ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 20)

മലക്കുകളുടെ സൃഷ്ടിപ്പ് പ്രകാശത്താലായതിനാല്‍ അവരാണ് അല്ലാഹുവിന്റെ അടുക്കലേക്ക് കയറിപ്പോകുന്നത്. അപ്രകാരംതന്നെയാണ് സത്യവിശ്വാസികളുടെ ആത്മാക്കളും. അവരെ മലക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ അല്ലാഹുവിന്റെ സമക്ഷത്തിങ്കലേക്ക് കയറിപ്പോകും. അങ്ങനെ ആകാശത്തിന്റെ ഓരോ കവാടങ്ങള്‍ അവര്‍ക്കുവേണ്ടി തുറന്നുകൊടുക്കും. ഏഴാനാകാശത്തില്‍ എത്തിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ നിറുത്തപ്പെടും. എന്നിട്ട് 'ഇല്ലിയ്യീനി'ല്‍ അവരുടെ രേഖ കുറിക്കുവാന്‍ കല്‍പനയുണ്ടാകും.

ഈ ആത്മാവ് വിശുദ്ധവും വിമലീകരിക്കപ്പെട്ടതും പ്രകാശപൂരിതവുമായതിനാല്‍ മലക്കുകളോടൊപ്പം അല്ലാഹുവിന്റെ സവിധത്തിലേക്ക് കയറിപ്പോകും. എന്നാല്‍ ഇരുള്‍മുറ്റിയ, മ്ലേച്ഛവും ദുഷിച്ചതുമായ ആത്മാവിനാകട്ടെ ആകാശകവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. അല്ലാഹുവിലേക്ക് കയറിപ്പോവുകയുമില്ല. മറിച്ച് ഒന്നാനാകാശത്തുവെച്ചുതന്നെ അതിനെ തിരസ്‌കരിക്കും. കാരണം അത് മേല്‍പറഞ്ഞ ആത്മാക്കളെപ്പോലെ ഔന്നത്യമുള്ളതല്ല; അധമത്വമുള്ളതാണ്. അപ്പോള്‍ ഓരോ ആത്മാവും അതിന്റെതായ പ്രകൃതത്തിലേക്കും അടിസ്ഥാനത്തിലേക്കും മടങ്ങും. ഇമാം അഹ്മദും അബൂഅവാനയും ഹാകിമും മറ്റും ഉദ്ധരിക്കുന്ന ബറാഇബ്‌നു ആസ്വിബി(റ)ന്റെ ദീര്‍ഘമായ ഒരു ഹദീഥിലൂടെ വിശദമാക്കപ്പെട്ട സംഗതിയാണിത്. പ്രസ്തുത ഹദീഥ് സ്വീകാര്യയോഗ്യമാണ്. ചുരുക്കത്തില്‍ പ്രകാശത്താലുള്ളവയല്ലാത്ത (വാക്കുകളോ പ്രവൃത്തികളോ ആത്മാക്കളോ) അല്ലാഹുവിന്റെയടുത്തേക്ക് കയറിപ്പോകുന്നതല്ല. സൃഷ്ടികളില്‍ ഏറ്റവും വലിയ പ്രകാശത്തിന്റെ ഉടമ അല്ലാഹുവിലേക്ക് ഏറ്റവും  അടുത്തതും ഏറ്റവും ആദരണീയനുമായിരിക്കും.

അബ്ദുല്ലാഹിബ്‌നു അംറ്(റ) നബി ﷺ യില്‍നിന്ന് ഉദ്ധരിക്കുന്നു: ''നിശ്ചയം അല്ലാഹു തന്റെ സൃഷ്ടികളെ ഒരുതരം ഇരുട്ടിലാണ് സൃഷ്ടിച്ചത്. എന്നിട്ട് അവരുടെമേല്‍ പ്രകാശം ഇട്ടുകൊടുത്തു. ആര്‍ക്കാണോ ആ പ്രകാശത്തില്‍നിന്ന് ലഭിച്ചത് അവര്‍ സന്മാര്‍ഗം പ്രാപിച്ചു. ആര്‍ക്കത് കിട്ടാതെപോയോ അവര്‍ വഴികേടിലായി.'' അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ''അതിനാല്‍ ഞാന്‍ പറയട്ടെ, അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമായി'' (തിര്‍മുദി, അഹ്മദ്, ഇബ്‌നുഹിബ്ബാന്‍, ഹാകിം).

