ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

ശമീര്‍ മദീനി

2021 മെയ് 08 1442 റമദാന്‍ 26

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്.

അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയംനേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന്''മണം പിടിക്കും.' അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും.

ഇനി ഒരാളില്‍ ജാഗ്രതയും സൂക്ഷ്മതയും ആവേശവും ഊര്‍ജസ്വലതയുമൊക്കെ ദര്‍ശിക്കുകയും മടിയനാക്കി തളര്‍ത്തി ഇരുത്തിക്കളയാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിയുകയും ചെയ്താല്‍ കൂടുതല്‍ പ്രയത്‌നിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തനിക്ക് അപര്യാപ്തമാണെന്നും ഇതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവരൊക്കെ ചെയ്തത് തനിക്ക് പോരാത്തതിനാല്‍ അതിലുപരി ചെയ്യേണ്ടതുണ്ടെന്നും അയാളെ തോന്നിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ഉറങ്ങിയാലും നീ ഉറങ്ങിക്കൂടാ. അവര്‍ നോമ്പ് എടുക്കാത്തപ്പോള്‍ നീ നോമ്പ് ഉപേക്ഷിക്കരുത്. അവര്‍ ക്ഷീണിച്ചാലും നീ ക്ഷീണിക്കരുത്. അവരില്‍ ഒരാള്‍ തന്റെ കയ്യും മുഖവും മൂന്നു പ്രാവശ്യമാണ് കഴുകിയതെങ്കില്‍ നീ ഒരു ഏഴുതവണയെങ്കിലും കഴുകണം. അവര്‍ നമസ്‌കാരത്തിനായി വുദൂഅ് എടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നീ അതിന്നുവേണ്ടി കുളിക്കണം എന്നിങ്ങനെ അതിരുകവിച്ചിലിന്റെയും തീവ്രതയുടെയും അന്യായത്തിന്റെയും വഴികള്‍ ചൂണ്ടിക്കാട്ടി തീവ്രതക്കും പരിധിവിടുന്നതിനും മിതത്വത്തിന്റെ നേരായമാര്‍ഗം വിട്ടുകടക്കുന്നതിനും അയാളെ പ്രേരിപ്പിക്കും. ആദ്യത്തെയാളെ നേര്‍മാര്‍ഗത്തിലേക്ക് അടുക്കുവാന്‍പോലും അനുവദിക്കാതെ അതില്‍ വീഴ്ചവരുത്തിച്ചുകൊണ്ട്, അലസനാക്കിക്കൊണ്ട് വഴിതെറ്റിച്ചതുപോലെ ഇയാളെ ഈ രൂപത്തിലും വഴിപിഴപ്പിക്കുന്നു.

രണ്ടുപേരുടെ കാര്യത്തിലും അവന്റെ ലക്ഷ്യം അവരെ നേര്‍മാര്‍ഗത്തില്‍നിന്നു തെറ്റിച്ചു പുറത്തുകളയുകയെന്നതാണ്. ഒരാളെ അതിലേക്ക് അടുപ്പിക്കാതെയും മറ്റെയാളെ അതില്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താതെ പരിധിവിട്ടും അന്യായം ചെയ്യിപ്പിച്ചും.

ഈ രൂപത്തിലൂടെ വളരെയധികം ആളുകളെ പിശാച് കുഴപ്പത്തിലാക്കിയിട്ടുണ്ട്. രൂഢമൂലമായ അറിവും ശക്തമായ ഈമാനും പിശാചിനെതിരെ പൊരുതുവാനുള്ള ശേഷിയും മിതത്വത്തിന്റെ നേര്‍മാര്‍ഗം കടുകിട വ്യതിചലിക്കാതെ അനുധാവനം ചെയ്യലുമാണ് അതില്‍നിന്നുള്ള രക്ഷാമാര്‍ഗം. അല്ലാഹു മാത്രമാണ് സഹായി.

