ആരാധനകളിലെ ബിദ്അത്ത്

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

2021 ഫെബ്രുവരി 20 1442 റജബ് 08

(ബിദ്അത്തിന്‍റെ ഇനങ്ങളും അവയുടെ വിധികളും 3)

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വ്യക്തികളെക്കൊണ്ടും ആഥാറുകള്‍കൊണ്ടും സ്ഥലങ്ങള്‍കൊണ്ടും ബറകത്തെടുക്കല്‍:

നന്മയില്‍ ഉറച്ചുനില്‍ക്കലും അതില്‍ വര്‍ധനവ് ആവശ്യപ്പെടലുമാണ് 'തബര്‍റുക്' കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഈ കാര്യം ഉടമപ്പെടുത്തിയിട്ടുള്ളവനും അതിന് കഴിവുള്ളവനുമായവനോടാണത് ചോദിക്കേണ്ടത്. അത് അല്ലാഹു മാത്രമാണ്. അവനാണ് അനുഗ്രഹത്തെയും നന്മയെയും ഇറക്കുന്നവനും അതില്‍ ഉറപ്പിച്ചുനിര്‍ത്തുന്നവനും. എന്നാല്‍ സൃഷ്ടികള്‍, അവര്‍ക്ക് നല്‍കാനോ ഉണ്ടാക്കുവാനോ അതിനെ സ്ഥിരപ്പെടുത്തി നിര്‍ത്താനോ സാധ്യമല്ല. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ വ്യക്തികളെ കൊണ്ടോ ആഥാറുകള്‍ (അടയാളങ്ങള്‍), സ്ഥലങ്ങള്‍ തുടങ്ങിയവകൊണ്ടോ ബറകത്തെടുക്കല്‍ അനുവദനീയമല്ല. കാരണം ആ വസ്തുവോ വ്യക്തിയോ ബറകത്ത് നല്‍കുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാണ്. അല്ലെങ്കില്‍ അതിനെ സന്ദര്‍ശിക്കലും തൊട്ടുതലോടലും അല്ലാഹുവില്‍നിന്ന് ബറകത്ത് കിട്ടാനുള്ള കാരണമാണെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കിലേക്കുള്ള മാര്‍ഗമാണ്.

എന്നാല്‍ നബി ﷺ യുടെ മുടി, ഉമിനീര്‍ തുടങ്ങി നബി ﷺ യുടേ ശരീരത്തില്‍നിന്നും വേറിട്ട് പോന്നിരുന്ന വസ്തുക്കള്‍കൊണ്ട് ബറക്കത്തെടുത്തിരുന്നത് നബി ﷺ യിലും അവിടുത്തെ ജീവിതകാലത്തും മാത്രം ചുരുക്കപ്പെട്ടതാണ്. കാരണം നബി ﷺ യുടെ മരണശേഷം അവിടത്തെ റൂമിനെയോ ക്വബ്റിനെയോ  തൊട്ടുതലോടിക്കൊണ്ട്  സ്വഹാബത്ത് ബറകത്തെടുത്തിരുന്നില്ല. നബി ﷺ നമസ്കരിക്കുകയോ ഇരിക്കുകയോ ചെയ്തിരുന്ന സ്ഥലങ്ങള്‍ ലക്ഷ്യംവെച്ചുകൊണ്ട് ബറകത്തുദ്ദേശിച്ച് പോവുകയും ചെയ്തിരുന്നില്ല. അതുപോലെ സ്വാലിഹുകളും ഔലിയാക്കളുമായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ ഉത്തമ സ്വഹാബികളെക്കൊണ്ടും അവര്‍ ജീവിച്ചിരിക്കെയോ അവരുടെ മരണശേഷമോ  ബറകത്തെടുക്കാന്‍  സ്വഹാബത്ത് ഉപയോഗപ്പെടുത്തിയിരുന്നില്ല. പ്രാര്‍ഥിക്കാനോ നമസ്കരിക്കാനോ ഹിറാഗുഹയിലേക്ക് അവര്‍ പോയിരുന്നില്ല. അല്ലാഹു മൂസാനബി(അ)യോട് സംസാരിച്ച ത്വൂര്‍ പര്‍വതത്തിലേക്കും അവര്‍ പോയിട്ടില്ല. ഏതെങ്കിലും നബിമാരുമായി ബന്ധപ്പെട്ടതോ അവരുടെ അടയാളങ്ങളുമായി ബന്ധപ്പെട്ടതോ ആയ ഒരു മലയിലേക്കും മറ്റൊരു സ്ഥലത്തേക്കും അവരാരും പോയിട്ടില്ല.

