ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 15)

(31) അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്.

നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; എന്നല്ല അത് ഏതൊരാള്‍ക്കും അസാധ്യവുമായിരിക്കും.

(32) അത് സ്വര്‍ഗത്തിലെ ചെടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്്യ നിവേദനം: നബി ﷺ പറഞ്ഞു: ''ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മുഹമ്മദേ, നിന്റെ സമുദായത്തോട് എന്റെ സലാം പറയുക. കൂടാതെ അവരോട് പറയണം; സ്വര്‍ഗത്തിന്റെ മണ്ണ് അതിവിശിഷ്ടമാണ്; വെള്ളം സംശുദ്ധവും. അവിടെ ഒഴിഞ്ഞുകിടക്കുന്ന വിജനപ്രദേശമുണ്ട്. അവിടെ നട്ടുപിടിപ്പിക്കാനുള്ള സസ്യങ്ങളാണ് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍''(തിര്‍മിദി, ത്വബ്‌റാനി, സില്‍സിലതുസ്സ്വഹീഹ കാണുക).

തിര്‍മിദി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ജാബിര്‍്യ നിവേദനം: നബി ﷺ പറഞ്ഞു: ''ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവനാകുന്നുസര്‍വസ്തുതിയും) എന്ന് പറഞ്ഞാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടുന്നതാണ്'' (തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്).

(33) അതിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലവും മഹത്ത്വവും മറ്റൊരു കര്‍മത്തിനും ഇല്ലാത്തത്രയും ഉണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം നബി ﷺ പറഞ്ഞു: ''ആരെങ്കിലും 'ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു  ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍' (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല, അവനാണ് ആധിപത്യം, അവനാണ് സര്‍വസ്തുതിയും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്ന് ഒരു ദിവസം നൂറുതവണ പറഞ്ഞാല്‍ നൂറ് അടിമയെ മോചിപ്പിച്ചതിനു സമാനമായ പ്രതിഫലം അയാള്‍ക്കുണ്ട്. നൂറ് നന്മകള്‍ അയാള്‍ക്കായി രേഖപ്പെടുത്തപ്പെടും. നൂറ് ദോഷങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം പ്രദോഷംവരെ അത് അയാള്‍ക്ക് ഒരു രക്ഷാകവചമായിരിക്കുകയും ചെയ്യും. ഇതിനെക്കാള്‍ ചെയ്തയാളല്ലാതെ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ കര്‍മഫലവുമായി ഒരാളും തന്നെ വരികയില്ല. ആരെങ്കിലും 'സുബ്ഹാനല്ലാഹി വബിഹംദിഹി' (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവന്നാകുന്നു സര്‍വസ്തുതിയും) എന്ന് ഒരു ദിവസം നൂറ് തവണ പറഞ്ഞാല്‍ അയാളുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്; അത് കടലിലെ നുരയോളമുണ്ടെങ്കിലും.''

സ്വഹീഹു മുസ്‌ലിമില്‍ അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: ''സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഞാന്‍ പറയുന്നതാണ് ഈലോകത്തുള്ള സര്‍വതിനെക്കാളും എനിക്ക് പ്രിയങ്കരം.''

