ബിദ്അത്തിന്‍റെ ഇനങ്ങളും അവയുടെ വിധികളും

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

മുന്‍മാതൃകയിലല്ലാതെ ഒന്ന് ഉണ്ടാക്കുന്നതിനാണ് ഭാഷാപരമായി 'ബിദ്അത്ത്' എന്ന് പറയുക. 'ബദഅ' എന്ന പദത്തില്‍ നിന്നാണ് അതുണ്ടായിട്ടുള്ളത്. അല്ലാഹു പറയുന്നു:

"(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാര(ബിദ്അന്‍)നൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു" (അല്‍അഹ്ക്വാഫ്: 9).

എനിക്ക് മുമ്പും ദൂതന്മാരുണ്ടായിട്ടുണ്ട് എന്നര്‍ഥം. മുമ്പ് ആരും ചെയ്യാത്ത ഒരു പ്രവര്‍ത്തനം ആരെങ്കിലും തുടങ്ങിയാല്‍ അതിന് 'ഇബ്തദഅ' എന്ന് പറയാറുണ്ട്.

പുതുനിര്‍മിതികള്‍ (ഇബ്തിദാഅ്) രണ്ടുതരമുണ്ട്.

1) ഭൗതിക കാര്യങ്ങളില്‍. ആധുനിക കണ്ടുപിടുത്തങ്ങള്‍ ഇതുനുദാഹരണമാണ്. ഇത് അനുവദനീയമാണ്.

2) മതകാര്യങ്ങളില്‍. ഇത് നിഷിദ്ധമാണ്. കാരണം മതവിഷയങ്ങളില്‍ അല്ലാഹുവും അവന്‍റെ റസൂലും പറഞ്ഞേടത്ത് നില്‍ക്കണം. നബി ﷺ പറയുന്നു:"നമ്മുടെ ഇക്കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും ഉണ്ടാക്കിയാല്‍ അതു തള്ളപ്പെടേണ്ടതാണ്" (ബുഖാരി, മുസ്ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ "നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ആരെങ്കിലും ചെയ്താല്‍ അതു തള്ളപ്പെടേണ്ടതാകുന്നു" (മുസ്ലിം) എന്നാണുള്ളത്.

മതവിഷയങ്ങളിലുള്ള ബിദ്അത്തുകള്‍ രണ്ടുതരമുണ്ട്:

1) വിശ്വാസപരവും വാചികവുമായ ബിദ്അത്ത്: ജഹ്മിയാക്കള്‍, മുഅ്തസലിയാക്കള്‍, റാഫിളികള്‍... തുടങ്ങിയ സര്‍വ പിഴച്ചകക്ഷികളുടേയും വിശ്വാസങ്ങളും വാദങ്ങളും ഇതിന്നുദാഹരണമാണ്.

2) ആരാധനകളിലെ ബിദ്അത്ത്: അല്ലാഹു പറയാത്ത രൂപത്തില്‍ അവനെ ആരാധിക്കല്‍ ഇതിന്നുദാഹരണമാണ്. ഈ ബിദ്അത്തിന്‍റെ പല ഇനങ്ങളുമുണ്ട്.

എ) മതത്തില്‍ അടിസ്ഥാനമില്ലാത്ത നോമ്പ്, നമസ്കാരം, ജന്മദിനാഘോഷം തുടങ്ങി ആരാധനയുടെ പേരില്‍ ചെയ്യുന്ന പുതിയ കാര്യങ്ങള്‍.

ബി) മതത്തില്‍ അടിസ്ഥാനമുള്ള ആരാധനകളില്‍ വര്‍ധനവ് വരുത്തുക. ഉദാ: നാല് റക്അത്തുള്ള ദുഹ്റും അസ്വ്റും 5 റക്അത്തായി വര്‍ധിപ്പിക്കുക.

സി) നബി ﷺ യുടെ സുന്നത്തില്‍നിന്നും പുറത്തുപോയിക്കൊണ്ടുള്ള രൂപത്തില്‍ സ്വന്തത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടും സംഘം ചേര്‍ന്നും ഉച്ചത്തിലും ദിക്റുകള്‍ ഉരുവിട്ടുകൊണ്ടും ദീനില്‍ പഠിപ്പിക്കാത്ത രൂപത്തില്‍ ആരാധന നിര്‍വഹിക്കുക.