മദീനയില്‍ നബി ﷺ സ്ഥിരമായി നമസ്കരിച്ചിരുന്ന സ്ഥലങ്ങളില്‍ സലഫുകള്‍ തൊടുകയോ ചുംബിക്കുകയോ ചെയ്തിരുന്നില്ല. മക്കയില്‍ നമസ്കരിച്ചിരുന്ന സ്ഥലത്തും അവരത് ചെയ്തിട്ടില്ല. ആദരണീയമാക്കപ്പെട്ട തങ്ങളുടെ കാലുകളാല്‍ നടക്കപ്പെടുകയും നമസ്കാരം നിര്‍വഹിക്കപ്പെടുകയും ചെയ്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കാനും ചുംബിക്കാനുമുള്ള മതപരമായ അനുവാദം തന്‍റെ സമുദായത്തിന് ആ പ്രവാചകന്‍ നല്‍കിയിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പ്രവാചകനല്ലാത്ത മറ്റുള്ള ആളുകള്‍ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്ത സ്ഥലങ്ങള്‍ അനുവദനീയമാകുന്നത്? ഇത്തരം കാര്യങ്ങളൊന്നും നബി ﷺ പഠിപ്പിച്ച ശരീഅത്തില്‍ പെട്ടതല്ല.

അല്ലാഹുവിലേക്ക് സാമീപ്യം നേടുന്നതിലും ആരാധനകളിലുമുള്ള ബിദ്അത്ത്

ആരാധനാ മേഖലയില്‍ ഉണ്ടാക്കപ്പെട്ട ബിദ്അത്തുകള്‍ ഈ കാലത്ത് അനവധിയാണ്. അല്ലാഹുവും റസൂലും പഠിപ്പിച്ചേടത്ത് നില്‍ക്കുകയാണ് ആരാധനയുടെ കാര്യങ്ങളില്‍ ഒരു സത്യവിശ്വാസി ചേയ്യേണ്ടത്. തെളിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ലാത്തത് ബിദ്അത്താണ്. നബി ﷺ പറഞ്ഞു: "നമ്മുടെ കല്‍പനയില്ലാത്ത വല്ലതും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്."

തെളിവില്ലാതെ ആരാധനകളുമായി ബന്ധപ്പെട്ട് ഇന്ന് ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. നിയ്യത്ത് ഉറക്കെ പറയല്‍: 'നവൈത്തു ഉസ്വല്ലീ...' എന്ന് തുടങ്ങുന്ന ആ ചൊല്ലിപ്പറയല്‍ ബിദ്അത്താണ്. കാരണം അത് പ്രവാചകന്‍റെ നടപടിയല്ല. അല്ലാഹു പറയുന്നത് കാണുക: (ഹുജറാത്ത് 16)

"നീ പറയുക: നിങ്ങളുടെ മതത്തിനെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏതുകാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു"(ഹുജ്റാത്ത് 16).

നിയ്യത്തിന്‍റെ സ്ഥാനം ഹൃദയമാണ്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമാണ് നിയ്യത്ത്. നാവിന്‍റെതല്ല.

2. നമസ്കാരശേഷമുള്ള കൂട്ട ദിക്ര്‍: നമസ്കാരശേഷം ദിക്റുകള്‍ ഓരോ വ്യക്തികളും സ്വയം നിര്‍വഹിക്കുക എന്നതാണ് പ്രവാചകചര്യ. ഇതിനപ്പുറം പോകാന്‍ പാടില്ല.

3. 'അല്‍ഫാതിഹ' വിളിക്കല്‍: ചില സദസ്സുകളും മയ്യിത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന വേളകളിലും വിവാഹ വേളയിലും ഈ ബിദ്അത്ത് സര്‍വസാധാരണമാണ്.

4. മരണവീട്ടില്‍ വിലാപങ്ങള്‍ സംഘടിപ്പിക്കലും ഓത്തുകാരെ വാടകക്ക് കൊണ്ടു വരലും ഭക്ഷണമുണ്ടാക്കലും: ഇതെല്ലാം നബി ﷺ അനുവദിച്ച അനുശോചനത്തില്‍ പെട്ടതാണെന്നാണ് ആളുകളുടെ വാദം. അല്ലെങ്കില്‍ ഇതെല്ലാം മയ്യിത്തിന് ഉപകാരപ്പെടുമെന്നും അവര്‍ കരുതുന്നു. ഇവയെല്ലാം ബിദ്അത്തുകളാണ്. ഒരു അടിസ്ഥാനവും അവയ്ക്കില്ല. അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചിട്ടുമില്ല.