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ ഭാഗമാണ് അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കല്‍പനക്ക് കീഴൊതുങ്ങുന്നതിനും അത് പ്രയോഗവല്‍കരിക്കുന്നതിനും തടസ്സമായ വല്ല ന്യായവാദങ്ങളും നിരത്തി അതില്‍നിന്ന് പിന്നാക്കം പോകാതിരിക്കുകയെന്നത്. മറിച്ച് അല്ലാഹുവിന്റെ കല്‍പനക്കും വിധിവിലക്കുകള്‍ക്കും, അതിനെ പ്രയോഗവല്‍കരിച്ചുകൊണ്ട് കീഴ്‌പെടുകയെന്നതാണ് ഒരു വിശ്വാസിയുടെ കടമ. അതിലെ യുക്തിരഹസ്യങ്ങള്‍ നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും പ്രസ്തുത വിധിവിലക്കുകള്‍ അനുസരിക്കുകയാണ് വേണ്ടത്. മതത്തിന്റെ യുക്തിരഹസ്യങ്ങള്‍ ആ നിയമത്തില്‍ ബോധ്യമായാല്‍ ആ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് കീഴ്‌പെടാന്‍ കൂടുതല്‍ പ്രേരകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ പ്രസ്തുത നിയമത്തില്‍നിന്ന് ഊരിപ്പോകുവാനോ പൂര്‍ണമായും അതിനെ കയ്യൊഴിയുവാനോ പ്രേരിപ്പിക്കാവതല്ല. തസ്വവ്വുഫിലേക്ക് ചേര്‍ത്ത് പറയുന്നവര്‍ക്കും കുറെ മതനിഷേധികള്‍ക്കും സംഭവിച്ചത് അതാണ്.

അല്ലാഹു അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിയമമാക്കിയത് അവനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഹൃദയവും ശരീരാവയവങ്ങളും നാവുമെല്ലാം അവനു കീഴ്‌പെടുന്നതില്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്മരണ. അവയ്ക്ക് ഓരോന്നിനും ആ കീഴ്‌പെടലിന്റെ വിഹിതം നല്‍കിക്കൊണ്ടാണ് അത് നിര്‍വഹിക്കേണ്ടത്. അതാണല്ലോ ഒരു ദാസന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോള്‍ പ്രസ്തുത കീഴ്‌പെടലിന്റെ (ഉബൂദിയ്യത്ത്) ഏറ്റവും പരിപൂര്‍ണമായ പദവിയിലാണ് ആ നമസ്‌കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നു കാണാനാവും.

അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുകയും മികച്ച സൃഷ്ടികളില്‍നിന്ന് അവനെ തിരഞ്ഞെടുക്കുകയും ചെയ്തു. മനുഷ്യഹൃദയത്തെ ഈമാനിന്റെയും തൗഹീദിന്റെയും ഇഖ്‌ലാസിന്റെയും സ്‌നേഹത്തിന്റെയും ലജ്ജയുടെയും ആദരവിന്റെയും ദൈവബോധത്തിന്റെയുമെല്ലാം കേന്ദ്രമാക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണമനസ്സോടെ അല്ലാഹുവിലേക്ക് ഒരാള്‍ മുന്നിട്ടുചെന്നാല്‍ ഏറ്റവും ശ്രേഷ്ഠവും പരിപൂര്‍ണവുമായ പ്രതിഫലം അയാള്‍ക്ക് നല്‍കും. അതായത്, സ്രഷ്ടാവിന്റെ തിരുമുഖം ദര്‍ശിക്കുവാനും അവന്റെ തൃപ്തി നേടി വിജയംവരിക്കാനും അവന്റെ സാമീപ്യം സിദ്ധിച്ചുകൊണ്ട് അവനൊരുക്കിയ സ്വര്‍ഗത്തില്‍ കഴിയാനും സാധിക്കുക എന്ന അത്യുന്നതമായ വിജയവും നേട്ടവും അയാള്‍ക്ക് ലഭിക്കും.

