ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 4

ശമീര്‍ മദീനി

2021 മെയ് 01 1442 റമദാന്‍ 19
ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം

ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കുകയും ശേഷം ആ സല്‍കര്‍മത്തെ നിഷ്ഫലമാക്കുന്ന വല്ല തിന്മയും പ്രവര്‍ത്തിക്കുകയും ആ തെറ്റില്‍നിന്ന് പിന്നീട് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കില്‍ അയാള്‍ ആദ്യം ചെയ്ത നന്മയുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന ചര്‍ച്ച മേല്‍പറഞ്ഞ അടിസ്ഥാനത്തെ ആശ്രയിച്ചു നില്‍ക്കുന്ന ചര്‍ച്ചയും അഭിപ്രായങ്ങളുമാണ്.

എന്റെ മനസ്സില്‍ ഈ വിഷയത്തില്‍ ഇപ്പോഴും എന്തോ ഒരു വ്യക്തതക്കുറവുണ്ട്. അതിലെ സത്യം അറിയാന്‍ ഞാന്‍ അതീവ താല്‍പര്യത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് ഒരു ശമനം നല്‍കുന്ന ആരെയും ഞാന്‍ കണ്ടില്ല. എനിക്ക് മനസ്സിലാകുന്നത്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവനോടാണ് സഹായം തേടുന്നതും. അവനെക്കൊണ്ടല്ലാതെ യാതൊരു കഴിവുമില്ല- നന്മകളും തിന്മകളും പരസ്പരം കൊടുത്തും വാങ്ങിയും നിലകൊള്ളുന്നു എന്നാണ്. അന്തിമവിധി അതില്‍ മികച്ചു നില്‍ക്കുന്ന അഥവാ അതിജയിച്ചു നില്‍ക്കുന്നതിനായിരിക്കും. അപ്പോള്‍ അത് മറ്റേതിനെ കീഴ്‌പ്പെടുത്തി അതിജയിക്കും. അപ്പോള്‍ വിധി അതിനും, പരാജയപ്പെട്ടത് നന്മയായാലും തിന്മയായയാലും മുമ്പ് ഇല്ലാത്തത് പോലെയായിത്തീരും. അതായത് ഒരാളുടെ നന്മകള്‍ അയാളുടെ തിന്മകളെ അതിജയിച്ചാല്‍ ആ അധികരിച്ച നന്മകള്‍ തിന്മകളെ പ്രതിരോധിക്കും. അങ്ങനെ തിന്മകളില്‍നിന്ന് പശ്ചാത്തപിക്കുകയും കൂടി ചെയ്യുമ്പോള്‍ അനുബന്ധമായി കുറെ നന്മകള്‍കൂടി വന്നുചേരുന്നു. അത് ചിലപ്പോള്‍ തിന്മകള്‍കൊണ്ട് നിഷ്ഫലമാക്കപ്പെട്ട നന്മകളെക്കാള്‍ അധികരിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ പശ്ചാത്തപിച്ചു നന്മ ചെയ്യാന്‍ ഒരാള്‍ ദൃഢനിശ്ചയം ചെയ്യുകയും അത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉത്ഭവിക്കുകയും കുറ്റമറ്റതാവുകയും ചെയ്താല്‍ കഴിഞ്ഞുപോയ തിന്മകളെയെല്ലാം കരിച്ചുകളയാന്‍ മാത്രം ശേഷിയുള്ളതാണത്. അങ്ങനെ മുമ്പ് അത്തരം തിന്മകളൊന്നും ഉണ്ടായിട്ടേയില്ലാത്തതുപോലെ ആയിത്തീരും. നിശ്ചയം, സത്യസന്ധമായി പശ്ചാതപിക്കുന്നവന്‍ പാപങ്ങള്‍ ചെയ്യാത്തവനെപ്പോലെയാണ്.

ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ഈ താക്കീതുകളെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത വിവരണങ്ങളാണ് നല്‍കിക്കാണുന്നത്. ഒന്ന്, ബാഹ്യമായ അര്‍ഥത്തില്‍ തന്നെയുള്ള വിവരണമാണ്. അഥവാ ഒരു നിര്‍ബന്ധ നമസ്‌കാരം പോലും മനഃപൂര്‍വം ആരെങ്കിലും ഉപേക്ഷിച്ചാല്‍ അയാള്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോയി. അസ്വ്ര്‍ നമസ്‌കാരം പ്രത്യേക ശ്രേഷ്ഠതയുള്ള നമസ്‌കാരമായതിനാല്‍ അതിനെ പ്രത്യേകം പരാമര്‍ശിച്ചു എന്നേയുള്ളു.

രണ്ടാമത്തെ വിശദീകരണം: ഇത് ബാഹ്യാര്‍ഥത്തിലല്ല. ഈ പറഞ്ഞവര്‍ തന്നെ പിന്നീടുള്ള വിവരണങ്ങള്‍ വ്യത്യസ്ത രൂപത്തിലാണ് നല്‍കിയിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ സംഗ്രഹിക്കാം:

1. നമസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമെന്ന വിശ്വാസത്തില്‍, അഥവാ നിര്‍ബന്ധത്തെ നിഷേധിച്ചുകൊണ്ട് ഉപേക്ഷിക്കല്‍.

2. അലസതമൂലം അസ്വ്ര്‍ നമസ്‌കാരം സമയം കഴിഞ്ഞ് നമസ്‌കരിക്കുന്നവന് അത് സമയത്തു നമസ്‌കരിച്ചവന്റെ പ്രതിഫലമില്ല. അഥവാ ആ നമസ്‌കാരത്തിന്റെ പ്രതിഫലം അയാള്‍ നശിപ്പിച്ചുവെന്ന് സാരം.

3. കര്‍മങ്ങള്‍ നഷ്ടപ്പെടുത്തി എന്നാല്‍ പ്രതിഫലത്തിന്റെ വമ്പിച്ചഭാഗം നഷ്ടപ്പെടുത്തി എന്ന് വിവക്ഷ നല്‍കിയവര്‍.

എന്തുതന്നെയായാലും നമസ്‌കാരം ഉപേക്ഷിക്കല്‍ അതീവ ഗുരുതരമായ കുറ്റമാണ്, അതില്‍ അസ്വ്ര്‍ നമസ്‌കാരം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുണ്ട് എന്നും ഉപരിസൂചിത ഹദീഥുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഖലീലുല്ലാഹി ഇബ്‌റാഹിം(അ) പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാം:

''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ'' (14:40).

ഹകീമുബ്‌നു ഹിസാം(റ) ഒരിക്കല്‍ നബി ﷺ യോട് താന്‍ മുസ്‌ലിമാകുന്നതിനു മുമ്പ് ചെയ്ത അടിമ മോചനം, കുടുംബ ബന്ധം ചേര്‍ക്കല്‍, പുണ്യം ചെയ്യല്‍ മുതലായ കാര്യങ്ങള്‍ക്കു പ്രതിഫലം കിട്ടുമോ എന്നു ചോദിച്ചു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: 'നീ മുമ്പു ചെയ്ത നന്മകളോടൊപ്പമാണ് മുസ്‌ലിമായത്'' (ബുഖാരി, മുസ്‌ലിം).

ബഹുദൈവത്വംകൊണ്ട് നിഷ്ഫലമായിപ്പോകുമായിരുന്ന പ്രസ്തുത സല്‍കര്‍മങ്ങളുടെ പ്രതിഫലം ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തിന് തിരിച്ചുകിട്ടുമെന്നാണ് ഇത് അറിയിക്കുന്നത്. ബഹുദൈവത്വത്തില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയപ്പോള്‍ മുന്‍കഴിഞ്ഞ സല്‍കര്‍മങ്ങളുടെ പ്രതിഫലം അദ്ദേഹത്തിലേക്ക് മടങ്ങിവരുമെന്ന് സാരം.

ഇപ്രകാരം ഒരാള്‍ നിഷ്‌കളങ്കവും സത്യസന്ധവുമായ, ശരിയായ തൗബ (പശ്ചാത്തപം) നിര്‍വഹിച്ചാല്‍ അയാളുടെ മുന്‍കഴിഞ്ഞ തിന്മകള്‍ കരിച്ചുകളയപ്പെടുകയും നന്മകളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്യും.