5. മതവുമായി ബന്ധമുള്ള ദിവസങ്ങള്‍ ആഘോഷിക്കുക: ഉദാഹരണമായി, ഇസ്റാഅ്- മിഅ്റാജ്, പ്രവാചകന്‍റെ ഹിജ്റ.... ഇവയ്ക്കൊന്നും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ല.

6. റജബു മാസത്തിലെ പ്രത്യേക ഇബാദത്തുകള്‍: (നോമ്പ്, നമസ്കാരം, ഉംറ, പല നാടുകളിലും ഈ വിശ്വാസം നിലവിലുണ്ട്) യഥാര്‍ഥത്തില്‍ മറ്റു മാസങ്ങളെക്കാള്‍ ഒരു പ്രത്യേകതയും ഈ മാസത്തിനില്ല.

7. സ്വൂഫികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പലതരം ദിക്റുകള്‍: ഇവയെല്ലാം തന്നെ സമയം, രൂപം, ഭാവം, എന്നിത്യാതി കാര്യങ്ങളിലെല്ലാം അല്ലാഹു പഠിപ്പിച്ചതിന് എതിരാണ്.

8. നോമ്പനുഷ്ഠിച്ചും നമസ്കരിച്ചും ശഅ്ബാന്‍ 15ന് പ്രത്യേകത നല്‍കല്‍: (ബറാഅത്ത് രാവ്) ഈ വിഷയത്തില്‍ നബി ﷺ യില്‍നിന്ന് ഒന്നും സ്ഥിരപ്പെട്ടുവന്നിട്ടില്ല.

9. ക്വബ്റുകള്‍ക്ക് മുകളില്‍ എടുപ്പുണ്ടാക്കല്‍, അതിനെ ആരാധനാസ്ഥലമാക്കല്‍, മരിച്ചവരെക്കൊണ്ട് തവസ്സുല്‍, തബര്‍റുക്ക് എന്നീ ശിര്‍ക്കന്‍ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവ സിയാറത്ത് ചെയ്യല്‍, സ്ത്രീകള്‍ ക്വബ്റുകള്‍ (ധാരാളമായി) സന്ദര്‍ശിക്കല്‍: ഇവയെല്ലാം ബിദ്അത്തുകളാണ്. കൂടുതലായി ക്വബ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും ക്വബ്റിന്‍മേല്‍ പള്ളികളുണ്ടാക്കുന്നവരെയും അവിടെ വിളക്കു കത്തിക്കുന്നവരെയും നബി ﷺ ശപിച്ചിരിക്കുന്നു.

ചുരുക്കത്തില്‍, കുഫ്റിലേക്കുള്ള വഴിയാണ് ബിദ്അത്തുകള്‍. കാരണം അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മതത്തില്‍ അധികരിപ്പിക്കലാണത്. ഏറ്റവും വലിയ ശര്‍റാണ് ബിദ്അത്ത്. മഹാപാപങ്ങള്‍ ചെയ്യുമ്പോള്‍  ഉണ്ടാകുന്ന സന്തോഷത്തെക്കാള്‍ വലിയ സന്തോഷമാണ് ബിദ്അത്തിന്‍റെ അവസരങ്ങളില്‍ പിശാചിനുണ്ടാകുന്നത്. കാരണം തെറ്റുചെയ്യുന്ന വ്യക്തി അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തൗബ ചെയ്തുമടങ്ങും. എന്നാല്‍ ബിദ്അത്തുചെയ്യുന്നവന്‍റെ അവസ്ഥ അതല്ല. ഇത് ദീനാണെന്നും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മമാണെന്നും കരുതിക്കൊണ്ടാണ് അവനത് ചെയ്യുന്നത്. അവന്‍ ഒരിക്കലും തൗബ ചെയ്യുകയില്ല. ബിദ്അത്തുകള്‍ സുന്നത്തുകളെ ഇല്ലാതെയാക്കും. സുന്നത്തുകള്‍ ചെയ്യുന്നതിനോട് ബിദ്അത്തിന്‍റെ കക്ഷികള്‍ക്ക് വെറുപ്പുണ്ടാക്കുന്നു. സുന്നത്തിന്‍റെ കക്ഷികളോടും അവര്‍ക്ക് വെറുപ്പുതന്നെ. ബിദ്അത്ത് അല്ലാഹുവില്‍ നിന്നകറ്റുകയും അവന്‍റെ കോപത്തിനും ശിക്ഷക്കും പാത്രമാക്കിത്തീര്‍ക്കുകയും ഹൃദയത്തിന്‍റെ വ്യതിചലനത്തിനും വ്യതിയാനത്തിനും കാരണമായിത്തീരുകയും ചെയ്യുന്നു.