ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 2

ശമീര്‍ മദീനി

2021 ഏപ്രില്‍ 17 1442 റമദാന്‍ 05
ഇബ്നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനം

ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ വിനയത്തിന്‍റെയും താഴ്മയുടെയും നിരന്തരമായി അല്ലാഹുവിലേക്ക് അഭയം തേടലിന്‍റെയും സഹായതേട്ടത്തിന്‍റെയുമൊക്കെ കവാടങ്ങള്‍ അയാള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കും. സ്വന്തത്തിന്‍റെ ന്യൂനതകളും വിവരക്കേടും അന്യായങ്ങളും ശത്രുതയുമെല്ലാം അയാള്‍ സദാ കണ്ടുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹങ്ങളും കാരുണ്യവും നന്മകളും എല്ലാം എപ്പോഴും അയാളുടെ കണ്‍മുന്നിലുണ്ടാകും.

അതിനാല്‍ യഥാര്‍ഥ ജ്ഞാനി ഈ രണ്ട് ചിറകുകളിലുമായി അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. അവയിലേതെങ്കിലുമൊന്ന് എപ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നുവോ അപ്പോള്‍ ചിറകൊടിഞ്ഞ പക്ഷിപോലെ അയാള്‍ക്ക് പറക്കാനാവുകയില്ല.

ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹാവി(റഹി) പറയുന്നു: "യഥാര്‍ഥ ജ്ഞാനി അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ സദാ ദര്‍ശിച്ചും സ്വന്തം ന്യൂനതകളും വീഴ്ചകളും നിരന്തരം നിരീക്ഷിച്ചുമായിരിക്കും അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുക."

ഇതാണ് നബി ﷺ പഠിപ്പിച്ച സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന പ്രാര്‍ഥനയുടെ ആശയവും:

"അല്ലാഹുവേ, നീയാണ് എന്‍റെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയാണ്. ഞാന്‍ നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്; എനിക്ക് സാധിക്കുന്നത്ര. ഞാന്‍ ചെയ്തുപോയ ദോഷങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ. തീര്‍ച്ചയായും നീയല്ലാതെ തെറ്റുകള്‍ പൊറുക്കുന്നവനായി മറ്റാരുമില്ല" (ബുഖാരി).

ഈ പ്രാര്‍ഥനയിലെ 'നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു' എന്ന വചനം റബ്ബിന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ന്യൂനതകളെയും വീഴ്ചകളെയും തിരിച്ചറിയലും സമന്വയിപ്പിക്കുന്നുണ്ട്.

അനുഗ്രഹങ്ങളെക്കുറിച്ചുള്ള ബോധം അനുഗ്രഹദാതാവിനോടുള്ള സ്നേഹവും നന്ദിയും സ്തുതികീര്‍ത്തനങ്ങളും അനിവാര്യമാക്കുന്നതാണ്. സ്വന്തം ന്യൂനതകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമുള്ള തിരിച്ചറിവ് വിനയവും താഴ്മയും പടച്ചവനോടുള്ള തേട്ടവും പശ്ചാത്താപവുമെല്ലാം സദാസമയത്തും ഉറപ്പായും ഉണ്ടാക്കിക്കൊണ്ടിരിക്കും. ഞാന്‍ എല്ലാം തികഞ്ഞവനാണ് എന്ന് ഒരിക്കലും അയാള്‍ക്ക് തോന്നുകയില്ല.

