ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ആഗസ്ത് 28 1442 മുഹര്‍റം 19

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 19)

ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവും തെളിവുനിര്‍ദ്ധാരണവുമെല്ലാം അബൂഹുറയ്‌റ(റ)യുടെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തൊരു അന്തരമാണ്! അബൂഹുറയ്‌റ(റ) അദ്ദേഹത്തെക്കാള്‍ മനഃപാഠമുള്ള വ്യക്തിയാണ്. അല്ല, സമുദായത്തിലെ തന്നെ ഏറ്റവും മനഃപാഠമുള്ള വ്യക്തി എന്നു വേണമെങ്കില്‍ പറയാം. ഹദീഥുകള്‍ കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന, രാപകലുകള്‍ ഭേദമന്യെ അത് പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അബൂഹുറയ്‌റ(റ). അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മനഃപാഠമാക്കലിലും താന്‍ കേട്ടുപഠിച്ചത് മാറ്റങ്ങളില്ലാതെ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുക എന്നതിലുമായിരുന്നു. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതാവട്ടെ ആഴത്തിലുള്ള ഗ്രാഹ്യതയിലും തെളിവുകള്‍ മനസ്സിലാക്കുന്നതിലും പ്രമാണങ്ങളെ കീറിമുറിച്ച് വിജ്ഞാനത്തിന്റെ നദികളൊഴുക്കുന്നതിലും അതിലെ വൈജ്ഞാനിക നിധിശേഖരങ്ങള്‍ പുറത്തെടുക്കുന്നതിലുമൊക്കെയായിരുന്നു.

അദ്ദേഹത്തിന് ശേഷമുള്ള പണ്ഡിതന്മാരെ നോക്കിയാലും ഇപ്രകാരം രണ്ടു വിഭാഗമായിരുന്നു എന്ന് കാണാവുന്നതാണ്. ഒരുവിഭാഗം പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിലും അതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധിച്ചിരുന്നവര്‍. അതിനപ്പുറം തെളിവുകള്‍ നിര്‍ദ്ധരിക്കുന്നതിലും വൈജ്ഞാനിക നിധിഖേരങ്ങള്‍ പുറത്തെടുക്കുന്നതിലും അവര്‍ കാര്യമായി ശ്രദ്ധയൂന്നിയിരുന്നില്ല. മറ്റേ വിഭാഗമാകട്ടെ മതവിധികള്‍ ഗ്രഹിക്കുന്നതിലും പ്രമാണങ്ങളില്‍നിന്ന് തെളിവുകളും ന്യായങ്ങളും ഗ്രഹിക്കുന്നതിലും ശ്രദ്ധയൂന്നിയവരായിരുന്നു. ഒന്നാമത്തെ വിഭാഗത്തിലാണ് അബൂസര്‍അ, അബൂഹാതിം ഇബ്‌നുവാറ(റഹി) പോലെയുള്ളവര്‍. അവര്‍ക്കുമുമ്പ് ബുന്‍ദാര്‍ മുഹമ്മദുബ്‌നു ബശ്ശാര്‍, അംറുന്നാക്വിദ്, അംറുബ്‌നു യസാര്‍(റഹി) പോലുള്ളവരും. അവര്‍ക്കു മുമ്പ് മുഹമ്മദുബ്‌നു ജഅ്ഫര്‍ ഗുന്‍ദര്‍, സഈദുബ്‌നു അബീ അറൂബ(റഹി) പോലുള്ളവരും. ഇവരൊക്കെ മനഃപാഠമാക്കുന്നവതില്‍ ശ്രദ്ധയൂന്നിയവരായിരുന്നു.

രണ്ടാമത്തെ വിഭാഗം ഇമാം മാലിക്, ലൈഥ്, സുഫ്‌യാന്‍, ഇബ്‌നുല്‍മുബാറക്, ശാഫിഈ, ഔസാഈ, ഇസ്ഹാക്വ്, അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, അബൂദാവൂദ്, മുഹമ്മദുബ്‌നു നസ്വ്ര്‍ അല്‍മര്‍വസി(റഹി) പോലുള്ള, മതവിധികള്‍ കണ്ടെത്താനും തെളിവുകള്‍ നിര്‍ദ്ധരിക്കാനുമൊക്കെ കൂടുതല്‍ ശ്രദ്ധിച്ച മഹത്തുക്കളാണ്.

