല.      

നബി ﷺ പറയുന്നു: "നിശ്ചയം, ഒരാള്‍ ഒരു നമസ്കാരം നിര്‍വഹിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അതിന്‍റ പ്രതിഫലത്തില്‍നിന്ന് പകുതിയോ മൂന്നിലോന്നോ  നാലിലൊന്നോ അഞ്ചിലൊന്നോ, അങ്ങനെ പത്തിലൊന്നോ ഒക്കെ മാത്രമായിരിക്കും ലഭിക്കുക" (അഹ്മദ്, നസാഈ).    

ഇതുപോലെതന്നെയാണ് ഏതൊരു കര്‍മത്തിന്‍റെയും കാര്യമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഓരോ കര്‍മത്തിനും അല്ലാഹുവിന്‍റെ അടുക്കലുള്ള ഏറ്റവ്യത്യാസം മനസ്സിലുള്ള ഈമാനിന്‍റെയും ഇഖ്ലാസിന്‍റെയും അതിനോടുള്ള താല്‍പര്യത്തിന്‍റെയും മറ്റു അനുബന്ധങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെയെല്ലാം പരിപൂര്‍ണതയോടെ നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങള്‍ക്കാണ് പരിപൂര്‍ണമായ പാപമോചനവും പ്രതിഫലവുമൊക്കെ ലഭിക്കുക. കുറവുകളുള്ളവയ്ക്ക് അതിനനുസരിച്ചുമായിരിക്കും.    

ഈ രണ്ടു കാര്യങ്ങള്‍ മനസ്സിരുത്തിയാല്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ നീങ്ങുന്നതാണ്. അതായത് കര്‍മങ്ങളുടെ പ്രതിഫലങ്ങളിലെ ഏറ്റവ്യത്യാസങ്ങള്‍ മനസ്സിലെ ഈമാനിന്‍റെ സാക്ഷീകരണത്തിനനുസരിച്ചായിരിക് കും. അതിന്‍റെ പൂര്‍ണതയ്ക്കും കുറവിനുമനുസരിച്ചായിരിക്കും ഓരോ കര്‍മം മൂലമുള്ള ദോഷങ്ങള്‍ പൊറുക്കലും.

ഇക്കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിക്കാത്തതുകൊണ്ട് ചിലര്‍ അറഫാനോമ്പിന്‍റെ ഹദിസുമായി ബന്ധപ്പെട്ട് ഉന്നയിക്കാറുള്ള ആശയക്കുഴപ്പം ഇതിലൂടെ നീങ്ങുന്നതാണ്.

"അറഫാനോമ്പ് രണ്ടു വര്‍ഷത്തെ പാപം പൊറുക്കും. ആശൂറാഅ് നോമ്പാകട്ടെ ഒരുവര്‍ഷത്തെ പാപവും പൊറുക്കും" (മുസ്ലിം).

അപ്പോള്‍ ഒരാള്‍ സ്ഥിരമായി അറഫാനോമ്പും ആശൂറാഅ് നോമ്പും അനുഷ്ഠിക്കുന്ന ആളാണെങ്കില്‍ എങ്ങനെയാണ് ഓരോ വര്‍ഷവും മൂന്ന് വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുക? ഇതാണ് അവര്‍ ഉന്നയിക്കുന്ന സംശയം.

ചില പണ്ഡിതന്മാര്‍ അതിനു നല്‍കിയ മറുപടി 'പാപം പൊറുക്കലിനെക്കാള്‍ അധികരിച്ച നന്മകള്‍ക്ക് പദവികള്‍ ഉയര്‍ത്തപ്പെടും' എന്നാണ്.

പടച്ചവനേ, അത്ഭുതകരമാണ്! ഒരാള്‍ ഈ പാപം പൊറുക്കാനുതകുന്ന കാര്യങ്ങളെല്ലാം തന്നെ ചെയ്ത് പാപം പൊറുക്കുന്നതിനുള്ള യോഗ്യത നേടിയിരുന്നെങ്കില്‍ എത്ര നന്ന്!