(ഇബ്‌നുല്‍ഖയ്യിം(റഹി) സംശയത്തോടുകൂടി പറഞ്ഞ ഇക്കാര്യം തന്റെ പില്‍ക്കാല രചനയായ 'മദാരിജുസ്സാലികീന്‍' എന്ന ഗ്രന്ഥത്തില്‍ (1/308) ബലപ്പെടുത്തി സ്ഥിരീകരിക്കുന്നുണ്ട്).

പനിയും വേദനകളുമൊക്കെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളാണെന്നപോലെ നിശ്ചയം തിന്മകളും പാപങ്ങളും മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗി തന്റെ അസുഖങ്ങളില്‍നിന്ന് പരിപൂര്‍ണ ആരോഗ്യത്തോടെ മുക്തനായാല്‍ മുമ്പത്തെക്കാള്‍ നല്ലരൂപത്തില്‍ അയാള്‍ക്ക് ശക്തിയും ആരോഗ്യവും പ്രതിരോധശേഷിയുമൊക്കെ ആര്‍ജിച്ചിട്ടുണ്ടാവും. ക്ഷീണമോ രോഗമോ ഒന്നും അയാള്‍ക്ക് തീരെ ബാധിച്ചിട്ടില്ലാത്തപോലെ ആരോഗ്യവാനായേക്കും. മുന്‍കാല ശേഷിയും ശക്തിയും നന്മകളുടെ സ്ഥാനത്താണ്. അയാള്‍ക്ക് ബാധിച്ച രോഗം പാപത്തിന്റെ സ്ഥാനത്തും ആരോഗ്യവും സൗഖ്യവും തൗബയുടെ സ്ഥാനത്തും.

എന്നാല്‍ ചില രോഗികള്‍ക്ക് ആരോഗ്യം തീരെ തിരിച്ചുകിട്ടാത്തതായും ഉണ്ട്. മുമ്പത്തെ അവസ്ഥയിലേക്ക് ആരോഗ്യസ്ഥിതി മാറിവരുന്നവരുമുണ്ടാകും. മറ്റുചിലര്‍ക്കാകട്ടെ പൂര്‍വോപരി ഉന്മേഷത്തിലും ശക്തിയിലും ആരോഗ്യം തിരിച്ചുകിട്ടുന്നതും കാണാം. എത്രത്തോളമെന്നാല്‍ ചില ശാരീരിക സൗഖ്യങ്ങളുടെ നിമിത്തം ചില രോഗങ്ങളാണ് എന്ന് പറയാവുന്നിടത്തോളേം അവസ്ഥകള്‍ മാറിവരാം. എല്ലാം ഓരോ പ്രതികരണത്തിന്റെയും സ്ഥിതിക്കനുസരിച്ചാണെന്ന് മാത്രം

ഒരു കവി പറഞ്ഞതുപോലെ: ''നിന്റെ ആക്ഷേപത്തിന്റെ അന്ത്യം സ്തുതിഗീതങ്ങളായേക്കാം. കാരണം, ചില ശരീരങ്ങള്‍ രോഗങ്ങള്‍കൊണ്ട് സുഖം പ്രാപിക്കാറുണ്ട്.''

ഇപ്രകാരമാണ് ഒരാള്‍ തൗബക്ക് ശേഷം ഈ മൂന്ന് അവസ്ഥകളിലാകുന്നത്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍. അവനല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവനല്ലാതെ രക്ഷകനില്ല.

