ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 7

ശമീര്‍ മദീനി

2021 മെയ് 22 1442 ശവ്വാല്‍ 10

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ കവാടത്തിന്റെ താക്കോല്‍. പ്രസ്തുത താക്കോലില്ലാത്തവര്‍ക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ല. അപ്രകാരം തന്നെ താക്കോലുമായി വരികയും എന്നാല്‍ അതിന്റെ പല്ലുകള്‍ ഇല്ലാതിരിക്കുകയും ചെയ്താലും അതുപയോഗിച്ചു സ്വര്‍ഗവാതിലുകള്‍ തുറക്കാന്‍ സാധിക്കുകയില്ല.

താക്കോലിന്റെ പല്ലുകളെന്നു പറഞ്ഞത് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ധര്‍മ സമരം (ജിഹാദ്), നന്മ കല്‍പിക്കല്‍, സംസാരത്തിലെ സത്യത, വിശ്വസ്തത പാലിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെയാണ്. അതിനാല്‍ ഏതൊരാള്‍ ഈ ലോകത്തുവെച്ച് തൗഹീദിന്റെ ശരിയായ ഒരു താക്കോല്‍ ഉണ്ടാക്കിയെടുക്കുകയും പടച്ചവന്റെ കല്‍പനകളുടെതായ പല്ലുകള്‍ അതിനു പിടിപ്പിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി ആ താക്കോലു കൊണ്ട് വാതില്‍ തുറക്കാന്‍ കഴിയും. അതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. എന്നാല്‍ അയാള്‍ ചെയ്ത പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും അടയാളങ്ങള്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിലൂടെയും പാപമോചന തേട്ടത്തിലൂടെയും നീക്കിക്കളയാനായില്ലെങ്കില്‍ പ്രശ്‌നമാണ്. അപ്പോള്‍ സ്വര്‍ഗത്തിന് മുമ്പില്‍ അയാള്‍ തടയപ്പെടുകയും ശുദ്ധീകരണ നടപടികളെടുക്കുകയും ചെയ്യും. മഹ്ശറിലെ ദീര്‍ഘമായ നിറുത്തവും അവിടുത്തെ ഭയാനകതകളും പ്രയാസങ്ങളും അയാളെ ശുദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ തെറ്റുകുറ്റങ്ങളുടെ മാലിന്യങ്ങള്‍ നീക്കാന്‍ നരകത്തില്‍ കടക്കല്‍ അനിവാര്യമായി. അങ്ങനെ ആ പാപങ്ങളുടെ  അഴുക്കുകളില്‍നിന്ന് ശുദ്ധമായി കഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന്, ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. കാരണം, സ്വര്‍ഗമെന്നത് വിശുദ്ധരുടെ ഭവനമാണ്; വിശുദ്ധരല്ലാതെ അവിടെ പ്രവേശിക്കുകയില്ല.

അല്ലാഹു പറയുന്നു: ''അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക'' (16:32).

'നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക' എന്ന് പറഞ്ഞതില്‍ നിന്ന് ആ സംശുദ്ധിയാണ് സ്വര്‍ഗപ്രവേശനത്തിന് നിമിത്തമായതെന്നു വ്യക്തമാണ്.

എന്നാല്‍ നരകമാകട്ടെ, വാക്കുകളിലും പ്രവൃത്തികളിലും അന്നപാനീയങ്ങളിലുമെല്ലാം മാലിന്യം  പേറിയവരുടെ വാസസ്ഥലമാണ്; വൃത്തികെട്ടവരുടെ ഭവനം.

അല്ലാഹു പറയുന്നു: ''അല്ലാഹു നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍'' (8:37).            

അല്ലാഹു വൃത്തികേടുകളെയും മാലിന്യങ്ങളെയും ഒരുമിച്ചുകൂട്ടുകയും എന്നിട്ട് നരകവാസികളോടൊപ്പം നരകത്തിലാക്കുകയും ചെയ്യും. നീചരല്ലാതെ അതില്‍ ഉണ്ടാവുകയില്ല.