ഈ മഹത്തായ പ്രവാചകവചനം സത്യവിശ്വാസത്തിന്റെ അടിത്തറകളില്‍പെട്ട ഒരു അടിത്തറയാണ്. ഇതിലൂടെ ക്വദ്‌റിന്റെ (വിധിയുടെ) രഹസ്യങ്ങളുടെ വാതിലുകളും യുക്തിയും തുറന്നുകിട്ടും. അല്ലാഹുവാണ് ഉദവിയേകുന്നവന്‍.

അല്ലാഹു ഇട്ടുകൊടുത്ത ഈ പ്രകാശമാണ് അവര്‍ക്ക് ജീവസ്സുനല്‍കുകയും അവരെ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്തത്.  അങ്ങനെ പരിശുദ്ധ പ്രകൃതിക്ക് (ഫിത്വ്‌റത്ത്) അതില്‍നിന്നുള്ള വിഹിതം ലഭിച്ചു. പക്ഷേ, അത് പൂര്‍ണമായും അവര്‍ക്ക് സ്വതന്ത്രമായി ലഭിച്ചില്ല. അതിനാല്‍ അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് നല്‍കിയ ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ അത് പൂര്‍ത്തീകരിച്ചു. അല്ലാഹു കൊടുത്ത ദിവ്യബോധനത്തിന്റെ പ്രകാശം നേരത്തെ നല്‍കപ്പെട്ട പ്രകാശത്തിന്റെ സഹായത്താല്‍ ശുദ്ധപ്രകൃതി കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ വഹ്‌യിന്റെയും പ്രവാചകത്വത്തിന്റെയും പ്രകാശം ശുദ്ധപ്രകൃതിയുടെ പ്രകാശത്തിലേക്ക് ചേര്‍ന്നു. പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ ഹൃദയങ്ങള്‍ അതുമുഖേന പ്രകാശിച്ചു. മുഖങ്ങള്‍ അതിലൂടെ പ്രശോഭിതമായി. ആത്മാവുകള്‍ക്ക് ജീവസ്സ് ലഭിക്കുകയും ചെയ്തു. അതിലൂടെ സര്‍വ അവയവങ്ങളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് കീഴ്‌പ്പെടുകയും ചെയ്തു. അങ്ങനെ ഹൃദയങ്ങള്‍ക്ക് അതുമുഖേന ജീവസ്സ് ലഭിക്കുകയും അവ ചൈതന്യവത്താവുകയും ചെയ്തു.

പിന്നീട് ആ പ്രകാശം അതിനെക്കാള്‍ മഹത്തരമായ മറ്റൊരു പ്രകാശത്തെ അറിയിച്ചുകൊടുത്തു. അതായത് ഉന്നതമായ വിശേഷണങ്ങളുടെ പ്രകാശം. മറ്റു പ്രകാശങ്ങളെല്ലാം അതിന്റെ മുന്നില്‍ നിഷ്പ്രഭമാകും. ഈമാനിന്റെ അകക്കണ്ണുകള്‍കൊണ്ടാണ് ആ പ്രകാശത്തെ കാണാനാവുക. കണ്ണുകൊണ്ട് കാണാവുന്ന വസ്തുക്കളെ നാം കണ്ണുകൊണ്ട് കാണുന്നപോലെ ഇത് ഹൃദയംകൊണ്ടാണ് കാണുന്നത്. ദൃഢബോധ്യത്തിന്റെ (യക്വീന്‍)  മേല്‍ക്കോയ്മകൊണ്ടും ഈമാനിന്റെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുന്നതുകൊണ്ടുമാണ് അത് സാധിക്കുന്നത്. അങ്ങനെ ആ അകക്കണ്ണുകൊണ്ട് (ക്വുര്‍ആനും സുന്നത്തും അറിയിച്ചതുപോലെ) അല്ലാഹുവിന്റെ സിംഹാസനത്തിലേക്കും (അര്‍ശ്) അവന്റെ ആരോഹണത്തിലേക്കും (ഇസ്തിവാഅ്) നോക്കിക്കാണുന്നത് പോലെയുണ്ടാകും.

