നോമ്പ്: ചില ഉണര്‍ത്തലുകള്‍

സലീമുല്‍ഹിലാലി അലി ഹസന്‍ അല്‍ഹലബി

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

ആശയവിവര്‍ത്തനം: അബൂഫായിദ

1. നോമ്പ് തുറക്കേണ്ടതെപ്പോള്‍?

'പിന്നെ നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക' എന്ന ക്വുര്‍ആന്‍ വചനത്തിന്‍റെ (2:187) താല്‍പര്യം രാത്രിയുടെ ആഗമനവും പകലിന്‍റെ പിന്‍വാങ്ങലും സൂര്യന്‍റെ അസ്തമയവുമാണെന്ന് പ്രവാചകന്‍ നല്‍കിയ വിശദീകരണം, തിരുചര്യയെ പിന്‍പറ്റുന്ന മുസ്ലിമിന്‍റെ ഹൃദയത്തിന് സമാധാനം നല്‍കുന്നതാണ്.  

ഹാഫിദ് ഇബ്നുഹജര്‍ തന്‍റെ ഫത്ഹുല്‍ബാരിയിലും (4/199) ഹൈഥമി മജ്മഉസ്സവാഇദിലും (3/154) സ്വീകാര്യയോഗ്യമെന്ന് പറഞ്ഞ ഒരു ഹദീഥ് ഇമാം അബ്ദുര്‍റസാക് തന്‍റെ അല്‍മുസ്വന്നഫില്‍(7591) രേഖപ്പെടുത്തിയത് കാണുക:

അംറുബ്നു മൈമൂനുല്‍ ഔദില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "മുഹമ്മദ് നബി ﷺ യുടെ ശിഷ്യന്മാര്‍ നോമ്പുതുറക്കുന്ന കാര്യത്തില്‍ ധൃതികാണിക്കുന്നവരും അത്താഴം താമസിപ്പിച്ച് കഴിക്കുന്നവരുമായിരുന്നു."

2. നോമ്പുതുറക്കാന്‍ ധൃതികാണിക്കല്‍

സത്യവിശ്വാസിയായ സുഹൃത്തേ, സൂര്യാസ്തമയം നിനക്ക് ബോധ്യമായാല്‍ വൈകാതെ നീ നോമ്പ് തുറക്കേണ്ടതാണ്. ആ സമയത്ത് ചക്രവാളത്തില്‍ ബാക്കിയുള്ള ചുവപ്പുനിറത്തെ നീ പരിഗണിക്കേണ്ടതില്ല. ഇപ്രകാരം നീ പ്രവര്‍ത്തിക്കുന്നതില്‍ നിന്‍റെ പ്രവാചകനെ പിന്തുടരലും ജൂതരോടും ക്രൈസ്തവരോടും എതിരാകലമുണ്ട്. അവര്‍ സൂര്യനസ്തമിക്കുന്ന നേരത്ത് നോമ്പുതുറക്കാതെ നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണപ്പെടുന്ന നേരത്തേക്ക് അതിനെ പിന്തിക്കാറാണ് പതിവ്. റസൂലിന്‍റെ മാര്‍ഗം പിന്‍പറ്റുന്നതില്‍ മതത്തിന്‍റെ അടയാളങ്ങളെ പ്രകടമാക്കലുണ്ട്. മാത്രമല്ല ഇരുവര്‍ഗവും (ജിന്നുകളും മനുഷ്യരും) ഒന്നടങ്കം സ്വീകരിക്കണമെന്ന് നാം ആഗ്രഹിക്കുന്ന സന്മാര്‍ഗ സരണി ലഭിച്ചതിലുള്ള അഭിമാനപ്രകടനവും കൂടി അതിലുണ്ട്.

തുടര്‍ന്നു വിവരിക്കുന്ന ഹദീഥുകള്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ വിശദീകരണം നല്‍കുന്നതാണ്:

ഒന്ന്) നോമ്പുതുറക്കുന്നതില്‍ ധൃതികാണിക്കല്‍ നന്മയ്ക്ക് കാരണമാകുന്നു:

സഹ്ലുബ്നു സഅദി(റ)ല്‍നിന്ന് നിവേദനം; നബി പറഞ്ഞു: "നോമ്പുതുറ വേഗത്തിലാക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ (ഖൈറില്‍) ആയിരിക്കുന്നതാണ്" (ബുഖാരി 4/173, മുസ്ലിം 1093).