ജനങ്ങള്‍ മൂന്നു തരക്കാരാണ്. അവര്‍ക്കുള്ള വാസസ്ഥലങ്ങളും മൂന്നു തരമാണ്. 1) വൃത്തികേടുകള്‍ പുരളാത്ത വിശുദ്ധര്‍. 2) വിശുദ്ധി തീണ്ടിയിട്ടില്ലാത്ത മ്ലേച്ഛര്‍. 3) വിശുദ്ധിയും വൃത്തികേടുകളും കൂടിക്കലര്‍ന്ന മറ്റൊരു കൂട്ടര്‍.

ഒന്നാമത്തെ വിഭാഗത്തിന് തികച്ചും വിശുദ്ധമായ ഭവന(സ്വര്‍ഗം)മാണുള്ളത്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ തികച്ചും മ്ലേച്ഛമായ ഭവന(നരകം)വും. ഈ രണ്ടു ഭവനങ്ങളും (സ്വര്‍ഗവും നരകവും) നശിക്കുകയില്ല; ശാശ്വതമാണ്.

എന്നാല്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന മൂന്നാമത്തെ വിഭാഗത്തിന്റെ ഭവനം; അത് നശിക്കുന്നതാണ്, ശാശ്വതമല്ല. അതായത്, മറ്റു പാപങ്ങള്‍ ചെയ്തവര്‍ക്കുള്ള ശിക്ഷയുടെ ഭവനം. നിശ്ചയം (ഏകദൈവ വിശ്വാസികളില്‍പെട്ട ഒരാളും) നരകത്തില്‍ ശാശ്വത വാസിയാവുകയില്ല. അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ തോതനുസരിച്ച് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്ത് കൊണ്ടുവരപ്പെടുന്നതായിരിക്കും. എന്നിട്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ അവസാനം തികച്ചും വൃത്തികെട്ടവരുടെത് മാത്രമായ നരകം മാത്രമായിരിക്കും ശേഷിക്കുക.

ഹദീഥില്‍ പറഞ്ഞ രണ്ടാമത്തെ വിഷയം നമസ്‌കാരമാണ്. 'അല്ലാഹു നിങ്ങളോടു നമസ്‌കാരം നിര്‍വഹിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നിന്നുകഴിഞ്ഞാല്‍ പിന്നെ മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത്. കാരണം ഒരാള്‍ നമസ്‌കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖം അയാളുടെ നേര്‍ക്ക് തന്നെ തിരിച്ചു നിര്‍ത്തുന്നതായിരിക്കും.'

നമസ്‌കാരത്തില്‍ വിലക്കപ്പെട്ട 'തിരിഞ്ഞുനോട്ടം' രണ്ടുതരമുണ്ട്. അതില്‍ ഒന്ന് ഹൃദയംകൊണ്ട് അല്ലാഹുവില്‍നിന്ന് മറ്റുള്ളവരിലേക്ക് തിരിയലാണ്. രണ്ടാമത്തെത് ദൃഷ്ടികൊണ്ടുള്ള തിരിഞ്ഞുനോട്ടവും. രണ്ടും വിലക്കപ്പെട്ടതാണ്. ഒരാള്‍ പരിപൂര്‍ണമായി നമസ്‌കാരത്തിലേക്ക് മുന്നിടുകയാണെങ്കില്‍ അല്ലാഹുവും അയാളിലേക്ക് മുന്നിടുന്നതാണ്. എന്നാല്‍ അയാള്‍ തന്റെ ഹൃദയംകൊണ്ടോ ദൃഷ്ടികൊണ്ടോ അല്ലാഹുവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ അല്ലാഹു അയാളില്‍നിന്നും തിരിഞ്ഞു കളയും.

ഒരാള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്: ''അത്, ഒരു ദാസന്റെ നമസ്‌കാരത്തില്‍നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്'' (ബുഖാരി).

മറ്റൊരുവചനത്തില്‍ ഇപ്രകാരം കാണാം: ''അല്ലാഹു ചോദിക്കും: എന്നെക്കാള്‍ ഉത്തമനായതിലേക്കാണോ അയാള്‍ തിരിയുന്നത്? എന്നെക്കാള്‍ വിശിഷ്ടമായതിലേക്കാണോ?'' (ബസ്സാര്‍. ഇമാം ഹൈതമി(റഹി) പറയുന്നു: ഇതിന്റെ പരമ്പരയില്‍ ഫദ്‌ലുബ്‌നു ഈസ അര്‍റാശി എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.'' (മജ്മഉസ്സവാഇദ് 2/80).