സൃഷ്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും കല്‍പിക്കുകയും വിരോധിക്കുകയും ചെയ്തുകൊണ്ടും, സൃഷ്ടിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടും, വിധിക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്തുകൊണ്ടും, ചിലര്‍ക്ക് അന്തസ്സും അഭിമാനവും നല്‍കുകയും മറ്റു ചിലരെ ഇകഴ്ത്തുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടും, രാപകലുകളെ മാറ്റിമറിച്ചുകൊണ്ടും, ദിവസങ്ങളെ ജനങ്ങള്‍ക്കിയില്‍ ഊഴംവെച്ചുകൊണ്ട് മാറ്റിമറിക്കുന്ന, രാജ്യങ്ങളെ മാറ്റിമറിച്ച് ഒന്നിനെ കൊണ്ടുവരികയും മറ്റൊന്നിലെ ഇല്ലാതാക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ പ്രവൃത്തികൡലേക്ക് നോക്കിക്കാണുന്നപോലെയുണ്ടാകും.

മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനകളുമായി ഇറങ്ങിവരികയും കയറിപ്പോവുകയും ചെയ്യുന്നു. അവന്റെ കല്‍പനകളും നിര്‍ദേശങ്ങളും ഓരോ സമയത്തിനും സന്ദര്‍ഭത്തിനമനുസരിച്ച് വന്നുകൊണ്ടിരിക്കുകയും ചെയ്യും. അവന്റെ ഉദ്ദേശത്തിനും നിര്‍ദേശത്തിനുമനുസരിച്ച് അവ നടപ്പിലാവുകയും ചെയ്യുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്നപോലെ അതിന്റെതായ സമയത്തിലും കോലത്തിലും യാതൊരുവിധ ഏറ്റവ്യത്യാസങ്ങളുമില്ലാതെ, ഒട്ടും താമസിക്കുകയോ നേരത്തെയാവുകയോ ചെയ്യാതെ യഥാവിധം സംഭവിക്കുന്നു. അവന്റെ കല്‍പനകളും അധികാരങ്ങളും ആകാശങ്ങളിലും ഭൂമിയിലും സര്‍വദിക്കുകളിലും നടപ്പിലാകുന്നു. ഭൂമിയിലും ഭൂമിക്കടിയിലും കടലിലും അന്തരീക്ഷത്തിലും എന്ന് വേണ്ട സര്‍വ ചരാചരങ്ങളിലും അതാണ് നടക്കുന്നത്. അവനാണ് അവയെ മാറ്റിമറിക്കുന്നതും നിയന്ത്രിക്കുന്നതും ഓരോന്നും പുതുതായി ഉണ്ടാക്കുന്നതും. അവയെ സംബന്ധിച്ചെല്ലാമുള്ള സൂക്ഷ്മവും വിശദവുമായ അറിവ് അവന്റെ പക്കലുണ്ട്. എല്ലാറ്റിനെയും അവന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. അവന്റെ കാരുണ്യവും യുക്തിയും എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കേള്‍വി എല്ലാ ശബ്ദങ്ങളെയും കേള്‍ക്കുന്നു. അവയില്‍ യാതൊന്നും അവന് വിട്ടുപോവുകയോ ആശയക്കുഴപ്പത്തിലാവുകയോ അവ്യക്തമാവുകയോ ഇല്ല. മറിച്ച് വ്യത്യസ്തങ്ങളായ ഭാഷകളിലുള്ള വിവിധങ്ങളായ ആവശ്യങ്ങള്‍ അവന്‍ കേട്ടുകൊണ്ടിരിക്കുന്നു. അത് അവന് യാതൊരു അസ്വസ്ഥതയും പ്രയാസവും സൃഷ്ടിക്കുന്നില്ല. ചോദ്യങ്ങളുടെ ആധിക്യം അവന് ഒരു പിഴവും വരുത്തുന്നില്ല. ആവശ്യക്കാരുടെ നിരന്തരമായ ചോദ്യങ്ങളും അപേക്ഷകളും അവന് യാതൊരു മടുപ്പും അരോചകത്വവുമുണ്ടാക്കുന്നില്ല.

