ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 14)

(13) അത് (ദിക്ര്‍) അറിവിന്റെ വലിയൊരു വാതില്‍ അയാള്‍ക്ക് തുറന്നുകൊടുക്കും ദിക്ര്‍ അധികരിപ്പിക്കുന്നതിനനുസരിച്ച് പ്രസ്തുത ജ്ഞാനവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും.

(14) സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. 'ദിക്ര്‍' ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും ആദരവുമൊക്കെ വളരെ ശോഷിച്ചതുമായിരിക്കും.

(15) അല്ലാഹു അയാളെയും ഓര്‍ക്കുന്നതിന് 'ദിക്ര്‍' കാരണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ; 'ആകയാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുവിന്‍, എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ്' (ക്വുര്‍ആന്‍ 2:152).

'ദിക്‌റിലൂടെ' ഈയൊരു നേട്ടമല്ലാതെ മറ്റൊന്നുമില്ലായെന്നുവന്നാല്‍പോലും ഇതുതന്നെ അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമായി ധാരാളം മതിയാകുന്നതാണ്.

 അല്ലാഹു പറഞ്ഞതായി നബി ﷺ ഒരു (ക്വുദ്‌സിയായ) ഹദീഥിലൂടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

(16) അത് ഹൃദയത്തിന് നവജീവന്‍ നല്‍കും. ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'ദിക്ര്‍ ഹൃദയത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തിനു വെള്ളം എന്നപോലെയാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ മത്സ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?'

(17) അത് ഹൃദയത്തിന്റെ ഭക്ഷണവും ചൈതന്യവുമാണ്. അത് ഒരാള്‍ക്ക് നഷ്ടപ്പെട്ടാല്‍ അന്നപാനീയങ്ങള്‍ തടയപ്പെട്ട ശരീരംപോലെയായിരിക്കും.

ഞാനൊരിക്കല്‍ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ അടുക്കല്‍ ചെന്നു. സ്വുബ്ഹി നമസ്‌കരിച്ച ശേഷം അദ്ദേഹം അല്ലാഹുവിന് 'ദിക്ര്‍' ചെയ്തുകൊണ്ട് ഏകദേശം മധ്യാഹ്നം വരെ അവിടെത്തന്നെ ഇരുന്നു. എന്നിട്ട് എന്റെ നേരെ നോക്കിക്കൊണ്ട് (ഈ ആശയത്തില്‍) പറഞ്ഞു: 'ഇത് എന്റെ ഭക്ഷണമാണ്. ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിച്ചുപോകും.'

 മറ്റൊരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്: ''ഞാന്‍ 'ദിക്ര്‍' (റബ്ബിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍) ഒഴിവാക്കാറില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ മറ്റൊരു 'ദിക്‌റി'നു വേണ്ടി തയ്യാറെടുക്കാനായിരിക്കും ആ വേള ഞാന്‍ശ്രദ്ധിക്കുക.''

(18) അത് ഹൃദയത്തിന്റെ അഴുക്കും കറകളും നീക്കുന്നതാണ്; മുമ്പ് ഹദീഥില്‍ വിവരിച്ചത് പോലെ. ഓരോന്നിനും അഴുക്കും തുരുമ്പുമുണ്ട്. ഹൃദയത്തിന്റെ തുരുമ്പ് ദേഹേച്ഛയും അശ്രദ്ധയുമാണ്. അത് നീക്കി ശുദ്ധിയാക്കാന്‍ സാധിക്കുന്നത് ദിക്‌റും തൗബയും (പശ്ചാത്താപം) ഇസ്തിഗ്ഫാറും (പാപം പൊറുക്കാന്‍ തേടല്‍) കൊണ്ടാണ്. മുമ്പ് ഈ ആശയം വിശദമാക്കിയതോര്‍ക്കുക.

(19) അത് തെറ്റുകളെ മായ്ച്ചുകളയും. നിശ്ചയം, ദിക്ര്‍ ഏറ്റവും മഹത്തായ നന്മയാണ്. നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്.

(20) അത് ഒരു അടിമയുടെയും റബ്ബിന്റെയും ഇടയിലുള്ള ഇണക്കക്കുറവ് ഇല്ലാതാക്കും. തീര്‍ച്ചയായും ദിക്‌റില്‍നിന്ന് അകന്ന് അശ്രദ്ധയില്‍ കഴിയുന്ന വ്യക്തിക്കും അല്ലാഹുവിനുമിടയില്‍ ഒരുതരം ഇണക്കക്കുറവുണ്ടാകും. 'ദിക്‌റി'ലൂടെ മാത്രമെ അത് ഇല്ലാതാവുകയുള്ളൂ.

