ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

(ഭാഗം: 23)

ഒരു കവി പറഞ്ഞതുപോലെ: ''ഹൃദയത്തില്‍നിന്നും നിങ്ങളെ വിസ്മൃതിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹമുണ്ട്. പക്ഷേ, പ്രകൃതം അതിന് സമ്മതിക്കുന്നില്ല.''

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാവുകൊണ്ടുള്ള ദിക്ര്‍ നമുക്ക് മതം പഠിപ്പിച്ചിട്ടില്ല; നബി ﷺ പ്രേരിപ്പിച്ചിട്ടുമില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്നുമില്ല.

അബ്ദുല്ലാഹിബ്‌നു അബില്‍ ഹുദൈല്‍(റ) പറയുന്നു: ''നിശ്ചയമായും അങ്ങാടിയില്‍വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് അവനിഷ്ടമാണ്. ഏത് അവസ്ഥയിലും അവനെ ഓര്‍ക്കുന്നത് (അഥവാ നാവുകൊണ്ട് ദിക്ര്‍ പറയുന്നത്) അവനിഷ്ടമാണ്; മലമൂത്ര വിസര്‍ജന സ്ഥലത്തൊഴികെ'' (അബൂനുഐം 'ഹില്‍യ'യിലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും ഉദ്ധരിച്ചത്).

ഈ ഒരവസ്ഥയില്‍ ലജ്ജ (നാണം) തോന്നലും അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ചും അവന്‍ ചെയ്ത അനുഗ്രഹത്തെക്കുറിച്ചുമുള്ള ബോധമുണ്ടാവലും തന്നെ മതിയാകും. അതാകട്ടെ ഏറ്റവും മഹത്തരമായ ഒരു ദിക്ര്‍ ആണല്ലോ. ഓരോ സന്ദര്‍ഭത്തിലും അതിനനുസരിച്ചാണ് ദിക്ര്‍. ഈ സന്ദര്‍ഭത്തിനനുയോജ്യമായത് അല്ലാഹുവിനോടുള്ള ലജ്ജയുടെയും ആദരവിന്റെയും വസ്ത്രത്തില്‍ പൊതിഞ്ഞ ദിക്ര്‍ ആണ്. അവന്റെ അനുഗ്രഹത്തെക്കുറിച്ചും അവന്‍ ചെയ്തുതന്ന നന്മകളെക്കുറിച്ചുമൊക്കെയുള്ള സ്മരണയാണ്. ഈ വിസര്‍ജ്യം ബുദ്ധിമുട്ടുകള്‍ നീക്കി പുറത്തുകളയാന്‍ പടച്ചവനൊരുക്കിയ സൗകര്യവും അതിലെ നന്മയും എത്ര മഹത്തരമാണ്. അതു പുറത്തുപോകാതെ അവിടെത്തന്നെ അടഞ്ഞുകൂടിയാല്‍ മരണംതന്നെ സംഭവിച്ചേക്കും. ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയതുപോലെ തന്നെയാണ് അതിനു ശേഷം അതിന്റെ വിസര്‍ജ്യം പുറത്തുകളയാനുള്ള സൗകര്യങ്ങളിലെയും അവന്റെ അനുഗ്രഹങ്ങള്‍.

അലിയ്യുബ്‌നു അബീത്വാലിബ്(റ) മല-മൂത്ര വിസര്‍ജന സ്ഥലത്തുനിന്ന് പുറത്തിറങ്ങിയാല്‍ തന്റെ വയറ് തടവിക്കൊണ്ട് ഇപ്രകാരം പറയുമായിരുന്നുവത്രെ: 'എത്ര വലിയ അനുഗ്രഹമാണിത്. ജനങ്ങള്‍ അതിന്റെ മഹത്ത്വം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!' (ഇബ്‌നു അബിദ്ദുന്‍യാ 'അശ്ശുക്ര്‍' എന്ന ഗ്രന്ഥത്തിലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്-കുറിപ്പുകാരന്‍).