(വിശദവിവരത്തിനു സില്‍സിലഃ ദഈഫഃ (2694ാം നമ്പര്‍ ഹദീഥ്) കാണുക).

ദൃഷ്ടികൊണ്ടോ മനസ്സുകൊണ്ടോ നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവന്റെ ഉപമ ഒരാളുടേതു പോലെയാണ്. അയാളെ രാജാവ് ക്ഷണിച്ചു വരുത്തി, തന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞ് അയാളെ വിളിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രാജാവിനെ ഗൗനിക്കാതെ ഇടത്തോട്ടും വലത്തോട്ടും അയാള്‍ തിരിഞ്ഞു നോക്കുകയോ അതല്ലെങ്കില്‍ രാജാവ് പറഞ്ഞത് ശ്രദ്ധിക്കാതെ മനസ്സ് എങ്ങോട്ടോ തിരിക്കുകയോ ചെയ്താല്‍ എന്തായിരിക്കും രാജാവ് അയാളെ ചെയ്യുക? ഏറ്റവും ചുരുങ്ങിയത് രാജാവിന്റെ അടുക്കല്‍നിന്ന് കോപിക്കപ്പെട്ടവനും ആട്ടിയകറ്റപ്പെട്ടവനുമായ നിലയില്‍ രാജാവിന്റെ യാതൊരു പരിഗണയും കിട്ടാതെ അയാള്‍ക്ക് മടങ്ങേണ്ടി വരില്ലേ?

ഇത്തരത്തില്‍ നമസ്‌കരിക്കുന്നയാളും ഹൃദയ സാന്നിധ്യത്തോടെ നമസ്‌കാരത്തില്‍ അല്ലാഹുവിലേക്ക് പൂര്‍ണമായി തിരിഞ്ഞയാളും ഒരിക്കലും സമമാവുകയില്ല. താന്‍ ആരുടെ മുമ്പിലാണ് നില്‍ക്കുന്നതെന്നും അവന്റെ മഹത്ത്വമെന്താണെന്നും അയാള്‍ തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അയാളുടെ മനസ്സ് നിറയെ പടച്ചവനോടുള്ള ഗാംഭീര്യവും സ്‌നേഹാദരവുകളുമാണ്. അയാളുടെ പിരടി അവന്റെ മുന്നില്‍ കുനിക്കുകയും തന്റെ രക്ഷിതാവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിയാന്‍ അയാള്‍ ലജ്ജിക്കുകയും ചെയ്യും.

ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞത് പോലെ ഈ രണ്ടുപേരുടെ നമസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അദ്ദേഹം പറഞ്ഞു: 'രണ്ടാളുകള്‍ ഒരേ നമസ്‌കാരം നിര്‍വഹിക്കുകയാണ്. എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും തമ്മില്‍ ആകാശഭൂമികളോളം അന്തരമുണ്ടായിരിക്കും.' (ഇബ്‌നുല്‍ മുബാറക്, കിതാബുസ്സുഹ്ദ്).

അതെന്തുകൊണ്ടെന്നാല്‍, അവരിലൊരാള്‍ തന്റെ ഹൃദയവുമായി അല്ലാഹുവിലേക്ക് മുന്നിട്ടവനും മറ്റെയാള്‍ അശ്രദ്ധനും മറവിക്കാരനുമായത് കൊണ്ടാണ്.

ഒരാള്‍ തന്നെപോലെയുള്ള ഒരു മനുഷ്യന്റെ അടുക്കലേക്ക് മുന്നിട്ടുചെല്ലുകയും അവര്‍ക്കിടയില്‍ സുതാര്യമായ ഇടപെടലിന് സാധ്യമാകാത്ത വിധത്തില്‍ വല്ല മറയും ഉണ്ടായിരിക്കുകയും ചെയ്താല്‍ പ്രസ്തുത പോക്കും സമീപനവും ശരിയായ രൂപത്തിലായില്ല എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ സ്രഷ്ടാവിന്റെ കാര്യത്തില്‍ എന്താണ് വിചാരിച്ചത്?

