ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ആഗസ്ത് 14 1442 മുഹര്‍റം 05

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 17)

അന്ത്യനാളില്‍ അല്ലാഹുവിനെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്നതാണ്. എന്നാല്‍ കണ്ണുകൊണ്ടു കാണാന്‍ പറ്റിയാലും പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗ്രഹിക്കാന്‍ (ഇദ്‌റാക്ക്) സാധിക്കുകയില്ല. പൂര്‍ണമായി ഗ്രഹിക്കല്‍ (ഇദ്‌റാക്ക്) കാഴ്ചക്ക് (റുഅ്‌യഃ) ഉപരിയായ സംഗതിയാണ്. ഉദാഹരണം പറഞ്ഞാല്‍; അല്ലാഹുവിനാണ് ഏറ്റവും ഉത്തമമായ വിവരണങ്ങളുള്ളത്.  സൂര്യനെ നമുക്ക് കാണാന്‍ പറ്റുന്നു. എന്നാല്‍ അതിന്റെ ശരിയായ രുപത്തില്‍ നമുക്കതിനെ ഗ്രഹിക്കാനാവുന്നില്ല. പൂര്‍ണമായ ഗ്രാഹ്യത പോയിട്ട് അതിനോട് അടുത്ത വിധത്തില്‍ പോലും കഴിയുന്നില്ല. ഇബ്‌നു അബ്ബാസ്(റ) അല്ലാഹുവിനെ കാണുന്നതിനെക്കുറിച്ച് (റുഅ്‌യഃ) തന്നോട് ചോദിച്ചയാളോട് 'കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല' എന്ന ക്വുര്‍ആന്‍ സൂക്തം (6:103) ഉദ്ധരിച്ചുകൊണ്ട് ചോദിച്ചു: 'ആകാശത്തെ നീ കാണുന്നില്ലേ?' അയാള്‍ പറഞ്ഞു: 'അതെ.' എന്നാല്‍ നിനക്കതിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ടോ' എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'ഇല്ല.' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹത്ത്വമുള്ളവനും' (ഇബ്‌നു അബ്ബാസി(റ)ല്‍നിന്നുള്ള ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇക്‌രിമ(റ)യില്‍നിന്നും ഇതിന് സമാനമായ റിപ്പോര്‍ട്ടുകള്‍ 'ത്വബ്‌രി' തന്റെ തഫ്‌സീറിലും ഇബ്‌നു അബീആസിം തന്റെ 'അസ്സുന്ന'യിലും ഉദ്ധരിക്കുന്നുണ്ട്).

അല്ലാഹു തന്റെ അടിമയുടെ ഹൃദയത്തില്‍ ഉണ്ടാക്കിക്കൊടുക്കുന്ന അവന്റെ പ്രകാശത്തിന് നല്ലൊരു ഉപമ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. ശരിയായ പണ്ഡിതന്മാരല്ലാതെ അത് ഗ്രഹിക്കുകയില്ല. അല്ലാഹു പറയുന്നു:

''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 24:35).

ഉബയ്യുബ്‌നു കഅ്ബ്(റ) പറയുന്നു: 'സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ' (ഇതിന് സമാനമായ റിപ്പോര്‍ട്ട് ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇമാം ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഉബയ്യബ്‌നു കഅ്ബി(റ)ല്‍നിന്നും ഉദ്ധരിക്കുന്നതില്‍ ഇപ്രകാരമാണ് പറയുന്നത്: 'അവന്റെ പ്രകാശത്തിന്റെ ഉപമ അഥവാ സത്യവിശ്വാസിയുടെ പ്രകാശത്തിന്റെ ഉപമ.' അതായത് 'അവന്റെ പ്രകാശം' എന്നതിലെ സര്‍വനാമത്തെ 'സത്യവിശ്വാസിയുടെ' എന്നാണ് പറഞ്ഞത് കുറിപ്പുകാരന്‍).

അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയത്തില്‍ അവനെക്കുറിച്ചുള്ള അറിവിന്റെയും സ്‌നേഹത്തിന്റെയും അവനിലുള്ള വിശ്വാസത്തിന്റെയും സ്മരണയുടെയും ഫലമായി നിക്ഷേപിക്കുന്ന പ്രകാശമാണിത്. അവന്റെ ഈ പ്രകാശം അവര്‍ക്ക് ഇറക്കിക്കൊടുത്താല്‍ അതുമുഖേന അവന്‍ അവരെ ജീവസ്സുറ്റതാക്കുകയും അതുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ അവരെ നടത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനം അവരുടെ ഹൃദയത്തിലാണെങ്കിലും പിന്നീടത് ശക്തിപ്രാപിക്കുകയും അധികരിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മുഖങ്ങളിലും അവയവങ്ങളിലും ശരീരത്തിലുമെല്ലാം അത് പ്രകടമാവുകയും ചെയ്യും. അവരുടെ വസ്ത്രങ്ങളിലും ഭവനങ്ങളിലും അത് പ്രതിഫലിക്കും. അവരുടെ അതേ തരത്തിലുള്ളവര്‍ക്ക് മാത്രമേ അത്  കാണാന്‍ കഴിയൂ. മറ്റുള്ളവരാകട്ടെ അത് നിഷേധിച്ചേക്കും.

എന്നാല്‍ അന്ത്യനാളില്‍ ഈ പ്രകാശം പ്രകടമാവുകയും ഇരുട്ട് മൂടിയ ആ പാലത്തിനു മുമ്പില്‍ അവര്‍ക്ക് വഴികാട്ടുന്ന പ്രകാശമായി അത് കൂടെയുണ്ടാവുകയും ചെയ്യും. അങ്ങനെ അവര്‍ക്ക് ആ പാലം മുറിച്ചുകടക്കാന്‍ കഴിയും. ഇഹലോകത്ത് അവരുടെ ഹൃദയങ്ങളില്‍ പ്രസ്തുത പ്രകാശത്തിനുണ്ടായിരുന്ന ശക്തിയും ദുര്‍ബലതയുമനുസരിച്ചായിരിക്കും അവിടെയും അതുണ്ടാവുക. ചിലരുടേത് സൂര്യനെ പോലെയും മറ്റു ചിലരുടേത്  ചന്ദ്രനെപോലെയും. വേറെ ചിലര്‍ക്ക് നക്ഷത്രത്തെ പോലെയും ചിലര്‍ക്ക് വിളക്ക് പോലെയും വ്യത്യസ്ത രൂപത്തിലായിരിക്കും അവിടെ പ്രകാശം നല്‍കപ്പെടുക. ചിലര്‍ക്ക് കാലിന്റെ പെരുവിരലില്‍ പ്രകാശം നല്‍കപ്പെടും; ഒരിക്കല്‍ പ്രകാശിക്കുകയും മറ്റൊരിക്കല്‍ അണഞ്ഞുപോവുകയും ചെയ്യുന്ന വിധത്തില്‍. ഇഹലോകത്ത് തങ്ങളുടെ പ്രകാശത്തിന്റെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ അതേ തോതനുസരിച്ചായിരിക്കും പ്രസ്തുത പാലത്തിനു മീതെ വെച്ചും അവര്‍ക്ക് നല്‍കപ്പെടുന്നത്. അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങളിലെ അതേ പ്രകാശംതന്നെ അവര്‍ക്ക് കാണാനാകും വിധത്തില്‍ പ്രത്യക്ഷപ്പെട്ടതായിരിക്കുകയുമാവാം. കപടവിശ്വാസിക്ക് ഐഹികലോകത്ത് സ്ഥായിയായ ഒരു പ്രകാശം ഉണ്ടായിരുന്നില്ല എന്നതിനാല്‍, അഥവാ അവരുടെ പ്രകാശമെന്നത് കേവലം ബഹ്യമായ ചില പുറംപൂച്ച് മാത്രമായിരുന്നതിനാല്‍ അവിടെവെച്ചും അത്തരത്തിലുള്ള ഒന്നായിരിക്കും നല്‍കപ്പെടുക. അതിന്റെ പര്യവസാനമാകട്ടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ടില്‍ ആപതിക്കലായിരിക്കും.