വിലക്കുകളോടുള്ള ആദരവിന്റെ അടയാളങ്ങള്‍

മതത്തിന്റെ വിലക്കുകളോട് ഒരാള്‍ക്ക് ആദരവുണ്ടെങ്കില്‍ അതിന്റെ സ്ഥലങ്ങളില്‍നിന്നും അതിലേക്കെത്തിക്കുന്ന കാര്യങ്ങളില്‍നിന്നും അതിന്റെ പ്രേരകങ്ങളില്‍നിന്നുമൊക്കെ വിട്ടകന്നു നില്‍ക്കാന്‍ അയാള്‍ അതീവ താല്‍പര്യം കാണിക്കും. അതിലേക്ക് അടുപ്പിക്കുന്ന എല്ലാവഴികളും അയാള്‍ കയ്യൊഴിക്കും; ദുഷ്ചിത്രങ്ങളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടകന്നുപോകുന്ന ആളുകളെ പോലെ. കാരണം ആ ചിത്രങ്ങളും രൂപങ്ങളുമാണ് പല അനാശാസ്യങ്ങള്‍ക്കും തുടക്കമിടുന്നത്. അതിനാല്‍ ആ അപകടത്തെ ഭയന്നുകൊണ്ട് അയാള്‍ അവിടെനിന്നും ഓടിയകലും. എത്രത്തോളമെന്നാല്‍, പ്രസ്തുത സൂക്ഷ്മതയുടെയും ജാഗ്രതയുടെയും ഭാഗമായി കുഴപ്പത്തെ പേടിച്ചുകൊണ്ട് കുഴപ്പമില്ലാത്തതുവരെ കയ്യൊഴിക്കുന്ന സ്ഥിതിയുണ്ടാകും. മതം അനഭിലഷണിയമായിക്കണ്ട കാര്യങ്ങളില്‍ (മക്‌റൂഹ്) പെട്ടുപോകുമെന്ന് ഭയന്ന് മതം അനുവദിച്ച കാര്യങ്ങളിലെ (മുബാഹ്) അത്യാവശ്യമില്ലാത്തവയെ കയ്യൊഴിക്കുന്നതിലേക്ക് അയാള്‍ എത്തും. അപ്രകാരംതന്നെ മതം വിലക്കിയ അത്തരം അരുതായ്മകള്‍ പരസ്യമായി ചെയ്യുന്നവര്‍, അതിനെ ന്യായീകരിക്കുന്നവര്‍, അതിലേക്ക് പ്രേരിപ്പിക്കുന്നവര്‍, അതിന്റെ ഗൗരവം കുറച്ചുകാണുന്നവര്‍, ആ അരുതായ്മകള്‍ ചെയ്യുന്നത് ഗൗനിക്കാത്തവര്‍ എന്നിവരില്‍നിന്നും അയാള്‍ വിട്ടകന്നുപോകും. തീര്‍ച്ചയായും ഇത്തരത്തിലുള്ളവരുമായുള്ള കൂടിക്കലരലും അവരോട് ഇഴുകിച്ചേരലും അല്ലാഹുവിന്റെ ശാപകോപങ്ങളിലേക്ക് ഒരാളെ എത്തിക്കുന്നതാണ്. അല്ലാഹുവിനോടും അവന്റെ വിധിവിലക്കുകളോടുമുള്ള ആദരവ് മനസ്സില്‍നിന്ന് നഷ്ടപ്പെട്ടുപോയവര്‍ക്കല്ലാതെ ഇതുമായി ഇഴുകിച്ചേരാന്‍ കഴിയുകയില്ല.

ഒരു ഉദാഹരണം: ചൂട് കഠിനമാകുന്ന സന്ദര്‍ഭങ്ങളില്‍ ദുഹ്ര്‍ നമസ്‌കാരം പിന്തിപ്പിച്ചു നിര്‍വഹിക്കാനുള്ള നിര്‍ദേശം നബി ﷺ യുടെ സുന്നത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ദുഹ്‌റിന്റെ നിര്‍ണിത സമയം തെറ്റിക്കുകയും ഏറ്റവും അവസാന സമയത്തേക്ക് അത് പിന്തിപ്പിക്കുകയും ചെയ്യല്‍ ഒരുതരം 'വരണ്ട' ഇളവെടുക്കലാണ്.