ഡി) മതം നിശ്ചയിക്കാത്ത, പ്രത്യേക സമയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആരാധന നിര്‍വഹിക്കല്‍. ശഅ്ബാന്‍ 15ലെ നോമ്പും അന്നത്തെ രാത്രിയിലെ നമസ്കാരവും ഇതിന്നുദാഹരണമാണ്. നോമ്പും നമസ്കാരവും നല്ല കാര്യങ്ങളാണെങ്കിലും അതിന് പ്രത്യേകമായ സമയം നിശ്ചയിക്കാന്‍ തെളിവ് വേണം.

മതത്തില്‍ പുതുനിര്‍മിതി നടത്തുന്നതിന്‍റെ വിധി

എല്ലാ ബിദ്അത്തുകളും (പുതുനിര്‍മിതികള്‍) നിഷിദ്ധവും വഴികേടുമാണ്. നബി ﷺ പറയുന്നു: "പുതുനിര്‍മിതികളെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം എല്ലാ പുതുനിര്‍മിതികളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടിലാണ്" (അബൂദാവൂദ്, തിര്‍മിദി).

ഈ വിഷയത്തില്‍ മറ്റു രണ്ട് ഹദീഥുകള്‍ മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥുകളെല്ലാംതന്നെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണെന്നും എല്ലാ ബിദ്അത്തുകളും വഴികേടിലും തള്ളപ്പെടേണ്ടതുമാണെന്നും സുതരാം വ്യക്തമാക്കുന്നു. ആരാധനകളിലും വിശ്വാസങ്ങളിലുമുള്ള ബിദ്അത്തുകള്‍ നിഷിദ്ധമാണെന്നര്‍ഥം. എന്നാല്‍ ബിദ്അത്തിന്‍റെ ഇനങ്ങളനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

ഉദാഹരണമായി, ക്വബ്റാളിയുടെ സാമീപ്യംനേടുക എന്ന ഉദ്ദേശ്യത്തില്‍ ക്വബ്റുകളെ ത്വവാഫ് ചെയ്യുക, നേര്‍ച്ച വഴിപാടുകളും അറവും നടത്തുക, അവരോട് പ്രാര്‍ഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം വ്യക്തമായ കുഫ്റാണ്.

ശിര്‍ക്കിന്ന് കാരണമായിത്തീരുന്നതും അതിലേക്ക് എത്തിക്കുന്നതുമായ ബിദ്അത്തുകളും ഉണ്ട്. ക്വബ്റുകള്‍ കെട്ടി ഉയര്‍ത്തുക, അവിടെവെച്ച് നമസ്കാരവും പ്രാര്‍ഥനയും നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം ആ ഗണത്തില്‍ പെട്ടവയാണ്.

ഖവാരിജുകള്‍, ക്വദ്രിയാക്കള്‍ (ക്വദ്റിനെ-വിധിയെ- നിഷേധിക്കുന്നവര്‍), മുര്‍ജിഉകള്‍ (ലാഇലാഹ ഇല്ലല്ലാഹു അംഗീകരിച്ചാല്‍ പിന്നെ എന്തു തെറ്റും ചെയ്യാം എന്ന വാദക്കര്‍) തുടങ്ങിയവര്‍ അവരുടെ വാക്കുകളിലും വിശ്വാസങ്ങളിലും വെച്ചുപുലര്‍ത്തുന്ന തെളിവുകളില്ലാത്ത കാര്യങ്ങള്‍. ഇവ വിശ്വാസത്തില്‍ വന്നുപോകുന്ന അധര്‍മമാണ്.

വെയിലത്ത് നിന്ന്കൊണ്ട് നോമ്പെടുക്കുക, വികാരം ഇല്ലാതാകാന്‍ ഷണ്ഡത്വം ചെയ്യുക, ബ്രഹ്മചര്യം സ്വീകരിക്കുക തുടങ്ങിയ ബിദ്അത്തുകള്‍ അല്ലാഹുവോടുള്ള അനുസരണക്കേടുകളാണ് (മഅ്സ്വിയത്).