ഈ പ്രകാശത്തിനും അതിന്റെ കേന്ദ്രത്തിനും അതിന്റെ വാഹകനും അതിന്റെ അടിസ്ഥാന(പദാര്‍ഥ)ത്തിനുമൊക്കെ അല്ലാഹു മനോഹരമായ ഒരു വിളക്കുമാടത്തിന്റെ ഉപമ വിശദീകരിച്ചിട്ടുണ്ട്. അതായത് ഭിത്തിയിലുള്ള ഒരു പൊത്ത്. അത് ഹൃദയത്തിന് സമാനമാണ്. ആ വിളക്കുമാടത്തിന്റെ ചില്ല് വളരെ തെളിഞ്ഞ ശുദ്ധമായ സ്ഫടികമാണ്. അതിന്റെ വെണ്‍മയിലും തെളിമയിലും അതിനെ ഉപമിച്ചിരിക്കുന്നത് പ്രകാശം പൊഴിക്കുന്ന നക്ഷത്രത്തോടാണ്. സത്യവിശ്വാസിയുടെ ഹൃദയം ഉള്‍ക്കൊണ്ടിരിക്കുന്ന നന്മയുടെ ഗുണങ്ങളാണവ. ആര്‍ദ്രതയും വിശുദ്ധിയും ധീരതയും പോലുള്ള ഗുണങ്ങള്‍. അങ്ങനെ സത്യത്തെയും സന്മാര്‍ഗത്തെയും സത്യവിശ്വാസിക്ക് ആ തെളിമയിലൂടെ കാണാന്‍ കഴിയുന്നു. അതിലൂടെ കനിവും കാരുണ്യവും ദയയുമെല്ലാം കൈവരുന്നു. അതോടൊപ്പം അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരില്‍ ശക്തമായി നിലയുറപ്പിക്കുകയും സത്യമാര്‍ഗത്തില്‍ അതിശക്തമായി ഉറച്ചുനില്‍ക്കുകയും ചെയ്യും. ഒരു ഗുണം മറ്റൊരു ഗുണത്തെ ദുര്‍ബലപ്പെടുത്തുകയോ കീഴ്‌പ്പെടുത്തുകയോ അല്ല ചെയ്യുക; പ്രത്യുത പരസ്പരം ശക്തിപകര്‍ന്ന് മനോഹരമായി സംഗമിക്കുകയാണ്. 'സത്യനിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അന്‍യോന്യം ദയാലുക്കളുമാകുന്നു അവര്‍' (ക്വുര്‍ആന്‍ 48:29).

അല്ലാഹു പറയുന്നു: ''(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്''(3:159).

''നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ'' (9:73).

ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: 'ഹൃദയങ്ങള്‍ ഭൂമിയിലെ, അല്ലാഹുവിന്റെ പാത്രങ്ങളാകുന്നു. അതില്‍ അവന് ഏറ്റവും ഇഷ്ടമുള്ളത് ഏറ്റവും മിനുസമുള്ളതും തെളിമയുള്ളതും സുദൃഢമായതുമാണ്' (ത്വബ്‌റാനി 'മുസ്‌നദുശ്ശാമിയ്യീനി'ല്‍ ഉദ്ധരിച്ചത്. അതിന്റെ സനദ് (പരമ്പര) നല്ലതാണ്. 'സില്‍സിലതുസ്സ്വഹീഹ' 1691ാം നമ്പര്‍ ഹദീഥ് കാണുക).

ഈ ഹൃദയത്തിനുനേരെ മറുവശത്ത് പരസ്പര വിരുദ്ധമായതും ആക്ഷേപാര്‍ഹവുമായ രണ്ടു ഹൃദയങ്ങളുണ്ട്. ഒന്ന്, കരുണവറ്റിയ കരിങ്കല്‍സമാനമായ കടുത്ത ഹൃദയമാണ്. അതില്‍ യാതൊരു നന്മമയോ പുണ്യമോ ഇല്ല. സത്യം തെളിഞ്ഞുകാണാവുന്ന തെളിച്ചവും അതിനില്ല. മറിച്ച് അത് അഹങ്കാരവും അവിവേകവും നിറഞ്ഞതാണ്. അത് സത്യത്തെ അറിയുകയോ സൃഷ്ടികളോട് ദയ കാണിക്കുകയോ ചെയ്യുന്നില്ല. രണ്ട്, അതിനപ്പുറത്ത് ദ്രവരൂപത്തിലുള്ള ദുര്‍ബലമായ മറ്റൊരു ഹൃദയമാണ്. അതിന് ശക്തിയോ ശേഷിയോ ഇല്ല. അത് എല്ലാ രൂപങ്ങളെയും സ്വീകരിക്കുമെങ്കിലും അവയില്‍ ഒന്നിനെപ്പോലും സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ശേഷി അതിനില്ല. മറ്റെന്തിലെങ്കിലും വല്ല സ്വാധീനവും ഉണ്ടാക്കുവാനുള്ള ശേഷിയും അതിനില്ല. മറിച്ച് അതുമായി കൂടിക്കലരുന്ന എല്ലാം (അത് ശക്തമോ ദുര്‍ബലമോ നല്ലതോ ചീത്തയോ ആകട്ടെ)അതിന്‍മേല്‍ സ്വാധീനമുണ്ടാക്കുകയാണ് ചെയ്യുന്നത്.

