ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ശമീര്‍ മദീനി

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ അനുഭവത്തിലൂടെ മുറിവിന്റെ രക്തവും വായയുടെ വാസനയും എന്താണെന്ന്  അറിവുള്ളതാണല്ലോ. എന്നാല്‍ അവയെ അല്ലാഹു പരലോകത്ത് കസ്തൂരിയുടെ സുഗന്ധമാക്കി മാറ്റുന്നതാണ്.

എന്നാല്‍ അബൂഅംറ് ഇബ്‌നുസ്വലാഹ്(റഹി) തെളിവാക്കുന്നത് ഇബ്‌നുഹിബ്ബാനില്‍ വന്ന ഹദീഥിന്റെ പരാമര്‍ശമാണ്: 'ഭക്ഷണം ഒഴിവാക്കുന്നത് കാരണമായുണ്ടാകുന്ന വാസന' എന്നാണല്ലോ അത്. അതാകട്ടെ ദുന്‍യാവില്‍ സംഭവിക്കുന്നതാണ്. ഭാഷാപരമായ ചില ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിക്കൊണ്ട് നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കുന്നത് മൂലമുള്ള വാസന അല്ലാഹുവിന്റെ അടുക്കല്‍ പരിമളമുള്ളതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശേഷം ആവശ്യമില്ലാതെ കുറെ വിശദീകരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇവിടെ പ്രസ്തുത പരിമളത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവൃത്തികളെയും അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെത്തന്നെയാണ്. അതായത് ഈ പരിമളം സൃഷ്ടികളുടെ പരിമളത്തെപോലെയല്ല, അല്ലാഹുവിന്റെ തൃപ്തിയും കോപവും സന്തോഷവും വെറുപ്പും ഇഷ്ടവും ദേഷ്യവും ഒന്നും സൃഷ്ടികളുടേതിനു സമാനമല്ല എന്നതുപോലെയാണ് അതും. അല്ലാഹുവിന്റെ അസ്തിത്വം സൃഷ്ടികളുടെ അസ്തിത്വത്തിനോട് സമാനമായതല്ല; അവന്റെ വിശേഷണങ്ങളും അവന്റെ പ്രവര്‍ത്തങ്ങളും അപ്രകാരം തന്നെ സൃഷ്ടികളുടേതുപോലെയല്ല. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു വിശിഷ്ടമായ വചനങ്ങളെ വിശിഷ്ടമായി കാണുന്നു. അവന്റെയടുക്കലേക്ക് അവ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ വിശിഷ്ടമായിക്കാണലും നമ്മുടേതുപോലെയല്ല.

ഈ തര്‍ക്കത്തില്‍ അന്തിമമായി നമുക്ക് പറയാനുള്ളത് ഇതാണ്: നബി ﷺ അറിയിച്ചത് പോലെ ആ പരിമളം പരലോകത്തുവെച്ചാണ് ഉണ്ടാകുന്നത്. കാരണം അതാണ് നന്മതിന്മകളുടെ കര്‍മ പ്രതിഫലം പ്രകടമാമാകുന്ന സമയം. അപ്പോള്‍ ആ വാസന കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി അവിടെവെച്ച് പ്രകടമാവും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തില്‍ മുറിവേറ്റ വ്യക്തിയുടെ രക്തത്തിന്റെ മണം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി പ്രത്യക്ഷപ്പെടുന്നതുപോലെ. അവിടെവെച്ചാണ് രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതും ചില മുഖങ്ങളില്‍ അത് പ്രകടമായി പ്രത്യക്ഷപ്പെടുന്നതും. സത്യനിഷേധികളുടെ ദുര്‍ഗന്ധവും മുഖത്തിന്റെ കറുപ്പുമൊക്കെ പ്രകടമാകുന്നതുമൊക്കെ അന്നായിരിക്കും.