ഈ രണ്ടുവിഭാഗവുമാണ് അല്ലാഹു അവന്റെ തിരുദൂതരെ നിയോഗിച്ചയച്ച സന്മാര്‍ഗംകൊണ്ട് ഏറ്റവും വലിയ വിജയംകൊയ്തവര്‍. അതായത് അവരത് പൂര്‍ണമായി സ്വീകരിക്കുകയും അതിനെ കാര്യമായി ഗ്രഹിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നാമതൊരു വിഭാഗമുണ്ട്. അവരാണ് സൃഷ്ടികളില്‍ ഏറ്റവും ഹതഭാഗ്യര്‍. അതായത് അല്ലാഹുവിന്റെ സന്മാര്‍ഗത്തെ സ്വീകരിക്കാനോ അതിന് ശ്രദ്ധകൊടുക്കുവാനോ തയ്യാറാകാതിരുന്നവര്‍. മനഃപാഠമോ ഗ്രാഹ്യതയോ മതം പഠിക്കലോ ഇല്ലാത്ത, മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയോ അതിനെ ശ്രദ്ധിക്കുകയോ ഒന്നും ചെയ്യാത്തവര്‍.

ഹദീഥില്‍ പറയപ്പെട്ട മൂന്നു വിഭാഗക്കാരില്‍ ഒന്നാമത്തേത് പ്രമാണങ്ങള്‍ ആഴത്തില്‍ ഗ്രഹിച്ചവരും അതിനെ കാര്യമായി ശ്രദ്ധിച്ചവരും മറ്റുള്ളവരിലക്ക് അത് എത്തിക്കുവാന്‍ ശ്രമിച്ചവരുമാണ്.

രണ്ടാമത്തെ വിഭാഗം, പ്രമാണങ്ങളെ ശ്രദ്ധിച്ചവരും അത് മറ്റുള്ളവരിലേക്ക് കൈമാറിയവരുമാണ്. അവര്‍ക്ക് മതനിയമങ്ങളെ സംബന്ധിച്ചുള്ള ഗ്രാഹ്യതയും പാണ്ഡിത്യവുമുണ്ട്. എന്നാല്‍ അതിനെക്കാള്‍ മനഃപാഠമാക്കുന്ന കാര്യത്തിലായിരുന്നു അവരുടെ കൂടുതല്‍ ശ്രദ്ധ.

മൂന്നാമത്ത വിഭാഗം ഹതഭാഗ്യരാണ്. അവര്‍ക്ക് മതജ്ഞാനവും ഗ്രാഹ്യതയും അത് മനഃപാഠമാക്കലും ഒന്നുമില്ല. ''അവര്‍ നാല്‍ക്കാലികളെ പോലെയാണ്, അല്ല അതിനെക്കാള്‍ വഴിപിഴച്ചവരാണ്'' (ക്വുര്‍ആന്‍ 25:44).

അവരാണ് ഭൂമിക്ക് ഭാരമായവര്‍. സുഖഭോഗങ്ങളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഉദരപൂരണവും ലൈംഗികാസ്വാദനവും കഴിഞ്ഞാല്‍ വസ്ത്രങ്ങളിലും അലങ്കാരങ്ങളിലുമാണ് അവരുടെ ശ്രദ്ധ. അതു കഴിഞ്ഞാല്‍ വീടും തോട്ടവും വാഹനവും. അതിനുമപ്പുറം പോയാല്‍ നേതൃമോഹവും സ്വേച്ഛാധിപത്യവും. അതായത് നായ്ക്കളുടെയും വന്യജീവികളുടെയും മനസ്സ്. മലക്കുകളുടെ മാനസികാവസ്ഥ അവരിലൊരാള്‍ക്കും ഉണ്ടാകില്ല.