രണ്ട്) വേഗം നോമ്പുതുറക്കുന്നത് നബി ﷺ യുടെ ചര്യയാണ്:

മുസ്ലിം സമുദായം നോമ്പുതുറക്കുന്നത് വേഗത്തിലാക്കുന്ന കാലമത്രയും അവര്‍ റസൂലിന്‍റെ സുന്നത്തിലും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗത്തിലുമായിരിക്കുന്നതാണ്. അതിനെ അണപ്പല്ലുകള്‍കൊണ്ട് അവര്‍ കടിച്ചുപിടിച്ചിരിക്കുന്ന കാലമത്രയും അല്ലാഹുവിന്‍റെ അനുമതിയാല്‍ അവര്‍ വഴിപിഴക്കുകയില്ല.

സഹ്ലുബ്നു സഅദി(റ)ല്‍നിന്നും നിവേദനം; നബി ﷺ പറഞ്ഞു: "നോമ്പുതുറക്കുന്നത് നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ കാത്തിരിക്കാത്ത കാലത്തോളം എന്‍റെ സമുദായം എന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായിരിക്കും" (ഇബ്നുഹിബ്ബാന്‍).

(സ്വീകാര്യയോഗ്യമായ പരമ്പരയോടുകൂടി ഇബ്നു ഹിബ്ബാന്‍(891) ഉദ്ധരിച്ചു. ബുഖാരിയിലും മുസ്ലിമിലും ഈ ഹദീഥിന്‍റെ മൂലമുണ്ട്. ശിയാക്കള്‍  ഈ കാര്യത്തില്‍ ജൂതക്രൈസ്തവരോട് യോജിച്ചിരിക്കുന്നു. അവരും നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ പിന്തിക്കാറാണ് പതിവ്. അല്ലാഹു നമ്മളെയെല്ലാം അവരുടെ വഴികേടില്‍നിന്നും സംരക്ഷിക്കുമാറാകട്ടെ).

മൂന്ന്) നോമ്പുതുറക്കാന്‍ ധൃതികാണിക്കല്‍ ശാപകോപത്തിന്നിരയായവര്‍ക്ക് എതിരാണ്:

മുസ്ലിംകള്‍ തങ്ങളുടെ പ്രവാചകന്‍റെ മാര്‍ഗമവലംബിക്കുകയും അദ്ദേഹത്തിന്‍റെ ചര്യ സ്വന്തം ജീവിതത്തിലൂടെ സംരക്ഷിക്കുകയും ചെയ്താല്‍, അവര്‍ ഗുണത്തിലാകുന്നതിനു പുറമെ ഇസ്ലാം അജയ്യ മായും ആകര്‍ഷകമായും അവശേഷിക്കുന്നതാണ്. അപ്പോള്‍ ഇസ്ലാമികസമൂഹം കൂരിരുട്ടില്‍ വെളിച്ചംവിതറുന്ന വിളക്കും ഉത്തമ മാതൃകയുമായിരിക്കും. കാരണം അവര്‍ പാശ്ചാത്യ, പൗരസ്ത്യ സമൂഹങ്ങളുടെ വാലും കാറ്റിന്‍റെ ഗതിക്കനുസരിച്ച് നിലപാടു മാറ്റുന്നവരുടെ നിഴലുമായിരിക്കില്ല.

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: "നോമ്പുതുറക്കുന്ന വിഷയത്തില്‍ (സമയമായാലുടന്‍) ധൃതികാണിക്കുന്ന കാലത്തോളം ഇസ്ലാം പ്രകടമായി (അജയ്യമായി). കാരണം യഹൂദരും ക്രൈസ്തവരും അത് പിന്തിക്കുന്നവരാണ്" (അബൂദാവൂദ് 2/305, ഇബ്നുഹിബ്ബാന്‍ 224).