'ഭക്ഷണം ഒഴിവാക്കിയതുമൂലം,' 'വൈകുന്നേരമാവുമ്പോള്‍' എന്നൊക്കെ ചില റിപ്പോര്‍ട്ടുകളില്‍ വന്ന പരാമര്‍ശങ്ങള്‍, അപ്പോഴാണ് ആ ആരാധനയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത് എന്നതിനാലാകും. അപ്പോള്‍ അതനുസരിച്ച് അതിന്റെ സുഗന്ധവും അല്ലാഹുവിന്റെ അടുക്കലും അവന്റെ മലക്കുകളുടെ അടുക്കലും കസ്തൂരിയെക്കാള്‍ അധികരിച്ച ഏറ്റവും പരിമളമുള്ളതായിരിക്കും; മനുഷ്യരുടെയടുക്കല്‍ ആ നേരത്തെ വാസന വെറുപ്പുള്ളതാണെങ്കിലും. മനുഷ്യരുടെയടുക്കല്‍ വെറുക്കപ്പെടുന്ന എത്രയെത്ര സംഗതികളാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയങ്കരമായിട്ടുള്ളത്! നേരെ തിരിച്ചും. മനുഷ്യര്‍ക്ക് അതിനോട് വെറുപ്പ് തോന്നുന്നത് അവരുടെ പ്രകൃതത്തിനോട് അത് യോജിക്കാത്തതുകൊണ്ടാണ്. എന്നാല്‍ അല്ലാഹു അതിനെ വിശിഷ്ടമായി കാണുന്നതും അതിനെ ഇഷ്ടപ്പെടുന്നതും അത് അവന്റെ കല്‍പനയോടും തൃപ്തിയോടും ഇഷ്ടത്തോടും യോജിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ അവന്റെയടുക്കല്‍ അതിന് നമ്മുടെയെടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തിനുള്ളതിനെക്കാള്‍ പരിമളവും വിശിഷ്ടതയും ഉണ്ടായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് മനുഷ്യര്‍ക്ക് സുഗന്ധമായിത്തന്നെ അനുഭവപ്പെടുകയും അത് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇപ്രകാരമാണ് ഏത് നന്മതിന്മകളുടെയും കര്‍മഫലങ്ങള്‍. അവ ഏറ്റവും ബോധ്യപ്പെടുന്നതും പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പരലോകത്തായിരിക്കും.

ചില കര്‍മങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അവയുടെ നന്മ അധികരിക്കുന്നതും ഇഹലോകത്ത് അതുണ്ടാക്കുന്ന ചില അനന്തരഫലങ്ങളെകൂടി ആശ്രയിച്ചിട്ടായിരിക്കും. അത് കണ്ണുകൊണ്ട് കാണാവുന്നതും ഉള്‍ക്കാഴ്ചകൊണ്ട് ഗ്രഹിക്കാവുന്നതുമാണല്ലോ!

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നിശ്ചയം, നന്മ മുഖത്ത് തെളിച്ചമുണ്ടാക്കും. ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും ഉപജീവനത്തില്‍ വിശാലതയും സൃഷ്ടികളുടെ മനസ്സില്‍ സ്‌നേഹവും പകരും. എന്നാല്‍ തിന്മകള്‍ തീര്‍ച്ചയായും മുഖത്തിന് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തിന് തളര്‍ച്ചയും ഉപജീവനത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ വെറുപ്പും ഉണ്ടാക്കും.' (ഇതിനു സമാനമായി ഹസനുല്‍ ബസ്വരിയില്‍നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്നുണ്ട്; അബൂനുഐം 'ഹില്‍യ'യിലും. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: 'ഏതൊരു മനുഷ്യന്‍ കര്‍മം ചെയ്യുമ്പോഴും അതിന്റെതായ ഒരു പുടവ അല്ലാഹു അയാളെ ധരിപ്പിക്കുന്നതായിരിക്കും. നന്മയാണെങ്കില്‍ നന്മയുടെതും തിന്മയാണെങ്കില്‍ തിന്മയുടെതും.' (ഇമാം അഹ്മദ് 'സുഹ്ദില്‍' ഉദ്ധരിച്ചത്. ഇബ്‌നുല്‍ മുബാറകും അബൂദാവൂദും 'സുഹ്ദി'ല്‍ ഉദ്ധരിച്ചു. ഇബ്‌നു അബീശൈബ, ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലും).