അതായത്, ഈ പാപംപൊറുക്കലിന് ചില നിബന്ധനകളുണ്ട്. അപ്രകാരംതന്നെ പ്രസ്തുത കര്‍മങ്ങള്‍ക്ക് അകത്തും പുറത്തുമായി അതിന് വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും വേണം. ഒരാള്‍ ഇത്തരം നിബന്ധനകളെല്ലാം പൂര്‍ത്തീകരിക്കുകയും തടസ്സങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്തതായി അംഗീകരിക്കുകയും ചെയ്താല്‍ അപ്പോള്‍ അയാള്‍ക്ക് പാപങ്ങള്‍ പൊറുത്തുകിട്ടും. നേരെ മറിച്ച് അശുദ്ധിയോടുകൂടെയും മര്‍മമായ ഇഖ്ലാസ് നഷ്ടപ്പെടുത്തിയും ബാധ്യത നിറവേറ്റാതെയും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെയുമൊക്കെയുള്ള കര്‍മങ്ങള്‍കൊണ്ട് എന്ത് പാപമാണ് പൊറുത്തു കിട്ടുക?

ഒരാള്‍ക്ക് തന്‍റെ കര്‍മത്തെക്കുറിച്ച്, അതിന്‍റെ ബാഹ്യവും ആന്തരികവുമായ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചുവെന്നും പാപം പൊറുക്കുന്നതിന് തടസ്സമായ യാതൊന്നും അതില്‍ വന്നുചേര്‍ന്നിട്ടില്ലെന്നും അവയെ നശിപ്പിക്കുന്ന ആത്മപ്രശംസയും അതിനെക്കുറിച്ച് പെരുമപറയലും നടത്തിയിട്ടില്ലെന്നും അത് നിമിത്തമായി മറ്റുള്ളവരില്‍നിന്ന് യാതൊരു ആദരവും കാംക്ഷിക്കാതെയും അതുമുഖേന തന്നെ പ്രശംസിക്കുന്നവരോട് മനസ്സുകൊണ്ട് ആഭിമുഖ്യം തോന്നുകയോ അല്ലാത്തവരോട് നീരസംതോന്നുകയോ അന്യായം പ്രവര്‍ത്തിക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പുപറയാന്‍ ആര്‍ക്കാണ് കഴിയുക? എന്നിരിക്കെ എങ്ങനെയാണ് കര്‍മങ്ങള്‍ കുറ്റമറ്റതും പാപം പൊറുക്കാന്‍ മാത്രം യോഗ്യവുമാവുക?

കര്‍മങ്ങളെ നശിപ്പിക്കുന്നതും ദുഷിപ്പിക്കുന്നതുമായ കാര്യങ്ങളാവട്ടെ അസംഖ്യമുണ്ട്താനും. കര്‍മങ്ങളനുഷ്ഠിക്കുക എന്നതല്ല പ്രധാന കാര്യം; പ്രത്യുത അവയെ നശിപ്പിക്കുന്നവയില്‍നിന്നും ദുഷിപ്പിക്കുന്നവയില്‍നിന്നും സംരക്ഷിക്കുകയത്രെ സുപ്രധാനം.

'രിയാഅ്'(പ്രകടനപരത) അതെത്ര  ചെറുതാണെങ്കിലും കര്‍മത്തെ നശിപ്പിക്കുന്നതാണ്. അതിന് എണ്ണമറ്റ രൂപങ്ങളുണ്ട്. നബിചര്യക്കനുസരിച്ചല്ലാതെയുള്ള കര്‍മങ്ങളും നിരര്‍ഥകതയെയാണ് അനിവാര്യമാക്കുന്നത്. കര്‍മങ്ങള്‍ പടച്ചവനോടുള്ള ദാക്ഷിണ്യമായി മനസ്സുകൊണ്ടെങ്കിലും എടുത്ത് പറയല്‍ അതിനെ നശിപ്പിക്കുന്ന സംഗതിയാണ്. അപ്രകാരംതന്നെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്ത നന്മകള്‍, ദാനധര്‍മങ്ങള്‍, പുണ്യങ്ങള്‍, ബന്ധംചേര്‍ക്കല്‍ മുതലായവ എടുത്തുപറയലും അവയെ നശിപ്പിക്കുന്ന കാര്യമാണ്. അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്‍റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല" (ക്വുര്‍ആന്‍ 2:264).

ഭൂരിഭാഗമാളുകള്‍ക്കും തങ്ങളുടെ നന്മകളെ നശിപ്പിക്കുന്ന തിന്മകളെ സംബന്ധിച്ചു കൃത്യമായൊരു ധാരണയില്ല. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി" (ക്വുര്‍ആന്‍ 49:2).

നാം പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുന്നതുപോലെ നബി ﷺ യോട് സംസാരിക്കുന്നത് തങ്ങളുടെ കര്‍മങ്ങളെ തകര്‍ത്തുകളയുമെന്ന് സത്യവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുകയാണ്. ഇത് ദീനുപേക്ഷിച്ചു മതപരിത്യാഗിയായി പോകുന്നതുകൊണ്ടല്ല; മറിച്ച് കര്‍മങ്ങളെ നശിപ്പിക്കുന്നവയാണെന്ന് ചെയ്തയാള്‍ക്ക് പോലും അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ കാരണമാണ്.