ആ ചില്ലിനുള്ളില്‍ ഒരു വിളക്കുണ്ട്. അതിന്റെ തിരിയിലാണ് ആ പ്രകാശം. ആ തിരിയാണ് അതിനെ വഹിക്കുന്നത്. ആ പ്രകാശത്തിന് ഒരു ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമുണ്ട്. ഏറ്റവും ഉത്തമമായ സ്ഥലത്തുനിന്നെടുത്ത ഒലീവിന്റെ എണ്ണയാണത്. പകലിന്റെ ആദ്യത്തിലും ഒടുക്കത്തിലുമുള്ള വെയില്‍ ആ ഒലീവിനേല്‍ക്കുന്നുണ്ട്. അതിനാല്‍ അതിന്റെ എണ്ണ ഏറ്റവും സംശുദ്ധവും കലര്‍പ്പുകളില്ലാത്തതുമാണ്. എത്രത്തോളമെന്നാല്‍ അതിന്റെ സംശുദ്ധത കാരണത്താല്‍ തീയില്ലാതെതന്നെ അത് വെളിച്ചം പകരുന്നു. അതാണ് ആ വിളക്കിന്റെ പ്രകാശത്തിനുള്ള ഇന്ധനം.

അപ്രകാരമണ് സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള വിളക്കിന്റ പ്രകാശത്തിനുള്ള ഇന്ധനവും. ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) മരത്തില്‍നിന്നാണത്. അതാകട്ടെ ഏറ്റവും ഐശ്വര്യപൂര്‍ണവും അനുഗൃഹീതവുമാണ്. യാതൊരുവിധ അപാകതകളും അതിനില്ല. ഏറ്റവും ശ്രേഷ്ഠവും സന്തുലിതവും നന്മ നിറഞ്ഞതുമാണത്. ജൂതെ്രെകസ്തവരുടേതുപോലുള്ള യാതൊരു വ്യതിചലനവും അതിനില്ല. പ്രത്യുത ഏതു കാര്യങ്ങളിലും ആക്ഷേപാര്‍ഹമായ രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ മധ്യമ നിലപാടാണതിനുള്ളത്. അതത്രെ സത്യവിശ്വാസിയുടെ ഹൃദയത്തിലെ സത്യവിശ്വാസമാകുന്ന വിളക്കിന്റെ ഇന്ധനം.

ആ ഒലീവെണ്ണയുടെ തീക്ഷ്ണമായ സംശുദ്ധതനിമിത്തം അത് സ്വയംതന്നെ വെളിച്ചം പകരുന്നുണ്ട്. പിന്നീട് അതില്‍ തീയുംകൂടി ചേരുമ്പോള്‍ അതിന്റെ വെളിച്ചത്തിന് എന്തൊരു തെളിച്ചമായിരിക്കും! അതാണ് പ്രകാശത്തിനുമേല്‍ പ്രകാശം!