മുന്‍ഗാമികളില്‍ (സലഫുകള്‍) ചിലര്‍  ഇങ്ങനെ പറയുമായിരുന്നു: ''വിസര്‍ജ്യം പുറന്തള്ളിയതിന്റെ സുഖം എനിക്കനുഭവിപ്പിച്ച അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും. അതിലെ ഉപകാരങ്ങള്‍ എന്നില്‍ നിലനിര്‍ത്തുകയും അതിന്റെ ഉപദ്രവങ്ങള്‍ എന്നില്‍നിന്നും അവന്‍ നീക്കുകയും ചെയ്തു'' (ത്വബ്‌റാനി 'അദ്ദുആഇ'ല്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര ദുര്‍ബലമാണ്).

അപ്രകാരം തന്നെയാണ് ഭാര്യാഭര്‍തൃബന്ധത്തിന്റെ വേളയിലുള്ള ദിക്‌റും. അല്ലാഹു അയാള്‍ക്ക് ചെയ്ത പ്രസ്തുത അനുഗ്രഹത്തെ അയാള്‍ സ്മരിക്കുന്നു. അത് ദുന്‍യാവിലെ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തരമായ ഒന്നാണ്. അല്ലാഹു തനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഒരാള്‍ ഓര്‍ക്കുമ്പോള്‍ അത് അയാളുടെ മനസ്സില്‍ നന്ദിയുടെ ആന്ദോളനം സൃഷ്ടിക്കും. ദിക്ര്‍ നന്ദിയുടെ പ്രധാന ഘടകമാണ്.

നബി ﷺ മുആദി(റ)നോട് പറഞ്ഞു: ''മുആദേ, അല്ലാഹുവാണെ, തീര്‍ച്ചയായും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരു നമസ്‌കാര ശേഷവും ഇപ്രകാരം പറയാന്‍ നീ മറക്കരുത്; 'അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ആരാധനകളര്‍പ്പിക്കുവാനും എന്നെ നീ സഹായിക്കേണമേ'' (അഹ്മദ്, അബൂദാവൂദ്).

'ദിക്‌റി'നെയും 'ശുക്‌റി'നെയും (പ്രകീര്‍ത്തനവും നന്ദിയും) ഇവിടെ ചേര്‍ത്തു. അല്ലാഹുവും ഇവ രണ്ടും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു:

''ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്'' (ക്വുര്‍ആന്‍ 2:152).

അപ്പോള്‍ റബ്ബിനെ പ്രകീര്‍ത്തിക്കലും നന്ദിചെയ്യലും (ദിക്‌റും ശുക്‌റും) ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും കേന്ദ്രബിന്ദുവാണ്.

നാല്‍പത്തിയഞ്ച്: സൃഷ്ടികളില്‍ അല്ലാഹു ഏറ്റവുമധികം ആദരവു നല്‍കുന്നത് ദിക്ര്‍കൊണ്ട് നാവ് സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്ന സൂക്ഷ്മതാബോധമുള്ളവര്‍ക്കാണ്. അത്തരക്കാര്‍ അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ അവനെ സൂക്ഷിക്കും. അവനെക്കുറിച്ചുള്ള ദിക്ര്‍ അവരുടെ അടയാളമായിരിക്കും.

സൂക്ഷ്മതാബോധം (തക്വ്‌വ) നരകമോചനവും സ്വര്‍ഗ പ്രവേശനവും അയാള്‍ക്ക് അനിവാര്യമാക്കുന്നു. അതാണ് അതിനുള്ള പ്രതിഫലവുും കൂലിയും. എന്നാല്‍ 'ദിക്ര്‍' ആകട്ടെ, അത് അയാളെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അവനോടുള്ള സാമിപ്യം ഉറപ്പിക്കുകയും ചെയ്യുന്നു. അതാണ് യഥാര്‍ഥ സ്ഥാനവും പദവിയും.

പരലോകത്തിനുവേണ്ടി പണിയെടുക്കുന്നവര്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്, പ്രതിഫലത്തിനും കൂലിക്കും വേണ്ടി പണിയെടുക്കുന്നവര്‍. മറ്റൊന്ന് യഥാര്‍ഥ സ്ഥാനത്തിനും പദവിക്കും വേണ്ടി പരിശ്രമിക്കുന്നവര്‍. അവര്‍ അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതപദവിക്കായി മറ്റുള്ളവരോട് മത്സരിക്കുകയായിരിക്കും. അങ്ങനെയവര്‍ മറ്റുള്ളവരെ അതിജയിച്ച് അല്ലാഹുവിലേക്ക് സാമിപ്യം നേടും.