ഉപരിസൂചിത ഹദീഥുകളുടെ മൊത്തത്തിലുള്ള ആശയങ്ങളും പ്രധാനപ്പെട്ട അധ്യാപനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1) വാനില്‍ ഇസ്ലാമിന്‍റെ വിജയപതാക പാറിക്കളിച്ച് ഇസ്ലാം അജയ്യമായി നിലനില്‍ക്കുന്നത് വേദക്കാരോടുള്ള നമ്മുടെ സാംസ്കാരിക വൈജാത്യത്തോട് കടപ്പെട്ടിരിക്കുന്നു. കിഴക്കിന്‍റെയോ പടിഞ്ഞാറിന്‍റെയോ ഒരു പതിപ്പാകാതെ, തികച്ചും ദൈവത്തെ അനുസരിച്ചുജീവിക്കുന്ന ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍ മാത്രമെ മുസ്ലിം സമൂഹത്തിന് സകലനേട്ടങ്ങളും കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. 'ക്രെംലിനിന്‍റെ ഭരണത്തിനൊത്ത് കറങ്ങുന്ന ഗ്രഹമാകാതെയും' 'വൈറ്റ് ഹൗസി'ന്‍റെ മേച്ചില്‍നിലങ്ങളില്‍ അലഞ്ഞുനടക്കാതെയും പ്രശ്ന പരിഹാരങ്ങള്‍ക്കായി 'ലണ്ടന്‍' എന്ന 'ക്വിബല'യിലേക്ക് മുഖം തിരിക്കാതെയും ഒരു ഉറച്ച, വ്യത്യസ്ത സമൂഹമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമെ ഇതരസമുഹങ്ങളില്‍നിന്ന് അവര്‍ക്ക് പേരുംപെരുമയും നേടാന്‍ സാധിക്കുകയുള്ളൂ. വിശ്വാസകാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വിശുദ്ധ ക്വുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും സമ്പൂര്‍ണമായി മടങ്ങിയാല്‍ മാത്രമെ ഇതെല്ലാം ശരിയായിത്തീരുകയുള്ളൂ.

2. അല്ലാഹു പറഞ്ഞതുപോലെ സമ്പൂര്‍ണമായി ഇസ്ലാമിനെ മുറുകെപിടിക്കുക: "സത്യവിശ്വാസികളേ, ഇസ്ലാമിലേക്ക് നിങ്ങള്‍ സമ്പൂര്‍ണമായി പ്രവേശിക്കുക" (ക്വുര്‍ആന്‍ 2:208).

കാതലായ പ്രശ്നങ്ങള്‍, തൊലിപ്പുറത്തുള്ള പ്രശ്നങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക നിയമങ്ങളെ വര്‍ഗീകരിക്കുന്നത് വര്‍ത്തമാനകാല അജ്ഞതയും നൂതനരീതിയുമാകുന്നു. ഇത്തരം വാദഗതികള്‍കൊണ്ട് ഇതിന്‍റെ വക്താക്കള്‍ ഉദ്ദേശിക്കുന്നത് മുസ്ലിംകളുടെ ചിന്താശേഷി നശിപ്പിക്കുക എന്നതും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ ചുറ്റിത്തിരിയുന്നവരാക്കി അവരെ മാറ്റുക എന്നതുമാണ്.

വേദഗ്രന്ഥത്തില്‍നിന്നും ചിലതില്‍ വിശ്വസിക്കുകയും ചിലതില്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന, അല്ലാഹുവിന്‍റെ കോപത്തിനിരയായവരിലേക്കാണ് ഇതിന്‍റെ വേരുകള്‍ ചെന്നെത്തുന്നതെന്ന് ഈ വിഷയത്തെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ജൂത, ക്രൈസ്തവ ആചാര രീതികളോട് എതിരു പ്രവര്‍ത്തിക്കുവാന്‍ നാം കല്‍പിക്കപ്പെട്ടവരാണെന്നും അങ്ങനെ ചെയ്യുന്നതിന്‍റെ ഫലം ഇസ്ലാമിന്‍റെ അഭിമാനകരമായ നിലനില്‍പാണെന്നും നാം മനസ്സിലാക്കിയതാണ്.

3) അല്ലാഹുവിലേക്കുള്ള ക്ഷണവും വിശ്വാസികളെ പ്രബുദ്ധരാക്കുന്ന പ്രവൃത്തിയും തമ്മില്‍ ഇഴകള്‍ വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്തവിധത്തിലുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിന്‍റെ മതചിഹ്നങ്ങള്‍ക്കിടയില്‍ വിവേചനം നടത്താനും വകതിരിച്ച് ചിലതിനെ ഉയര്‍ത്തികാട്ടി മറ്റുചിലതിനെ താഴ്ത്തിക്കെട്ടാനും മുസ്ലിം സമുദായത്തെ വലയംചെയ്തിരിക്കുന്ന തീക്ഷ്ണ പ്രശ്നങ്ങളുടെ പേരു പറഞ്ഞാണെങ്കില്‍ പോലും നമുക്ക് സാധ്യമല്ല. സമുദായത്തിന്‍റെ ഐക്യം തകര്‍ക്കുകയും കെട്ടുറപ്പ് ശിഥിലമാക്കുകയും ചെയ്ത പരമപ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നാം പ്രധാനശ്രമങ്ങള്‍ നടത്തേണ്ടതെന്നും അല്ലാതെ ഇത്തരം 'ബാലിശവും' 'ശാഖാപരവും' 'ഉപരിപ്ലവപരവും' 'വ്യത്യസ്ത വീക്ഷണ സാധ്യതയുള്ളതു'മായ പ്രശ്നങ്ങളുടെ പേരില്‍ കശപിശകൂടുകയല്ല വേണ്ടതെന്നും മേനിപറഞ്ഞു നടക്കുന്നവരോട് രാജിയാകാനും നമുക്കാവില്ല.

