ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 21)

എങ്ങനെയാണ് അവന്റെ വചനങ്ങള്‍ അവസാനിക്കുക; അതിന് തുടക്കമോ ഒടുക്കമോ ഇല്ല എന്നിരിക്കെ? സൃഷ്ടികള്‍ക്കാകട്ടെ ഒരു തുടക്കവും ഒടുക്കവുമുണ്ട്. അപ്പോള്‍ അവയ്ക്ക് അന്ത്യവും നാശവും സ്വാഭാവികമാണ്. സൃഷ്ടി സൃഷ്ടിയെയല്ലാതെ സ്രഷ്ടാവിനെ എങ്ങനെയാണ് ഇല്ലാതാക്കുക?

അവന്‍ ആദ്യമേയുള്ളവനാണ്. അവനുമുമ്പ് യാതൊന്നുമില്ല. അവന്‍ അന്തിമനുമാണ്. അവനുശേഷം യാതൊന്നുമില്ല. അവന്‍ എല്ലാറ്റിനെയും അതിജയിക്കുന്നവനാണ്. അവന്റെ മീതെ യാതാന്നുമില്ല. അവന്‍ ഏറെ നിഗൂഢതയുള്ളവനാണ്. അവനെക്കാള്‍ നിഗൂഢതയുള്ള യാതൊന്നുമില്ല. (അതായത് സര്‍വതിന്റെയും അകവും പുറവും നിഗൂഢതയുമെല്ലാം അവന്‍ അറിയുന്നു. അവനെ പൂര്‍ണമായി അറിഞ്ഞ് ഉള്‍കൊള്ളാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും കഴിയില്ല. അവന്റെ സൃഷ്ടികളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കയാണ് അവനെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുക എന്ന് സാരം-വിവര്‍ത്തകന്‍). അവന്‍ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമാകുന്നു. സ്മരിക്കപ്പെടുവാന്‍ ഏറ്റവും കടപ്പെട്ടവനും അര്‍ഹനുമാണവന്‍. ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍. സ്തുതിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ളവന്‍. നന്ദിയര്‍പ്പിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ടവന്‍. തേടുന്നവരെ ഏറ്റവും നന്നായി സഹായിക്കുന്നവന്‍. തന്റെ അധീനതയിലുള്ളവരോട് ഏറ്റവുമധികം കനിവും ദയയുമുള്ളവന്‍. ചോദിക്കപ്പെടുന്നവരില്‍ ഏറ്റവും ഉദാരതയുള്ളവന്‍. കഴിവുണ്ടായിരിക്കെ ഏറ്റവുമധികം മാപ്പുനല്‍കുന്നവന്‍. ലക്ഷ്യമാക്കി ചെയ്യുന്നവരില്‍ ഏറ്റവും മാന്യനും അത്യുദാരനുമാണവന്‍. ശിക്ഷാനടപടി സ്വീകരിക്കുന്നവരില്‍ ഏറ്റവും നീതിമാനുമാണവന്‍.

അറിഞ്ഞുകൊണ്ടാണ് അവന്റെ വിധിയും തീരുമാനങ്ങളും. കഴിവുണ്ടായിരിക്കെയാണ് അവന്റെ വിട്ടുവീഴ്ചയും മാപ്പാക്കലും. അജയ്യതയോടെയും പ്രതാപത്തോടെയുമാണ് അവന്‍ പൊറുത്തുകൊടുക്കുന്നത്. അവന്‍ കൊടുക്കാതിരിക്കുന്നതും ചില യുക്തിരഹസ്യങ്ങളാലാണ്. അവന്റെ അടുപ്പവും രക്ഷയും അവന്റെ കാരുണ്യത്തിന്റെയും നന്മയുടെയും ഭാഗമാണ്.

