ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

(ഭാഗം: 24)

നാല്‍പത്തി ഏഴ്: തീര്‍ച്ചയായും 'ദിക്ര്‍' ഹൃദയത്തിനുള്ള ശമനവും ദിവ്യൗഷധവുമാണ്. ദിക്‌റില്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യാകട്ടെ അതിന്റെ രോഗവുമാണ്. അതിനാല്‍ രോഗാതുരമായ മനസ്സുകള്‍ക്കുള്ള ശമനവും ദിവ്യൗഷധവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിലാണുള്ളത്.

മക്ഹൂല്‍(റ) പറഞ്ഞു: 'അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) രോഗശമനവും (അത് വിട്ടുകൊണ്ടുള്ള) ജനങ്ങളെക്കുറിച്ചുള്ള കുറിച്ചുള്ള സ്മരണ രോഗവുമാണ്' (ബൈഹക്വി മുര്‍സലായ രൂപത്തിലും മര്‍ഫൂആയ രൂപത്തിലും മക്ഹൂലില്‍നിന്ന് ഇത് ഉദ്ധരിക്കുന്നുണ്ട്).

(ഇബ്‌നു ഔനിന്റെ വാക്കുകളായി ബൈഹക്വി 'ശുഅബുല്‍ ഈമാനി'ല്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഇമാം ദഹബി 'സിയറു അഅ്‌ലാമി'ല്‍  ഇത് ഉദ്ധരിച്ചശേഷം അനുബന്ധമായി ഇപ്രകാരം കുറിക്കുന്നു: 'അല്ലാഹുവാണെ സത്യം! നമ്മുടെ അത്ഭുതം നമ്മുടെ അജ്ഞതയെക്കുറിച്ചാണ്. നാം മരുന്ന് ഉപേക്ഷിക്കുകയും രോഗത്തിനായി തിരക്കു കൂട്ടുകയും ചെയ്യുകയല്ലേ?- കുറിപ്പുകാരന്‍).

ഹൃദയം അല്ലാഹുവിനെ സ്മരിക്കുകയാണെങ്കില്‍ അതിന് ശമനവും സൗഖ്യവുമുണ്ടാകും. അതല്ല, പ്രസ്തുത സ്മരണയില്‍നിന്നകന്ന് അശ്രദ്ധയിലാവുകയാണെങ്കില്‍ നേരെ വിപരീതമായിരിക്കും.

''ഞങ്ങള്‍ രോഗാവസ്ഥയിലായാല്‍ നിന്നെക്കുറിച്ചുള്ള ദിക്‌റുകൊണ്ട് ഞങ്ങള്‍ ചികിത്സിക്കും. എന്നാല്‍ ചിലപ്പോള്‍ ഞങ്ങള്‍ ആ ദിക്ര്‍ കയ്യൊഴിക്കുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാകും.'' (ഇബ്‌നുല്‍ ക്വയ്യിമിന്റെ തന്നെ വരികളായിരിക്കാം ഇത്. മദാരിജുസ്സാലികീനിലും അദ്ദേഹം ഇത് ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍)

നാല്‍പത്തിയെട്ട്: തീര്‍ച്ചയായും ദിക്ര്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) അവന്റെ അനിഷ്ടത്തിന്റെയും ശത്രുതയുടെയും മൂലകാരണമാണ്. ഒരു അടിമ തന്റെ രക്ഷിതാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നിടത്തോളം അവന്‍ അയാളെ ഇഷ്ടപ്പെടുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നതാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നത്രയും അവന്‍ അയാളെ വെറുക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്യും.

ഔസാഈ(റഹി) പറയുന്നു; ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞു: ''അല്ലാഹുവിനെ സ്മരിക്കുന്നതിനെയും അവനെ സ്മരിക്കുന്നവരെയും വെറുക്കുന്നതിനെക്കാള്‍ ശക്തമായ ഒന്നുകൊണ്ടും ഒരാളും തന്റെ രക്ഷിതാവിനോടു അകല്‍ച്ചയും ശത്രുതയും പ്രകടമാക്കുന്നില്ല'' (ബൈഹക്വി ശുഅബൂല്‍ ഈമാനില്‍ ഉദ്ധരിച്ചത്).

ഈ ശത്രുതയുടെയും അകല്‍ച്ചയുടെയും കാരണം ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാണ്. അത് അയാളില്‍ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെയും ദിക്ര്‍ ചെയ്യുന്നവരെയും അയാള്‍ വെറുക്കുന്ന സ്ഥിതിയിലെത്തും. അപ്പോള്‍ അല്ലാഹു അയാളെ ശത്രുവായിട്ട് കാണും, അവനെ ദിക്ര്‍ ചെയ്യുന്നവനെ അടുത്തബന്ധുവും ഇഷ്ടക്കാരനുമായി കാണുന്നതുപോലെ.

നാല്‍പത്തിയൊമ്പത്: അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പോലെ അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ടുവന്ന് തരാനും അവന്റെ ശിക്ഷയെ തടുക്കാനും പറ്റിയ മറ്റൊന്നുമില്ല. ദിക്ര്‍ അനുഗ്രഹങ്ങളെ വിളിച്ചു കൊണ്ടുവരുന്നതും ശിക്ഷകളെ ശക്തമായി പ്രതിരോധിക്കുന്നതുമാണ്.