ഒരു അടിമക്ക് അല്ലാഹുവിന്‍റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള ഏറ്റവും അടുത്തവാതില്‍ തന്‍റെ ഇല്ലായ്മയെയും ആശ്രയത്വത്തെയും കുറിച്ചുള്ള ശരിയായ ബോധമാണ്. തനിക്ക് അവലംബിക്കുവാനുംആശ്രയിക്കുവാനും സ്വയംപര്യാപ്തത കൈവരിക്കുവാനും യാതൊരു മാര്‍ഗവും സ്വന്തമായി ഇല്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. അതിനാല്‍ തനിച്ച ആശ്രയത്വത്തിന്‍റെയും ആവശ്യത്തിന്‍റെയും വാതിലിലൂടെ അല്ലാഹുവിന്‍റെ അടുക്കല്‍ ചെല്ലുന്നു; ദാരിദ്ര്യവും കഷ്ടതകളും ഹൃദയം തകര്‍ത്ത ഒരു മനുഷ്യന്‍റെ മനസ്സുമായി. ആ വിനയവും താഴ്മയും അയാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ തട്ടിയിട്ടുണ്ട്. റബ്ബിലേക്കുള്ള തന്‍റെ അനിവാര്യമായ ആശ്രയത്തെയും ആവശ്യത്തെയും അയാള്‍ കണ്ടറിഞ്ഞിട്ടുമുണ്ട്. തന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു ചെറിയ കാര്യത്തിലും പരിപൂര്‍ണമായ സഹായവും ആശ്രയവും തനിക്കു വേണമെന്നും റബ്ബിലേക്ക് പൂര്‍ണമായും ആശ്രയിക്കല്‍ തികച്ചും അനിവാര്യമാണ് എന്നും അയാള്‍ അറിഞ്ഞിട്ടുണ്ട്. കണ്ണ് ഇമ വെട്ടുന്നത്ര ഒരു ചെറിയ നേരത്തേക്കെങ്കിലും റബ്ബ് എന്നെ കയ്യൊഴിച്ചാല്‍ ഞാന്‍ ആകെ തകര്‍ന്നുപോകുമെന്നും പരിഹരിക്കാനാവാത്ത തീരാനഷ്ടത്തിലായിപ്പോകുമെന്നും പടച്ചവന്‍ വീണ്ടെടുക്കുകയും കരുണ ചൊരിയുകയുമല്ലാതെ യാതൊരു രക്ഷാമാര്‍ഗവുമില്ലെന്നും അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.

അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവനുള്ള കീഴ്വണക്കം തന്നെയാണ്. അതിലുള്ള ഏറ്റവും വലിയ തടസ്സം സത്യസന്ധമല്ലാത്ത അവകാശവാദങ്ങളുമാണ്. പ്രസ്തുത കീഴ്വണക്കത്തിന്‍റെ അടിസ്ഥാനം പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അവയാണ് അതിന്‍റെ അടിത്തറ എന്ന് പറയാം. പരിപൂര്‍ണമായ സ്നേഹവും സമ്പൂര്‍ണമായ കീഴ്പെടലുമാണ് ആ രണ്ടു കാര്യങ്ങള്‍. ഈ രണ്ട് അടിത്തറകള്‍ രൂപപ്പെടേണ്ടത് മുമ്പ് പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളില്‍നിന്നുമാണ്. അതായത് പടച്ചവനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്ന, അവന്‍റെ അളവറ്റ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവന്‍റെ മുന്നിലുള്ള തികഞ്ഞ കീഴ്പെടലിന് പര്യാപ്തമാക്കുന്ന, സ്വന്തത്തിന്‍റെയും കര്‍മങ്ങളുയെും കുറിച്ചുള്ള നിരന്തരമായ ബോധവും.