ബിദ്അത്തുകളെ നല്ലത്, ചീത്തത് എന്നിങ്ങനെ ആരെങ്കിലും ഇനങ്ങളായി തിരിച്ചാല്‍ തെറ്റാണവര്‍ ചെയ്തത്. മാത്രമല്ല, എല്ലാ ബിദ്അത്തുകളും വഴികേടിലാണെന്ന പ്രവാചക വചനത്തെ എതിര്‍ക്കുന്നവനുമാണവന്‍. കാരണം എല്ലാ ബിദ്അത്തുകളും വഴികേടാണ് എന്ന് നബി ﷺ പറഞ്ഞിരിക്കെ, അല്ല; ചില ബിദ്അത്തുകള്‍ നല്ലതാണെന്നുള്ള വാദമാണ് അവന്‍റെത്.

ഹാഫിള് ഇബ്നുറജബ് പറയുന്നു: 'കുല്ലു ബിദ്അത്തില്‍ ളലാല' (എല്ലാ ബിദ്അത്തുകളും വഴികേടാണ്) എന്നത് 'ജവാമിഉല്‍കലാമില്‍' പെട്ടതാണ്. (ചുരുക്കം വാക്കുകളില്‍ വിശദങ്ങളായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാണ് 'ജവാമിഉല്‍കലാം എന്ന് പറയുക. ഇത് നബി ﷺ ക്ക് നല്‍കപ്പെട്ട പ്രത്യേകതയാണ്). ഇതില്‍നിന്ന് ഒന്നും ഒഴിവല്ല. (എല്ലാ ബിദഅത്തും പെടും എന്നര്‍ഥം). മതത്തിന്‍റെ അടിസ്ഥാനങ്ങളിലെ മുഖ്യമായ ഒന്നാണിത്. മാത്രമല്ല, 'നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും പുതുതായി ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാണ്' എന്ന ഹദീഥിനു സമാനമാണ് ഇതും. ദീനില്‍ അടിസ്ഥാനമില്ലാത്ത വല്ലതും ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് വഴികേടാണ്. മതം അതില്‍നിന്നും ഒഴിവാണ്. അത് വിശ്വാസപരമോ കര്‍മപരമോ ബാഹ്യവും ആന്തരികവുമായ വാക്കുകളോ എന്തോ ആകട്ടെ. (അടിസ്ഥാനമില്ലെങ്കില്‍ സ്വീകാര്യമല്ല).

'നല്ല ബിദഅത്തിന്‍റെ' വാദക്കാര്‍ക്ക് അവരുടെയടുക്കല്‍ തെളിവുകളൊന്നുമില്ല. 'ഇത് എത്ര നല്ല ബിദ്അത്ത്' എന്ന് തറാവീഹ് നമസ്കാരത്തെക്കുറിച്ച് ഉമര്‍(റ) പറഞ്ഞ വാക്കാണവരുടെ അവലംബം. മാത്രമല്ല, ചിലര്‍ ഇത്രകൂടി പറയുന്നു: 'ഒരു പാട് പുതിയ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അതിനെയൊന്നും മുന്‍ഗാമികള്‍ (സലഫുകള്‍) എതിര്‍ത്തിട്ടില്ലല്ലോ. ഒറ്റഗ്രന്ഥമായി ക്വുര്‍ആന്‍ ക്രോഡീകരിക്കല്‍, ഹദീഥ് എഴുതിവെക്കല്‍, അതിന്‍റെ ക്രോഡീകരണം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളല്ലേ?'

യഥാര്‍ഥത്തില്‍ ഇതൊന്നും പുതുനിര്‍മിതികളല്ല. മറിച്ച് മതത്തില്‍ അടിസ്ഥാനമുള്ള കാര്യങ്ങളാണ്. ഉമര്‍(റ) ഇതു പറഞ്ഞത് മതപരമായ അര്‍ഥത്തിലല്ല. മറിച്ച് ഭാഷാപരമായ അര്‍ഥത്തിലാണ്. കാരണം ഇവിടെ മതത്തില്‍ മടക്കപ്പെടാവുന്ന ഒരു അടിസ്ഥാനമുണ്ട്. (നബി ﷺ സംഘംചേര്‍ന്ന് തറാവീഹ് നിര്‍വഹിച്ചിട്ടുണ്ട്). മതത്തില്‍ മടക്കപ്പെടാവുന്ന ഒരു അടിസ്ഥാനം ഇല്ലാത്തതിനാണ് മതപരമായി ബിദ്അത്ത് പറയുക.

