ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

ശമീര്‍ മദീനി

2021 മെയ് 15 1442 ശവ്വാല്‍ 03

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്: ''നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും.''(അഹ്മദ്, തിര്‍മിദി).

അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ നബിവചനത്തെക്കുറിച്ച് ശരിക്കും ഒന്ന് ചിന്തിക്കട്ടെ! ഈ ചുരുങ്ങിയ കാലയളവില്‍ തനിക്ക് ഉണ്ടായ ഏതുകാര്യവും; അത് സ്ഥായിയല്ല എന്നത് അറിഞ്ഞുകൊള്ളട്ടെ! താന്‍ വഞ്ചനയുടെയും പേക്കിനാവുകളുടെയും ഒരു ലോകത്താണുള്ളതെന്നും ഓര്‍ത്തുകൊള്ളട്ടെ! ശാശ്വതമായ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും അനുഗ്രഹലോകം തുലോം തുച്ഛമായ, വളരെ നിസ്സാരമായ വിഹിതത്തിനുവേണ്ടി വിറ്റുകളയുകയാണെന്നതും ഓര്‍ക്കുക.

അല്ലാഹുവിനെയും പരലോകത്തെയുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാള്‍ക്ക് ഇഹലോകത്തെ ആ വിഹിതവും പൂര്‍ത്തീകരിച്ച് കൊടുക്കുന്നതാണ്. ചില മഹദ് വചനങ്ങളില്‍ വന്നത് പോലെ; 'മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക' (ഹസനുല്‍ ബസ്വരി(റഹി)യുടെ വാക്കുകളായി അബൂനുഐം(റഹി) 'ഹില്‍യ'യില്‍ (2:143) ഉദ്ധരിച്ചത്).

സലഫുകളില്‍ ചിലര്‍ പറഞ്ഞു: ''മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും''(മുആദ് ഇബ്‌നു ജബലി(റ)ന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ 'മുസ്വന്നഫി'ലും ത്വബ്‌റാനി 'മുഅ്ജമുല്‍ കബീറി'ലും ഉദ്ധരിച്ചത്).

ഉമറുബ്‌നു അബ്ദില്‍ അസീസ്(റഹി) തന്റെ ഖുത്വുബയില്‍ പറയാറുണ്ടായിരുന്നു: ''അല്ലയോ ജനങ്ങളേ, നിങ്ങള്‍ വൃഥാ സൃഷ്ടിക്കപ്പെടുകയോ വെറുതെ വിട്ടുകളയപ്പെട്ടിരിക്കുകയോ അല്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു മടക്കസ്ഥാനം നിങ്ങള്‍ക്കുണ്ട്. അവിടെവെച്ചാണ് നിങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ വിധിയും തദടിസ്ഥാനത്തില്‍ നിങ്ങളെ വേര്‍തിരിക്കപ്പെടുന്നതും. അപ്പോള്‍ ഏതൊരുത്തന്‍ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യത്തില്‍നിന്നും ആകാശഭൂമികളോളം വിശാലമായ അവന്റെ സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെടുന്നുവോ അയാള്‍ പരാജയപ്പെടുകയും ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. തീര്‍ച്ചയായും നിര്‍ഭയത്വവും സമാധാനവും നാളെയുടെ ലോകത്താണ്. അല്ലാഹുവിനെ ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചും ധാരാളത്തിനു പകരമായി തുച്ഛമായതിനെയും അനശ്വരമായതിനു ബദലായി നശ്വരമായതിനെയും സൗഭാഗ്യത്തിനു വേണ്ടി ദൗര്‍ഭാഗ്യത്തെയും ബലികഴിച്ചവര്‍ക്കാണ് അതുള്ളത്. നിങ്ങള്‍ മണ്‍മറഞ്ഞുപോയവരുടെ പിന്‍ഗാമികളാണെന്നത് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഇനി നിങ്ങള്‍ക്ക് ശേഷം മരണമില്ലാത്തവരെ അവന്‍ നിങ്ങളുടെ പിന്‍ഗാമികളാക്കുമോ? (അഥവാ മുന്‍ഗാമികള്‍ മരിച്ചുപോയത് പോലെ അവരുടെ പിന്‍ഗാമികളും മരിച്ചുപോകും) ഓരോ ദിവസവും ഊഴം കഴിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ എത്രയെത്രയാളുകളെ യാത്രയാക്കുന്നതിനു നിങ്ങള്‍ സാക്ഷികളാകുന്നു! അവരുടെ ഈ ലോകത്തെ പ്രതീക്ഷകള്‍ അവസാനിച്ചു. അവരെ നിങ്ങള്‍ ക്വബ്‌റാകുന്ന വിശ്രമമുറിയില്‍ ഭൂമിപിളര്‍ത്തി ഇറക്കിവെക്കുകയും കട്ടിലും തലയണയുമില്ലാതെ അവരെ കിടത്തിപ്പോരുകയും ചെയ്യുന്നത് കാണുന്നില്ലേ? ബന്ധുമിത്രാദികളെയും കൂട്ടുകുടുംബാദികളെയും എല്ലാം വേര്‍പിരിഞ്ഞു വിചാരണയുടെ ലോകത്തേക്ക് അവര്‍ യാത്രയായിരിക്കുകയാണ്'' (അബൂനുഐം 'ഹില്‍യ'യില്‍ ഉദ്ധരിച്ചത്).    