ഒരു ദാസന്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തെയും തന്‍റെ സ്വഭാവ, സമീപനങ്ങളെയും ഈ സുപ്രധാന അടിസ്ഥാനങ്ങളുടെമേല്‍ പടുത്തുയര്‍ത്തുകയാണെങ്കില്‍ അയാള്‍ക്കുണ്ടായേക്കാവുന്ന അശ്രദ്ധയുടെ സന്ദര്‍ഭത്തിലല്ലാതെ ശത്രുവിന് അയാളെ കീഴ്പെടുത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതില്‍നിന്ന് വളരെ പെട്ടെന്ന് അവനെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരികയും തന്‍റെ കാരുണ്യംകൊണ്ട് അവനെ വീണ്ടെടുക്കുകയും ചെയ്യും.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് ശരിയായി കിട്ടണമെങ്കില്‍ അയാളുടെ മനസ്സും ബാഹ്യാവയവങ്ങളും ചൊവ്വാകണം. മനസ്സ് ചൊവ്വാകുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്; അല്ലാഹുവിനോടുള്ള സ്നേഹം അയാള്‍ക്ക് മറ്റു ഇഷ്ടങ്ങളെക്കാളെല്ലാം മികച്ചുനില്‍ക്കുന്നതാകണം. അതായത് അല്ലാഹുവിന്‍റെ ഇഷ്ടവും മറ്റുള്ളവരുടെ ഇഷ്ടവും പരസ്പരം എതിരായിവന്നാല്‍ മറ്റെന്തും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം മുന്നിട്ട് അതിജയിച്ച് നല്‍ക്കണം. അപ്പോള്‍ അതിന്‍റെ തേട്ടങ്ങള്‍ അനുബന്ധമായി ഉണ്ടാകും.

ഇത് പറയാനും അവകാശവാദങ്ങളുന്നയിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍ പ്രയോഗവത്കരിക്കല്‍ഏറെ പ്രയാസകരവുമാണ്. പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഒരാള്‍ ആദരിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നത്.

മനുഷ്യന്‍ കൂടുതലായും മുന്‍ഗണന നല്‍കുന്നത് തന്‍റെ ഇഷ്ടത്തിനും മനസ്സിന്‍റെ കൊതികള്‍ക്കുമാണ്. അല്ലെങ്കില്‍ തന്‍റെ നേതാവോ ഭരണാധികാരിയോ ഗുരുനാഥനോ കുടുംബമോ പോലുള്ള ആരെങ്കിലും ഇഷ്ടപ്പെടുന്നതിനാണ് അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ മുന്‍ഗണന നല്‍കാറുളത്. ഇങ്ങനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം തന്‍റെ സര്‍വ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തെ മുഖവിലക്കെടുത്തുവെന്ന് പറയാനൊക്കുകയില്ല. അല്ലാഹുവിന്‍റെ ഇഷ്ടമാണ് എല്ലാറ്റിന്‍റെയും മേലെ വിധിനിശ്ചയിച്ചത് എന്നും പറയാനാവില്ല. ഇത്തരത്തിലുള്ള ആളുകളുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമം അവര്‍ക്ക് ഏറ്റവും പ്രിയങ്കരമായതുകൊണ്ട് തന്നെ അയാള്‍ പൊറുതിമുട്ടുകയും പ്രയാസപ്പെടുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ തന്‍റെയോ താന്‍ ആദരിക്കുന്നവരുടെയോ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്‍റെ ഫലമത്രെ അത്.

തട്ടിമാറ്റാനോ ഭേദഗതി വരുത്തുവാനോ സാധിക്കാത്ത, അല്ലാഹുവിന്‍റെ അചഞ്ചലമായ വിധിയാണ് ഒരാള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അയാള്‍ കഷ്ടപ്പെടുത്തപ്പെടുമെന്നത്. അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലുമാണ് ഒരാള്‍ ഭയക്കുന്നതെങ്കില്‍ അവരുടെമേല്‍ ആ ഭയക്കുന്നതിന് ആധിപത്യം നല്‍കും. അല്ലാഹു അല്ലാത്തവയെയുംകൊണ്ട് ആരെങ്കിലും വ്യാപൃതമായാല്‍ അത് അയാളുടെ അപലക്ഷണമായിത്തീരും. അല്ലാഹുവിനെക്കാള്‍ മറ്റു വല്ലതിനുമാണ് ഒരാള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ അയാള്‍ക്ക് അതില്‍ യാതൊരും അഭിവൃദ്ധിയും നല്‍കപ്പെടുകയില്ല. അല്ലാഹുവിനെ വെറുപ്പിച്ചുകൊണ്ട് മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്തുകയാണെങ്കില്‍ അല്ലാഹു അവനോട് അതുകൊണ്ട് തന്നെ പ്രതിക്രിയ ചെയ്യുന്നതായിരിക്കും.

