ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

(ഭാഗം: 26)

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

അമ്പത്തിനാല്: സദാസമയവും ദിക്‌റുമായി കഴിഞ്ഞുകൂടുന്നവര്‍ പുഞ്ചിരിതൂകിക്കൊണ്ട് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ''അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ നാവില്‍ സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്നവര്‍ ഓരോരുത്തരും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്'' (ഇബ്‌നു അബീശൈബ തന്റെ 'മുസ്വന്നഫി'ലും അഹ്മദ് 'അസ്സുഹ്ദി'ലും അബൂനുഐം 'അല്‍ഹില്‍യ'യിലും ഉദ്ധരിച്ചത്).

അമ്പത്തിയഞ്ച്: ആരാധനാകര്‍മങ്ങള്‍ എല്ലാംതന്നെ മതപരമാക്കപ്പെട്ടത്  അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. അഥവാ അവയുടെ ലക്ഷ്യം അല്ലാഹുവിന്റെ സ്മരണ കൈവരിക്കലാണ്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:14).

'അത് മുഖേന ഞാന്‍ നിന്നെ ഓര്‍ക്കാന്‍ വേണ്ടി' എന്നും 'നീ എന്നെ ഓര്‍ക്കാന്‍ വേണ്ടി' എന്നും രണ്ടു രൂപത്തില്‍ ഇതിന് വിവരണം നല്‍കപ്പെട്ടിട്ടുണ്ട്. 'എന്നെ സ്മരിക്കുന്ന വേളയില്‍ നീ നമസ്‌കരിക്കുക' എന്നും ഒരു വിശദീകരണമുണ്ട്. (തഹ്ദീബുസ്സുനന്‍ 6:180, മദാരിജുസ്സാലികീന്‍ 1:411, റൂഹുല്‍ മആനി 8:486) എന്നിവ നോക്കുക.

ഇവയില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് 'എന്നെ സ്മരിക്കുന്നതിനു വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക' എന്ന വിശദീകരണമാണ്. ഇതിന്റെ ഒരു അനുബന്ധമാണ് 'അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയുള്ളപ്പോള്‍ അത് നിര്‍വഹിക്കുക' എന്നത്. ഒരു അടിമ തന്റെ റബ്ബിനെ സ്മരിച്ചാലാണ് നമസ്‌കാരം നിര്‍വഹിക്കുക. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ് അവിടെ ആദ്യമുണ്ടായത്. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ അത് മുഖേനയുണ്ടായി എന്നര്‍ഥം. ചുരുക്കത്തില്‍ മൂന്ന് ആശയങ്ങളും ശരിതന്നെയാണ്.

അല്ലാഹു പറയുന്നു: ''(നബിയേ,) വേദഗ്രന്ഥത്തില്‍നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു'' (ക്വുര്‍ആന്‍ 29:45).

ഇതിന്റെ വിശദീകരണങ്ങളായി വന്നതില്‍ ഒന്ന് ഇപ്രകാരമാണ്: 'നിശ്ചയം നിങ്ങള്‍ നമസ്‌കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുകയാണ്. അല്ലാഹുവാകട്ടെ അവനെ സ്‌നേഹിക്കുന്നവരെ സ്മരിക്കുന്നു. അല്ലാഹു നിങ്ങളെ സ്മരിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ പ്രധാനം.' ഇബ്‌നു അബ്ബാസ്(റ), സല്‍മാന്‍(റ), അബുദ്ദര്‍ദാഅ്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവരില്‍നിന്നൊക്കെ ഇപ്രകാരം ഉദ്ധരിക്കുപ്പെടുന്നുണ്ട്.

'അല്ലാഹുവിന്റെ ദിക്ര്‍ ആണ് ഏറ്റവും വലുത്' എന്നതിന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വചനമായ 'നിങ്ങള്‍ എന്നെ സ്മരിക്കുക; എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കും' എന്ന സൂക്തംകൊണ്ടും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അല്ലാഹു നിങ്ങളെ ഓര്‍ക്കുക എന്നതാണ് നിങ്ങള്‍ അവനെ ഓര്‍ക്കുന്നതിനെക്കാള്‍ മഹത്തരമായിട്ടുള്ളത്. (തഫ്‌സീറുത്ത്വബ്‌രി കാണുക).