അവന്റെ കാഴ്ച സര്‍വവസ്തുക്കളെയും വലയംചെയ്തിരിക്കുന്നു. കൂരാകൂരിരുട്ടില്‍ കറുത്തപാറയിലൂടെ അരിച്ചുനീങ്ങുന്ന കറുത്ത ഉറുമ്പുകളുടെ ചലനവും അവന്‍ കാണുന്നു. അദൃശ്യം അവന്റെ പക്കല്‍ ദൃശ്യമാണ്. രഹസ്യങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം പരസ്യങ്ങളാണ്. മറച്ചുവെക്കുന്നതും രഹസ്യമാക്കുന്നതുമെല്ലാം അവന്‍ അറിയുന്നു. ഒരാളുടെ മനസ്സില്‍ തോന്നുന്നതും ഒളിപ്പിക്കുന്നതും നാവിലൂടെ ഉരിയാടാത്തതുമായ രഹസ്യങ്ങള്‍ (സിര്‍റുകള്‍) അവന്‍ അറിയും. അതിനെക്കാള്‍ ഗോപ്യമായ, മനസ്സിലിതുവരെ തോന്നുകപോലും ചെയ്യാത്ത കാര്യങ്ങള്‍ -ഇന്നിന്ന കാര്യങ്ങള്‍ ഇന്നാലിന്ന സമയത്ത്അവരുടെ മനസ്സില്‍ തോന്നും എന്നതടക്കം- അവന്‍ അറിയുന്നു.

അവന്നാണ് സൃഷ്ടിപ്പും കല്‍പനാധികാരവും.അവന്നാകുന്നു സര്‍വാധിപത്യവും സര്‍വ സ്തുതികളും. അവന്റെതാണ് ഈ ലോകവും പരലോകവും. സര്‍വ അനുഗ്രഹങ്ങളും ശ്രേഷ്ഠതകളും അവന്റെതാകുന്നു. അവനുള്ളതാണ് ഏറ്റവും നല്ല കീര്‍ത്തനങ്ങള്‍. അവന്നാകുന്നു സര്‍വതിന്റെയും ഉടമസ്ഥതയും ആധിപത്യവും. എല്ലാവിധ സ്തുതികീര്‍ത്തനങ്ങളും അവന് അവകാശപ്പെട്ടതാണ്. അവന്റെ കൈയിലാണ് സര്‍വ നന്മകളും. എല്ലാ കാര്യങ്ങളും മടങ്ങുന്നത് അവന്റെയടുക്കലേക്കാണ്. അവന്റെ ശക്തിമാഹാത്മ്യങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കാരുണ്യം എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു. ജീവനുള്ള എല്ലാറ്റിലും അവന്റെ അനുഗ്രഹം വിശാലമായിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നു: ''ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു'' (55:29).

അവന്‍ പാപം പൊറുക്കുന്നു. സങ്കടം നീക്കുന്നു. ദുരിതമകറ്റുന്നു പ്രയാസങ്ങള്‍ പരിഹരിക്കുന്നു. ദരിദ്രനെ ധനികനാക്കുന്നു. അറിവില്ലാത്തവന് അറിവു നല്‍കുന്നു. വഴിതെറ്റി ഉഴറുന്നവന് വഴികാണിക്കുന്നു. വഴികേടിലകപ്പെട്ടവനെ സന്മാര്‍ഗത്തിലാക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു, ആശ്വാസം നല്‍കുന്നു. വിശക്കുന്നവരുടെ വയറുനിറക്കുന്നു. വസ്ത്രമില്ലാത്തവരെ വസ്ത്രം ധരിപ്പിക്കുന്നു. രോഗിക്ക് ശമനം നല്‍കുന്നു. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുന്നു. നന്മചെയ്യുന്നവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു. മര്‍ദിതനെ സഹായിക്കുന്നു. ധിക്കാരികളെ അടക്കിനിര്‍ത്തുന്നു. വീഴ്ചകള്‍ പൊറുക്കുന്നു. ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭീതിതര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നു. ചിലര്‍ക്ക് അവന്‍ പദവികളുയര്‍ത്തുകയും ചിലരുടെ പദവികള്‍ താഴ്ത്തുകയും ചെയ്യുന്നു.

അവന്ന് ഉറക്കമില്ല. ഉറക്കമെന്നത് അവന് ചേര്‍ന്നതല്ല. അവന്‍ നീതി നടപ്പിലാക്കുന്നു. രാത്രിയിലെ കര്‍മങ്ങള്‍ പകലിനു മുമ്പായും പകലിലെ പ്രവൃത്തികള്‍ രാത്രിക്കുമുമ്പായും അവനിലേക്ക് ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. ആ മറ നീക്കിയാല്‍ അവന്റെ തിരുമുഖത്തിന്റെ ഒളി കണ്ണെത്തും ദൂരത്തുള്ള സര്‍വ സൃഷ്ടികളെയും കരിച്ചുകളയുന്നതാണ്.