ചുരുക്കത്തില്‍, മനസ്സുകള്‍ അഥവാ മനോഗതികള്‍ മൂന്നുവിധമാണ്. നായകളുടെതും വന്യജീവികളുടെതും മലക്കുകളുടെതും. നായ്ക്കളുടെത് എല്ലിന്‍കഷ്ണങ്ങള്‍കൊണ്ടും ശവങ്ങള്‍കൊണ്ടും മാലിന്യങ്ങള്‍കൊണ്ടുമൊക്കെ തൃപ്തിയടയന്നവ. എന്നാല്‍ വന്യജീവികളുടെത് അവകൊണ്ട് തൃപ്തിപ്പെടുകയില്ല. പ്രത്യുത മറ്റുള്ളവരെ അടക്കിഭരിക്കലും ന്യായാന്യായഭേദമില്ലാതെ ഏതുവിധത്തിലായാലും അവരുടെമേല്‍ ആധിപത്യം നേടലുമൊക്കെയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മലക്കുകളുടെത് ഇതില്‍നിന്നെല്ലാം ഔന്നത്യം നേടിയതാണ്. അവരുടെ ശ്രദ്ധ പടച്ചവനും പരലോകവും വിശ്വാസവും വിജ്ഞാനവും അല്ലാഹുവിനോടള്ള സ്‌നേഹവും അവനിലേക്കുള്ള ഖേദപ്രകടനവും അവനില്‍ ശാന്തി കണ്ടെത്തലും അവനിലേക്ക് സമാധാനമടയലും അവന്റെ ഇഷ്ടങ്ങള്‍ക്കും തൃപ്തികള്‍ക്കും പ്രാമുഖ്യം നല്‍കലുമൊക്കെയാണ്. ഇഹലോകത്തില്‍നിന്ന് അവര്‍ക്കുവേണ്ടത് സ്രഷ്ടാവും രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനാവശ്യമായത് മാത്രമാണ്. അല്ലാതെ ഐഹികസുഖങ്ങളില്‍ ഇഴുകിച്ചേരാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

പിന്നീട് അല്ലാഹു മറ്റൊരു ഉപമ വിശദീകരിച്ചിരിക്കുന്നു. അത് തീയിന്റെ ഉപമയാണ്. അല്ലാഹു പറയുന്നു:

''...വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു'' (ക്വുര്‍ആന്‍ 13:17).

'വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു.' അതായത് ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണം പോലെയുള്ള ലോഹങ്ങള്‍ പരിശോധിച്ച് ഗുണമേന്മഉറപ്പുവരുത്താനും അവയിലെ അഴുക്കുകള്‍ നീക്കംചെയ്യാനും വേണ്ടി തീയില്‍ പ്രവേശിപ്പിക്കുന്നു. അപ്പോള്‍ അവയിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടുകയും ശുദ്ധമായ ലോഹം അവശേഷിക്കുകയും ചെയ്യും. അതാണ് ജനങ്ങള്‍ക്ക് ഉപകരിക്കുന്നത്.

ഈ രണ്ട് ഉപമകളും വിശദീകരിക്കുമ്പോള്‍ അല്ലാഹുവിന് ഉത്തരം ചെയ്യുകയും സന്മാര്‍ഗത്തിലേക്ക് ശ്രദ്ധകൊടുക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചും അവന് ഉത്തരം ചെയ്യാത്തവരും അവന്റെ സന്മാര്‍ഗത്തിന് ശ്രദ്ധകൊടുക്കാത്തവരുമായ ആളുകളെ സംബന്ധിച്ചും അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

''തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായച്ഛിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!'' (ക്വുര്‍ആന്‍ 13:18).