ക്വുര്‍ആന്‍ ക്രോഡീകരണത്തിനും 'അസ്വ്ല്' (അടിസ്ഥാനമുണ്ട്). കാരണം നബി ﷺ ക്വുര്‍ആന്‍ എഴുതിവെക്കാന്‍ കല്‍പിച്ചിരുന്നു. പക്ഷേ, വേറെവേറെയായിക്കൊണ്ട് വിവിധ വസ്തുക്കളിലായിരുന്നു അതെഴുതിവെച്ചിരുന്നത്. എന്നാല്‍ ക്വുര്‍ആനിനെ സംരക്ഷിക്കുക എന്ന നിലക്ക് സ്വഹാബികള്‍ അങ്ങനെ ഒറ്റ ഗ്രന്ഥത്തില്‍ സമാഹരിച്ചു.

നബി ﷺ തന്‍റെ സ്വഹാബത്തിനോടൊപ്പം തറാവീഹ് നമസ്കരിച്ചിട്ടുണ്ട്. പക്ഷേ, അത് നിര്‍ബന്ധമായേക്കുമോ എന്ന ഭയത്താല്‍ നബി ﷺ അതില്‍നിന്നും വിട്ടുനിന്നു. നബി ﷺ യുടെ ജീവിതകാലത്തും ശേഷവും സ്വഹാബാക്കള്‍ വേറിട്ട് നിന്നുകൊണ്ട് തറാവീഹ് നമസ്കരിച്ചുപോന്നു. ഉമര്‍(റ)വിന്‍റെ കാലത്ത് നബി ﷺ യുടെ കാലത്തുണ്ടായിരുന്നപോലെ ഒരൊറ്റ ഇമാമിന്‍റെ കീഴില്‍ അവരെ ഒരുമിച്ചുകൂട്ടി. ഇത് മതത്തില്‍ ബിദ്അത്തുണ്ടാക്കലല്ല.

ഹദീഥ് എഴുതിവെക്കുന്നതിനും മതത്തില്‍ അടിസ്ഥാനമുണ്ട്. നബി ﷺ തന്‍റെ ചില സ്വഹാബിമാരോട് ചില ഹദീഥുകള്‍ എഴുതിവെക്കാന്‍ കല്‍പിച്ചിരുന്നു. സ്വഹാബിമാരുടെ ആവശ്യപ്രകാരം തന്നെയായിരുന്നു അത്. ക്വുര്‍ആനുമായി അതിലില്ലാത്തത് കൂടിക്കലരുമോ എന്ന ഭയമായിരുന്നു പ്രവാചകന്‍റെ കാലഘട്ടത്തില്‍ മൊത്തത്തിലുള്ള വിലക്കിനുള്ള കാരണം. എന്നാല്‍ നബി ﷺ യുടെ മരണത്തോടെ ഈ പ്രശ്നം അവസാനിച്ചു. പ്രവാചകന്‍റെ മരണത്തിന് മുമ്പുതന്നെ ക്വുര്‍ആന്‍ പൂര്‍ത്തിയാവുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. അങ്ങനെ സംരക്ഷണാര്‍ഥം മുസ്ലിംകള്‍ ഹദീഥും ക്രോഡീകരിച്ചു. നാശത്തില്‍നിന്നും നാശകാരികളുടെ കരങ്ങളില്‍നിന്നും അല്ലാഹുവിന്‍റെ ഗ്രന്ഥത്തെയും റസൂലി ﷺ ന്‍റെ സുന്നത്തിനെയും സംരക്ഷിച്ച അവര്‍ക്ക് അല്ലാഹു നന്മ പ്രതിഫലം നല്‍കുമാറാകട്ടെ.