ഉള്‍ക്കാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുസ്ലിമേ, സൂര്യന്‍ അസ്തമിച്ചെന്ന് ഉറപ്പായാല്‍ നോമ്പ് തുറക്കാന്‍ തിടുക്കം കാണിക്കുന്നതിലാണ് പരിശുദ്ധ ഇസ്ലാമിന്‍റെ യശസ്സ് നിലകൊള്ളുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലായിരിക്കുമല്ലോ. എന്നാല്‍ ചിലയാളുകള്‍ പറഞ്ഞുനടക്കുന്നത് സൂര്യന്‍ അസ്തമിച്ചയുടന്‍ നോമ്പുതുറക്കുന്നത് കുഴപ്പത്തി(ഫിത്)ന് കാരണമാണെന്നും ഈ തിരുസുന്നത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിലേക്ക് ജനങ്ങളെ ക്ഷണിക്കലും വഴികേടിലേക്കും അജ്ഞതയിലേക്കുമുള്ള ക്ഷണമാണെന്നും മുസ്ലിംകളെ അവരുടെ മതത്തില്‍നിന്ന് അകറ്റുന്നതുമാണ് എന്നൊക്കെയാണ്. അല്ലെങ്കില്‍ അത് യാതൊരു വിലയുമില്ലാത്ത പ്രബോധനമാണെന്നും അവ കേവലം തര്‍ക്കപരവും ശാഖാപരവുമായ കാര്യങ്ങളായതിനാല്‍ അവകൊണ്ട് മുസ്ലിംകളെ ഏകോപിപ്പിക്കാന്‍ സാധ്യമല്ലെന്നുമാണ്.

4) മഗ്രിബിന് മുമ്പ് നോമ്പ് തുറക്കല്‍

നബി ﷺ മഗ്രിബ് നമസ്കാരത്തിനുമുമ്പ് നോമ്പ് തുറക്കാറുണ്ടായിരുന്നു. (അഹ്മദ്, അബൂദാവൂദ്).

കാരണം നോമ്പു തുറക്കുന്നതില്‍ ധൃതികാണിക്കല്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ സ്വഭാവത്തില്‍ പെട്ടതാണ്.

അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: "മൂന്ന് കാര്യങ്ങള്‍ പ്രവാചകത്വത്തിന്‍റെ അനിവാര്യ സ്വഭാവങ്ങ ളാണ്. നോമ്പുതുറക്കുവാന്‍ ധൃതികാണിക്കല്‍, അത്താഴം പിന്തിക്കല്‍, നമസ്കാരത്തില്‍ വലതുകൈ ഇടതു കയ്യിന്‍റെമേല്‍ വെക്കല്‍"(ത്വബ്റാനി).

3) എന്തു കഴിച്ചുകൊണ്ട് നോമ്പുതുറക്കണം?

കാരക്ക കഴിച്ചുകൊണ്ട് നോമ്പുതുറക്കാനും കാരക്ക ലഭിച്ചില്ലെങ്കില്‍ വെള്ളംകുടിച്ച് നോമ്പു തുറക്കാനും നബി ﷺ പ്രേരിപ്പിക്കാറുണ്ടായിരുന്നു. പ്രവാചകന് സമുദായത്തോടുണ്ടായിരുന്ന ഗുണകാം ക്ഷയും അവരുടെ നന്മയിലുണ്ടായിരുന്ന അത്യാര്‍ത്തിയും അനന്യമായ കൃപയുമാണ് ഈ നിര്‍ദേശത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ലോകര്‍ക്കാകമാനം അനുഗ്രഹമായി മുഹമ്മദ്നബി ﷺ യെ നിയോഗിച്ച ലോകരക്ഷിതാവ് പറയുന്നു:"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാന് അദ്ദേഹം" (ക്വുര്‍ആന്‍ 9:128)