എന്നാല്‍ അതോടൊപ്പം ഇച്ഛകള്‍, ദേഷ്യം, അശ്രദ്ധ മുതലായവകൊണ്ട് അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. അവന്റെ വേര്‍പിരിയാത്ത ശത്രുവായ ഇബ്‌ലീസിനെ കൊണ്ടും പരീക്ഷിക്കും. ആ ശത്രു അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പല വഴികളിലൂടെയും അവന്റെയടുക്കല്‍ കടന്നുചെല്ലും. അങ്ങനെ പിശാചും അവന്റെ മനസ്സും ദേഹേച്ഛയും ആ അടിമക്കെതിരില്‍ സംഘടിക്കും. ഈ മൂന്നുകൂട്ടരും അവന്റെയടുക്കല്‍ പല കാര്യങ്ങളുമായി ചെല്ലും. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി അവര്‍ അവന്റെ അവയവങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവയവങ്ങളാവട്ടെ അതിനു കീഴ്‌പെടുന്ന ഒരു ഉപകരണം പോലെയാണ്. അവയ്ക്ക് ആ പ്രേരണകള്‍ക്ക് കീഴ്‌പെടാനല്ലാതെ കഴിയില്ല. ഇങ്ങനെയാണ് ഈ മൂന്നുകൂട്ടരുടെയും സ്ഥിതി. അതിനോടുള്ള മനുഷ്യന്റെ അവയവങ്ങളുടെ നിലയും അതാണ്. ഈ മൂന്നുകൂട്ടരും എങ്ങനെ നിര്‍ദേശിക്കുന്നുവോ, എവിടേക്ക് തിരിച്ചുവിടുന്നുവോ അതിനു വഴിപ്പെട്ടുകൊണ്ടായിരിക്കും ഒരാളുടെ ബാഹ്യമായ അവയവങ്ങള്‍ ചലിക്കുന്നത്. ഇതാണ് ഒരടിമയുടെ അവസ്ഥയുടെ തേട്ടം.

എന്നാല്‍ കാരുണ്യവാനും അജയ്യനുമായ അവന്റെ റബ്ബ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മറ്റൊരു സൈന്യത്തെക്കൊണ്ട് അവനെ സഹായിച്ചിട്ടുണ്ട്. തന്റെ നാശംകൊതിക്കുന്ന ആ എതിരാളികള്‍ക്കെതിരില്‍ അല്ലാഹു അവനെ ഈ സൈന്യത്തെക്കൊണ്ട് പിന്‍ബലം നല്‍കുകയും പ്രതിരോധിക്കുകയുമാണ്. അതിനാല്‍ അല്ലാഹു തന്റെ ദൂതനെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ശത്രുവായ പിശാചിനെതിരില്‍ ഒരു മാന്യനായ മലക്കിനെ കൊണ്ട് അവനു ശക്തി പകരുകയും ചെയ്തു.