സ്രഷ്ടാവായ അല്ലാഹുവിലേക്ക് മുന്നിടുമ്പോള്‍ അയാള്‍ക്കും പടച്ചവനും ഇടയില്‍ ദേഹേച്ഛകളുടെയും ദുര്‍ബോധനങ്ങളുടെയും (വസ്‌വാസുകള്‍) മറയുണ്ടാവുകയും മനസ്സ് അവയുമായി അഭിരമിക്കുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കുറെ വസ്‌വാസുകളും മറ്റു ചിന്തകളും അയാളുടെ ശ്രദ്ധ തെറ്റിച്ചുകളയുകയും നാനാവഴികളിലേക്കും അയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ അത് എന്തൊരു 'മുന്നിടല്‍' ആയിരിക്കും?!

ഒരാള്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ പിശാചിന് അത് ഏറെ അസഹ്യമായിരിക്കും. കാരണം, അയാള്‍ നില്‍ക്കുന്നത് ഏറ്റവും മഹത്തരമായ ഒരു സ്ഥാനത്തും സന്ദര്‍ഭത്തിലുമാണ്. അത് പിശാചിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാല്‍ ആ നമസ്‌കാരക്കാരനെ അവിടെ നേരാംവണ്ണം നിര്‍ത്താതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യാന്‍ പറ്റുക അതൊക്കെയുമായി പിശാച് കിണഞ്ഞ് പരിശ്രമിക്കും. അയാള്‍ക്ക് പലതരം മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മുന്നില്‍ ചെന്ന് നമസ്‌കാരത്തിന്റെ സുപ്രധാനമായ പലതില്‍നിന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുകയും മറപ്പിച്ചുകളയുകയും ചെയ്യും. പിശാച് തന്റെ സര്‍വ സന്നാഹങ്ങളുമായി അയാള്‍ക്കെതിരെ തിരിയുകയും നമസ്‌കാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകാട്ടി അതിനെ നിസ്സാരമാക്കുകയും അങ്ങനെ അതില്‍ ശ്രദ്ധയില്ലാതെയും അത് പാടെ ഉപേക്ഷിക്കുന്നതിലേക്കും അയാളെ കൊണ്ടുചെന്നെത്തിക്കും.

ഇനി പിശാചിന് അതിനു സാധിക്കാതെ വരികയും ഒരാള്‍ പിശാചിനെ ധിക്കരിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുകയും ചെയ്താല്‍ പിശാച് അവന്റെ രണ്ടാമത്തെ പണിയുമായി വരും. എന്നിട്ടു പലതും അയാളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയും നമസ്‌കാരത്തിനും അയാളുടെ മനഃസാന്നിധ്യത്തിനുമിടയില്‍ മറ സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ഓര്‍മയില്ലാതിരുന്ന പലതിനെക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിലപ്പോള്‍ അയാള്‍ മറന്നുപോയ തന്റെ ലക്ഷ്യവും ആവശ്യങ്ങളും ഈ പ്രേരണകൊണ്ട് ഓര്‍ത്തെടുക്കുകയും അതുമായി മനസ്സ് വ്യാപൃതനാവുകയും ചെയ്യും. അതിലൂടെ അയാളെ അല്ലാഹുവിന്റെ വഴിയില്‍നിന്നും പിശാച് തട്ടിയെടുക്കുകയും ഹൃദയസാന്നിധ്യമില്ലാതെ കേവലം ഒരു ജഡം മാത്രമായി നില്‍ക്കുന്ന ഒരവസ്ഥയിലായി നമസ്‌കാരം നിര്‍വഹിച്ചു തീര്‍ക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പിന്നെ അല്ലാഹുവിലേക്ക് പരിപൂര്‍ണ മനസ്സും ശരീരവുമായി  മുന്നിട്ട് അവന്റെ സാമീപ്യവും ആദരവും കരസ്ഥമാക്കുന്ന ഒരു യഥാര്‍ഥ ഭക്തന് കിട്ടുന്ന യാതൊന്നും നേടിയെടുക്കാനാവാതെ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയില്‍തന്നെ തന്റെ പാപഭാരങ്ങളും തെറ്റുകുറ്റങ്ങളുമായി അയാള്‍ക്ക് നമസ്‌കാരത്തില്‍നിന്ന് വിരമിക്കുകയും ചെയ്യേണ്ടിവരും. പ്രസ്തുത നമസ്‌കാരം കൊണ്ട് അവയില്‍നിന്ന് യാതൊരു ലഘൂകരണവും അയാള്‍ക്ക് നേടിയെടുക്കാനാവില്ല.