ബിദ്അത്തുകളുടെ ഉത്ഭവം 

രണ്ട് വസ്തുതകള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.

ഒന്ന്) ബിദ്അത്തുകള്‍ തുടങ്ങിയ സമയം

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റഹി) പറയുന്നു: "അറിയുക, സച്ചരിതരായ ഖലീഫമാരുടെഅവസാന കാലങ്ങളിലാണ് പൊതുവായുള്ള ബിദ്അത്തുകള്‍ വിജ്ഞാനങ്ങളിലും ആരാധനകളിലും ഉണ്ടായിത്തുടങ്ങുന്നത്. നബി ﷺ പറഞ്ഞല്ലോ; 'എനിക്കുശേഷം ആരെങ്കിലും ജീവിച്ചാല്‍ ഒരുപാട് ഭിന്നതകള്‍ കാണാം. അപ്പോള്‍ നിങ്ങള്‍ എന്‍റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയെ മുറുകെപ്പിടിക്കുക' എന്ന്. ഖവാരിജുകളുടെയും ശിയാക്കളുടെയും മുര്‍ജിയാക്കളുടെയും ക്വദ്രിയാക്കളുടെയും ബിദ്അത്തുകളാണ് ആദ്യമാദ്യം രംഗത്ത് വന്നുതുടങ്ങിയത്. രണ്ടാം നൂറ്റാണ്ടിലായിരുന്നു ഇത്. സ്വഹാബാക്കള്‍ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ബിദ്അത്തുമായി വന്നവരെ സ്വഹാബാക്കള്‍ എതിര്‍ക്കുകയുമുണ്ടായിട്ടുണ്ട്.

പിന്നീടാണ് മുഅ്തസിലിയാക്കളുടെ ബിദ്അത്തുകള്‍ തുടങ്ങുന്നത്. മുസ്ലിംകള്‍ക്കിടയില്‍ ഫിത്നകളും തുടങ്ങി. അഭിപ്രായങ്ങളിലെ ഭിന്നതകളും അതുമൂലം ബിദ്അത്തുകളിലേക്കും ഇച്ഛകളിലേക്കുമുള്ള ചായ്വുകളും തുടങ്ങി. ആദ്യ ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വൂഫിയാക്കളുടെ ബിദ്അത്തുകളും ക്വബ്റുകളുമായി ബന്ധപ്പെട്ട ബിദ്അത്തുകളും തുടങ്ങിയത്. ഇങ്ങനെ കാലത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തില്‍ ബിദ്അത്തുകള്‍ക്ക് വര്‍ധനവും പുതിയതായ രൂപങ്ങളും ഭാവങ്ങളും വന്നുതുടങ്ങി.

രണ്ട്) ബിദ്അത്തുകള്‍ തുടങ്ങിയ സ്ഥലം

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറയുന്നു: "നബി ﷺ യുടെ അനുചരന്മാര്‍ താമസമാക്കുകയും വിജ്ഞാനവും വിശ്വാസവും നിര്‍ഗളിക്കുകയും ചെയ്ത പ്രദേശങ്ങള്‍ അഞ്ചെണ്ണമാകുന്നു. മക്ക, മദീന, കൂഫ, ബസ്വറ, ശാം തുടങ്ങിയവയാകുന്നു അത്. ക്വുര്‍ആനും ഹദീഥും കര്‍മശാസ്ത്രവും ആരാധനകളും തുടങ്ങി ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവിടെനിന്നാണ് പുറപ്പെട്ടത്. എന്നാല്‍ ബിദ്അത്തുകളുടെ അടിസ്ഥാനങ്ങളും പുറപ്പെട്ടത് ഇവിടങ്ങളില്‍നിന്നുതന്നെയാണ്. മദീനമാത്രം ഇക്കാര്യത്തില്‍നിന്നും ഒഴിവാണ്. ശിയാഇസവും മര്‍ജിഅതും തുടങ്ങിയത് കൂഫയില്‍നിന്നാണ്. പിന്നീടത് എല്ലായിടങ്ങളിലും വ്യാപിച്ചു. ക്വദ്രിയ്യത്തും മുഅ്തസിലിയ്യത്തും പല ദുഷിച്ച കര്‍മങ്ങളും തുടങ്ങുന്നത് ബസ്വറയില്‍ നിന്നാണ്. പിന്നീടാണ് മറ്റിടങ്ങളില്‍ അവയുടെ വ്യാപനമുണ്ടാകുന്നത്. ക്വദ്രിയ്യത്തിന്‍റെ ഉത്ഭവത്തില്‍ ശാമിനും പങ്കുണ്ട്. ജഹ്മിയ്യാക്കളുടെ ബിദ്അത്തുകള്‍ തുടങ്ങുന്നത് ഖുറാസാനിന്‍റെ ഭാഗത്തുനിന്നാണ് ബിദ്അത്തുകളില്‍ ഏറ്റവും മോശമായിരുന്നു അത്.