അവന്റെ കൈകള്‍ നിറഞ്ഞതാണ്. ചെലവഴിക്കുന്നതുകൊണ്ട് അതില്‍ കുറവുവരുന്നില്ല. രാപകലുകള്‍ ഭേദമന്യെ ഔദാര്യം ചെയ്യുന്ന അത്യുദാരനാണവന്‍. സൃഷ്ടികളെ സൃഷ്ടിച്ചതുമുതല്‍ അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്നിട്ടും അവന്റെ കൈകളിലുള്ളത് തീര്‍ന്നുപോയിട്ടില്ല.

അടിമകളുടെ ഹൃദയങ്ങളും അവരുടെ മൂര്‍ധാവുകളും അവന്റെ കയ്യിലാണ്. കാര്യങ്ങളുടെ കടിഞ്ഞാണുകള്‍ അവന്റെ ക്വദാക്വദ്‌റുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അന്ത്യദിനത്തില്‍ ഭൂമിമുഴുവന്‍ അവന്റെ പിടുത്തത്തിലായിരിക്കും. ആകാശങ്ങളും അവന്റെ കയ്യില്‍ ചുരുട്ടിപ്പിടിക്കും. ആകാശങ്ങളെയെല്ലാം ഒരു കയ്യിലും ഭൂമിയെ ഒരു കയ്യിലുമായി അവന്‍ പിടിക്കും. എന്നിട്ട് അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ''ഞാനാണ് രാജാധിരാജന്‍. ഞാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ഞാനാണ് ഈ ലോകത്തെ ഉണ്ടാക്കിയത്. അത് ഒന്നുമെ ആയിരുന്നില്ല. ഞാനാണ് അതിനെ ആദ്യത്തേതുപോലെ പുനഃസൃഷ്ടിക്കുന്നതും.''

ഏത് പാപം പൊറുക്കാനും അവന് പ്രയാസമില്ല. ഏത് ആവശ്യം അവനോടു ചോദിച്ചാലും അത് നല്‍കാനും അവന് ബുദ്ധിമുട്ടില്ല.

ആകാശ ഭൂമികളിലെ സര്‍വരും ആദ്യ സൃഷ്ടി മുതല്‍ അവസാന സൃഷ്ടിവരെ എല്ലാവരും മനുഷ്യരും ജിന്നുവര്‍ഗവും ആസകലം അവരില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍ യാതൊരു വര്‍ധനവുമുണ്ടാക്കുകയില്ല.

ഇനി എല്ലാവരും, അതായത് ആദ്യത്തെയാള്‍ മുതല്‍ അവസാനത്തെയാള്‍വരെയും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍മാര്‍ഗിയായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍നിന്ന് യാതൊരു കുറവും വരുത്തുകയില്ല.

ആകാശഭൂമികളിലെ സര്‍വരും മനുഷ്യരും ജിന്നുകളും അവരില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും എല്ലാവരും ഒരു സ്ഥലത്ത് അണിനിരന്നുകൊണ്ട് അവനോട് അവരുടെ ആവശ്യങ്ങള്‍ ചോദിക്കുകയും അവര്‍ക്കോരോരുത്തര്‍ക്കും അവര്‍ ചോദിച്ചതെല്ലാം നല്‍കുകയും ചെയ്താലും അവന്റെ പക്കലുള്ളതില്‍നിന്നും ഒരു അണുമണിത്തൂക്കം പോലും അത് കുറവു വരുത്തുകയില്ല.

ദുനിയാവ് ഉണ്ടായതുമതല്‍ അത് അവസാനിക്കുന്നതുവരെയുള്ള, ഭൂമിയിലെ മരങ്ങളെല്ലാം പേനകളും സമുദ്രങ്ങള്‍ക്കു പുറമെ വേറെയും ഏഴു സമുദ്രങ്ങള്‍ മഷിയായി എടുക്കുകയും എന്നിട്ട് ആ പേനകള്‍കൊണ്ടും മഷികൊണ്ടും എഴുതുകയും ചെയ്താല്‍ പേനകള്‍ നശിക്കുകയും മഷിതീരുകയും ചെയ്യുമെന്നല്ലാതെ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹുവിന്റെ വചനങ്ങള്‍ തീരുകയില്ല.

(തുടരും)