അതായത്, അല്ലാഹു ഒരു അടിമയെ ഈ ചുരുങ്ങിയ കാലയളവിലെ ജീവിതത്തില്‍ മേല്‍പറഞ്ഞ ശത്രുക്കള്‍ക്കെതിരില്‍ അവന്റെ സൈന്യങ്ങളെക്കൊണ്ടും സന്നാഹങ്ങള്‍കൊണ്ടുമൊക്കെ സഹായിക്കുന്നതാണ്. തന്റെ ശത്രുവില്‍നിന്ന് തനിക്ക് സുരക്ഷ നല്‍കുന്നതെന്താണെന്നും ആ ശത്രുവിന്റെ പിടിയിലകപ്പെട്ടാല്‍ എങ്ങനെയാണു മോചനം നേടാനാവുകയെന്നും അല്ലാഹു വിശദീകരിച്ചിട്ടുമുണ്ട്.

ഇമാം അഹ്മദ്(റഹി), തിര്‍മിദി(റഹി) മുതലായവര്‍ അബുമൂസല്‍ അശ്അരി(റ)യുടെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ''നിശ്ചയം, അല്ലാഹു യഹ്‌യ നബി(അ)യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി(അ) അദ്ദേഹത്തോട് പറഞ്ഞു: ''നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.'' അപ്പോള്‍ യഹ്‌യ(അ) പറഞ്ഞു: ''താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.'' അങ്ങനെ യഹ്‌യ(അ) ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: 'ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.' എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.' അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു 'ദിക്ര്‍' ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ(ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല.

നബി ﷺ പറഞ്ഞു: ''ഞാന്‍ നിങ്ങളോട് അഞ്ച് കാര്യങ്ങള്‍ കല്‍പിക്കുന്നു; അല്ലാഹു അവ എന്നോട് കല്‍പിച്ചതാണ്. കേള്‍ക്കല്‍ (സംഅ്), അനുസരിക്കല്‍ (ത്വാഅത്ത്), ധര്‍മസമരം (ജിഹാദ്), ദേശപരിത്യാഗം(ഹിജ്‌റ), സംഘടിച്ച് നില്‍ക്കല്‍(അല്‍ജമാഅഃ) എന്നിവയാണവ. അല്‍ജമാഅ(സത്യസംഘം)യെ വിട്ട് അല്‍പമെങ്കിലും ആരെങ്കിലും അകന്നാല്‍ അയാള്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിനെ അഴിച്ചുവെക്കുകയാണ് ചെയ്തത്; തിരിച്ചുവരുന്നത് വരെ. അനിസ്‌ലാമികമായ വല്ല വാദങ്ങളും ആരെങ്കിലും വാദിച്ചാല്‍ നിശ്ചയം അയാള്‍ നരകാവകാശികളില്‍ പെട്ടവനായി.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''നബിയേ, അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും?'' അവിടുന്ന് പറഞ്ഞു: ''അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും! അതിനാല്‍, അല്ലാഹുവിന്റെ അടിമകളായ വിശ്വാസികളേ, നിങ്ങളെ മുസ്‌ലിംകള്‍ എന്ന് പേരുവിളിച്ച അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെ നിങ്ങള്‍ പുല്‍കുക'' (തിര്‍മിദി. ഇത് ഹസനും സ്വഹീഹുമായ ഹദീഥ് ആണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്).