അനസ്ബ്‌നു മാലികി്യല്‍നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: 'ആരെങ്കിലും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം 'അല്ലാഹുമ്മ ഈന്നീ അസ്വ്ബഹ്തു ഉശ്ഹിദുക, വ ഉശ്ഹിദു ഹമലത അര്‍ശിക, വമലാഇകതക, വ ജമീഅ  ഖല്‍ക്വിക അന്നക അന്‍തല്ലാഹു, ലാ ഇലാഹ ഇല്ലാ അന്‍ത, വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക' (അല്ലാഹുവേ, നിന്നെയും നിന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെയും നിന്റെ മറ്റു മലക്കുകളെയും നിന്റെ സര്‍വ സൃഷ്ടിജാലങ്ങളെയും സാക്ഷിനിര്‍ത്തിക്കൊണ്ട് ഞാനിതാ പറയുന്നു; നിശ്ചയം, നീയാണ് അല്ലാഹു! നീയല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല. മുഹമ്മദ് നബി ﷺ നിന്റെ അടിമയും ദൂതനുമാണ്) എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ നാലിലൊരു ഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും അത് രണ്ട് പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ പകുതിഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും മൂന്നു പ്രാവശ്യം പറഞ്ഞാല്‍ അയാളുടെ നാലില്‍ മൂന്നുഭാഗവും നരകത്തില്‍നിന്ന് മോചിപ്പിക്കും. ആരെങ്കിലും നാലു പ്രാവശ്യം ഇങ്ങനെ പറഞ്ഞാല്‍ അയാളെ പൂര്‍ണമായും അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുന്നതാണ്'' (അബൂദാവൂദ്, തിര്‍മിദി, നസാഈ 'അമലുല്‍ യൗമി വല്ലൈലി'ല്‍, ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി(റഹി) ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് വിശദീകരിക്കുന്നു. സില്‍സിലഃ ദഈഫഃ ഹദീഥ് നമ്പര്‍ 1041 കാണുക).

(34) അല്ലാഹുവിനെ നിരന്തരമായി 'ദിക്ര്‍' ചെയ്യുക എന്നത് അല്ലാഹുവിനെ മറന്നുപോയവരുടെ കൂട്ടത്തില്‍നിന്നും നിര്‍ഭയത്വം ഉറപ്പാക്കുന്ന കാര്യമാണ്. അല്ലാഹുവിനെ വിസ്മരിക്കുക എന്നത് ഒരാളുടെ ഇരുലോകത്തെയും പരാജയത്തിന്റെ കാരണവുമാണ്. അല്ലഹുവിനെ മറന്നുകൊണ്ടുള്ള ജീവിതം സ്വന്തത്തെയും തന്റെ തന്നെ നന്മകളെയും മറപ്പിച്ചുകളയുന്നതാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍'' (ക്വുര്‍ആന്‍ 59:19).

ഒരാള്‍ സ്വന്തം മനസ്സിനെ മറന്നുകൊണ്ട് അതിന്റെ നന്മകളില്‍നിന്നും അകന്ന് ആത്മാവിനെ വിസ്മരിച്ചു വേറെ പലതിലും വ്യാപൃതനായാല്‍ അത് ഉറപ്പായും  ദുഷിക്കുകയും നശിക്കുകയും ചെയ്യും. അയാളെപ്പറ്റി പറയാവുന്നത് അയാള്‍ ഒരു കൃഷിക്കാരനെ പോലെയാണ് എന്നാണ്. അയാള്‍ക്ക് കൃഷിയും തോട്ടവും മൃഗങ്ങളുമുണ്ട്. അതല്ലെങ്കില്‍ ഇതല്ലാത്ത നേട്ടവും വിജയവും നിരന്തരമായ ബന്ധംകൊണ്ടും പരിചരണം കൊണ്ടും നേടേണ്ടതായ വേറെ പലതും അയാള്‍ക്കുണ്ട് എന്ന് കരുതുക. പക്ഷേ, അയാള്‍ അവയെ ഒന്നും ശ്രദ്ധിക്കാതെ വേറെ പലതിലും വ്യാപൃതനായി. അതിന്റെ കാര്യം പാടെ മറന്നുപോയി. അതിനു നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഒന്നും നല്‍കാതെയിരുന്നാല്‍ ഉറപ്പായും അത് നശിക്കുമെന്നതില്‍  തര്‍ക്കമില്ല.

വേറൊരാള്‍ക്ക് അയാളുടെ പകരമായി ഈ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വഹിക്കാന്‍ പറ്റുമായിരുന്നിട്ടുകൂടി ഇതാണ് സ്ഥിതിയെങ്കില്‍ സ്വന്തം മനസ്സിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ അവയെ മറന്നുകൊണ്ട് മറ്റു പലതിലും മുഴുകി അവയെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത, അതിനെ വേണ്ട പോലെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാതെ കയ്യൊഴിച്ച ഒരാളെക്കുറിച്ച് എന്തു കരുതുവാനാണ്? അയാളുടെ കാര്യത്തില്‍ എന്തൊരു കുഴപ്പവും നാശവും നഷ്ടവും പരാജയവുമാണ് നീ കരുതുന്നത്?