(21) ഒരു അടിമ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയും അവന് സ്‌തോത്ര കീര്‍ത്തങ്ങള്‍ അര്‍പ്പിച്ചും ഉരുവിടുന്ന ദിക്‌റുകള്‍ മുഖേന അല്ലാഹുവിങ്കല്‍ പ്രശംസിക്കപ്പെടും.

ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ''നബി ﷺ പറഞ്ഞു: 'നിശ്ചയമായും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തിക്കൊണ്ട് നിങ്ങള്‍ ഉരുവിടുന്ന 'തഹ്‌ലീലും' (ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം) 'തക്ബീറും' (അല്ലാഹു അക്ബര്‍ എന്ന വചനം) 'തഹ്മീദും' (അല്‍ഹംദുലില്ലാഹ് എന്ന വചനം) അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും വലയംചെയ്യും. അവയ്ക്ക് തേനീച്ചയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടായിരിക്കും. ആ വചനങ്ങള്‍ അവ ഉരുവിട്ട ആളുകളെക്കുറിച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെയടുക്കല്‍ അപ്രകാരം നിങ്ങളെക്കുറിച്ചും പറയപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?'' (അഹ്മദ്, ഇബ്‌നുമാജ, ബസ്സാര്‍, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്. സില്‍സിലതുസ്സ്വഹീഹയില്‍ (3358) ശൈഖ് അല്‍ബാനി സ്വഹീഹ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്).

(22) ഒരു ദാസന്‍ തന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ സ്മരിക്കുകവഴി അവനെ തിരിച്ചറിഞ്ഞാല്‍ ക്ഷാമകാലത്ത് അല്ലാഹു അയാളെയും കണ്ടറിയുന്നതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം  കൂടി ആശയം വന്നിട്ടുണ്ട്: 'നിശ്ചയം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുകയും അവനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന ഒരു അടിമക്ക് വല്ല പ്രയാസവും ബാധിച്ചാല്‍, അതല്ലെങ്കില്‍ അല്ലാഹുവിനോട് അയാള്‍ വല്ല ആവശ്യവും ചോദിച്ചാല്‍ മലക്കുകള്‍ പറയുമത്രെ: 'രക്ഷിതാവേ, സുപരിചിതനായ ദാസന്റെ പരിചയമുള്ള ശബ്ദമാണല്ലോ.'

 എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഒരാള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ വല്ലതും ചോദിക്കുകയോ ചെയ്താല്‍ മലക്കുകള്‍ പറയുമത്രെ: 'രക്ഷിതാവേ, അപരിചിതനായ മനുഷ്യനില്‍നിന്നുള്ള അപരിചിതമായ ശബ്ദമാണല്ലോ' (ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫിലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും സല്‍മാനുല്‍ ഫാരിസിയുടെ വാക്കായിട്ട് (മൗക്വൂഫ്) ഉദ്ധരിച്ചത്).

(23) അത് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സംഗതിയാണ്. മുആദ്(റ) പറഞ്ഞത് പോലെ; 'അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന ഒരു കര്‍മവും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കാള്‍ മികച്ചതായി ഒരാളും ചെയ്യുന്നില്ല.' നബി ﷺ യുടെ വാക്കായും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല.

(24) അല്ലാഹുവില്‍നിന്നുള്ള ശാന്തിയിറങ്ങാനും കാരുണ്യം ചൊരിയാനും മലക്കുകള്‍ ദിക്ര്‍ ചൊല്ലുന്നയാളുടെ ചുറ്റിലും കൂടുവാനുമൊക്കെ അത് നിമിത്തമാണ്. നബി ﷺ അറിയിച്ച ഹദീഥില്‍ അത് വന്നിട്ടുള്ളതാണ്.

(25) അല്ലാഹു നിഷിദ്ധമാക്കിയ പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), കളവ്, അശ്ലീലം, നിരര്‍ഥകമായത്, മുതലായവ സംസാരിക്കുന്നതില്‍നിന്ന് നാവിനെ അത് തിരിച്ചുവിടുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവന് സ്‌തോത്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാതെയും അവന്റെ വിധിവിലക്കുകളെ പ്രതിപാദിക്കാതെയും ഒരാള്‍ കഴിയുകയാണെങ്കില്‍ ഉറപ്പായും ഈ നിഷിദ്ധങ്ങളൊക്കെയും അതല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും അയാള്‍ക്ക് പറയേണ്ടി വരും. അതിനാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയല്ലാതെ അയാള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലതന്നെ.