ആമാശയം കാലിയായിരിക്കുന്ന വേളയില്‍ ശരീരത്തിന് മധുരമുള്ള എന്തെങ്കിലും (ആദ്യമായി) നല്‍കുന്നത് ശരീരം അത് സ്വീകരിക്കുന്നതിനും അവയവങ്ങള്‍ അത് പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാണ്. വിശിഷ്യാ ശരീരം ആരോഗ്യപൂര്‍ണമാണെങ്കില്‍ അതിലൂടെ ഊര്‍ജസമ്പാദനം നടത്തി ശരീരം ശക്തിസംഭരിക്കുന്നതാണ്. വെള്ളത്തെക്കുറിച്ചാണെങ്കില്‍, നോമ്പുകാരണം ശരീരത്തിന് ചെറിയരൂപത്തില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. അതിനാല്‍ തുടക്കത്തില്‍ അല്‍പം വെള്ളം നല്‍കി ശരീരത്തെ തണുപ്പിച്ചാല്‍ പിന്നീട് കഴിക്കുന്ന ആഹാരങ്ങളോട് ശരീരം ആരോഗ്യകരമായി പ്രതികരിക്കാന്‍ അത് സഹായകമാണ്.

അറിയുക; ഇതിലുപരി വെള്ളത്തിനും കാരക്കക്കും മനഃസംസ്ക്കരണ കാര്യത്തില്‍ സ്വാധീനം ചെലുത്താനാതുകുന്ന ചില കഴിവുകളും സവിശേഷതകളുമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, നബിചര്യ മുറുകെപിടിക്കുന്നവര്‍ക്ക് മാത്രമെ ഇത് മനസ്സിലാക്കാന്‍ സാധിക്കൂ എന്നുമാത്രം.

അനസി(റ)ല്‍നിന്ന് നിവേദനം: "പകുതി പാകമായ ഈത്തപ്പഴം കഴിച്ച് നമസ്കാരത്തിന് മുമ്പേ നോമ്പു തുറക്കുകയായിരുന്നു നബി ﷺ യുടെ പതിവ്. അതില്ലെങ്കില്‍ കാരക്കകൊണ്ടും. അതുമില്ലെങ്കില്‍ ഏതാനും ഇറക്കു വെള്ളം കുടിക്കും" (അഹ്മദ്, അബൂദാവൂദ്, തുര്‍മുദി).

4. നോമ്പുതുറക്കുമ്പോള്‍ എന്താണ് പറയേണ്ടത്?

നോമ്പുകാരനായ സുഹൃത്തേ,  നബിചര്യയനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും അല്ലാഹു ഭാഗ്യം തരട്ടെ. താങ്കള്‍ക്ക് ഉറപ്പായും ഉത്തരം ചെയ്യപ്പെടുന്ന ഒരു പ്രാര്‍ഥനയുള്ളതിനാല്‍ അത് മുതലാക്കാന്‍ ശ്രമിക്കുക. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോടെ പ്രാര്‍ഥനാനിരതനാവുകയും ചെയ്യുക. അലസവും അശ്രദ്ധവുമായ മനസ്സിന്‍റെ തേട്ടത്തിന് അല്ലാഹു ഉത്തരം നല്‍കില്ലെന്ന് നീ അറിയുക. നീ ഉദ്ദേശിക്കുന്ന എല്ലാ നന്മക്കും വേണ്ടി അവനോട് പ്രാര്‍ഥിക്കുക; ഇഹപര ഗുണങ്ങള്‍ നിനക്ക് ലഭിച്ചേക്കാം.

അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു; നബി പറഞ്ഞു: "ഉറപ്പായും ഉത്തരം നല്‍കപ്പെടുന്ന മൂന്ന് പ്രാര്‍ഥനകളുണ്ട്. നോമ്പുകാരന്‍റെ പ്രാര്‍ഥന, മര്‍ദിതന്‍റെ പ്രാര്‍ഥന, പിന്നെ യാത്രക്കാരന്‍റെ പ്രാര്‍ഥനയും"(ഉക്വൈലി, അബൂമുസ്ലിം).

തിരസ്കരിക്കപ്പെടാത്ത ഈ പ്രാര്‍ഥന നോമ്പുതുറക്കുന്ന വേളയിലുള്ള പ്രാര്‍ഥനയാണെന്ന് അബൂഹുറയ്റ(റ)യില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥ് സൂചന നല്‍കുന്നു.