ഈ രണ്ടു വിഭാഗത്തെക്കുറിച്ചും അല്ലാഹു സൂറത്തുല്‍ ഹദീദില്‍ പ്രതിപാദിച്ചിട്ടുണ്ട്: ''തീര്‍ച്ചയായും ധര്‍മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്'' (57:18).

ഈ പറയപ്പെട്ടത് പ്രതിഫലത്തിന്റെയും കൂലിയുടെയും ആളുകളെക്കുറിച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു: ''എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍തന്നെയാണ് സത്യസന്ധന്മാര്‍ (സ്വിദ്ദീക്വുകള്‍)'' (57:19).

ഇക്കൂട്ടരാണ് സ്ഥാനത്തിന്റെയും പദവിയുടെയും വക്താക്കള്‍. ശേഷം പറഞ്ഞു: 'സത്യസാക്ഷികള്‍, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലവും അവരുടെ പ്രകാശവും ഉണ്ടായിരിക്കും.' അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ എന്ന് പറഞ്ഞതിലേക്കാണ് ഇതിന്റെ ബന്ധം. അവരെക്കുറിച്ചാണ് 'അവര്‍ സത്യസന്ധന്മാരാണ്' എന്നും 'സമുദായങ്ങള്‍ക്ക് സാക്ഷികളാകുന്ന സത്യസാക്ഷികള്‍' എന്നും പരാമര്‍ശിച്ചത്. ശേഷം അവരെക്കുറിച്ച് മറ്റൊരു കാര്യംകൂടി പറഞ്ഞു: 'അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ട്.' അപ്പോള്‍ അവരെക്കുറിച്ച് നാല് കാര്യങ്ങള്‍ പറഞ്ഞു: അവര്‍ സത്യസന്ധന്മാരാണ് (സ്വിദ്ദീക്വുകള്‍), സത്യസാക്ഷികളാണ് (ശുഹദാക്കള്‍). ഇതാണ് സ്ഥാനവും പദവിയും. എന്നിട്ട് അവരെക്കുറിച്ച് 'അവര്‍ക്ക് പ്രതിഫലവും പ്രകാശവുമുണ്ട്' എന്നും പറഞ്ഞു. അതാണ് പ്രതിഫലവും പാരിതോഷികവും.

മറ്റൊരു വിശദീകരണം ഇങ്ങനെയാണ്: 'അവര്‍ സത്യസന്ധന്മാരാണ്' എന്ന വാചകം അവിടെ പൂര്‍ണമായി. ശേഷം സത്യസാക്ഷികളുടെ അവസ്ഥ പറഞ്ഞതാണത്രെ 'സത്യസാക്ഷികള്‍, അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ അവരുടെ പ്രതിഫലവും പ്രകാശവുമുണ്ട്' എന്നത്.

അപ്പോള്‍ പുണ്യത്തിന്റെയും നന്മയുടെയും വക്താക്കളായ ധര്‍മിഷ്ഠരെ പറഞ്ഞു. ശേഷം വിശ്വാസം ഹൃദയത്തില്‍ വേരുറച്ച, ഈമാന്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസികളെക്കുറിച്ചും പരാമര്‍ശിച്ചു. അവരാണ് സ്വിദ്ദീക്വുകള്‍. അവര്‍ വിജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ആളുകളാണ്. ആദ്യം പറഞ്ഞവര്‍ നന്മയുടെയും പുണ്യത്തിന്റെയും ആളുകളും. പക്ഷേ, ഇക്കൂട്ടരാണ് അവരെക്കാള്‍ സത്യസന്ധതയില്‍ പൂര്‍ണത കൈവരിച്ചവര്‍.