ഓരോ മുസ്‌ലിമും ശരിക്ക് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യേണ്ടതായ ഈ വിലപ്പെട്ട ഹദീഥിലൂടെ നബി ﷺ പറഞ്ഞത്; പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഒരാളെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളും ഒരാള്‍ക്ക് ഇഹപര വിജയം നേടിക്കൊടുക്കുന്ന കാര്യങ്ങളുമാണ്.

ഏകദൈവ വിശ്വാസി(മുവഹ്ഹിദ്)യുടെയും ബഹുദൈവ വിശ്വാസി(മുശ്‌രിക്ക്)യുടെയും ഉപമ പറഞ്ഞത് ശ്രദ്ധേയമാണ്. ഏകദൈവ വിശ്വാസി തന്റെ യജമാനന്റെ വീട്ടില്‍ യജമാനന് വേണ്ടി ജോലി ചെയ്തവനെ പോലെയാണ്. യജമാനന്‍ അയാളെ ഏല്‍പിച്ച പണികള്‍ അയാള്‍ ചെയ്തു. എന്നാല്‍ ബഹുദൈവ വിശ്വാസിയാകട്ടെ യജമാനന്‍ തന്റെ വീട്ടില്‍ ജോലിക്ക് നിശ്ചയിച്ചവനെ പോലെയാണ്. എന്നിട്ടയാള്‍ ജോലി ചെയ്തതും തന്റെ വരുമാനമേല്‍പിച്ചതും യജമാനനല്ലാത്ത മറ്റൊരാള്‍ക്കാണ്! ഇതുപോലെയാണ് ബഹുദൈവാരാധകന്‍; അല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുമായി അല്ലാഹുവിന്റെ ശത്രുവിലേക്ക് അയാള്‍ അടുത്തുകൊണ്ടിരിക്കുകയാണ്!

 മനുഷ്യന്മാര്‍ക്കാര്‍ക്കെങ്കിലും ഇതുപോലെ ഒരു ഭൃത്യനോ ദാസനോ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇവനോട് ഏറ്റവും വെറുപ്പും ദേഷ്യവുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അയാള്‍ അവനോട് അങ്ങേയറ്റം ദേഷ്യപ്പെടുകയും അവനെ ആട്ടിയകറ്റുകയും ചെയ്യും. രണ്ടുപേരും ഒരേപോലെ സൃഷ്ടികളാണ്; രണ്ടുപേരും തങ്ങളുടെതല്ലാത്ത സൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും. എന്നിരിക്കെ സര്‍വലോക രക്ഷിതാവായ, ഏതൊരാള്‍ക്കും ഏതേത് അനുഗ്രഹങ്ങളും നല്‍കിയ ഏകനായ രക്ഷിതാവ്, അവനിലൂടെയാണ് ഓരോരുത്തര്‍ക്കുള്ള നന്മകളെല്ലാം വന്നെത്തുന്നതും ദോഷങ്ങളെല്ലാം അകറ്റുന്നതും. അവന്‍ മാത്രമാണ് തന്റെ അടിമയെ സൃഷ്ടിച്ചതും അവനു കരുണ ചെയ്യുന്നതും അവനെ നിയന്ത്രിക്കുന്നതും ഉപജീവനം നല്‍കുന്നതും അവനു സൗഖ്യം നല്‍കുന്നതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും, എന്നിരിക്കെ എന്തുമാത്രം അക്രമമാണ് ബഹുദൈവത്വത്തിലൂടെ അവന്‍ ചെയ്യുന്നത്!