''അടിയാറുകള്‍ക്ക് അവന്റെ പക്കല്‍ അനിവാര്യമായും കിട്ടേണ്ട യാതൊരു അവകാശവും യാതൊരു പ്രയത്‌നവും അവന്റെയടുക്കല്‍ പാഴായിപ്പോ()കുന്നതുമല്ല. അവര്‍ ശിക്ഷിക്കപ്പെടുന്നുവെങ്കില്‍ അത് അവന്റെ നീതിമൂലമാണ്. അതല്ല അവര്‍ക്ക് സുഖാസ്വാദനങ്ങള്‍ നല്‍കപ്പെടുകയാണെങ്കില്‍ അത് അവന്റെ ഔദാര്യത്താലുമാണ്. അവന്‍ അത്യുദാരനും അതിവിശാലതയുള്ളവനുമാണ്'' (ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ 'മദാരിജുസ്സാലികീന്‍,' 'അക്വ്‌സാമുല്‍ ക്വുര്‍ആന്‍,' 'ബദാഇഉല്‍ ഫവാഇദ്,' 'ത്വരീക്വുല്‍ ഹിജ്‌റതൈന്‍' മുതലായ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചുള്ള പദ്യശകലങ്ങളാണിവ).

അവന്‍ യാതൊരു പങ്കുകാരനുമില്ലാത്ത രാജാധിരാജനാണ്. സമന്മാരില്ലാത്ത അതുല്യനാണ്. അതിജയിക്കാനാരുമില്ലാത്ത ധന്യനാണ്. സന്താനങ്ങളോ ഇണയോ ആവശ്യമില്ലാത്ത, സകലരുടെയും ആശ്രയമായിട്ടുള്ളവനും പരാശ്രയമുക്തനുമാണവന്‍. തുല്യരില്ലാത്ത അത്യുന്നതനാണ്. അവന്ന് പേരൊത്തവരായിട്ട് ആരുമില്ല. അവനല്ലാത്ത എല്ലാം നശിക്കുന്നതാണ്. അവന്റെ അധികാരമല്ലാത്ത സര്‍വ അധികാരങ്ങളും ആധിപത്യങ്ങളും അവസാനിക്കുന്നതാണ്. അവന്‍ നല്‍കുന്ന തണലല്ലാതെ സര്‍വ തണലുകളും നഷ്ടപ്പെടുന്നതാണ്. അവന്റെ ഔദാര്യമല്ലാത്ത മറ്റെല്ലാ ഔദാര്യവും നിലച്ചുപോകുന്നതാണ്.

അവന്റെ പ്രത്യേകമായ കാരുണ്യംകൊണ്ടും അനുഗ്രഹംകൊണ്ടുമാണ് അവനെ വഴിപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നത്. അവനെ ആരെങ്കിലും ധിക്കരിക്കുന്നത് അവന്റെ അറിവോടും അവന്റെ യുക്തിക്കനുസരിച്ചുമാണ്. അവന് വഴിപ്പെടുന്നവര്‍ക്ക് അവന്‍ കൃതജ്ഞത ചെയ്യുന്നു. അവനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് അവന്‍ വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അവന്റെ പക്കല്‍ നിന്നുള്ള ഏതൊരു ശിക്ഷാനടപടിയും നീതിയുക്തമാണ്. അവനില്‍നിന്നുള്ള ഏതൊരു അനുഗ്രഹവും അവന്റെ ഔദാര്യമാണ്. ഏറ്റവും അടുത്ത സാക്ഷിയും ഏറ്റവും സമീപസ്ഥനായ സംരക്ഷകനുമാണവന്‍. മനുഷ്യര്‍ക്കു മുമ്പില്‍ അവനെ ഈ ലോകത്തുവെച്ച് കാണാത്തവിധം അവന്‍ മറയിട്ടിരിക്കുന്നു. അവരുടെ മൂര്‍ധാവുകളില്‍ അവന്‍ പിടിച്ചിരിക്കുന്നു. കര്‍മങ്ങളുടെ അനന്തരഫലങ്ങള്‍ രേഖപ്പെടുത്തുന്നു. ഓരോന്നിന്റെയും അവധി അവന്‍ നിശ്ചയിച്ചിരിക്കുന്നു. ഹൃദയങ്ങള്‍ അവനുവേണ്ടി ഒഴിഞ്ഞിരിക്കുന്നതാണ്. രഹസ്യങ്ങള്‍ അവന്റെയടുക്കല്‍ പരസ്യങ്ങളാണ്. അദൃശ്യങ്ങള്‍ അവന്റെ പക്കല്‍ ദൃശ്യങ്ങളാണ്. അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനും ശിക്ഷ നല്‍കാനും അവന്റെ ഒരു വാക്ക് മതി.