അപ്പോള്‍ നബി ﷺ യുടെ വാക്കുകളെയും മാതൃകകളെയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന് പകരം അവയെക്കാള്‍ മാറ്റാരുടെയെങ്കിലും വാക്കുകള്‍ക്കും രീതികള്‍ക്കും മുന്‍ഗണന കല്‍പിക്കുന്നവരെക്കുറിച്ച് എന്താണ് കരുതുന്നത്? അയാള്‍ അറിയാതെ അയാളുടെ കര്‍മങ്ങള്‍ തകരുകയല്ലേ ചെയ്യുന്നത്?!

ഈ കൂട്ടത്തില്‍പെട്ടതാണ് നബി ﷺ ഈ പറഞ്ഞതും: "ആരെങ്കിലും അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി" (ബുഖാരി).

(കുറിപ്പ്: അസ്വ്ര്‍ നമസ്കാരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ചില താക്കീതുകള്‍  ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊന്നാണിത്. മറ്റൊന്ന് ഇമാം അഹ്മദ്  ഉദ്ധരിക്കുന്ന അബുദ്ദര്‍ദാഇ(റ)ന്‍റെ നിവേദനമാണ്. നബി ﷺ പറഞ്ഞു: 'ആരെങ്കിലും മനഃപൂര്‍വം അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ച് അങ്ങനെ അത് നഷ്ടപ്പെടുത്തിയാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി.' ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. (സ്വഹീഹുത്തര്‍ഗീബ്). മറ്റു ചില റിപ്പോര്‍ട്ടുകളില്‍ 'ആര്‍ക്കെങ്കിലും അസ്വ്ര്‍ നമസ്കാരം  നഷ്ടമായാല്‍ അയാള്‍ സ്വത്തും കുടുംബവും നഷ്ടപ്പെടുത്തിയവനെ (കൊള്ളയടിക്കപ്പെട്ടവനെ)പോലെയാ ണ്' (ബുഖാരി, മുസ്ലിം) എന്നാണ് ഉള്ളത്).

സെയ്ദ് ഇബ്നു അര്‍ഖം(റ) ഈനത്ത് കച്ചവടം നടത്തിയപ്പോള്‍ ആഇശ(റ) പറഞ്ഞതും ഈ കൂട്ടത്തില്‍പെട്ടതാണ്:

"നിശ്ചയം, സെയ്ദ് തൗബ ചെയ്തില്ലെങ്കില്‍ നബി ﷺ യോടൊപ്പം നിര്‍വഹിച്ച തന്‍റെ ത്യാഗ പരിശ്രമങ്ങളെ (ജിഹാദിനെ) നിഷ്ഫലമാക്കി" (ബഗവി, മുസ്വന്നഫ് അബ്ദിര്‍റസാഖ്, ദാറഖുത്വ്നി).

ഈനത്ത് കച്ചവടം കൊണ്ട് മതപരിത്യാഗമൊന്നും സംഭവിക്കുകയില്ല. ഏറിവന്നാല്‍ അതുകൊണ്ട് ഒരു പാപം മാത്രമെ ആകുന്നുള്ളൂ.

കര്‍മങ്ങളനുഷ്ഠിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അവയെ തകരാറിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയലും ചെയ്തശേഷം പ്രസ്തുത കര്‍മങ്ങളെ തകര്‍ക്കുന്നതും നിഷ്ഫലമാക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിരിക്കലും ഗൗരവത്തോടെ പരിശോധിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളാണ്. അത് മനസ്സിലാക്കുവാനും സൂക്ഷിക്കുവാനും പ്രത്യേകം താല്‍പര്യം കാണിക്കേണ്ടതുണ്ട്.

പ്രസിദ്ധമായൊരു വചനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: "നിശ്ചയം, ഒരാള്‍ അല്ലാഹുവിന് വേണ്ടി രഹസ്യമായി ഒരു കര്‍മം ചെയ്യും. അല്ലാഹു അല്ലാത്ത ഒരാളും അത് അറിഞ്ഞിട്ടുണ്ടാകില്ല. എന്നിട്ട് അയാള്‍ അതിനെക്കുറിച്ച് സംസാരിക്കും. അപ്പോള്‍ അത് രഹസ്യകര്‍മങ്ങളുടെ രേഖയില്‍നിന്ന് പരസ്യപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് മാറും. എന്നിട്ട് ആ പരസ്യപ്പെടുത്തലിനനുസരിച്ച് ആ രേഖയില്‍ അത് ഉണ്ടായിരിക്കും."  