മനസ്സ് ശരിയാവാനുള്ള രണ്ടാമത്തെ കാര്യം അല്ലാഹുവിന്‍റെ വിധിവിലക്കുകളോടുള്ള ആദരവാണ്. വിധിക്കുകയും വിലക്കുകയും ചെയ്യുന്ന ആ നിയമദാതാവിനോടുള്ള ആദരവില്‍നിന്നാണ് അതുണ്ടാകുന്നത്. അല്ലാഹുവിനെയും അവന്‍റെ നിയമങ്ങളെയും ആദരിക്കാത്തവരെ അല്ലാഹു ആക്ഷേപിച്ചുപറഞ്ഞിട്ടുണ്ട്.

"നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല!" (ക്വുര്‍ആന്‍ 71:13).

പണ്ഡിതന്മാര്‍ ഇതിന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞത് 'എന്തുകൊണ്ടാണ് നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തത്' എന്നാണ്.

വിധിവിലക്കുകളോടുള്ള ആദരവിന്‍റെ കാര്യത്തില്‍ ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹറവി(റഹി) പറഞ്ഞത് എത്ര മനോഹരമാണ്! "ദീനിലെ കല്‍പനകളും വിരോധങ്ങളും വെറുപ്പുളവാക്കുന്ന ഇളവുകളുമായോ അതിരുവിട്ട തീവ്രതയുമായോ നേരിണ്ടേതല്ല. അവയ്ക്ക് കീഴ്പെടാതിരിക്കുവാനുള്ള വല്ല കാരണം കണ്ടെത്താനും നോക്കരുത്."

അദ്ദേഹം പറഞ്ഞതിന്‍റെ താല്‍പര്യമിതാണ്; അതായത് അല്ലാഹുവിനോടുള്ള കടപ്പാടുകളോടുള്ള ആദരവിന്‍റെ ആദ്യപടി അവന്‍റെ വിധിവിലക്കുകളെ ആദരിക്കുക എന്നതാണ്. അല്ലാഹുവിന്‍റെ ദൂതരിലൂടെ സര്‍വരിലേക്കുമായി അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങള്‍ മുഖേന ഒരു സത്യവിശ്വാസി തന്‍റെ റബ്ബിനെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്‍റെ താല്‍പര്യമാണ് ആ റബ്ബിന്‍റെ വിധികള്‍ക്കും വിരോധങ്ങള്‍ക്കും കീഴ്പെടുക എന്നത്. അല്ലാഹുവിന്‍റെ കല്‍പനകളെ ആദരിച്ചും അവ പിന്‍പറ്റിക്കൊണ്ടും അവന്‍റെ വിരോധങ്ങളെ ആദരിച്ചും അവയില്‍നിന്ന് വിട്ടകന്നുകൊണ്ടുമാണ് ആ കീഴ്പെടല്‍ സാധ്യമാകേണ്ടത്. അപ്പോള്‍ ഒരു സത്യവിശ്വാസി മതത്തിന്‍റെ വിധിവിലക്കുകളെ ആദരിക്കുന്നത് പടച്ചവനോടുള്ള ആദരവിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പ്രസ്തുത ആദരവിനനുസരിച്ചായിരിക്കും ഒരാള്‍ സത്യവിശ്വാസത്തിന്‍റെ സാക്ഷിയായ പുണ്യവാനായിത്തീരുന്നതും വിശ്വാസം ശരിയായി കാപട്യത്തില്‍നിന്ന് മുക്തമാകുന്നതും.