മഹത്തായ ഈ ഗുണവിശേഷണങ്ങളുടെ പ്രകാശം ഏതെങ്കിലും ഹൃദയത്തില്‍ ഉദയം ചെയ്താല്‍ മറ്റെല്ലാ പ്രകാശങ്ങളും അതിന്റെ മുമ്പില്‍ നിഷ്പ്രഭമാവും. ഇതിന്റെ അപ്പുറത്തുള്ളത് ഒരാളുടെ മനസ്സിലും കോലപ്പെടുത്താനാവത്തതും വാചകങ്ങള്‍കൊണ്ട് അവതരിപ്പിക്കാന്‍ പറ്റാത്തതുമാണ്.

ചുരുക്കത്തില്‍, ദിക്ര്‍ മനുഷ്യന്റെ ഹൃദയത്തെയും മുഖത്തെയും അവയവങ്ങളെയും പ്രകാശിപ്പിക്കും. അത് ഒരു ദാസന്റെ ദുന്‍യാവിലെയും മരണാനന്തരമുള്ള ബര്‍സഖീലോകത്തെയും ശേഷമുള്ള പരലോകത്തെയും പ്രകാശമാണ്.

ഒരാളുടെ ഹൃദയത്തിലുള്ള ഈമാനിന്റെ പ്രകാശത്തിനനുസരിച്ച് അയാളുടെ വാക്കുകളും പ്രവൃത്തികളും പുറത്തേക്കുവരും. അവയ്ക്ക് ഈമാനിന്റെ പ്രകാശവും തെളിവും ഉണ്ടാകും. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചിലരുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുമ്പോള്‍ അത് സൂര്യന്റെ പ്രകാശം പോലെയായിരിക്കും. അപ്രകാരംതന്നെ അയാളുടെ ആത്മാവിന്റെ പ്രകാശവും. അത് അല്ലാഹുവിന്റെ അടുക്കല്‍ ചെന്നാല്‍ ഇതുപോലെയായിരിക്കും. അതേപോലെ നാളെ പരലോകത്ത് സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകുമ്പോഴും അയാളുടെ മുമ്പില്‍ പ്രകാശമുണ്ടാകും. അന്ത്യനാളില്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രകാശവും ഇങ്ങനെയായിരിക്കും. അല്ലാഹുവിനോടാണ് സഹായം തേടാനുള്ളത്. അവനിലാണ് ഭരമേല്‍പിക്കുന്നത്.

 'ദിക്ര്‍' കൊണ്ടുള്ള നേട്ടങ്ങളില്‍ മുപ്പത്തി ഏഴാമത്തേത്: നിശ്ചയം കാര്യങ്ങളില്‍വെച്ച് മുഖ്യമായത് 'ദിക്ര്‍' ആകുന്നു. എല്ലാ വിഭാഗത്തിന്റെയും മാര്‍ഗവും വിലായത്തിന്റെ ഖ്യാതിയും അതാണ്. അതിന്റെ വാതില്‍ ആര്‍ക്കെങ്കിലും തുറന്നുകിട്ടിയാല്‍ അല്ലാഹുവിന്റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള കവാടമാണ് അയാള്‍ക്ക് അതിലൂടെ തുറന്നുകിട്ടുന്നത്. അതിനാല്‍ അയാള്‍ ശുദ്ധിവരുത്തുകയും തന്റെ റബ്ബിന്റെ അടുക്കലേക്ക് കടന്നുചെല്ലുകയും ചെയ്യട്ടെ. അപ്പോള്‍ (അവന്റെയടുക്കല്‍) അയാള്‍ക്ക് ആഗ്രഹിച്ചതെല്ലാം കണ്ടെത്താന്‍ കഴിയും. റബ്ബിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ എല്ലാം നേടിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കും. റബ്ബിനെ നഷ്ടപ്പെട്ടാല്‍ സര്‍വവും നഷ്ടപ്പെടുകയും ചെയ്യും.