തിന്മകൊണ്ട് കല്‍പിക്കുന്ന ദുഷ്‌പ്രേരണയായ മനസ്സിന് (നഫ്‌സുല്‍ അമ്മാറ) എതിരായി നന്മക്ക് പ്രേരിപ്പിക്കുന്ന, ശാന്തിയടഞ്ഞ മനസ്സി(നഫ്‌സു മുത്വ്മഇന്ന)നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുഷിച്ച മനസ്സ് വല്ല തിന്മയും അവനോടു കല്‍പിച്ചാല്‍ നല്ലമനസ്സ് അത് വിലക്കും. മനുഷ്യന്‍ ചിലപ്പോള്‍ നല്ലതിനെയും മറ്റുചിലപ്പോള്‍ തിന്മയെയും അനുസരിക്കും. അതില്‍ ഏതാണോ അവനെ അതിജയിച്ചു മികച്ച് നില്‍ക്കുന്നത് അതിന്റെ വക്താവായിട്ടായിരിക്കും അവന്‍ മാറുക. ചിലപ്പോള്‍ അവയിലേതെങ്കിലും ഒന്ന് അവനെ പരിപൂര്‍ണമായി കീഴ്‌പെടുത്തിക്കളഞ്ഞിട്ടുണ്ടാകും. അപ്രകാരംതന്നെ പിശാചിനെയും ദുഷിച്ച മനസ്സിനെയും അനുസരിക്കാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അവന്റെ ദേഹേച്ഛക്ക് എതിരിലായി ഒരുതരം പ്രകാശവും ഉള്‍ക്കാഴ്ചയും നേര്‍ബുദ്ധിയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേഹേച്ഛക്ക് കീഴ്‌പെടുന്നതില്‍നിന്ന് ഇവ അവനെ തടയും. ദേഹേച്ഛക്കൊപ്പം സഞ്ചരിക്കാന്‍ അവന്‍ തയ്യാറെടുക്കുമ്പോഴെല്ലാം അവന്റെ സല്‍ബുദ്ധിയും ഉള്‍ക്കാഴ്ചയും പ്രകാശവും അവനെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ''സൂക്ഷിക്കുക, ജാഗ്രത പാലിക്കുക. നിശ്ചയം, നാശത്തിന്റെ അഗാധഗര്‍ത്തങ്ങളാണ് നിന്റെ മുമ്പിലുള്ളത്. നീ ഇതിന്റെ പിന്നാലെയാണ് പോകാനൊരുങ്ങുന്നതെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വലയിലെ ഇരയായിരിക്കും നീ. അതിനാല്‍ സൂക്ഷിക്കുക.''

ചിലപ്പോള്‍ ഈ ഗുണകാംക്ഷിയെ അവന്‍ അനുസരിച്ചേക്കും. അപ്പോള്‍ അതിന്റെ വിവേകവും ഗുണവും അവനു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റുചിലപ്പോള്‍ ദേഹേച്ഛയുടെ വിളിക്ക് പിന്നാലെയും അവന്‍ പോകും. അപ്പോള്‍ അവന്‍ കൊള്ളയടിക്കപ്പെടുകയും അവന്റെ സ്വത്തും വസ്ത്രവുമെല്ലാം അപഹരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്‍ വിളിച്ച പറയും: ''ഇത് എവിടെ നിന്ന് വന്നു? എന്താണ് സംഭവിച്ചത്?'' എന്താണ് സംഭവിച്ചതെന്നതും അവന്‍ കൊള്ളയടിക്കപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമൊക്കെ എവിടെവെച്ചായിരുന്നു എന്നതും അവനു നന്നായി അറിയാമായിരുന്നു എന്നതാണ് അത്ഭുതം. പക്ഷേ, എന്നിട്ടും ആ വഴിതന്നെയാണ് അവന്‍ തെരഞ്ഞെടുത്തത്. കാരണം ആ വഴിയിലൂടെ അവനെ കൂട്ടിക്കൊണ്ടു പോകുന്നവര്‍ അവനെ കീഴ്‌പെടുത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനെതിരില്‍ പോരടിച്ചുകൊണ്ടും ആ ക്ഷണം നിരസിച്ചുകൊണ്ടും അവരെ കീഴ്‌പെടുത്തുവാന്‍ അവനു കഴിയാത്തവിധത്തിലായി. അവന്‍ സ്വയം തന്നെയാണ് ഈ വഴി ഒരുക്കിയത്. അവന്‍തന്നെയാണ് തന്റെ കൈ ശത്രുവിന് നല്‍കിയത്. സ്വന്തം കഴുത്ത് ശത്രുവിന് നീട്ടിക്കൊടുത്തവനെപ്പോലെയാവുകയും അവന്റെ ബന്ധനത്തിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്ന ഒരുവന്റെ സ്ഥിതിയിലായി. അവന്‍ ആ ബന്ധനത്തില്‍കിടന്നു സഹായാര്‍ഥന നടത്തുന്നുണ്ട്. പക്ഷേ, ആരും അവനെ സഹായിക്കുന്നില്ല. ഇങ്ങനെയാണ് ഒരാള്‍ പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷിച്ച മനസ്സിന്റെയും കെണികളില്‍പ്പെട്ടു ബന്ധനസ്ഥനാകുന്നത്. പിന്നീടവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും അതിനു സാധിക്കുകയില്ല.