ഒരാള്‍ ചിലപ്പോള്‍ മതം കല്‍പിക്കുന്നത് ചെയ്യുന്നുണ്ടാകാം. പക്ഷേ, അത് ആളുകളെ കണ്ടുകൊണ്ടും അവരുടെ അടുക്കലുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ടുമായിരിക്കും. അപ്രകാരം മതം വിലക്കിയ കാര്യങ്ങളെ സൂക്ഷിക്കുന്ന ആളുമായിരിക്കും. അവിടെയും ആളുകള്‍ക്കിടയിലുള്ള തന്‍റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നതോ ഇഹലോകത്തെ ശിക്ഷാനടപടികളെക്കുറിച്ചുള്ള ഭയമോ ഒക്കെയാണ് അതിന്‍റെ അടിസ്ഥാന പ്രേരകമെങ്കില്‍ അയാളുടെ ഈ ചെയ്തികളൊന്നും അല്ലാഹുവിന്‍റെ വിധിവിലക്കുകളെ ആദരിച്ചുകൊണ്ടോ ആ നിയമങ്ങള്‍ കല്‍പിക്കുകയും വിരോധിക്കുകയും ചെയ്ത പടച്ചവനോടുള്ള ആദരവുകൊണ്ടോ അല്ലെന്നത് തീര്‍ച്ച!

മതത്തിന്‍റെ കല്‍പനകളോടുള്ള ആദരവിന്‍റെ ചില അടയാളങ്ങള്‍ ഇവയാണ്: ആ കല്‍പനകളുടെ സമയവവും പരിധികളും ഗ്രഹിക്കല്‍, അവയുടെ അടിസ്ഥാനഘടകങ്ങള്‍ (റുക്നുകള്‍), നിര്‍ബന്ധകാര്യങ്ങള്‍ (വാജിബാത്ത്),അവയുടെ പൂര്‍ണതവരുത്തുന്ന കാര്യങ്ങള്‍ മുതലായവ അന്വേഷിക്കല്‍, അവ ഏറ്റവും നന്നായി ചെയ്യുവാനുള്ള അത്യൂല്‍സാഹം കാണിക്കല്‍, കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ ഏറ്റവും ശ്രേഷ്ഠകരമായ സമയങ്ങളില്‍തന്നെ നിര്‍വഹിക്കല്‍, അത് നിര്‍വഹിക്കാനുള്ള താല്‍പര്യവും ഉല്‍സാഹവും, അവയിലെ ഏതെങ്കിലും ഒരു ന്യായമായ സംഗതി നഷ്ടപ്പെട്ടുപോയതിന്‍റെ പേരിലുള്ള സങ്കടവും ദുഃഖവും; അതായത്, ഒരു ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്ന ഒരാളെ പോലെ. അയാള്‍ ചിന്തിക്കുന്നത് തന്‍റെ തനിച്ചുള്ള നമസ്കാരം റബ്ബ് സ്വീകരിച്ചാല്‍തന്നെ തന്‍റെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെട്ടുപോയല്ലോ എന്നതായിരിക്കും.

കാര്യമായ യാതൊരു കഷ്ടപ്പാടും പ്രയാസവുമില്ലാതെ തന്‍റെ നാട്ടില്‍വെച്ചുതന്നെ ഒരൊറ്റ ഇടപാടുകൊണ്ട് നേടിയെടുക്കാമായിരുന്ന 27 ഇരട്ടി ലാഭം തനിക്ക് നഷ്ടമായി എന്ന് ഒരാള്‍ അറിഞ്ഞാല്‍ അയാള്‍ക്ക് എത്രമാത്രം സങ്കടവും നഷ്ടബോധവുമുണ്ടാകും! എങ്കില്‍ ജമാഅത്തായി നമസ്കരിക്കുന്നതിലൂടെ കിട്ടുമായിരുന്ന എത്രയോ ഇരട്ടി പ്രതിഫലം നഷ്ടപ്പെടുത്തുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും?

(തുടരും)