ഇപ്രകാരമാണ് സത്യവിശ്വാസിയും. അവന്റെ ഹൃദയം വെളിച്ചം പകരും. ശുദ്ധപ്രകൃതത്താലും നേരായ ചിന്തയാലും സത്യത്തെ തിരിച്ചറിയും. പക്ഷേ, അതിന് സ്വന്തമായ ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമില്ല. മറിച്ച് ദിവ്യബോധനമാകുന്ന വഹ്‌യിന്റെ സഹായത്താല്‍ അതിന്റെ പ്രകാശം ആ ഹൃദയത്തിന്റെ തെളിമയും ശുദ്ധതയുമായി കൂടിക്കലരുമ്പോള്‍ അല്ലാഹു അതില്‍ സൃഷ്ടിച്ച പ്രകാശം അധികരിക്കുന്നു. അങ്ങനെ വഹ്‌യിന്റെ പ്രകാശവും ശുദ്ധപ്രകൃതിയുടെ പ്രകാശവും ഒരുമിച്ചുചേരുമ്പോള്‍ പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ അയാള്‍ സംസാരിക്കുന്നത് സത്യമായിരിക്കും. അതിന്റെ പ്രമാണം ഒരുപക്ഷേ, അതിനുമുമ്പ് അയാള്‍ കേട്ടിട്ടുണ്ടാകില്ല. പിന്നീട് പ്രമാണം കേള്‍ക്കുമ്പോള്‍ അത് തന്റെ ശുദ്ധപ്രകൃതത്തിന്റെ സാക്ഷ്യത്തോട് യോജിച്ചുവരുന്നതായി കാണുന്നു. അവിടെയും പ്രകാശത്തിനുമേല്‍ പ്രകാശം ആയിരിക്കും. ഇതാണ് സത്യവിശ്വാസിയുടെ കാര്യം. തന്റെ ശുദ്ധപ്രകൃതികൊണ്ട് തന്നെ സത്യത്തെ മൊത്തത്തില്‍ മനസ്സിലാക്കാന്‍ അവന് സാധിക്കും. പിന്നീടായിരിക്കും അക്കാര്യം വിശദമാക്കുന്ന പ്രമാണങ്ങള്‍ അയാള്‍ കേള്‍ക്കുന്നത്. അങ്ങനെ അയാളുടെ ഈമാന്‍ വഹ്‌യിന്റെയും (ദിവ്യബോധനം) ശുദ്ധപ്രകൃതിയുടെയും (ഫിത്വ്‌റത്) സാക്ഷ്യത്തില്‍ വളര്‍ന്നുവരും.

ബുദ്ധിയുള്ളവര്‍ ഈ മഹത്തായ വചനത്തെക്കുറിച്ചും ഈ മഹത്തരമായ ആശയങ്ങളോടുള്ള അതിന്റെ യോജിപ്പിനെക്കുറിച്ചും ചിന്തിക്കട്ടെ!

അല്ലാഹു ആകാശഭൂമികളിലുള്ള അവന്റെ പ്രകാശത്തെക്കുറിച്ച് പറഞ്ഞു. സത്യവിശ്വാസികളായ തന്റെ ദാസന്മാരുടെ ഹൃദയങ്ങളിലുള്ള അവന്റെ പ്രകാശത്തെയും പ്രതിപാദിച്ചു. ഹൃദയങ്ങളും അകക്കണ്ണുകളും പ്രകാശിക്കുന്ന, ഹൃദയങ്ങള്‍കൊണ്ടും അകക്കണ്ണുകള്‍കൊണ്ടും കാണാനും ഗ്രഹിക്കുവാനും പറ്റുന്ന പ്രകാശത്തെക്കുറിച്ചും കണ്ണുകള്‍കൊണ്ട് കണ്ട് അനുഭവിച്ചറിയുന്ന,ലോകം മുഴുവന്‍ പ്രകാശിക്കുന്ന പ്രകാശത്തെക്കുറിച്ചും പറഞ്ഞു. അവ രണ്ടും വലിയ പ്രകാശങ്ങളാണ്. ഒന്ന് മറ്റേതിനെക്കാള്‍ കുറേകൂടി മനോഹരമാണ്.

ഏതെങ്കിലും പ്രദേശത്ത് പ്രകാശം കിട്ടാതായാല്‍ അവിടെ മനുഷ്യനോ മറ്റു ജീവജാലങ്ങളോ വളരുകയില്ല. കാരണം ജീവന് പ്രകാശം അത്യന്താപേക്ഷിതമാണ്. പ്രകാശം കടന്നുചെല്ലാത്ത ഇരുട്ടറകളില്‍ അതുകൊണ്ടുതന്നെ ഒരു ജീവനും നിലനില്‍ക്കുകയില്ല. അപ്രകാരം തന്നെയാണ് സത്യവിശ്വാസത്തിന്റെയും (ഈമാന്‍) ദിവ്യബോധനത്തിന്റെയും (വഹ്‌യ്) പ്രകാശം കിട്ടാത്ത സമൂഹവും. ഈയൊരു പ്രകാശം ലഭിക്കാത്ത ഹൃദയം ഉറപ്പായും നിര്‍ജീവമായിരിക്കും. അതില്‍ ജീവന്റെ ഗുണങ്ങളേയുണ്ടാകില്ല, തീര്‍ച്ച!