എന്നിട്ട് അല്ലാഹു ശുഹദാക്കളെക്കുറിച്ച് 'അവര്‍ക്ക് അവന്‍ ഉപജീവനവും പ്രകാശവും നല്‍കു'മെന്ന് അറിയിച്ചു. കാരണം, അവര്‍ അവരെ അല്ലാഹുവിന്ന് സമര്‍പ്പിച്ചവരാണ.് അതിന്ന് പകരമായി അല്ലാഹു അവരെ അവന്റെയടുക്കല്‍ ജീവിക്കുന്നവരും ഉപജീവനം നല്‍കുന്നവരുമാക്കി. അവര്‍ക്കുള്ള ഉപജീവനവും പ്രകാശവും അവന്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കും. അവരാണ് സൗഭാഗ്യവാന്മാരായ വിജയികള്‍.

പിന്നീട് ദൗര്‍ഭാഗ്യവന്മാരായ പരാജിതരെക്കുറിച്ചു പറഞ്ഞു:

''അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍'' (5:10; 5:86).

ചുരുക്കത്തില്‍, അല്ലാഹു പ്രതിഫലത്തിന്റെയും പദവികളുടെയും ആളുകളെക്കുറിച്ചു പറഞ്ഞു. ഈ രണ്ടു കാര്യങ്ങളുമാണ് ഫിര്‍ഔന്‍ മൂസാ നബി(അ)യെ പരാജയപ്പെടുത്തിയാല്‍ സാഹിറുകള്‍ക്ക് (ജാലവിദ്യക്കാര്‍ക്ക്) നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

''അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (26:41,42).

അതായത്, ഞാന്‍ നിങ്ങള്‍ക്ക് പ്രതിഫലവും എന്റെയടുക്കല്‍ മികച്ച സ്ഥാനമാനങ്ങളും എന്നോടുള്ള പ്രത്യേക സാമിപ്യവും നല്‍കാം എന്നാണ് ഫിര്‍ഔന്‍ അവരോട് പറഞ്ഞത്.

കര്‍മം ചെയ്യുന്നവര്‍ പ്രതിഫലത്തിനായി കര്‍മം ചെയ്യുന്നു. ജ്ഞാനികള്‍ അല്ലാഹുവിന്റെയടുക്കലുള്ള പ്രത്യേക സ്ഥാനത്തിനും പദവികള്‍ക്കും അടുപ്പത്തിനും വേണ്ടി കര്‍മം ചെയ്യുന്നു. ജ്ഞാനികളുടെ ഹൃദയത്തിന്റെ കര്‍മങ്ങള്‍ കര്‍മികളുടേതിനെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ ശരീരംകൊണ്ടുള്ള കര്‍മങ്ങള്‍ ഒരുപക്ഷേ, അവരെക്കാള്‍ കൂടുതല്‍ ചെയ്യുന്നത് കര്‍മികള്‍ ആയിരിക്കും.

മുഹമ്മദുബ്‌നു കഅ്ബ് അല്‍ഖുറളി(റ) പറഞ്ഞതായി ഇമാം ബൈഹക്വി ഉദ്ധരിക്കുന്നു: ''മൂസാ നബി(അ) പറഞ്ഞു: 'പടച്ചവനേ... നിന്റെ സൃഷ്ടികളില്‍ ആരാണ് നിന്റെയടുക്കല്‍ ഏറ്റവും ആദരണീയന്‍?' അല്ലാഹു പറഞ്ഞു: 'എന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് സദാസമയവും നാവ് ദിക്‌റിനാല്‍ പച്ചപിടിച്ചു നില്‍ക്കുന്നവന്‍.' അദ്ദേഹം ചോദിച്ചു: 'പടച്ചവനേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും അറിവുള്ളത് ആര്‍ക്കാണ്?' അല്ലാഹു പറഞ്ഞു: 'തന്റെ ജ്ഞാനത്തിലേക്ക് മറ്റുള്ളവരുടെ ജ്ഞാനവും കൂടി തേടുന്നവന്‍.' മൂസാ (അ) ചോദിച്ചു: 'അല്ലാഹുവേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ നീതിമാന്‍ ആരാണ്?' അല്ലാഹു പറഞ്ഞു: 'ജനങ്ങളോട് വിധിക്കുന്നതുപോലെ സ്വന്തത്തോടും വിധിക്കുന്നവന്‍.' അദ്ദേഹം ചോദിച്ചു: 'പടച്ചവനേ, നിന്റെ പടപ്പുകളില്‍ ഏറ്റവും വലിയ പാപിയാരാണ്?' അല്ലാഹു പറഞ്ഞു: 'എന്നെ തെറ്റിദ്ധരിക്കുന്നവന്‍.' മൂസാ(അ) ചോദിച്ചു: 'രക്ഷിതാവേ, നിന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ?' അല്ലാഹു പറഞ്ഞു: 'എന്നോട് നല്ലതിനെ ചോദിക്കുകയും ഞാന്‍ വിധിച്ചു നല്‍കിയതില്‍ തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍' (ബൈഹക്വി, 'ശുഅബുല്‍ ഈമാന്‍').