മുപ്പത്തിയെട്ട്: നിശ്ചയം, ഹൃദയത്തില്‍ ഒരു വിടവും ഒരു ദാരിദ്ര്യവുമുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള 'ദിക്ര്‍'കൊണ്ടല്ലാതെ അത് പരിഹരിക്കാന്‍ സാധിക്കുകയേ ഇല്ല. ഹൃദയത്തിന്റെ അടയാളമായി (ശിആര്‍) 'ദിക്ര്‍' മാറിയാല്‍ അതായത്, ഹൃദയംതൊട്ടുള്ള ദിക്‌റിന്റെ വക്താവായി അയാള്‍ മാറുകയും നാവ് അതിനെ അനുഗമിക്കുകയും ചെയ്താല്‍, അതാണ് പ്രസ്തുത വിടവ് നികത്തുന്നതും ദാരിദ്ര്യം ഇല്ലാതാക്കി ഐശ്വര്യം നല്‍കുന്നതുമായ ദിക്ര്‍. അപ്പോള്‍ അങ്ങനെയുള്ള ദിക്‌റിന്റെ വക്താവ് സമ്പത്തില്ലാതെതന്നെ സമ്പന്നനാകും. ബന്ധുക്കളില്ലെങ്കിലും അയാള്‍ പ്രതാപിയാകും. അധികാരമില്ലെങ്കിലും അയാളോട് മറ്റുള്ളവര്‍ക്ക് ബഹുമാനാദരവുകളുണ്ടാവും. എന്നാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്‌റില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്ന ആളാണെങ്കില്‍ നേരെ വിപരീതമായിരിക്കും അയാളുടെ സ്ഥിതി. ധാരാളം സ്വത്തുവകകളുണ്ടായിരുന്നാലും അയാള്‍ ദരിദ്രനായിരിക്കും. അധികാരമുള്ളതോടൊപ്പം നിന്ദ്യനും ബന്ധുമിത്രാദികളുടെ ബാഹുല്യമുണ്ടെങ്കിലും അന്തസ്സും പ്രതാപവും ഇല്ലാത്തവനുമായിരിക്കും അയാള്‍.

മുപ്പത്തി ഒമ്പത്: തീര്‍ച്ചയായും ദിക്ര്‍ ഛിന്നഭിന്നമായതിനെ കൂട്ടിയോജിപ്പിക്കുകയും വേറെചില കൂടിച്ചേരലുകളെ ഛിന്നഭിന്നമാക്കിക്കളയുകയും ചെയ്യും. അകന്നുനില്‍ക്കുന്ന ചിലതിനെ അടുപ്പിക്കുകയും അടുത്തുനില്‍ക്കുന്ന ചിലതിനെ അകറ്റിക്കളയുകയും ചെയ്യും. ഒരാളുടെ മനസ്സില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെയും അഭിലാഷങ്ങളെയും തീരുമാനങ്ങളെയും അത് യോജിപ്പിക്കും. ഏറ്റവും വലിയ ദുരിതം എന്നു പറയുന്നത് അവയുടെ കുത്തഴിഞ്ഞ ഈ ചിതറിക്കിടക്കലാണ്. ശരിയായ ജീവിതവും സുഖാസ്വാദനവും ഹൃദയത്തിന്റെയും ഉന്നതാഭിലാഷങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയുമൊക്കെ കെട്ടുറപ്പിലും യോജിപ്പിലുമാണ്.

ഒരാളുടെ മുന്നില്‍ ഒത്തുകൂടിയ സങ്കടങ്ങെളയും ദുഃഖങ്ങളെയും ആഗ്രഹിച്ചതും കൊതിച്ചതുമൊക്കെ കിട്ടാതെപോയതിലുള്ള നഷ്ടങ്ങളെയും ഖേദങ്ങളെയും കുറിച്ചുള്ള അസ്വസ്ഥതകളെയുമെല്ലാം 'ദിക്ര്‍' തകര്‍ത്ത് ദൂരെക്കളയും.