മദീനയില്‍നിന്നുള്ള അകലമനുസരിച്ച് കൊണ്ടായിരുന്നു ബിദ്അത്തുകളുടെ ഉത്ഭവം. ഉസ്മാന്‍(റ)വിന്‍റെ വധം നടന്നതോടെ ഭിന്നകക്ഷികള്‍ രൂപപ്പെട്ടപ്പോള്‍ ഹറൂറിയാക്കളുടെ ബിദ്അത്തുകള്‍ക്കും തുടക്കമായി. അതേസമയം മദീന ഇത്തരം ബിദ്അത്തുകളില്‍നിന്നും മുക്തമായിരുന്നു. എന്നാല്‍ ഇത്തരം ബിദ്അത്തുകളെ മനസ്സില്‍ ഒളിപ്പിച്ച് നടക്കുന്നവരുണ്ടായിരുന്നു. ക്വദ്രിയ്യത്തും ശീഈയത്തും മുര്‍ജിഅതും പ്രത്യക്ഷത്തില്‍ കൊണ്ടുവരപ്പെട്ടപോലെ മദീനക്കാര്‍ക്കത് സാധിച്ചില്ല. ക്വദ്രിയ്യത്തിന്‍റെ ആളുകള്‍ മദീനയിലുണ്ടായിരുന്നു. പക്ഷേ, അവര്‍ അടക്കി ഒതുക്കപ്പെട്ടവരായിരുന്നു. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ലെന്ന് ഹദീഥില്‍ സ്ഥിരപ്പെട്ട് വന്നതാണല്ലോ. ഇമാം മാലികിന്‍റെ കാലഘട്ടംവരെ വിജ്ഞാനവും വിശ്വാസവും അവിടെനിന്ന് ത്രസിച്ചുകൊണ്ടേയിരുന്നു. 4ാം നൂറ്റാണ്ടുകാരായിരുന്നു അവര്‍. ഉത്തമ മൂന്ന് നൂറ്റാണ്ടുകാലത്ത് മദീനയില്‍ പ്രത്യക്ഷരീതിയിലുള്ള ഒരു ബിദ്അത്തും ഉണ്ടായിരുന്നില്ല. മറ്റു പട്ടണങ്ങളില്‍നിന്നും ദീനിന്‍റെ അടിസ്ഥാന വിഷയങ്ങളില്‍ ബിദ്അത്തുകളുടലെടുത്തത് പോലെ ഇവിടെനിന്നുണ്ടായിട്ടില്ല.

ബിദ്അത്തുകളുടെ ഉത്ഭവ കാരണങ്ങള്‍

ബിദ്അത്തുകളില്‍നിന്നും വഴികേടുകളില്‍നിന്നും രക്ഷപ്പെടാനുള്ള ഏകമാര്‍ഗം ക്വുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കലാണെന്നതില്‍ സംശയമില്ല:

ഇബ്നു മസ്ഊദി(റ)ല്‍നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീഥില്‍ നബി ﷺ അത് വ്യക്തമാക്കിയതായി കാണാം. നബി ﷺ ഒരു വര വരച്ചശേഷം പറഞ്ഞു: 'ഇത് അല്ലാഹുവിന്‍റെ മാര്‍ഗമാണ്.' എന്നിട്ട് അതിന്‍റെ ഇടത്തും വലത്തും ഒരുപാട് വരകള്‍ വരച്ചു. എന്നിട്ട് പറഞ്ഞു: 'ഈ ഓരോ വഴിയിലുംഅതിലേക്ക് ക്ഷണിച്ചുകൊണ്ട് പിശാച് ഉണ്ടായിരിക്കും.' ശേഷം പ്രവാചകന്‍ ﷺ ഓതി: "ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്‍തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ്" (അല്‍അന്‍ആം: 153).