സ്വന്തം കാര്യത്തില്‍ വീഴ്ചവരുത്തിയ, അല്ലെങ്കില്‍ അതിരുവിട്ടയാളുടെ സ്ഥിതി അയാളുടെ കാര്യങ്ങളെല്ലാം ഛിന്നഭിന്നമായി പോവുകയും അതിന്റെ നേട്ടങ്ങളും ഗുണങ്ങളും നഷ്ടമാവുകയും ചെയ്യും എന്നതാണ്. നാശത്തിന്റെയും നഷ്ടത്തിന്റെയും പരാജയത്തിന്റെയും പല വഴികളും അയാളെ വളഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവും.

അതില്‍നിന്നൊക്കെയും രക്ഷപ്പെടാനും നിര്‍ഭയത്വവും സമാധാനവും കൈവരിക്കാനും അല്ലാഹുവിനെക്കുറിച്ച നിരന്തരമായ സ്മരണയും ദിക്‌റുമല്ലാതെ മറ്റൊരു മാര്‍ഗമില്ല. അല്ലാഹുവിന് ധാരാളം 'ദിക്‌റുകള്‍' അര്‍പ്പിക്കുന്ന നാവും ചുണ്ടുമായിരിക്കണം അയാള്‍ക്കുണ്ടാവേണ്ടത്.

ദിക്‌റുകള്‍ക്ക് തന്റെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ഒരിക്കലും അതില്‍നിന്ന് വേറിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. തന്റെ ശരീരത്തിന് അനിവാര്യമായും നല്‍കുന്ന ഭക്ഷണത്തിന്റെയും ദാഹജലത്തിന്റെയും വസ്ത്രത്തിന്റെയും താമസസ്ഥലത്തിന്റെയും ഒക്കെ പോലെത്തന്നെ അനിഷേധ്യമായ ശ്രദ്ധയും സ്ഥാനവും ദിക്‌റിനും നല്‍കേണ്ടതുണ്ട്. ഭക്ഷണമില്ലെങ്കില്‍ ശക്തി ക്ഷയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. കൊടുംദാഹത്തിന്റെ സന്ദര്‍ഭത്തില്‍ വെള്ളത്തിന്റെ ആവശ്യകതയും സ്ഥാനവും പ്രത്യേകം പറയേണ്ടതില്ല. ചൂടിലും തണുപ്പിലും സുരക്ഷയേകുന്ന വസ്ത്രവും പാര്‍പ്പിടവും ഏതൊരാളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീര്‍ത്തനങ്ങളും (ദിക്‌റുകളും) ഒരു യഥാര്‍ഥ അടിമയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ മനോഹരമായ സ്ഥാനത്ത് അവരോധിക്കാന്‍ കടപ്പെട്ടതാണ്. ആത്മാവിന്റെയും ഹൃദയത്തിന്റെയും ദോഷവും നാശവും ശരീരത്തിന്റെ നാശത്തെക്കാളും ദോഷത്തെക്കാളും എത്രമാത്രം ഗുരുതരമല്ല!

ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതും അതിനുണ്ടാകുന്ന നഷ്ടങ്ങളും നഷ്ടങ്ങള്‍ തന്നെയാണ്. എന്നാലും ഒരുപക്ഷേ ആ നഷ്ടങ്ങള്‍ നികത്തി അതിന്റെ നേട്ടങ്ങളും ഐശ്വര്യങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും നാശം പിന്നീട് ഒരിക്കലും നേട്ടവും വിജയവും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ്. ലാ ഹൗല വലാ ക്വുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിലൂടെ ഇതല്ലാതെ മറ്റൊരു നേട്ടവുമില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും ദിക്‌റിനെ കാര്യമായി ശ്രദ്ധിക്കാനും പരിഗണിക്കാനും പര്യാപ്തമാണിത്.