(കുറിപ്പ്: ഈ ആശയത്തില്‍ ഒരു ഹദീസ് അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് ഇമാം ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, അത് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം ബൈഹക്വിതന്നെ അതിന്‍റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുമുണ്ട്).

അയാള്‍ പ്രസ്തുത കര്‍മത്തെക്കുറിച്ച് സംസാരിച്ചത് പ്രശസ്തിക്കും മറ്റുള്ളവരുടെയടുക്കല്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതിനുമൊക്കെ വേണ്ടിയാണെങ്കില്‍ അത് ആ കര്‍മത്തെ നശിപ്പിക്കുന്നതാണ്; അതിനു വേണ്ടി പ്രവര്‍ത്തിച്ചാലെന്നപോലെ തന്നെ.

ഈ വ്യക്തി പശ്ചാത്തപിച്ചാല്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി ഇതാണ്:

അയാള്‍ ആ കര്‍മം ചെയ്തത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍, അഥവാ അത്തരം ഒരു നിയ്യത്തിലാണത് ചെയ്തതെങ്കില്‍ തൗബകൊണ്ട് ആ കര്‍മം പുണ്യമായി മാറുകയില്ല. പ്രത്യുത അതിന്‍റെ പാപവും ശിക്ഷയും ഒഴിവാക്കാനാണ് തൗബ. അയാള്‍ക്കത് അനുകൂലമോ പ്രതികൂലമോ അല്ലാതെ കലാശിക്കും.

എന്നാല്‍ അയാള്‍ അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി (ഇഖ്ലാസോടുകൂടി) ചെയ്തതാവുകയും പിന്നീട് ലോകമാന്യവും പ്രശസ്തിയും അതിലേക്ക് വന്നുചേര്‍ന്നതുമാണെങ്കില്‍, അഥവാ ആ അര്‍ഥത്തില്‍ അയാള്‍ അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ച ശേഷം പശ്ചാത്തപിക്കുകയും ഖേദിക്കുകയും ചെയ്തതാണെങ്കില്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് കിട്ടും. അത് നിഷ്ഫലമാവുകയില്ല. ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്: 'അത് അയാള്‍ക്ക് തിരിച്ചുകിട്ടുകയില്ല; മറിച്ച് അത് പുനരാരംഭിക്കുകയാണ് വേണ്ടത്.'

അതായത് പ്രശ്നം ഒരു അടിത്തറയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അഥവാ, മത പരിത്യാഗം (രിദ്ദത്ത്) കൊണ്ട് മാത്രം സല്‍കര്‍മങ്ങള്‍ തകര്‍ന്നു നിഷ്ഫലമാവുമോ? അതല്ല മുര്‍ത്തദ്ദായി തന്നെ മരിച്ചുപോയാല്‍ മാത്രമാണോ നിഷ്ഫലമാവുക? ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇമാം അഹ്മദി(റ)ല്‍നിന്നും ഉദ്ധരിക്കപ്പെടുന്ന രണ്ട് റിപ്പോര്‍ട്ടുകളാണവ.

 മതപരിത്യാഗം കൊണ്ട് തന്നെ കര്‍മങ്ങള്‍ നിഷ്ഫലമാകുമെന്ന് പറഞ്ഞാല്‍, പിന്നീട് അയാള്‍ ഇസ്ലാം സ്വീകരിച്ച് തിരിച്ചുവരുന്നത് മുതല്‍ കര്‍മങ്ങള്‍ പുനരാരംഭിക്കുകയാണ് എന്നും അതിനു മുമ്പ് ചെയ്ത സകലമാന സല്‍കര്‍മങ്ങളും നിഷ്ഫലമായിപ്പോയി എന്നുമാണ് അര്‍ഥം. എന്നാല്‍ മുര്‍തദ്ദായി തന്നെ മരണപ്പെട്ടാല്‍ മാത്രമെ കര്‍മങ്ങള്‍ നിഷ്ഫലമാവുകയുള്ളു എന്നാണെങ്കില്‍ മുര്‍തദ്ദായ ശേഷം ഒരാള്‍ ഇസ്ലാമിലേക്ക് തിരിച്ചുവന്നാല്‍ അയാളുടെ മുന്‍കാല സല്‍കര്‍മങ്ങളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടും എന്നുമാണ് അര്‍ഥമാക്കുന്നത്. (അവസാനിച്ചില്ല)