സത്യത്തില്‍ ഈ ഇളവിലെ യുക്തി, കഠിനമായചൂടുള്ള സന്ദര്‍ഭത്തിലെ നമസ്‌ക്കാരം ഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത, അലസതയോടെയും വെറുപ്പോടുകൂടിയുമുള്ള ഒരുതരം യാന്ത്രികമായ ആരാധനയായിരിക്കുമെന്നതിനാല്‍ ആ ചൂട് ശമിക്കുന്നതുവരെ അത് പിന്തിപ്പിക്കാന്‍ മതം നിര്‍ദേശിച്ചു എന്നതാണ്. അപ്പോള്‍ ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടുകൂടിയും നമസ്‌കരിക്കാനും നമസ്‌കാരത്തിന്റെ ലക്ഷ്യവും മര്‍മവുമായ ഭയഭക്തിയും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുവാനും അതിലൂടെ സാധിക്കും. ഇതേപോലെ തന്നെയാണ് വിശന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണം മുന്നില്‍വെച്ച് നമസ്‌കരിക്കാന്‍ നില്‍ക്കുന്നതും മലമൂത്ര വിസര്‍ജനത്തിനായി മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അത് ശമിപ്പിക്കാതെ ആരാധനക്കൊരുമ്പെടുന്നതും. ഇവ രണ്ടും നബി ﷺ വിലക്കിയിട്ടുണ്ട്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം എന്ന ശ്രേഷ്ഠമായ ആരാധനാകര്‍മത്തിന്റെ ലക്ഷ്യത്തില്‍നിന്ന് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളുമായി മനസ്സ് വ്യാപൃതമായിരിക്കും. അപ്പോള്‍ പ്രസ്തുത ആരാധനയുടെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. അതിനാല്‍ ഒരാളുടെ ആരാധനയെ സംബന്ധിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ് തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ തീര്‍ത്തിട്ട് പൂര്‍ണമനസ്സുമായി നമസ്‌കാരത്തിനു നില്‍ക്കുകയെന്നത്.

അങ്ങനെയാകുമ്പോള്‍ തന്റെ മനസ്സും മുഖവും ശരീരവുമെല്ലാമായി പരിപൂര്‍ണമായി ആ ആരാധനയിലേക്ക് തിരിയാന്‍ അയാള്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള രണ്ടു റക്അത് നമസ്‌കാരത്തിലൂടെ തന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ അയാള്‍ക്ക് പൊറുക്കപ്പെടുന്നതായിരിക്കും.

അതായത് മതത്തിലെ ഇളവുകള്‍ അയാള്‍ സ്വീകരിക്കുന്നത് മതനിയമങ്ങളോടുള്ള ഒരുതരം 'വരണ്ട' നീരസം കൊണ്ടല്ല എന്ന് സാരം.

 അപ്രകാരംതന്നെ പ്രതിബന്ധങ്ങളുള്ള സാഹചര്യങ്ങളില്‍ രണ്ട് നമസ്‌കാരങ്ങള്‍ തമ്മില്‍ 'ജംഅ്'ആക്കി ഒരു സമയത്ത് നിര്‍വഹിക്കാന്‍ യാത്രക്കാരന് ഇളവുണ്ട്. യാത്ര തുടരുന്ന സാഹചര്യത്തില്‍ ഓരോ നമസ്‌കാരവും അതാതിന്റെ സമയങ്ങളില്‍ നിര്‍വഹിക്കുകയെന്നത് പ്രയാസകരമാകുമെന്നത് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഒരുസ്ഥലത്ത് രണ്ടോ മൂന്നോ ദിവസം തമ്പടിക്കാന്‍ തീരുമാനിച്ചാല്‍, അല്ലെങ്കില്‍ ആ ദിവസം യാത്രയില്ലാതെ അവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ രണ്ടു നമസ്‌കാരങ്ങള്‍ തമ്മില്‍ ജംആക്കുന്നതിനു യാതൊരു ആവശ്യവുമില്ല. കാരണം, ഓരോ നമസ്‌കാരവും അതാതിന്റെ സമയത്ത് നിര്‍വഹിക്കുവാന്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ അയാള്‍ക്ക് സാധിക്കും. അതായത്, ഭൂരിഭാഗം യാത്രക്കാരും ധരിച്ചുവെച്ചതുപോലെ പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും യാത്രയില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ഒരു സുന്നത്തോന്നുമല്ല ജംആക്കുകയെന്നത്. മറിച്ച് ആവശ്യ സന്ദര്‍ഭത്തില്‍ എടുക്കാവുന്ന ഒരു ഇളവ് മാത്രമാണ് ജംഅ്. എന്നാല്‍ 'ക്വസ്വ്ര്‍' (നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്തായി ചുരുക്കി നമസ്‌ക്കരിക്കല്‍) യാത്രയില്‍ അനുവര്‍ത്തിക്കേണ്ട പ്രബലമായ സുന്നത്ത് തന്നെയാണ്. അഥവാ, പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്താക്കി ചുരുക്കി നമസ്‌ക്കരിക്കല്‍ യാത്രക്കാരനുള്ള സുന്നത്താണ്. എന്നാല്‍ രണ്ടു സമയങ്ങളിലെ നമസ്‌കാരം ഒരു സമയത്തായി നിര്‍വഹിക്കാന്‍ (ജംആക്കല്‍) ആവശ്യ സന്ദര്‍ഭങ്ങളിലുള്ള ഒരു ഇളവ് മാത്രമാണ്. രണ്ടും രണ്ടായിത്തന്നെ ഗ്രഹിക്കേണ്ടതുണ്ട്.