 ഇബ്‌നു സൈദും ക്വതാദയും പറയുന്നു: 'അതിന്റെ അര്‍ഥം; അല്ലാഹുവിനെ ദിക്ര്‍ ചെയ്യലാണ് എല്ലാറ്റിനെക്കാളും മഹത്തരമായത്.' സല്‍മാന്‍(റ) ചോദിക്കപ്പെട്ടു: 'ഏത് കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം?' അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ക്വുര്‍ആന്‍ വായിച്ചിട്ടില്ലേ? അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും വലുത്'(29:45) (ത്വബ്‌രി ഉദ്ധരിച്ചത്)

ഇതിന് ഉപോല്‍ബലകമാണ് മുമ്പ് പറഞ്ഞ അബുദ്ദര്‍ദാഇന്റെ ഹദീഥ്: 'നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെ; അതായത് നിങ്ങളുടെ രാജാധിരാജന്റെയടുക്കല്‍ ഏറ്റവും വിശിഷ്ഠമായതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ ഉത്തമമായതും...' (തിര്‍മുദി, ഇബ്‌നുമാജ, അഹ്മദ്, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

ശൈഖുല്‍ ഇസ്‌ലാം അബുല്‍അബ്ബാസ് ഇബ്‌നുതൈമിയ്യ(റഹി) പറയാറുണ്ടായിരുന്നു: 'ഈ ആയിരത്തിന്റെ ശരിയായ വിവക്ഷ ഇതാണ്; നിശ്ചയം, നമസ്‌കാരത്തില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രധാനമാണ്. തീര്‍ച്ചയായും നമസ്‌കാരം മ്ലേച്ഛവും ഏറ്റവും മോശപ്പെട്ടതുമായ കാര്യങ്ങളില്‍നിന്നും തടയുന്നതാണ്. അപ്രകാരംതന്നെ അത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും പ്രകീര്‍ത്തനങ്ങളും അടങ്ങുന്നതാണ്. അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' ആണ് മ്ലേച്ഛവും മോശവുമായ കാര്യങ്ങളില്‍നിന്നും അത് തടയുന്നു എന്നതിനെക്കാള്‍ മഹത്തരമായത്' (അല്‍ഉബൂദിയ്യ, മജ്മൂഉ ഫതാവ എന്നിവ നോക്കുക).

ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: ''ഇബ്‌നു അബ്ബാസി(റ)നോട് 'ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം' എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും മഹത്തരം' (ഇബ്‌നു അബീശൈബ തന്റെ 'മുസ്വന്നഫി'ലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും ഉദ്ധരിച്ചത്).

നബി ﷺ പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു: ''നിശ്ചയമായും (ഹജ്ജിന്റെ ഭാഗമായി)കഅ്ബ ത്വവാഫ് ചെയ്യലും സഫാമര്‍വകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കലും ജംറകളില്‍ എറിയലും എല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്'' (അബൂദാവൂദ്, തിര്‍മുദി).

അമ്പത്തിയാറ്: ഏതൊരു കര്‍മം ചെയ്യുന്നവരിലും ഏറ്റവും ശ്രേഷ്ഠര്‍ ആ കര്‍മിലത്തിലൂടെ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരാണ്. നോമ്പുകാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ തങ്ങളുടെ നോമ്പിലൂടെ അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്നവരാണ്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതിലൂടെ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവരാണ്. ഹജ്ജ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്ത്വമുള്ളവര്‍ അല്ലാഹുവെ ധാരാളമായി പ്രകീര്‍ത്തിക്കുന്നവരാണ്. ഇങ്ങനെയാണ് മറ്റു കര്‍മങ്ങളുടെയും സ്ഥിതി.