ആരെങ്കിലും അല്ലാഹുവിനെ മറന്നുകളഞ്ഞാല്‍ അയാളുടെ നഫ്‌സിനെത്തന്നെ ദുനിയാവില്‍ അവന്‍ മറപ്പിച്ചുകളയുകയും ചെയ്യും. അന്ത്യനാളില്‍ ശിക്ഷയില്‍ അയാളെ ഉപേക്ഷിക്കും. അല്ലാഹു പറയുന്നു:

''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്'' (ക്വുര്‍ആന്‍ 20:124).

അതായത്, നീ നമ്മുടെ ദൃഷ്ടാന്തങ്ങളെ  വിസ്മരിച്ച് അവയില്‍നിന്ന് ഉദ്‌ബോധനം ഉള്‍കൊള്ളാനോ അവയനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറാവാതെ കയ്യൊഴിച്ചതുപോലെ നീയും ശിക്ഷയില്‍ തള്ളപ്പെട്ടിരിക്കുകയാണ്.

അല്ലാഹുവിന്റെ 'ദിക്‌റില്‍'നിന്നുള്ള പിന്തിരിയല്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷയില്‍ ഒന്ന് അല്ലാഹു ഇറക്കിയ 'ദിക്ര്‍ '(ഉല്‍ബോധനം) അഥവാ അവന്റെ വിശുദ്ധ ഗ്രന്ഥമായ ക്വുര്‍ആനാണ്. അതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മറ്റൊന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നുള്ള പിന്തിരിയലാണ്. അതായത്, അവന്റെ വിശുദ്ധഗ്രന്ഥത്തിലൂടെയും അവന്റെ ഉല്‍കൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും മുഖേനയും അവന്റെ വിധിവിലക്കുകളും അനുഗ്രഹങ്ങളും ഔദാര്യങ്ങളും മുഖേനയുള്ള സ്മരണ. ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള പിന്തിരിയലിന്റെ അനുബന്ധങ്ങളാണ്. മേല്‍പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട 'ദിക്ര്‍' എന്ന പ്രയോഗം 'ഉല്‍ബോധനം' എന്ന അര്‍ഥത്തില്‍ ക്വുര്‍ആനിനെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ 'സ്മരണ' എന്ന അര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും അവനുള്ള സ്‌തോത്രകീര്‍ത്തനകളും ആകാം.

അതായത് ആരെങ്കിലും എന്റെ ഗ്രന്ഥത്തില്‍നിന്ന് പിന്തിരിയുകയും അത് പാരായണം ചെയ്യാതെയും അതിനെപ്പറ്റി ഉറ്റാലോചിക്കാതെയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് പഠിച്ചുമനസ്സിലാക്കാതെയും അതിനെ കയ്യൊഴിച്ചാല്‍ തീര്‍ച്ചയായും അത്തരക്കാരുടെ ജീവിതം ഞെരുക്കമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും. അത് അവര്‍ക്ക് പീഡനവും ശിക്ഷയുമായിരിക്കും.

'കുടുസ്സായ ജീവിതം' എന്ന പ്രയോഗം തന്നെ ഏറെ ചിന്തനീയമാണ്. ഞെരുക്കവും കാഠിന്യവും പ്രയാസങ്ങളും നിറഞ്ഞ ജീവിതവും അപ്രകാരംതന്നെ ബര്‍സഖീ ജീവിതത്തിന്റെ ശിക്ഷകളും കഷ്ടതകളുമാണ് അതിന്റെ വിവക്ഷ എന്നും ചില വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത് ഇഹലോകത്തെ ജീവിതവും ക്വബ്‌റിലെ ശിക്ഷയും രണ്ടും ഉള്‍കൊള്ളുന്നതാണ്. ഈ രണ്ട് അവസ്ഥയിലും അത്തരക്കാര്‍ ഞെരുക്കത്തിലും പ്രയാസങ്ങളിലും തന്നെയായിരിക്കും. പരലോകത്ത് വെച്ചാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കും.