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ''മൂസാനബി(അ) സീനാപര്‍വതത്തിലേക്കു പോയപ്പോള്‍ ചോദിച്ചു: 'അല്ലാഹുവേ, നിന്റെ അടിമകളില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്?' അല്ലാഹു പറഞ്ഞു: 'എന്നെ സദാ സ്മരിക്കുന്ന, ഒരിക്കലും എന്നെ വിസ്മരിക്കാത്തവരെ'' (ബൈഹക്വി 'ശുഅബുല്‍ഈമാനി'ലും ത്വബ്‌രി തന്റെ 'തഫ്‌സീറി'ലും 'താരീഖി'ലും ഖത്വീബുല്‍ ബാഗ്ദാദി 'അര്‍രിഹ്‌ലത്തു ഫീ ത്വലബില്‍ ഹദീഥ്' എന്ന ഗ്രന്ഥത്തിലും ഇതുപോലെ ഉദ്ധരിക്കുന്നുണ്ട്-കുറിപ്പുകാരന്‍).

കഅ്ബ്(റ) പറയുന്നു: ''മൂസാ നബി(അ) ചോദിച്ചു: 'രക്ഷിതാവേ, നീ ഏറെ സമീപത്തുള്ളവനാണോ? എങ്കില്‍ എനിക്ക് നീയുമായി രഹസ്യസംഭാഷണം നടത്താമായിരുന്നു. അതല്ല, നീ ദൂരെയുള്ളവനാണോ, അങ്ങനെയെങ്കില്‍ എനിക്ക് നിന്നെ വിളിക്കാനാണ്.'' അപ്പോള്‍ അല്ലാഹു പറഞ്ഞുവത്രെ: ''മൂസാ, എന്നെ സ്മരിക്കുന്നവരുടെ സമീപത്തുതന്നെ ഞാനുണ്ട്.'' മൂസാ(അ) പറഞ്ഞു: ''നിന്നോടുള്ള ബഹുമാനാദരങ്ങളാല്‍ നിന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ മടിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ആകുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?'' അല്ലാഹു ചോദിച്ചു: ''എന്താണത് മൂസാ?'' അദ്ദേഹം പറഞ്ഞു: ''മല-മൂത്ര വിസര്‍ജന വേളയിലും വലിയ അശുദ്ധിയുടെ അഥവാ ജനാബത്തിന്റെ സന്ദര്‍ഭത്തിലും.'' അല്ലാഹു പറഞ്ഞു: 'നീ എന്നെ ഏത് അവസ്ഥയിലും പ്രകീര്‍ത്തിച്ചുകൊള്ളുക'' (അഹ്മദ് 'അസ്സുഹ്ദി'ലും ഇബ്‌നു അബീ ശൈബ 'മുസ്വന്നഫി'ലും അബൂനുഐം 'ഹില്‍യ'യിലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും ഉദ്ധരിച്ചത്).

ഉബൈദുബ്‌നു ഉമൈര്‍(റ) പറഞ്ഞു: ''സത്യവിശ്വാസിയുടെ ഏടിലുള്ള, അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പമുള്ള ഒരു പ്രകീര്‍ത്തനം (ഹംദിനോടൊപ്പമുള്ള തസ്ബീഹ്) ഇഹലോകത്തെ പര്‍വതങ്ങള്‍ക്ക് സമാനമായ സ്വര്‍ണത്തെക്കാള്‍ അവന് ഉത്തമമാണ്'' (ഇബ്‌നുല്‍ മുബാറക് 'സുഹ്ദി'ലും ഇബ്‌നു അബീശൈബ 'മുസ്വന്നഫി'ലും അബൂനുഐം 'ഹില്‍യ'യിലും ബൈഹക്വി 'ശുഅബൂല്‍ ഈമാനി'ലും ഉദ്ധരിച്ചത്).