തീര്‍ച്ചയായും നമസ്‌കാരത്തിന്റേതായ ബാധ്യതകള്‍ നിറവേറ്റുകയും അതിന്റെ ഭക്തി പൂര്‍ത്തീകരിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ഹൃദയസാന്നിധ്യത്തോടുകൂടി നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നമസ്‌കാരംകൊണ്ടുള്ള പാപം പൊറുക്കലും ആസ്വാദനവുമൊക്കെ കിട്ടുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിയുമ്പോള്‍ മനസ്സിനൊരു ആശ്വാസവും തന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച നിര്‍വൃതിയും പ്രത്യേകമായ ഉന്മേഷവും ചൈതന്യവുമൊക്കെ അയാള്‍ക്ക് കിട്ടും. എത്രത്തോളമെന്നാല്‍ ആ നമസ്‌കാരത്തെ വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ക്ക് തീരെ താല്‍പര്യമില്ലാതെ അതില്‍തന്നെ തുടരാന്‍ കൊതിക്കുകയും ചെയ്യും.      

എന്തുകൊണ്ടെന്നാല്‍ ആ നമസ്‌കാരം അയാളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആത്മാവിനു സൗഖ്യവും ഹൃദയത്തിന്റെ സ്വര്‍ഗത്തോപ്പും ദുന്‍യാവിലെ വിശ്രമ സ്ഥലവുമൊക്കെയായി അയാള്‍ ആസ്വദിക്കുകയായിരുന്നു. ആ നമസ്‌കാരത്തിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നതുവരെ വല്ലാത്തൊരു ഇടുക്കത്തിലും ഞെരുക്കത്തിലും പെട്ടു തടവറയില്‍ കഴിയുന്നത് പോലെയായിരിക്കും അയാള്‍ക്ക്. ആ നമസ്‌കാരത്തിലൂടെയാണ് അയാള്‍ ആശ്വാസം കണ്ടെത്തുക. അല്ലാതെ, അതില്‍നിന്ന് വിരമിക്കുന്നതിലല്ല അയാള്‍ ആശ്വാസം കണ്ടെത്തുക. അതിനാല്‍ നന്മയുടെ വക്താക്കളായ, നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ പറയും: 'ഞങ്ങള്‍ നമസ്‌കരിക്കുകയും നമസ്‌കാരത്തിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.' അവരുടെ നേതാവും മാതൃകാപുരുഷനും പ്രവാചകനുമായ മുഹമ്മദ് നബി ﷺ പറഞ്ഞത് പോലെ; 'ബിലാലേ, നമസ്‌കാരംകൊണ്ട് നമുക്ക് ആശ്വാസം പകരൂ' (അഹ്മദ്, അബൂദാവൂദ്). നമസ്‌കാരത്തില്‍നിന്ന് ആശ്വാസം തരൂ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

നബി ﷺ പറഞ്ഞു: ''എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്' (അഹ്മദ്, നസാഈ). ആരുടെയെങ്കിലും കണ്‍കുളിര്‍മ നമസ്‌കാരത്തിലാണുള്ളതെങ്കില്‍ അതല്ലാതെ മറ്റെന്തിലൂടെയാണ് അയാള്‍ക്കത് നേടാനാവുക? ആ നമസ്‌കാരത്തെ വിട്ട് എങ്ങനെയാണയാള്‍ക്ക് ക്ഷമിച്ചിരിക്കാനാവുക?

നമസ്‌കാരത്തില്‍ കണ്‍കുളിര്‍മ കിട്ടുന്ന ഹൃദയസാന്നിധ്യത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന ആളുടെ നമസ്‌കാരമാണ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. അതാണ് പ്രകാശവും പ്രമാണവും. അല്ലാഹു അയാളെ അതിനോടൊപ്പം സ്വീകരിക്കും. അപ്പോള്‍ അത് ഇപ്രകാരം പറയുമത്രെ: 'എന്നെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ!' എന്നാല്‍ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാത്ത ഭയഭക്തിയും നമസ്‌കാരത്തിന്റെ മറ്റു അതിര്‍വരമ്പുകളും ശ്രദ്ധിക്കാത്ത പല വീഴ്ചകളും വരുത്തിയയാളുടെ നമസ്‌കാരം പഴയ വസ്ത്രങ്ങള്‍ ചുരുട്ടിയത് പോലെ ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് എറിയപ്പെടും. അപ്പോള്‍ അത് അയാളോടിങ്ങനെ പറയുമത്രെ: 'എന്നെ അവഗണിച്ച നിന്നെയും അല്ലാഹു അവഗണിക്കട്ടെ.'