ക്വുര്‍ആനിനെയും സുന്നത്തിനെയും ആരെങ്കിലും അവഗണിച്ചാല്‍ പിഴച്ച വഴികളും പുതിയ പുതിയ ബിദ്അത്തുകളും അവനെ തകര്‍ക്കുകതന്നെ ചെയ്യും.

ബിദ്അത്തുകളുടെ ഉത്ഭവത്തിനുള്ള കാരണങ്ങള്‍ നമുക്കിപ്രകാരം ഗ്രഹിക്കാം:

1. മതത്തിന്‍റ വിധിവിലക്കുകളെക്കുറിച്ചുള്ള അജ്ഞത

കാലം മുന്നോട്ട് പോവുകയും പ്രവാചകന്‍റെ കാല്‍പാടുകളില്‍നിന്ന് ആളുകള്‍ അകലുകയും ചെയ്തതോടെ വിജ്ഞാനം കുറയുകയും അജ്ഞത വര്‍ധിക്കുകയും ചെയ്തു. നബി ﷺ അത് പഠിപ്പിച്ച് തന്നിട്ടുമുണ്ട്: 'എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരുപാട് ഭിന്നതകള്‍ കാണാം...' (അബൂദാവൂദ്, തിര്‍മിദി).

നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു: 'അടിമകളില്‍നിന്നും ഊരിയെടുത്തു കൊണ്ടല്ല അല്ലാഹു അറിവിനെ പിടിച്ചെടുക്കുക. മറിച്ച് പണ്ഡിതന്മാരെ പിടികൂടുന്നതിലൂടെ(അവരുടെ മരണത്തിലൂടെ)യാണത്. അങ്ങനെ ഒരു പണ്ഡിതനും അവശേഷിക്കാത്ത കാലം വന്നാല്‍ ജാഹിലുകളെ (അറിവില്ലാത്തവരെ) ജനങ്ങള്‍ നേതാക്കന്മാരാക്കിവെക്കും. അവരോട് ചോദിക്കും. അവര്‍ അറിവില്ലാതെ ഫത്വ കൊടുക്കും. അവരും പിഴച്ചു. മറ്റുള്ളവരെയും പിഴപ്പിച്ചു.'

ഇല്‍മും (അറിവ്) ഉലമാക്കളു(പണ്ഡിതന്‍മാര്‍)മാണ് ബിദ്അത്തുകളോടേറ്റുമുട്ടുന്നത്. ഇല്‍മും ഉലമാക്കളും ഇല്ലാതായാല്‍ ബിദ്അത്തുകള്‍ കടന്നുവരാനും അത് വ്യാപിക്കാനും അതിന്‍റെ വക്താക്കള്‍ക്ക് വിഹരിക്കാനുമുള്ള അവസരമായി.

2. ഇച്ഛയെ പിന്‍പറ്റല്‍

ക്വുര്‍ആനിനെയും സുന്നത്തിനെയും ആരെങ്കിലും അവഗണിച്ചാല്‍ അവന്‍ പിന്നെ തന്‍റെ ഇച്ഛയെ പിന്‍പറ്റുകയായി. അല്ലാഹു പറയുന്നു:

"ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവില്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്‍തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച!" (ക്വുര്‍ആന്‍ 28:50). ഇച്ഛയാല്‍ വാര്‍ത്തെടുക്കപ്പെട്ടതാണ് യഥാര്‍ഥത്തില്‍ ബിദ്അത്ത്

3. വ്യക്തികളോടും അഭിപ്രായങ്ങളോടുമുള്ള കക്ഷിത്വം

ഈ പ്രവണത സത്യം മനസ്സിലാക്കുന്നതില്‍നിന്നും തെളിവിനെ പിന്‍പറ്റുന്നതില്‍നിന്നും മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്നു:

"അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്തരുകയാണോ?)" (ക്വുര്‍ആന്‍ 2:170).