 ഇത് സുപരിചിതമായ സംഗതിയാണ്. ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അറിയാവുന്നതുമാണ്. വിശുദ്ധരും പുണ്യംചെയ്യുന്നവരുമായ ആളുകളില്‍നിന്ന് അവര്‍ സുഗന്ധം പുരട്ടിയിട്ടില്ലെങ്കില്‍കൂടി ചിലപ്പോള്‍ നല്ല പരിമളം വീശാറുണ്ട്. അയാളുടെ ആത്മാവിന്റെ സുഗന്ധം ശരീരത്തിലൂടെയും വസ്ത്രത്തിലൂടെയും പുറത്തേക്കുവരും. എന്നാല്‍ തോന്നിവാസിയുടെ സ്ഥിതി നേരെ തിരിച്ചുമാണ്. രോഗം ബാധിച്ച് മൂക്കൊലിക്കുന്നവന് ഈ രണ്ട് വാസനകളും അനുഭവപ്പെടുകയില്ല. പ്രത്യുത അയാളുടെ മൂക്കൊലിപ്പ് ഇതിനെ നിഷേധിക്കാനായിരിക്കും പ്രേരിപ്പിക്കുക. ഈ ചര്‍ച്ചയില്‍ അവസാനമായി നമുക്ക് പറയുവാനുള്ളത് ഇത്രയുമാണ്. അല്ലാഹു തആലയാണ് ശരിയെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍.

നബി ﷺ പറഞ്ഞു: 'അവന്‍ നിങ്ങളോട് ദാനധര്‍മത്തെ(സ്വദക്വ)കുറിച്ച് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുവിന്റെ ബന്ധനത്തിലായ ഒരാളുടെത് പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി കഴുത്ത് വെട്ടുവാനായി കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഞാന്‍ എന്റെ എല്ലാം നിങ്ങള്‍ക്ക് മോചനദ്രവ്യമായി നല്‍കാം. അങ്ങനെ അയാള്‍ അവരില്‍ നിന്നും മോചിതനായി.'

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇമാം തിര്‍മിദി അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: 'നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും' (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: 'ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് 'അല്‍ കാമില്‍' എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.  ഉദാഹരണത്തിന് 'അത്തര്‍ഗീബ് വത്തര്‍ഹീബ്' 1/679 നോക്കുക).

 ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

മുആദുബ്‌നു ജബല്‍(റ) പറയുന്നു: 'ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.' എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: 'ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും' (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്: 'നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.'

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

'നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.'

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്: 'സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്' (ബുഖാരി, മുസ്‌ലിം). ('നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും' എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

അദിയ്യിബ്‌നു ഹാതിമി(റ)ല്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: 'നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക'' (ബുഖാരി, മുസ്‌ലിം).

 അബൂദര്‍റ്(റ) പറയുന്നു: 'ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: 'ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?' നബി ﷺ പറഞ്ഞു: 'അല്ലാഹുവിലുള്ള വിശ്വാസം.' ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?' അവിടുന്ന് പറഞ്ഞു: 'അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.' ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?' നബി ﷺ പറഞ്ഞു: 'നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.' ഞാന്‍ ചോദിച്ചു: 'നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?' അവിടുന്ന് പറഞ്ഞു: 'ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.' ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?' നബി ﷺ പറഞ്ഞു: 'മര്‍ദിതനെ സഹായിക്കട്ടെ.' ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?' അവിടുന്ന് പറഞ്ഞു: 'നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.' ഞാന്‍ ചോദിച്ചു: 'ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?' നബി ﷺ പറഞ്ഞു: 'ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും' (ബൈഹക്വി 'ശുഅബുല്‍ ഈമാന്‍' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

 ഉമറുബ്‌നുല്‍ഖത്വാബ്(റ) പറഞ്ഞു: 'എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്' (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

അബൂഹുറയ്‌റ(റ) പറയുന്നു: ''പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: 'ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍  അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍;  അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.'  അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു'' (ബുഖാരി, മുസ്‌ലിം).