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് അബൂശജറയും അദ്ദേഹത്തില്‍ നിന്ന് അബൂസ്സാഹിരിയ്യയും അദ്ദേഹത്തില്‍നിന്ന് സഈദുബ്‌നു സിനാനും അദ്ദേഹത്തില്‍നിന്ന് ബക്‌റുബ്‌നു ബിശ്‌റും വഴി ഉദ്ധരിക്കുന്ന മര്‍ഫൂആയ ഒരു ഹദീഥില്‍ ഇപ്രകാരം പറയപ്പെടുന്നു: 'ഏതൊരു വിശ്വാസി വുദൂഅ്  ശരിയായ വിധത്തില്‍ പൂര്‍ത്തികരിക്കുകയും ഒരു നമസ്‌കാരത്തിന്റെ സമയത്തുതന്നെ അത് അല്ലാഹുവിനായി നിര്‍വഹിക്കുകയും ചെയ്താല്‍; അതിന്റെ സമയത്തിലോ റുക്കൂഇലോ സുജൂദിലോ ഒന്നിലും യാതൊരു കുറവ് വരുത്താതെയാണ് അയാള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും ഇരുഭാഗങ്ങളില്‍ പ്രകാശം വിതറിക്കൊണ്ട് തെളിമയോടെ വിശുദ്ധമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങനെ അത് അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതാണ്.

എന്നാല്‍ ആരെങ്കിലും വുദൂഅ് പൂര്‍ത്തീകരിക്കാതെയും സമയം വൈകിച്ചും റുകൂഇലും  സുജൂദിലൂമെല്ലാം വീഴ്ച വരുത്തിയുമാണ് നിര്‍വഹിച്ചതെങ്കില്‍ അത് അയാളില്‍നിന്ന് ഉയര്‍ത്തപ്പെടുക ഇരുള്‍മുറ്റിയ, കറുത്തിരുണ്ട രൂപത്തിലായിരിക്കും. എന്നിട്ടത് അയാളുടെ തലമുടി കടന്ന് മേല്‍പോട്ട് പോവുകയില്ല. പിന്നീടത് 'എന്നെ നീ അവഗണിച്ചപോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ, എന്നെ നീ അവഗണിച്ച പോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ' എന്നിങ്ങനെ പറയും (ത്വയാലസി ബസ്സാര്‍ മുതലായവര്‍ ഉദ്ധരിച്ചത്. ഇമാം ഹൈഥമി 'മജമഉ സ്സവാഇദി'ല്‍ (2/122)പറയുന്നു: 'ഇതിന്റ സനദില്‍ അഹ് വസ്വ് ഇബ്‌നു ഹകീം എന്ന വ്യക്തിയുണ്ട്. ഇബ്‌നുല്‍ മദീനിയും ഇജ്‌ലിയും അദ്ദേഹത്തെ യോഗ്യനെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം നിരൂപകര്‍ അദ്ദേഹത്തെ അയോഗ്യനെന്നാണു പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള നിവേദകരെല്ലാം യോഗ്യരാണ്.' 'ഉഖൈലി അദ്ദുഅഫാഅ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്).

സ്വികാര്യയോഗ്യമായ നമസ്‌കാരം, സ്വികരിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ പടച്ച റബ്ബിന് അനുയോജ്യമായ വിധത്തില്‍ ഒരു അടിമ നിര്‍വഹിക്കുന്നത് എന്നാണ് വിവക്ഷ. അപ്പോള്‍ ഒരാളുടെ നമസ്‌കാരം അല്ലാഹുവിനു പറ്റുന്നതും അനുയോജ്യവുമാണെങ്കില്‍ അത് സ്വികാര്യയോഗ്യമാണ്. (തുടരും)