ഒരു അടിമ ഈ ശത്രുക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ശക്തമായ സൈന്യങ്ങളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ഒക്കെ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യത്തില്‍നിന്നും വേണ്ടത് സ്വീകരിച്ചും ഈ സന്നാഹങ്ങളില്‍നിന്നും ആവശ്യമുള്ളത് ഉപയോഗിച്ചും ഈ കോട്ടകളില്‍ നിനക്ക് വേണ്ടത് ഉപയോഗപ്പെടുത്തിയും നീ നിന്റെ ശത്രുവിനോട് പോരാടുക എന്ന് അവനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. നീ മരണംവരെ പ്രതിരോധിക്കുക. കാര്യം വിദൂരമല്ല. പ്രതിരോധ പോരാട്ടം അധികസമയം ഇല്ല. അങ്ങനെ നീ രാജാവിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. രാജകൊട്ടാരത്തിലേക്ക് നിന്നെ ആനയിക്കും. നീ ഈ സമര പോരാട്ടങ്ങളില്‍നിന്ന് വിശ്രമത്തിലാണിപ്പോള്‍. നിന്റെയും നിന്റെ ശത്രുവിന്റെയും ഇടയില്‍ തീര്‍പ്പുകല്‍പിക്കപ്പെട്ടിരിക്കുന്നു. ആദരണീയതയുടെ സ്വര്‍ഗലോകത്ത് നീ യഥേഷ്ടം വിഹരിക്കുകയാണ്. നിന്റെ ശത്രുവാകട്ടെ ഏറ്റവും പ്രയാസകരമായ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നീ നോക്കിക്കാണുന്നു. നിന്നെ ഏതൊരു കാരാഗ്രഹത്തിലടക്കാനാണോ നിന്റെ ശത്രു ആഗ്രഹിച്ചത് ആ തടവറയില്‍ അവന്‍ അകപ്പെടുകയും അതിന്റെ കനത്ത വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ നിരാശപ്പെട്ടിരിക്കുകയാണ്. നീയാകട്ടെ കൊതിക്കുന്നതെല്ലാം കിട്ടുന്ന കണ്‍കുളിര്‍മയേകുന്ന സ്വര്‍ഗീയ ആരാമങ്ങളില്‍ വിഹരിക്കുകയാണ്. ആ ചുരുങ്ങിയ കാലയളവില്‍ നീ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതിനുള്ള പ്രതിഫലമായി രാജസന്നിധിയില്‍ ലഭിച്ച ആഹഌദത്തിമിര്‍പ്പിലും ആനന്ദത്തിലുമാണ് നീ. നിനക്കവിടെ ആ പോരാട്ടവേളയില്‍ സഹിക്കേണ്ടിവന്നത് വളരെ കുറച്ചുസമയം മാത്രം. ആ ഒരു പ്രയാസവും നീ തീരെ അനുഭവിക്കാത്തതുപോലെ ഈ സുഖങ്ങളെല്ലാം നിന്നെ അവയെ മറപ്പിച്ചുകളഞ്ഞു. ഈ പോരാട്ടത്തില്‍ സമയം അധികമില്ലെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും ബോധ്യപ്പെടാന്‍ നിന്റെ മനസ്സിന് ആകുന്നില്ലെങ്കില്‍ അല്ലാഹു പറഞ്ഞ ഈ വാക്കുകള്‍ നീ ഉറ്റാലോചിക്കുക:

''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമെ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്നപോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?'' (ക്വുര്‍ആന്‍ 46:35).

''അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക)''(79:46).

''അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമെ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)'' (23:112-114).

''അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്. അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍താമസിക്കുകയുണ്ടായിട്ടില്ല എന്ന്. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമെ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു'' (20:102-104). (തുടരും)