നബി ﷺ പറഞ്ഞു: "മൂന്നുകൂട്ടരുടെ പ്രാര്‍ഥനകള്‍ തള്ളപ്പെടുന്നതല്ല. നോമ്പുതുറക്കുന്ന നേരത്ത് നോമ്പുകാരന്‍ നടത്തുന്ന പ്രാര്‍ഥനയും നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥനയും മര്‍ദിതന്‍റെ പ്രാര്‍ഥനയും" (തിര്‍മിദി, ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍).

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വി(റ)ല്‍നിന്നും നിവേദനം: "അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും നോമ്പുകാരന് നോമ്പുതുറക്കുന്ന വേളയില്‍ തടയപ്പെടാത്ത ഒരു പ്രാര്‍ഥനയുണ്ട്"(ഇബ്നുമാജ, ഹാകിം).

നബിയില്‍നിന്നും ശരിയായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട താഴെ കാണുന്ന പ്രാര്‍ഥനയാണ് അന്നേരത്തെ പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠമായത്. നോമ്പുതുറക്കുന്ന വേളയില്‍ നബി ﷺ ഇപകാരം പറയാറുണ്ടായിരുന്നു:

"ഞരമ്പുകള്‍ നനയുകയും ദാഹം ശമിക്കുകയും ചെയ്തു. അല്ലാഹു ഇഛിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു" (അബൂദാവൂദ്, ബൈഹക്വി, ഹാകിം).

5. നോമ്പുകാരന് ആഹാരം നല്‍കല്‍

സഹോദരാ, അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഭക്തിപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭാഗ്യം നല്‍കുകയും ചെയ്യട്ടെ. നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നതില്‍ മഹത്തായ പ്രതിഫലവും ധാരാളം നന്മകളുമുള്ളതിനാല്‍ അതില്‍ നീ താല്‍പര്യം കാണിക്കുക.

നബി ﷺ പറഞ്ഞു: "ആരെങ്കിലും നോമ്പുള്ളവന് നോമ്പുതുറക്കാനുള്ള ഭക്ഷണം നല്‍കിയാല്‍ നോമ്പുകാരന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം നോമ്പു തുറപ്പിച്ചവനും ലഭിക്കുന്നതാണ്. എന്നാല്‍ ഇത് നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ കുറവൊട്ടും വരുത്തുന്നതുമല്ല" (അഹ്മദ്, തുര്‍മുദി, ഇബ്നുമാജ, ഇബ്നുഹിബ്ബാന്‍).

മുസ്ലിമായ ഒരു നോമ്പുകാരനെ മറ്റൊരാള്‍ നോമ്പുതുറക്കാന്‍ ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ അവന് നിര്‍ബന്ധമാണ്. കാരണം ആരെങ്കിലും ക്ഷണം നിരസിച്ചാല്‍ അവന്‍ പ്രവാചകനോടാണ് ധിക്കാരം കാണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിച്ച് മറ്റൊരാളുടെ ഭക്ഷണം കഴിച്ച് നോമ്പുതുറക്കുന്നത് അവന്‍റെ പ്രതിഫലത്തിന് കോട്ടംവരുത്തുകയോ പുണ്യങ്ങളെ പാഴാക്കുകയോ ഇല്ലെന്ന് അവന്‍ മനസ്സിലാക്കേണ്ടതാണ്. ഭക്ഷണ ശേഷം ക്ഷണിക്കപ്പെട്ട അതിഥി ആതിഥേയനു വേണ്ടി, ഹദീഥുകളില്‍ വന്ന ഏതെങ്കിലും ഒരു പ്രാര്‍ഥന നടത്തുന്നത് പുണ്യകരമാണ്. അത്തരം പ്രാര്‍ഥനകളില്‍ ചിലത് താഴെ കൊടുക്കുന്നു:

1) "നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍വെച്ച് നോമ്പുതുറന്നിരിക്കുന്നു, പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും മലക്കുകള്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തിരിക്കുന്നു"(ഇബ്നു അബീശൈബ, അഹ്മദ്, നസാഈ).

2) "അല്ലാഹുവേ, എന്നെ ആഹരിപ്പിച്ചവന് നീയും അന്നം നല്‍കേണമേ, എനിക്ക് കുടിനീര് നല്‍കിയവര്‍ക്ക് നീയും കുടിനീരു നല്‍കേണമേ" (മുസ്ലിം 2055).

3) അല്ലാഹുവേ, അവര്‍ക്ക് നല്‍കിയതില്‍ നീ അനുഗ്രഹം ചൊരിയുകയും അവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയും അവരോടു നീ കരുണകാണിക്കുകയും ചെയ്യേണമേ" (മുസ്ലിം 2042).