അല്ലാഹു പറയുന്നു: ''നിശ്ചയം അല്ലാഹു സത്യവിശ്വാസികള്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്'' (ക്വുര്‍ആന്‍ 22:38).

അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രതിരോധം അവരുടെ ഈമാനിന്റെ ശക്തിയും പൂര്‍ണതയും അനുസരിച്ചായിരിക്കും. ഈമാനിന്റെ ഘടകവും അതിന്റെ ശക്തിയും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ആണ്. അതിനാല്‍ ഏതൊരാള്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെയും ഏറ്റവും അധികരിച്ച ദിക്‌റിന്റെയും വക്താവാകുന്നുവോ അതനുസരിച്ച് അല്ലാഹു അയാള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷയും പ്രതിരോധവും ഏറ്റവും മഹത്തരമായിരിക്കും. കുറവിനനുസരിച്ച് കുറയുകയും ചെയ്യും. സ്മരണയക്ക് സ്മരണയും മറവിക്ക് അവഗണനയും.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)'' (ക്വുര്‍ആന്‍ 14:7).

മുമ്പ് നാം പറഞ്ഞതു പോലെ ദിക്‌റാണ് നന്ദിയുടെ പ്രധാന ഭാഗം. നന്ദിയാകട്ടെ അനുഗ്രഹങ്ങളെ കൊണ്ടുവരുന്നതും അതിന്റെ വര്‍ധനവ് അനിവാര്യമാക്കുന്നതുമാണ്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഇപ്രകാരം പറയുമായിരുന്നു:

'നിനക്ക് നന്മ ചെയ്യുന്നതില്‍നിന്ന് ഒരിക്കലും അശ്രദ്ധനാകാത്തവനെ (അഥവാ അല്ലാഹുവിനെ) സ്മരിക്കുന്നതില്‍നിന്നുള്ള അശ്രദ്ധയെക്കാള്‍ മോശപ്പെട്ട ഒന്നുമില്ല' (ബൈഹക്വി 'ശുഅബുല്‍ ഈമാനി'ല്‍ ഉദ്ധരിച്ചത്).

അന്‍പത്: തീര്‍ച്ചയായും ദിക്ര്‍ അത് നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് അനിവാര്യമാക്കുന്നതാണ്. അല്ലാഹുവും അവന്റെ മലക്കുകളും ആര്‍ക്കുവേണ്ടി സ്വലാത്ത് ചെയ്യുന്നുവോ ഉറപ്പായും അയാള്‍ എല്ലാ വിജയവും കരസ്ഥമാക്കുകയും സര്‍വ നേട്ടങ്ങളും കൈവരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍. അവന്‍ നിങ്ങളുടെമേല്‍ സ്വലാത്ത് ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും (കരുണകാണിക്കുന്നു). അന്ധകാരങ്ങളില്‍നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 33:41-43).

(അല്ലാഹുവിന്റെ സ്വലാത്ത് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വാനലോകത്ത് മലക്കുകള്‍ക്കിടയില്‍ അല്ലാഹു അയാളെ പ്രശംസിച്ചു പറയും എന്നതാണ്. മലക്കുകളുടെ സ്വലാത്തുകൊണ്ട് അര്‍ഥമാക്കുന്നത് അവര്‍ക്കുവേണ്ടി മലക്കുകള്‍ അല്ലാഹുവിനോടു നടത്തുന്ന പ്രാര്‍ഥനയുമാണ്-വിവര്‍ത്തകന്‍).

അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ഈ സ്വലാത്ത് അല്ലാഹുവിനെ ധാരാളമായി പ്രകീര്‍ത്തിച്ചവര്‍ക്കാണ് കിട്ടുക. ഈ സ്വലാത്താണ് അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് അവരെ വഴിനടത്താന്‍ നിമിത്തമായത്. അല്ലാഹുവില്‍നിന്നും അവന്റെ മലക്കുകളില്‍നിന്നും പ്രസ്തുത സ്വലാത്ത് ലഭിക്കുകയും ഇരുട്ടുകളില്‍നിന്നും പ്രകാശത്തിലേക്ക് അവര്‍ കൊണ്ടുവരപ്പെടുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് കിട്ടാത്തതായി എന്ത് നന്മയാണ് വേറെയുണ്ടാവുക? ഏത് ദോഷമാണ് അവരില്‍ നിന്ന് നീങ്ങിപ്പോകാത്തതായുണ്ടാവുക?

ഹാ, പടച്ച റബ്ബിനെക്കുറിച്ചുള്ള ദിക്‌റില്‍നിന്ന് അകന്നുകൊണ്ട് അശ്രദ്ധയില്‍ കഴിയുന്നവരുടെ കഷ്ടമേ...! അവന്റെ നന്മയില്‍നിന്നും ഔദാര്യത്തില്‍നിന്നും എന്തുമാത്രമാണവര്‍ക്ക് നഷ്ടമാകുന്നത്! അല്ലാഹുവാണ് ഉദവിയേകുന്നവര്‍.

(തുടരും)