ഇതേപോലെ തന്നെയാണ് വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കല്‍; അത് ഒരു ഇളവാണ്. നിഷിദ്ധമല്ല. എന്നാല്‍ അതില്‍ അതിരുവിട്ട് മൂക്കറ്റം തിന്നുകയും ശ്വാസംമുട്ടുവോളം ഭക്ഷിക്കുകയും ചെയ്യല്‍ ചെയ്യല്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍ അയാള്‍ തേടിക്കൊണ്ടിരിക്കും. ഭക്ഷണത്തിനു മുമ്പും ശേഷവും അത്തരക്കാരുടെ മുഖ്യവിഷയം തന്റെ വയറുതന്നെയായിരിക്കും. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ്. വിശപ്പ് മാറുവോളം തിന്നാം. ഭക്ഷണത്തോട് താല്‍പര്യമുണ്ടായിരിക്കെ ഭക്ഷണമൊഴിവാക്കാന്‍, അഥവാ തീറ്റ അവസാനിപ്പിക്കാന്‍ കഴിയണം. അതിന്റെ മാനദണ്ഡം നബി ﷺ പറഞ്ഞ ഈ വാക്കുകളാണ്: 'മൂന്നില്‍ ഒരുഭാഗം തന്റെ ഭക്ഷണത്തിനും മൂന്നില്‍ ഒന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനുമാണ്.' അതിനാല്‍ ആ മൂന്നു ഭാഗവും മുഴുവനായി ഭക്ഷണത്തിനു മാത്രമാക്കരുത്.

വിധിവിലക്കുകളില്‍ അതിരുവിട്ട തീവ്രത കാണിക്കുന്നതും ഇസ്‌ലാമികമല്ല; വുദൂഅ് എടുക്കുമ്പോള്‍ 'വസ്‌വാസ്' കാണിച്ച് അതില്‍ അതിരുവിടുകയും അവസാനം നമസ്‌കാരത്തിന്റെ ശ്രേഷ്ഠമായ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ. അല്ലെങ്കില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇമാമിനോടൊപ്പമുള്ള ഫാതിഹ പാരായണം നഷ്ടപ്പെടുത്തുന്നത് പോലെ. ചിലപ്പോള്‍ ആ റക്അത്ത് തന്നെ നഷ്ടപ്പെടുകയും ചെയ്‌തേക്കും! അതുമല്ലെങ്കില്‍ ഭക്തിയുടെയും സൂക്ഷ്മതയുടെയും പേരില്‍ അതിരുവിട്ട് പൊതുവിലുള്ള മുസ്‌ലിംകളുടെ, അഥവാ മറ്റുള്ളവരുടെ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാതെ തീവ്രത പുലര്‍ത്തുന്നതുപോലെ. ഹറാമുകളെന്നു സംശയിക്കപ്പെടുന്ന സാമ്പാദ്യങ്ങള്‍ അതില്‍ വന്നിട്ടുണ്ടോ എന്ന പേടിയിലാണത്രെ അവ ഒഴിവാക്കുന്നത്! (അവസാനിച്ചില്ല)