അല്ലാഹു ജീവനെയും പ്രകാശത്തെയും ചേര്‍ത്തുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്: ''നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ പുറത്തുകടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു'' (6:122).

അല്ലാഹു പറയുന്നു: ''അപ്രകാരംതന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്'' (42:52).

ഈ വചനത്തില്‍ 'നാം അതിനെ ആക്കിയിരിക്കുന്നു' എന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശം 'നമ്മുടെ കല്‍പന' എന്ന താണെന്നും 'വേദഗ്രന്ഥം' (അല്‍കിതാബ്) എന്നതാണെന്നും 'സത്യവിശ്വാസം' (അല്‍ഈമാന്‍) എന്നാണെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ 'ആത്മാവ്' (അര്‍റൂഹ്) എന്നതാണ് ശരി. അപ്പോള്‍ 'അതായത് നാം നിനക്ക് വഹ്‌യായി നല്‍കിയ ആ ആത്മാവിനെ പ്രകാശമാക്കുന്നതാണ്' എന്നായി അതിന്റെ വിവക്ഷ. വഹ്‌യിനെയാണ് 'റൂഹ്' അഥവാ 'ആത്മാവ്' എന്നു പറഞ്ഞിരിക്കുന്നത്. അതുമൂലമുണ്ടാകുന്ന ജീവനെ പരിഗണിച്ചാണ്. അതുമുഖേനയുണ്ടാകുന്ന തെളിച്ചവും വെളിച്ചവും കാരണത്താല്‍ അതിനെ പ്രകാശവുമാക്കി. ഇവരണ്ടും പരസ്പര പൂരകങ്ങളാണ്. അഥവാ ഈ 'ആത്മാവ്' കൊണ്ട് പ്രസ്തുത ജീവസ്സുണ്ടാകുമ്പോള്‍ തെളിച്ചവും പ്രകാശവും ഉണ്ടാകുമെന്നതും തെളിച്ചവും വെളിച്ചവുമുണ്ടാകുമ്പോള്‍ ജീവസ്സുണ്ടാകുന്നു എന്നതും സ്വാഭാവികമാണ്. എന്നാല്‍ ഏതൊരാളുടെ ഹൃദയം ഈ ആത്മീയചൈതന്യം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലയോ അത് നിര്‍ജീവവും ഇരുള്‍മുറ്റിയതുമായിരിക്കും; ഏതൊരാളുടെ ശരീരത്തില്‍നിന്ന് 'ആത്മാവ്' വേര്‍പെട്ടുവോ അതുപോലെ!

അതുകൊണ്ട്തന്നെ അല്ലാഹു തആലാ വെള്ളത്തിന്റെയും തീയിന്റെയും ഉപമകള്‍ ഒരുമിച്ചു പറഞ്ഞത് ശ്രദ്ധേയമാണ്. വെള്ളംകൊണ്ട് ജീവനും തീകൊണ്ട് വെളിച്ചവും ഉണ്ടാകുന്നതാണല്ലോ. അല്ലാഹു പറയുന്നു: ''അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോവുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു'' (2:17)

ഈ വചനത്തില്‍ 'അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോയി' എന്നാണ് പറഞ്ഞത്. 'അവരുടെ തീ' എന്നു പറഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ തീയില്‍ പ്രകാശവും കരിച്ചുകളയലും ഉണ്ടല്ലോ. അപ്പോള്‍ ഇവിടെ നഷ്ടമായത് പ്രകാശവും വെളിച്ചവുമാണ്. എന്നാല്‍ അതിലെ ബുദ്ധിമുട്ടും കരിച്ചുകളയലുമെല്ലാം ശേഷിക്കുകയും ചെയ്തു.

ഇപ്രകാരമാണ് കപടവിശ്വാസികളുടെ സ്ഥിതിയും. അവരുടെ ഈമാനിന്റെ പ്രകാശം കാപട്യം കാരണത്താല്‍ നഷ്ടമായി. അവരുടെ ഹൃദയങ്ങളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന അവിശ്വാസവും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും കാരണത്താല്‍ ചൂടും കരിയും അതില്‍ അവശേഷിക്കുകയും ചെയ്തു.