എങ്ങനെയാണ് അവന് തന്റെ രക്ഷിതാവിനോട് സ്‌നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും സത്യം ചെയ്യലിലും നേര്‍ച്ചനേരുന്നതിലും ഇടപാടുകളിലുമൊക്കെ മറ്റുള്ളവരെ തുല്യരാക്കാനും പങ്കുചേര്‍ക്കാനും പറ്റുക? അങ്ങനെ അവന്‍ പടച്ചവനെ സ്‌നേഹിക്കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഉപരിയായി മറ്റുള്ളവരെ സ്‌നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു!

അവരുടെ സ്ഥിതിഗതികളും വാക്കുകളും പ്രവൃത്തികളുമെല്ലാം സാക്ഷികളായി സ്വയം വിളിച്ചു പറയുന്നുണ്ട്; അവര്‍ തങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പങ്കാളികളെ ഭയപ്പെടുകയും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അവരുടെ തൃപ്തി നേടുകയും അവരുടെ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുകയും അവരോടു സഹവര്‍ത്തിത്വത്തിനൊരുങ്ങുകയും ചെയ്യുന്നു എന്ന്.

ഇത് തന്നെയാണ് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ 'ശിര്‍ക്ക്' അഥവാ പങ്കുചേര്‍ക്കല്‍. അല്ലാഹു പറയുന്നു:

''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്'' (4:48).

''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു'' (4:116).

മനുഷ്യരുടെ അന്യായങ്ങളുടെയും അക്രമങ്ങളുടെയും മൂന്നുതരം ഏടുകളാണ് അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പക്കലുണ്ടാവുക:

1) അല്ലാഹു പൊറുക്കാത്ത അക്രമങ്ങളുടെ ഏട്. അത് ബഹുദൈവത്വ (ശിര്‍ക്ക്)ത്തിന്റെതാണ്. നിശ്ചയം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത് അവന്‍ ഒരിക്കലും പൊറുക്കുകയില്ല.

2) ഒന്നും അല്ലാഹു ഒഴിവാക്കി വിട്ടുകളയാത്തതായ അക്രമങ്ങളുടെ ഏട്. സൃഷ്ടികള്‍ പരസ്പരം ചെയ്ത അന്യായങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയ ഏടാണ് അത്. അല്ലാഹു അവയെല്ലാം വിധി പറഞ്ഞു തീര്‍പ്പുകല്‍പിക്കുന്നതാണ്.

3) അല്ലാഹു പരിഗണിക്കാത്ത അന്യായങ്ങളുടെ ഏട്. അതായത് ഒരു അടിമ തനിക്കും തന്റെ രക്ഷിതാവിനും ഇടയില്‍ ചെയ്തതായ അന്യായങ്ങളാണത്. തീര്‍ച്ചയായും ഈ രേഖയായിരിക്കും ഏറ്റവും ഗൗരവം കുറഞ്ഞതും പെട്ടെന്ന് മറന്നുപോകുന്നതും. നിശ്ചയം, അത് തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍), തിന്മയെ മായ്ക്കുന്ന നന്മകള്‍, പാപം പൊറുക്കുവാനുതകുന്ന പ്രയാസങ്ങള്‍ മുതലായവയിലൂടെയെല്ലാം മായ്ച്ചുകളയാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധനയുടെ (ശിര്‍ക്കിന്റെ) ഏട് ഇതുപോലെയല്ല. അത് ഏകദൈവാരാധന(തൗഹീദ്)യിലൂടെയല്ലാതെ മായ്ച്ചുകളയാന്‍ പറ്റില്ല. അപ്രകാരം തന്നെ സഹജീവികളോട് ചെയ്ത അന്യായങ്ങളും പൊറുക്കപ്പെടണമെങ്കില്‍ അവയില്‍ നിന്ന് ഒഴിവായി അതിന്റെ ഉടമയെ അറിയിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്. (തുടരും)