ചുരുക്കത്തില്‍ അല്ലാഹു ജീവസ്സ് നിശ്ചയിച്ചിട്ടുള്ളത് പ്രകാശമുള്ളിടത്താണ്. നിര്‍ജീവതയാകട്ടെ ഇരുട്ടത്തും. അതിനാല്‍ ആത്മാവിന്റെയും ജഡത്തിന്റെയും (ശരീരത്തിന്റെയും) ജീവന്‍ പ്രകാശമാണ്. അത് വെളിച്ചത്തിന്റെതെന്നപോലെ ജീവന്റെയും പ്രധാന ഘടകമാണ്. അതില്ലാതെ വെളിച്ചമുണ്ടാകില്ല എന്നപോലെത്തന്നെ അതിന്റെ അഭാവത്തില്‍ ജീവനുമുണ്ടാകില്ല. അതുമൂലമാണ് ഹൃദയം ജീവസ്സുറ്റതാകുന്നതും അതിന് വിശാലതയും ആശ്വാസവും കിട്ടുന്നതും. നബി ﷺ പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നതും അതാണല്ലോ: 'പ്രകാശം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അതിന് വിശാലതയും ആശ്വാസവും കൈവരുന്നു.' അനുചരര്‍ ചോദിച്ചു: 'അതിനുള്ള അടയാളമെന്താണ്?' നബി ﷺ പറഞ്ഞു: 'ശാശ്വതമായ പരലോകത്തേക്കുള്ള മടക്കബോധവും വഞ്ചനയുടെ ഐഹികജീവിതത്തില്‍നിന്നുള്ള അകല്‍ച്ചയും മരണം വന്നെത്തുന്നതിനു മുമ്പേ അതിനായി തയ്യാറെടുക്കലുമാണ്.'

(ഇമാം തിര്‍മുദിയുടെ 'ജാമിഇ'ല്‍ ഇപ്രകാരം ഒരു ഹദീഥ് കാണാന്‍ സാധിച്ചിട്ടില്ല. ഇബ്‌നുല്‍ ക്വയ്യിം(റഹി) അല്ലാത്ത ആരെങ്കിലും ഈ റിപ്പോര്‍ട്ട് തിര്‍മുദിയിലേക്ക് ചേര്‍ത്തുപറഞ്ഞതും കണ്ടിട്ടില്ല. ഇബ്‌നുല്‍മുബാറക് തന്റെ 'സുഹ്ദി'ലും അബ്ദര്‍റസാക്വ് തന്റെ 'തഫ്‌സീറി'ലും സഈദുബ്‌നു മന്‍സൂര്‍ 'സുനനി'ലും ഹാകിം 'മുസ്തദ്‌റകി'ലും ഇത് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്- കുറിപ്പുകാരന്‍).

ഒരു അടിമയുടെ പ്രകാശമാണ് അദ്ദേഹത്തിന്റെ കര്‍മങ്ങളെയും വാക്കുകളെയും അല്ലാഹുവിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത്. അല്ലാഹുവിലേക്ക് വിശിഷ്ടമായ വനചങ്ങളല്ലാതെ കയറിപ്പോവുകയില്ല. അത് പ്രകാശമാണ്. അതിന്റെ ഉത്ഭവവും പ്രകാശമാണ്. കര്‍മങ്ങളില്‍നിന്നും സല്‍കര്‍മങ്ങളല്ലാതെയും ആത്മാക്കളുടെ കൂട്ടത്തില്‍ വിശുദ്ധമായവയുമല്ലാതെ അവനിലേക്ക് കയറിപ്പോവുകയില്ല. അതായത്, അല്ലാഹു തന്റെ തിരുദൂതര്‍ക്ക് ഇറക്കിക്കൊടുത്ത പ്രകാശത്താല്‍ പ്രശോഭിതമായ സത്യവിശ്വാസികളുടെ ആത്മാക്കളാണത്. അപ്രകാരംതന്നെ പ്രകാശത്താല്‍ പടക്കപ്പെട്ട മലക്കുകളും.

ആഇശ(റ) നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്നു: ''മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളാകട്ടെ തീയില്‍നിന്നുമാണ് പടക്കപ്പെട്ടത്. ആദം ആകട്ടെ നിങ്ങള്‍ക്ക് വിവരിക്കപ്പെട്ടതില്‍നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു''(മുസ്‌ലിം).

(അവസാനിച്ചില്ല)