ഇഹലോകത്തുവെച്ച് അതിന്റെ ചൂടും പുകയും കരിയുമൊക്കെ കൊണ്ട് അവരുടെ ഹൃദയം വെന്തുരുകിയിട്ടുണ്ട് പരലോകത്തുവെച്ച് ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുന്ന തീക്ഷ്ണമായ നരകാഗ്‌നിയില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കും.

ഇഹലോകത്ത് ഈമാനിന്റെ പ്രകാശത്തോടൊപ്പം സഞ്ചരിക്കാതിരുന്നവരുടെ ഉപമയാണിത്. ആ പ്രകാശം ചുറ്റിലും വെളിച്ചം പരത്തിയിട്ടും അതില്‍നിന്നും വേറിട്ട് പുറത്തുപോവുകയായിരുന്നു അവര്‍. അതാണ് മുനാഫിക്വിന്റെ (കപടവിശ്വാസിയുടെ) സ്ഥിതി. സത്യം അറിഞ്ഞു; എന്നിട്ടും നിഷേധിച്ചു. പലതും അംഗീകരിച്ചു; ശേഷം നിരാകരിച്ചു. അങ്ങനെ അന്ധതയുടെയും ബധിരതയുടെയും മൂകതയുടെയും ഇരുട്ടുകളിലായി. ഇവരുടെ സഹോദരങ്ങളായ സത്യനിഷേധികളെക്കുറിച്ച് അല്ലാഹു പറഞ്ഞത് പോലെ: ''നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ...''(6:39).

അല്ലാഹു പറയുന്നു: ''സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല'' (2:171).

തങ്ങള്‍ക്കു ചുറ്റിലും വെളിച്ചം പരത്തിയ പ്രകാശത്തില്‍നിന്നും പുറത്തുപോയ കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഉപമിച്ചത്, തീ കത്തിച്ച് അതിന്റെ വെളിച്ചം ചുറ്റിലും പരന്നശേഷം പ്രകാശം കെട്ടുപോയ ഒരാളോടാണ്. കാരണം കപടവിശ്വാസികള്‍ സത്യവിശ്വാസികളുമായി കൂടിക്കലരുകയും അവരോടൊപ്പം നമസ്‌കരിക്കുകയും അവരുടെകൂടെ നോമ്പെടുക്കുകയും ക്വുര്‍ആന്‍ ശ്രവിക്കുകയും ഇസ്‌ലാമിന്റെ പല പ്രഭാവവങ്ങള്‍ക്കുമൊക്കെ സാക്ഷിയാവുകയും ചെയ്തവരാണ്. അങ്ങനെ അവര്‍ നേരിട്ട് ആ വെളിച്ചം കാണുകയും പ്രകാശം അറിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞത്: '...അവര്‍ മടങ്ങുകയില്ല (2:18). കാരണം ഇസ്‌ലാമുമായി ഇടപഴകുകയും അതിന്റെ പ്രകാശം അനുഭവിക്കുകയും ചെയ്തശേഷം അതിനെ വിട്ടുപോയവരാണ് അവര്‍. അതിനാല്‍ അവര്‍ അതിലേക്ക് മടങ്ങിവരികയില്ല.

അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറഞ്ഞതാകട്ടെ 'അവര്‍ ചിന്തിക്കുന്നില്ല' (2:17) എന്നാണ്. കാരണം അവര്‍ ഇസ്‌ലാമിനെ ഗ്രഹിക്കുകയോ ഇസ്‌ലാമില്‍ പ്രവേശിക്കുകയോ അതിന്റെ പ്രകാശം അനുഭവിച്ചറിയുകയോ ചെയ്തിട്ടില്ല. പ്രത്യുത അവരിപ്പോഴും അവിശ്വാസത്തിന്റെ  ഇരുട്ടുകളില്‍തന്നെ ബധിരരും മൂകരും അന്ധരുമായി തുടരുകയാണ്.

തന്റെ വചനങ്ങളെഹൃദയങ്ങളുടെ രോഗങ്ങള്‍ക്ക് ശമനമായും ഈമാനിലേക്കും അതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കുമുള്ള വിളികളായും ശാശ്വതമായ ജീവിതത്തിലേക്കും അനശ്വരമായ അനുഗ്രഹങ്ങളിലേക്കും ക്ഷണിക്കുന്നതായും സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയായും നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍!(അവസാനിച്ചില്ല)