ഈ വിഷയത്തില്‍ മുര്‍സലായ ഒരു ഹദീഥ് ഇബ്‌നു അബിദ്ദുന്‍യാ ഉദ്ധരിക്കുന്നുണ്ട്. നബി ﷺ യോട് ഒരാള്‍ ചോദിച്ചു: 'ഏത് പള്ളിയുടെ ആളുകളാണ് ഉത്തമര്‍?' അവിടുന്ന് പറഞ്ഞു: 'അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിക്കുന്നവര്‍.' വീണ്ടും ചോദിക്കപ്പെട്ടു: 'ജനാസയെ അനുഗമിക്കുന്നവരില്‍ ഉത്തമര്‍ ആരാണ്?' നബി ﷺ പറഞ്ഞു: 'അവരില്‍ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവര്‍.' പിന്നെയും ചോദിക്കപ്പെട്ടു: 'ധര്‍മസമരം നയിക്കുന്നവരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍?' അവിടുന്ന് പറഞ്ഞു: 'അവരില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അധികരിപ്പിച്ചവര്‍.' 'ഹജ്ജു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ ആരാണ്' എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: 'അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിച്ചവര്‍.' 'രോഗികളെ സന്ദര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍' എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: 'അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുന്നവര്‍.' അബൂബക്കര്‍(റ) പറഞ്ഞു:'അല്ലാഹുവിനെ സ്മരിക്കുന്ന 'ദിക്‌റി'ന്റെ ആളുകള്‍ നന്മകളെല്ലാം കൊണ്ടുപോയി' (ഇബ്‌നുല്‍മുബാറക് 'അസ്സുഹ്ദി'ലും അബുല്‍ ക്വാസിമുല്‍ അസ്ബഹാനി 'അത്തര്‍ഹീബു വത്തര്‍ഗീബി'ലും ബൈഹഖി 'ശുഅബുല്‍ ഈമാനി'ലും മുര്‍സലായി ഉദ്ധരിച്ചത്. സനദ് മുറിഞ്ഞുപോകാത്ത വിധത്തിലും നബി ﷺ യില്‍നിന്ന് ഇമാം അഹ്മദും ത്വബ്‌റാനിയും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പരമ്പരയിലും വിമര്‍ശനവിധേയനായ വ്യക്തിയുണ്ട് -കുറിപ്പുകാരന്‍).

ഉബൈദുബ്‌നു ഉമൈര്‍(റ) പറയുന്നു: 'ഈ രാത്രിയിലെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയോ ധനം ചെലവഴിക്കാന്‍ നിങ്ങള്‍ ലുബ്ധത കാണിക്കുകയോ ശത്രുവിനെ നേരിടാന്‍ നിങ്ങള്‍ ഭീരുക്കളാവുകയോ ചെയ്താല്‍ ഉടന്‍ നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകള്‍ അധികരിപ്പിച്ചുകൊള്ളുക' (ഇബ്‌നു അബീശൈബ തന്റെ 'മുസ്വന്നഫി'ലും അഹ്മദ് തന്റെ 'അസ്സുഹ്ദി'ലും അബൂ നുഐം 'അല്‍ഹില്‍യ'യിലും ഉദ്ധരിച്ചത്).

അമ്പത്തിയേഴ്: ദിക്ര്‍ സ്ഥിരമായി നിര്‍വഹിക്കുന്നത് മറ്റു ഐച്ഛിക കര്‍മങ്ങള്‍ക്ക് പകരവും അവയുടെ സ്ഥാനത്ത് നില്‍ക്കുന്നതുമാണ്. അവ ശരീരംകൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങളോ സമ്പത്തുകൊണ്ട് നിര്‍വഹിക്കുന്നവയോ അതല്ലെങ്കില്‍ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നിര്‍വഹിക്കുന്ന ഐച്ഛികമായ ഹജ്ജ് പോലെയുള്ള കര്‍മങ്ങളോ ആണെങ്കിലും സമമാണ്.

അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ വ്യക്തമായിത്തന്നെ അത് വന്നിട്ടുണ്ട്. മുഹാജിറുകളിലെ ദരിദ്രരായ ചിലര്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, സമ്പന്നരായ ആളുകള്‍ ഉന്നതമായ പദവികളെല്ലാം കൊണ്ടുപോയല്ലോ; സ്ഥിരാസ്വാദനങ്ങളുടെ സ്വര്‍ഗവും. കാരണം, ഞങ്ങള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ അവരും നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങളെക്കാള്‍ കൂടുതലായി അവരുടെ പക്കല്‍ സമ്പത്തുള്ളതിനാല്‍ അതുപയോഗിച്ച് അവര്‍ ഹജ്ജും ഉംറയും ജിഹാദും നിര്‍വഹിക്കുന്നു.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം അറിയിച്ചുതരട്ടെ? അതുമുഖേന നിങ്ങള്‍ക്ക് മുന്‍കടന്നവരോടൊപ്പമെത്താനും. നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കാനും കഴിയും. നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നവരല്ലാത്ത ഒരാളും നിങ്ങളെക്കാള്‍ മഹത്ത്വമുള്ളവരായി ഉണ്ടാവുകയില്ല.' അവര്‍ പറഞ്ഞു: 'അറിയിച്ചു തന്നാലും തിരുദൂതരേ.' നബി ﷺ പറഞ്ഞു: 'നിങ്ങള്‍ ഓരോ നമസ്‌കാര ശേഷവും തസ്ബീഹും (പരിശുദ്ധിയെ വാഴ്ത്തല്‍ അഥവാ പ്രകീര്‍ത്തനം ചെയ്യല്‍), അല്ലാഹുവിനെ സ്തുതിക്കുന്ന സ്‌തോത്രകീര്‍ത്തനങ്ങളും അഥവാ 'അല്‍ഹംദുലില്ലാഹി'യും അല്ലാഹുവിനെ വാഴ്ത്തുന്ന തക്ബീറുകളും അഥവാ 'അല്ലാഹു അക്ബറും' ചൊല്ലുക' (ബുഖാരി, മുസ്‌ലിം).

പാവപ്പെട്ട ഈ സ്വഹാബിമാര്‍ക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഹജ്ജിനും ഉംറക്കും ജിഹാദിനും ഒക്കെ പകരമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തത് 'ദിക്‌റി'നെയാണ്. ഈ ദിക്‌റുകള്‍കൊണ്ട് ഇവര്‍ക്ക് മറ്റുള്ളവരെ മുന്‍കടക്കാന്‍ കഴിയുമെന്നും നബി ﷺ അവരെ അറിയിച്ചു. എന്നാല്‍ സമ്പന്നരായ ആളുകള്‍ ഇതറിഞ്ഞപ്പോള്‍ അവരും ഇതെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവരുടെ ദാനധര്‍മങ്ങള്‍ക്കും സമ്പത്ത് ചെലവഴിച്ചുകൊണ്ടുള്ള ആരാധനകള്‍ക്കും പുറമെ ഈ ദിക്‌റുകള്‍ കൊണ്ടും അവര്‍ കര്‍മങ്ങളധികരിപ്പിച്ചു. അതിലൂടെ ഈ രണ്ട് വിധത്തിലുള്ള മഹത്ത്വങ്ങളും അവര്‍ കരസ്ഥമാക്കി. പാവപ്പെട്ടവര്‍ ഇവരോട് മത്സരിക്കുകയായിരുന്നു. അവരും ഈ പുണ്യത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ നബി ﷺ യോട് അവര്‍ വിവരം പറഞ്ഞു. ആ സമ്പന്നരായ ആളുകള്‍ ഞങ്ങള്‍ക്ക് യാതൊരു ശേഷിയുമില്ലാത്ത കാര്യങ്ങള്‍കൊണ്ട് അതിജയിച്ചു മുന്നിട്ടു എന്നും പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അത് അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു.'

അബ്ദുല്ലാഹിബ്‌നു ബുസ്‌റിന്റെ ഹദീഥില്‍ പറയുന്നു: ''ഒരു ഗ്രാമീണനായ വ്യക്തി വന്നുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങളും മറ്റു കാര്യങ്ങളുമൊക്കെ എനിക്ക് വളരെ അധികമായി തോന്നുന്നു. അതിനാല്‍ എനിക്ക് മതിയായതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു കാര്യം എനിക്ക് അറിയിച്ചു തന്നാലും.' നബി ﷺ പറഞ്ഞു: 'നീ അല്ലാഹുവിന് ദിക്ര്‍ ചെയ്യുക.' അദ്ദേഹം ചോദിച്ചു: 'തിരുതൂദരേ, അത് മതിയോ?' നബി ﷺ പറഞ്ഞു: 'അതെ, അത് താങ്കള്‍ക്ക് ശ്രേഷ്ഠകരമാണ്' (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെ പറയപ്പെട്ട രൂപത്തില്‍ ഉദ്ധരിക്കുന്നത് ഇബ്‌നു അബീആസ്വ്(റ) തന്റെ 'അല്‍ ആഹാദ് വല്‍ മസാനി' എന്ന ഗ്രന്ഥത്തിലാണ്- കുറിപ്പുകാരന്‍).