അതേപോലെ തന്റെ ചുറ്റിലും ഒരുമിച്ചുകൂടിയ പാപങ്ങളെയും തെറ്റുകുറ്റങ്ങളെയുമെല്ലാം അയാളില്‍ നിന്ന് അത് തകര്‍ത്ത് ശിഥിലമാക്കും. അങ്ങനെ അവയെല്ലാം അയാളില്‍നിന്ന് കൊഴിഞ്ഞുവീണ് തകര്‍ന്ന് ഇല്ലാതായിത്തീരും. അപ്രകാരംതന്നെ അയാള്‍ക്കുനേരെ യുദ്ധം ചെയ്യാനൊരുങ്ങി സംഘടിച്ചെത്തിയ പിശാചിന്റെ സൈന്യത്തെ അത് തകര്‍ത്തെറിയും. ഇബ്‌ലീസ് തന്റെതായ ഓരോ സംഘത്തെയും ഒന്നിനു പിന്നാലെ മറ്റൊന്നായി പറഞ്ഞയച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിനോട് ഏറ്റവും ശക്തമായി തേടിക്കൊണ്ടിരിക്കുകയും അവനെ ഏറ്റവും ശക്തമായി അവലംബിക്കുകയും ആശ്രയിക്കുകയും അവനുമായി ബന്ധം സുദൃഢമാക്കുകയും ചെയ്യുമ്പോള്‍ നന്മയുടെ വിഭവങ്ങള്‍ ഒരു അടിമയുടെ പക്കല്‍ കൂടുന്നതിനനനുസരിച്ച് ഇബ്‌ലീസിന്റെ സംഘങ്ങള്‍ അധികരിക്കുകയും ശക്തമാവുകയും ചെയ്യും. ഈ സംഘങ്ങളെയും സന്നാഹങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ നിരന്തരമുള്ള ദിക്‌റിനോളം ഫലപ്രദമായ മറ്റു വഴികളില്ല.

അകന്നുനില്‍ക്കുന്നതിനെ 'ദിക്ര്‍' അടുപ്പിക്കുമെന്ന് പറഞ്ഞത്; പിശാച് ഒരു അടിമയില്‍നിന്ന് അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുന്ന പരലോകചിന്തകളെയും മോഹങ്ങളെയും ദിക്ര്‍ അയാളിലേക്ക് അടുപ്പിച്ചുകൊണ്ടുവരുമെന്നതിനെ കുറിച്ചാണ്. ദിക്‌റുകള്‍കൊണ്ട് നാവും മനസ്സും നിരന്തരമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ അയാള്‍ ആ സ്വര്‍ഗത്തിനടുത്തെത്തി അതില്‍ പ്രവേശിച്ചതുപോലെയായിരിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ദുന്‍യാവ് വളരെ ചെറുതായിരിക്കും. പരലോകം അയാളുടെ ഹൃദയത്തില്‍ ഏറ്റവും വലുതാവുകയും ചെയ്യും.

അടുത്തതിനെ അകറ്റും എന്ന് പറഞ്ഞത് ദുന്‍യാവിനെ കുറിച്ചാണ്. പരലോകത്തെക്കാള്‍ ഒരാളോട് അടുത്തുള്ളത് ഇഹലോകമാണല്ലോ. ഒരാളുടെ ഹൃദയത്തോട് പരലോകചിന്ത എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് ദുന്‍യാവിനെ കുറിച്ചുള്ള മോഹങ്ങള്‍ അകന്നുപോയിക്കൊണ്ടിരിക്കും. പരലോകത്തോടടുക്കുവാനും ദുന്‍യാവിനോടകലുവാനും നിരന്തരമായ 'ദിക്ര്‍' കൊണ്ടല്ലാതെ സാധിക്കുകയില്ല. അല്ലാഹുവാണ് സഹായിക്കേണ്ടവന്‍.

നാല്‍പത്: നിശ്ചയം, ദിക്ര്‍ ഹൃദയത്തെ അതിന്റെ ഉറക്കില്‍നിന്നും വിളിച്ചുണര്‍ത്തും. ആലസ്യത്തില്‍ നിന്നും തട്ടിയുണര്‍ത്തും. ഹൃദയം ഉറക്കത്തിലായാല്‍ കച്ചവടങ്ങളും ലാഭങ്ങളും ഇല്ലാതാവും. പിന്നെ മിക്കവാറും അയാള്‍ക്ക് നഷ്ടം തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ അയാള്‍ ഉണര്‍ന്നെണീറ്റ് തന്റെ ഉറക്കത്തിലൂടെ നഷ്ടമായതിനെ കുറിച്ച് തിരിച്ചറിഞ്ഞാല്‍ അരയും തലയും മുറുക്കി അയാള്‍ പരിശ്രമിക്കും. തന്റെ ശേഷിക്കുന്ന ആയുസ്സിനെ അയാള്‍ സജീവമാക്കും. തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ ശ്രമിക്കും. ദിക്ര്‍ കൊണ്ടല്ലാതെ പ്രസ്തുത ഉണര്‍വ്വും ഊര്‍ജവും ലഭിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാകട്ടെ അത് ഗാഢനിദ്രയാണ്. (തുടരും)