ഇതിന് നേര്‍ വിപരീതമാണ് ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും ആളുകള്‍. ഇവരുടെ ഇഹലോക ജീവിതവും ബര്‍സഖീജീവിതവും ഏറെ വിശിഷ്ടമായിരിക്കും. പരലോകത്താകട്ടെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലവുമുണ്ടായിരിക്കും. അല്ലാഹു പറയുന്നു:

''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്...'' (ക്വുര്‍ആന്‍ 16:97). ഇത് ഐഹിക ജീവിതത്തില്‍ വെച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:

''അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 16:97).

അല്ലാഹു തആലാ പറയുന്നു: ''അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!'' (ക്വുര്‍ആന്‍ 16:41).

അല്ലാഹു പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 11:3).

ആദ്യത്തില്‍ പറഞ്ഞത് ദുനിയാവിലുള്ളതും അവസാനത്തില്‍ പറഞ്ഞത് പരലോകത്തുള്ളതും.

അല്ലാഹു പറയുന്നു: ''പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്'' (ക്വുര്‍ആന്‍ 39:10).

നന്മ ചെയ്തവര്‍ക്ക് തങ്ങളുടെ സുകൃതങ്ങളുടെ ഫലമായി ഇരുലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞ നാല് സന്ദര്‍ഭങ്ങളാണ് ഈ സൂക്തങ്ങള്‍. സുകൃതങ്ങള്‍ക്ക് അനിവാര്യമായ ചില പ്രതിഫലങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെയുണ്ടാകും. അപ്രകാരംതന്നെ ദുഷ്‌കര്‍മങ്ങള്‍ക്കും അനിവാര്യമായ ചില പ്രതിഫങ്ങള്‍ ഈ ലോകത്തുവെച്ച് ഉണ്ടാകുന്നതാണ്.

സുകൃതം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഹൃദയവിശാലതയും സന്തോഷവും വിശാല മനസ്‌കതയും പടച്ച റബ്ബുമായുള്ള ഇടപാട് മുഖേനയുള്ള ആസ്വാദനവും അല്ലാഹുവിനെ വഴിപ്പെടലും സ്മരിക്കലും അതിലൂടെ ലഭ്യമാകുന്ന ആത്മീയ സുഖവും തന്റെ റബ്ബിനെക്കൊണ്ടുള്ള അയാളുടെ ആഹ്ലാദവും സന്തോഷവും ബഹുമാന്യനായ ഒരു രാജാവിന്റെ അടുത്ത ബന്ധു ആ രാജാവിന്റെ അധികാരാധിപത്യത്താല്‍ സന്തോഷിക്കുന്നതിനെക്കാളും എത്രയോ വലുതായിരിക്കും!

എന്നാല്‍ ദുഷ്‌കര്‍മം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന മനസ്സിന്റെ കുടുസ്സതയും ഹൃദയകാഠിന്യവും ആസ്വസ്ഥതയും ഇരുട്ടും ദേഷ്യവും വെറുപ്പും ശത്രുതയും ഹൃദയവേദനയും ദുഖവും സങ്കടവും എല്ലാം ജീവനും ബോധവുമുള്ള ഒരാളും നിഷേധിക്കുമെന്ന് പോലും തോന്നുന്നില്ല. മാത്രമല്ല അത്തരം ദുഃഖങ്ങളും സങ്കടങ്ങളും മനോവ്യഥകളും മനസ്സിന്റെ കുടുസ്സതയുമെല്ലാം ഇഹലോകത്തുവെച്ചുള്ള ശിക്ഷയും ദുനിയാവിലെ കണ്‍മുന്നിലുള്ള നരകയാതനകളുമാണ്.

അല്ലാഹുവിലേക്ക് മുന്നിടലും അവനിലേക്ക് ഖേദിച്ച് മടങ്ങലും അവനിലേക്ക് തൃപ്തിപ്പെടലും അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുകയും അവനെ കൂടുതല്‍ അറിയുന്നതിലൂടെയുണ്ടാകുന്നു. സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.'

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: 'എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്' (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മുഅ ഫതാവ, 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി: 'ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.' അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു: 'അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദത്തിക' (അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ ). മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു: 'തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.'

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''...അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും'' (ക്വുര്‍ആന്‍ 57:13).

(അവസാനിച്ചില്ല)