ഗുണകാംക്ഷിയായ തിരുദൂതര്‍ ﷺ അദ്ദേഹത്തിന് ഇസ്‌ലാമിക നിയമങ്ങളിലേക്ക് താല്‍പര്യം ജനിപ്പിക്കുന്ന ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' അയാള്‍ തന്റെ മുഖമുദ്രയാക്കിയാല്‍ അല്ലാഹുവിനെയും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവയെയും അയാള്‍ക്ക് പ്രിയങ്കരമാവും. അപ്പോള്‍ പിന്നെ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കുക എന്നതിനെക്കാള്‍ പ്രിയങ്കരമായി അയാള്‍ക്ക് വേറെ ഒന്നും ഉണ്ടാവുകയില്ല. അതിനാല്‍ അയാള്‍ക്ക് ഇസ്‌ലാമിന്റെ വിധിവിലക്കുകളോട് ആഭിമുഖ്യമുണ്ടാകുന്നതും അതിനെ ആയാസകരമാക്കുന്നതുമായ ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അതായത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍. ഇപ്പറഞ്ഞത് വിശദമാക്കുന്നതാണ് താഴെ വരുന്ന 58ാമത്തെ സംഗതി

അന്‍പത്തിഎട്ട്: നിശ്ചയം അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ സഹായമാണ്. ദിക്ര്‍ നന്മകളെ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പ്രിയങ്കരമാക്കും. അവര്‍ക്ക് ലളിതവും ആസ്വാദ്യകരവുമാക്കും. തങ്ങളുടെ കണ്‍കുളിര്‍മയും സന്തോഷവും ആനന്ദവുമൊക്കെ അവയിലാക്കി ത്തീര്‍ക്കും. അങ്ങനെ അല്ലാഹുവിന് വഴിപ്പെട്ട് നന്മകളും ആരാധനകളും അനുഷ്ഠിക്കുന്നതിന് അവര്‍ക്ക് യാതൊരു ഭാരമോ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല. ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവരുടെ സ്ഥിതി നേരെ മറിച്ചായിരിക്കും. അനുഭവങ്ങള്‍ അതിന് സാക്ഷിയാണ്.

അന്‍പത്തിയൊമ്പത്: നിശ്ചയം, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പ്രയാസങ്ങളെ ആയാസകരമാക്കും. ഞെരുക്കമുള്ളതിനെ ലളിതമാക്കും. ബുദ്ധിമുട്ടുകളെ ലഘൂകരിക്കും. പ്രയാസകരമായ ഏതൊരു കാര്യത്തില്‍ അല്ലാഹുവിനെ സ്മരിച്ചുവോ തീര്‍ച്ചയായും അത് പ്രയാസരഹിതമാകുന്നതാണ്. ഞെരുക്കങ്ങളെയും ബുദ്ധിമുട്ടുകളെയും കാലുഷ്യങ്ങളെയും അത് നീക്കിക്കളയും

ഏതൊരു ദുരിതവും അതുമുഖേന വഴിമാറും. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ ആണ് പ്രയാസത്തിന് ശേഷമുള്ള ആശ്വാസവും ഞെരുക്കത്തിന് പിന്നാലെയുള്ള എളുപ്പവും സങ്കടങ്ങളില്‍ നിന്നും ദുഖങ്ങളില്‍നിന്നുമുള്ള മോചനവും. താഴെ വരുന്ന കാര്യം അത് ഒന്നുകൂടി വിശദമാക്കുന്നതാണ്. (തുടരും)