അനുഭവ സാക്ഷ്യങ്ങളും പരിചയങ്ങളും അത് സത്യപ്പെടുത്തുന്നുണ്ട്. ആരെങ്കിലും തന്റെ നാവിനെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പരിചയിപ്പിച്ചാല്‍ അല്ലാഹു അയാളുടെ നാവിനെ നിരര്‍ഥകവും അനാവശ്യവുമായ കാര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്നതാണ്. നേരെമറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നകന്ന ഉണങ്ങിവരണ്ട നാവാണ് ഒരാള്‍ക്കുള്ളതെങ്കില്‍ സര്‍വ അനാവശ്യങ്ങളും വൃത്തികേടുകളും നിരര്‍ഥക സംസാരങ്ങളുംകൊണ്ട് അയാളുടെ നാവു പച്ചപിടിക്കുകയും ചെയ്യും. ലാ ഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്!(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല).

(26) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകള്‍ കൂടിയാണ്. എന്നാല്‍ ദിക്‌റില്‍നിന്നകന്ന, അശ്രദ്ധയുടെയും അനാവശ്യകാര്യങ്ങള്‍ സംസാരിക്കുന്നതുമായ സദസ്സുകളാകട്ടെ പിശാചിന്റെ സദസ്സുകളാണ്. അതില്‍ ഏതാണ് തനിക്ക് പ്രിയങ്കരവും അനുയോജ്യവും ആയിട്ടുള്ളത് എന്ന് ഓരോരുത്തരും തെരഞ്ഞെടുത്തുകൊള്ളട്ടെ. അപ്പോള്‍ അയാള്‍ തന്റെ വക്താക്കളുടെ കൂടെ ഈ ലോകത്തും പരലോകത്തും ഒരുമിച്ചാവുകയും ചെയ്യും.

(27) 'ദിക്ര്‍' ചെയ്യുന്നവന്‍ അതിലൂടെ സന്തോഷിക്കും. അവന്റെ കൂടെ ഇരിക്കുന്നവനും അവനെക്കൊണ്ട് സന്തോഷിക്കും. അഥവാ എവിടെയായിരുന്നാലും അനുഗ്രഹിക്കപ്പെട്ടവനാണവന്‍. എന്നാല്‍ ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയിലും അനാവശ്യകാര്യങ്ങളിലും മുഴുകിയവരാകട്ടെ, തങ്ങളുടെ അശ്രദ്ധകൊണ്ടും അനാവശ്യങ്ങള്‍കൊണ്ടും സങ്കടപ്പെടേണ്ടി വരും; അവര്‍ മാത്രമല്ല, അവരുടെ കൂടെ ഇരുന്നുകൊടുത്തവരും.

(28) അത് അന്ത്യനാളിലെ ഖേദത്തില്‍നിന്ന് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. റബ്ബിനെ സ്മരിക്കാതെയുള്ള ഏതൊരു സദസ്സും അന്ത്യനാളില്‍ നഷ്ടവും ഖേദവുമായിത്തീരുന്നതാണ്.

(29) റബ്ബിനെക്കുറിച്ചുള്ള സ്മരണ ഒഴിഞ്ഞിരുന്ന് കണ്ണുകള്‍ ഈറനണിഞ്ഞുകൊണ്ടുകൂടിയാണെങ്കില്‍ കൊടിയ ചൂടിന്റെ ദിവസം 'മഹ്ശറി'ല്‍ അല്ലാഹു 'അര്‍ശി'ന്റെ തണല്‍ നല്‍കാന്‍ കാരണമാകുന്നതാണ്. തലക്കുമീതെ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചൂടില്‍ ആളുകള്‍ ഉരുകിയൊലിച്ചു (വിയര്‍പ്പില്‍ കുളിച്ച്) നില്‍ക്കുമ്പോള്‍ ദിക്‌റിന്റെയാള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ ലഭിക്കും.

(30) അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനങ്ങളര്‍പ്പിക്കുന്നതില്‍ മുഴുകുന്നവര്‍ക്ക്, അവനോട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നല്‍കുന്നതാണ്. ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ പറഞ്ഞു: ''അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആരെയെങ്കിലും എന്നോട് ചോദിക്കുന്നതില്‍നിന്ന് എന്നെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) അശ്രദ്ധമാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഞാന്‍ അവന് നല്‍കും'' (ബുഖാരി താരീഖുല്‍ കബീറിലും ഖല്‍ക്വു അഫ്ആലില്‍ ഇബാദയിലും ഉദ്ധരിച്ചത്).

(അവസാനിച്ചില്ല)