ഹസന്‍(റ) പറഞ്ഞു: ''അന്ത്യനാള്‍ ആസന്നമായാല്‍ ഒരാള്‍ വിളിച്ചു പറയും: 'ഈ സംഗമത്തിന്റെ ആളുകള്‍ക്ക് അറിയാന്‍ കഴിയും, ആരാണ് ഔദാര്യത്തിന് ഏറ്റവും കടപ്പെട്ടതെന്ന്. എവിടെയാണ് ഈ പറയപ്പെട്ടവര്‍?'' ''ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും'' (32:16). അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ടു അവര്‍ ചെല്ലും. പിന്നെയും ഒരാള്‍ വിളിച്ചു പറയും: 'ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അര്‍ഹപ്പെട്ടവരെന്ന്. എവിടെയാണ് കച്ചവടവും ഇടപാടുകളും അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാക്കിക്കളയാതിരുന്നവര്‍?'' ''ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍നിന്നും, സകാത്ത് നല്‍കുന്നതില്‍നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു''(24:37). അപ്പോള്‍ അവരും എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ട് ചെല്ലും. വീണ്ടും ഒരാള്‍ വിളിച്ചു പറയും: 'ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അവകാശപ്പെട്ടവരെന്ന്. എല്ലാ അവസ്ഥയിലും അല്ലാഹുവിനെ ധാരാളമായി സ്തുതിച്ചിരുന്നവര്‍ എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവരും എഴുന്നേറ്റ് ചെല്ലും. അവര്‍ ധാരാളമുണ്ടാകും. പിന്നീടാണ് വിചാരണയും കര്‍മഫലങ്ങളും ശേഷിക്കുന്നവരില്‍ ഉണ്ടാവുക'' (മുസ്വന്നഫ് അബ്ദുര്‍റസാക്വിലും ബൈഹക്വി ശുഅബുല്‍ ഈമാനിലും ഉദ്ധരിച്ചത്).

ഒരാള്‍ വന്നിട്ട് അബൂ മുസ്‌ലിമുല്‍ ഖൗലാനിയോട് പറഞ്ഞു: ''അല്ലയോ അബൂമുസ്‌ലിം, താങ്കള്‍ എന്നെ ഒന്ന് ഉപദേശിച്ചാലും.' അദ്ദേഹം പറഞ്ഞു: 'നീ ഏത് കുഗ്രാമത്തിലോ വൃക്ഷച്ചുവട്ടിലോ ആയിരുന്നാലും അല്ലാഹുവിനെ സ്മരിക്കുക.' 'ഇനിയും അധികരിപ്പിച്ചാലും' എന്ന് അയാള്‍ അവശ്യപ്പെട്ടപ്പോള്‍ അബൂമുസ്‌ലിം പറഞ്ഞു: ആളുകള്‍ നിന്നെ ഒരു ഭ്രാന്തനെന്ന് കരുതുവോളം നീ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുക.' അബൂമുസ്‌ലിം ധാരാളമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന (ദിക്ര്‍ ചെയ്യുന്ന) ആളായിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തെ കാണുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു: 'നിങ്ങളുടെ ചങ്ങാതിക്ക് ഭ്രാന്താണോ?' അപ്പോള്‍ അതുകേട്ട അബൂ മുസ്‌ലിം പറഞ്ഞു: 'സഹോദരാ, ഇത് ഭ്രാന്തല്ല, പ്രത്യുത ഭ്രാന്തില്ലാതിരിക്കാനുള്ള ചികിത്സയാണ്'' (ബൈഹഖി സശുഅബുല്‍ ഈമാനിലും ഇബ്‌നു അസാക്കിര്‍ സതാരീഖു ദിമശ്ഖിലും ഉദ്ധരിച്ചത്). (തുടരും)