സ്വൂഫികളുടെയും ക്വബ്റാരാധകരുടെയും മദ്ഹബുകളെ പിന്‍പറ്റുന്നവരുടെയുമൊക്കെ ഇന്നത്തെ അവസ്ഥ ഇതുതന്നെയാണ്. ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും അവരെ വിളിക്കുകയുംഅതിനു വിരുദ്ധമായി അവര്‍ സ്വീകരിച്ചിട്ടുള്ള കാര്യങ്ങളെ വലിച്ചറിയാനാവശ്യപ്പെടുകയും ചെയ്താല്‍ തങ്ങളുടെ മദ്ഹബുകളെയും ശൈഖുമാരെയും പൂര്‍വപിതാക്കളെയും തെളിവായി അവര്‍ നിരത്തുന്നതാണ്.

4. സത്യനിഷേധികളോട് സാദൃശ്യം സ്വീകരിക്കല്‍

മനുഷ്യനെ ബിദ്അത്തില്‍കൊണ്ടെത്തിക്കാന്‍ ഉപകരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണിത്. അബൂവാഖിദുല്ലൈസി(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: "ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഹുനൈനിലേക്ക് പുറപ്പെട്ടു. തൊട്ടടുത്തകാലംവരെ ഞങ്ങള്‍ സത്യനിഷേധത്തിലായിരുന്നു. മുശ്രിക്കുകള്‍ ഭജനമിരിക്കുകയും വാള്‍ തൂക്കിയിടുകയും ചെയ്യുന്ന ഒരു മരമുണ്ടായിരുന്നു. ദാതു അന്‍വാത്വ്എന്നായിരുന്നു അതിന്‍റെ പേര്. ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ; അവര്‍ക്ക് ദാത് അന്‍വാത്വുള്ളപോലെ ഞങ്ങള്‍ക്കും ഒരു ദാതു അന്‍വാത്വുണ്ടാക്കി തന്നുകൂടേ?' അപ്പോള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ പറഞ്ഞു: 'അല്ലാഹു അക്ബര്‍! എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, മൂസാനബിയോട് ബനൂഇസ്റാഈല്യര്‍ പറഞ്ഞതുപോലെയാണ് നിങ്ങള്‍ പറഞ്ഞത്: 'ഇവര്‍ക്ക് ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു' (അഅ്റാഫ് 138). മുമ്പുണ്ടായിരുന്നവരുടെ ചര്യ നിങ്ങള്‍ സ്വീകരിക്കുകതന്നെ ചെയ്യും" (തിര്‍മിദി).

സത്യനിഷേധികളോടുള്ള സാദൃശ്യമാണ് ബനൂ ഇസ്റാഈല്യരെയും മുഹമ്മദ് നബി ﷺ യുടെ ചില അനുയായികളെയും ഈ മോശമായ കാര്യം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്. അല്ലാഹുവിന്ന് പുറമെ ആരാധനക്കായി ആരാധ്യവസ്തുക്കളുണ്ടാക്കലും ബറകത്തെടുക്കാന്‍ അവയെ സ്വീകരിക്കലുമാണത്.

ഇതുതന്നെയാണ് ഇന്നും സമൂഹത്തില്‍ നിലവിലുള്ളത്. ശിര്‍ക്ക് ബിദ്അത്തുകളില്‍ മുസ്ലിം സഹോദരന്മാര്‍ അന്യമതസ്ഥരെ പിന്‍പറ്റിക്കൊണ്ടിരിക്കയാണ്. ജന്മദിനാഘോഷങ്ങള്‍, ആഴ്ചകള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേകത നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, മതപരവും അനുസ്മരണപരവുമായ ചടങ്ങുകളുടെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍, സ്തൂപങ്ങളും സ്മരണക്കായി ഉണ്ടാക്കപ്പെടുന്ന വസ്തുക്കളും, ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട നൂതനാചാരങ്ങള്‍, ക്വബ്റിന്‍മേല്‍ കെട്ടിടമുണ്ടാക്കല്‍ തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.