ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 22)

നാല്‍പത്തിയൊന്ന്: സാത്വികരായ ആളുകള്‍ ഉത്സാഹം കാണിച്ചതായ ഉന്നത അവസ്ഥകളും മഹത്തായ അറിവുകളും കായ്ക്കുന്ന ഫലവത്തായ വൃക്ഷമാണ് 'ദിക്ര്‍.' ദിക്‌റാകുന്ന പ്രസ്തുത മരത്തില്‍നിന്നല്ലാതെ ആ ഫലങ്ങള്‍ നേടാന്‍ മറ്റു വഴികളില്ല. ആ വൃക്ഷത്തിന്റെ മുരട് ശക്തമായി ഉറക്കുകയും അത് വളര്‍ന്നു വലുതാവുകയും ചെയ്യുമ്പോള്‍ അത് ഏറ്റവും നല്ല ഫലം നല്‍കും. തൗഹീദിലേക്കുള്ള ഉണര്‍വും ഉന്മേഷവും പോലുള്ള ഉന്നതമായ സ്ഥാനങ്ങളെല്ലാം ദിക്ര്‍ സമ്മാനിക്കും. അതാണ് എല്ലാ സ്ഥാനങ്ങളുടെയും അടിത്തറ. എല്ലാ സ്ഥാനമാനങ്ങളും പടുത്തുയര്‍ത്തുന്ന അസ്തിവാരവും അതാണ്. ഏതൊരു മതില്‍ക്കെട്ടും അതിന്റെതായ അസ്തിവാരത്തില്‍ പടുത്തുയര്‍ത്തുന്നത് പോലെ. ആ ഭിത്തിക്ക് മേലെയാണല്ലോ പിന്നീട് അതിന്റെ മേല്‍ക്കൂരയും നില്‍ക്കുന്നത്. അതായത് ഒരാള്‍ തന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ തനിക്ക് സഞ്ചരിക്കേണ്ടതായ വഴികള്‍ താണ്ടാന്‍ അയാള്‍ക്ക് കഴിയുകയില്ല. മുമ്പ് പറഞ്ഞതുപോലെ ആ ഉണര്‍ന്നെഴുന്നേല്‍പിന് ദിക്‌റിലൂടെയല്ലാതെ സാധിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) ഹൃദയത്തിന്റെ ഉറക്കമോ അല്ലെങ്കില്‍ അതിന്റെ മരണമോ ആണ്.

നാല്‍പത്തിരണ്ട്: ദിക്ര്‍ ചെയ്യുന്നവന്‍ ദിക്ര്‍ ചെയ്യപ്പെടുന്നവനോട് (അല്ലാഹുവിനോട്) ഏറെ അടുത്തയാള്‍ ആയിരിക്കും. അല്ലാഹു അയാളുടെ കൂടെയുണ്ടാകും. ഈ 'കൂടെയുണ്ടാകല്‍' (മഇയ്യത്ത്) എല്ലാവര്‍ക്കുമുള്ള, അല്ലാഹുവിന്റെ അറിവും സാക്ഷ്യവുംകൊണ്ടുള്ള 'കൂടെയാവല്‍' അല്ല. പ്രത്യുത അത് ഒരു പ്രത്യേകതരം കൂടെയുണ്ടാകലാണ്. അതായത് അടുപ്പത്തിന്റെയും ബന്ധത്തിന്റെയും ഇഷ്ടത്തിന്റെയും  സഹായത്തിന്റെയും അനുഗ്രഹത്തിന്റെയും ഒക്കെയായ പ്രത്യേകതരം കൂടെയുണ്ടാകലാണ്. അല്ലാഹു പറഞ്ഞതുപോലെ: ''തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും'' (ക്വുര്‍ആന്‍ 16:128). ''...അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു'' (ക്വുര്‍ആന്‍ 2:249). ''തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു'' (29:69). ''...അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞസന്ദര്‍ഭം...''(ക്വുര്‍ആന്‍ 9:40).

ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ഈ 'കൂടെയുണ്ടാവലി'ന്റെ നല്ലൊരു വിഹിതം ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞതായി ഒരു ഹദീസില്‍ വന്നതുപോലെ: ''എന്റെ അടിമ എന്നെ സ്മരിച്ചുകൊണ്ട് തന്റെ ചുണ്ടുകള്‍ ചലിപ്പിക്കുന്ന സമയമത്രയും ഞാന്‍ എന്റെ അടിമയോടൊപ്പം ഉണ്ടായിരിക്കും'' (ബുഖാരി അനുബന്ധമായി തന്റെ സ്വഹീഹിലും സനദ് സഹിതം 'ഖല്‍ക്വു അഫ്ആലില്‍ ഇബാദി'ലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ ഇബ്‌നുമാജയും ഇമാം അഹ്മദും ഇബ്‌നുഹിബ്ബാനും ഹാകിമും മറ്റും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ''എന്നെ സ്‌നേഹിക്കുന്നവര്‍ എന്നോടൊപ്പം ഇരിക്കുന്നവരാണ്. എന്നോട് നന്ദികാണിക്കുന്നവര്‍ക്ക് ഞാന്‍ കൂടുതലായി നല്‍കുന്നതാണ്. എന്നെ വഴിപ്പെട്ട് ജീവിക്കുന്നവരാകട്ടെ ഞാന്‍ ആദരിച്ചവരുമാണ്. എന്നോട് അനുസരണക്കേട് കാണിച്ചവരെ എന്റെ കാരുണ്യത്തെക്കുറിച്ച് ഞാന്‍ നിരാശരാക്കുന്നില്ല. അവര്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഞാന്‍ അവരോട് സ്‌നേഹം കാണിക്കുന്നവനായിരിക്കും. നിശ്ചയമായും പശ്ചാത്തപിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിശുദ്ധി കൈവരിക്കുന്നവരെയും ഞാന്‍ സ്‌നേഹിക്കുന്നു. ഇനി അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നി ല്ലെങ്കില്‍ ഞാന്‍ അവര്‍ക്ക് ചികിത്സ നിശ്ചയിക്കും. അതായത് ആപത്തുകള്‍ മുഖേന ഞാനവരെ പരീക്ഷിക്കും. അങ്ങനെ അവരുടെ ന്യൂനതകളില്‍നിന്ന് അവരെ ഞാന്‍ ശുദ്ധീകരിക്കും.''

(ഈ റിപ്പോര്‍ട്ടിന് ഒരു പരമ്പര (സനദ്) ഉള്ളതായി അറിയില്ല. ഇബ്‌നുതൈമിയ്യ(റഹി) തന്റെ ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച ശൈലിയില്‍നിന്നും അഹ്‌ലുല്‍ കിതാബുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നുള്ള വചനമായിട്ടാണ് (ഇസ്രാഈലിയാത്ത്) മനസ്സിലാക്കുന്നത്. വിശദവിവരത്തിന് ഇബ്‌നു അബ്ദില്‍ ഹാദിയുടെ 'അല്‍ ഉക്വൂദുദ്ദുര്‍രിയ്യ' (പേജ് 343), ഇബ്‌നുതൈമിയ്യയുടെ 'മിന്‍ഹാജുസ്സുന്ന,' 'രിസാലതുന്‍ ഫീ തഹ്ക്വീക്വിശ്ശുക്ര്‍,' 'അത്തുഹ്ഫതുല്‍ ഇറാക്വിയ്യ,' 'അല്‍ ഹസനതു വസ്സയ്യിഅ,' 'മജ്മൂഉല്‍ ഫതാവ' എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക- കുറിപ്പുകാരന്‍).

ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഈ പ്രത്യേകമായ സാമീപ്യത്തോട് സമാനമായ ഒന്നുമേയില്ല. 'തക്വ്‌വ'യുള്ളവര്‍ക്കും സുകൃതം ചെയ്യുന്നവര്‍ക്കുമൊക്കെ കിട്ടുന്നതിനെക്കാള്‍ സവിശേഷമായ ഒരു പ്രത്യേക സാമീപ്യമാണത്. അത് വാചകങ്ങള്‍കൊണ്ട് വിശദീകരിക്കാന്‍ ആവുന്നതല്ല. അത് വര്‍ണനകള്‍ക്കും അപ്പുറമാണ്. അത് അനുഭവിച്ചും ആസ്വദിച്ചുംതന്നെ അറിയേണ്ട ഒന്നാണ്. പലരും കാല്‍ വഴുതിപ്പോയ ഒന്നാണിത.് സ്രഷ്ടാവിനെയും സൃഷ്ടിയെയും അടിമയെയും ഉടമയെയും മുമ്പേയുള്ളവെനയും പിന്നീടുണ്ടായവയെയും ആരാധ്യനെയും ആരാധിക്കുന്നവനെയും തമ്മില്‍ വേര്‍തിരിക്കാനുള്ള ജ്ഞാനം ഒരാള്‍ക്ക് ഇല്ലാതിരുന്നാല്‍ വഴിതെറ്റിപ്പോകും. അങ്ങനെ ക്രൈസ്തവരോട് സമാനമായ അവതാര സങ്കല്‍പത്തിലോ അദൈ്വതവാദക്കാരുടെതിന് സമാനമായ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന വാദത്തിലേക്കോ, റബ്ബിന്റെ അസ്തിത്വം തന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊക്കെയും എന്ന വാദത്തിലേക്കോ ഒക്കെ ചെന്നുവീഴും. അവരുടെ പക്കല്‍ റബ്ബും അടിമയും സ്രഷ്ടാവും സൃഷ്ടിയും എന്നിങ്ങനെ രണ്ടില്ല; പ്രത്യുത അവരുടെ വിശ്വാസത്തില്‍ റബ്ബ് തന്നെയാണ് അടിമ. അടിമ തന്നെയാണ് റബ്ബ്. പരസ്പര സദൃശ്യരായ സൃഷ്ടികളും അദ്വിതീയനും പരിശുദ്ധനുമായ സ്രഷ്ടാവും ഒന്നുതന്നെെയന്നാണ് അക്കൂട്ടരുടെ ജല്‍പനം. ഇത്തരം അക്രമികളും നിഷേധികളും പറഞ്ഞുണ്ടാക്കുന്നതില്‍നിന്നൊക്കെ അല്ലാഹു എത്രയോ ഉന്നതനും മഹാനുമാണ്!

ചുരുക്കത്തില്‍, ഒരു അടിമയുടെ കൈവശം കുറ്റമറ്റ വിശ്വാസം (അക്വീദ) ഇല്ലാതിരിക്കുകയും ദിക്‌റിന്റെ ആധിപത്യം അയാളെ കീഴ്‌പ്പെടുത്തുകയും താന്‍ സ്മരിക്കുന്നവനെയുംകൊണ്ട് ദിക്‌റില്‍നിന്നും തന്നില്‍നിന്ന് തന്നെയും അയാള്‍ മറഞ്ഞുപോവുകയും ചെയ്താല്‍ അദൈ്വതത്തിന്റെയും അവതാര സങ്കല്‍പത്തിന്റെയുമൊക്കെ വാതിലിലൂടെ അയാള്‍ ഉറപ്പായും കടന്നുപോയിരിക്കും.

നാല്‍പത്തിമൂന്ന്: തീര്‍ച്ചയായും 'ദിക്ര്‍' അടിമമോചനത്തിനും സമ്പത്ത് ചെലവഴിക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് കയറുന്നതിനും വാളെടുത്ത് യുദ്ധം ചെയ്യുന്നതിനുമെല്ലാം സമാനമാണ്. പ്രവാചകന്റെ ഒരു ഹദീസ് മുമ്പ് നാം പറഞ്ഞിരുന്നു: ''ആരെങ്കിലും ഒരു ദിവസത്തില്‍ നൂറ് പ്രാവശ്യം ഇപ്രകാരം പറഞ്ഞാല്‍; (ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍- അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന് യാതൊരു പങ്കുകാരുമില്ല. അവന്നാകുന്നു സര്‍വ ആധിപത്യവും. അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലമുണ്ട്. നൂറ് നന്മകള്‍ അയാളുടെ പേരില്‍ രേഖപ്പെടുത്തുകയും നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം മുഴുവന്‍ അഥവാ പ്രഭാതംമുതല്‍ പ്രദോഷംവരെ അത് പിശാചില്‍നിന്നുള്ള രക്ഷാകവചമായിരിക്കുകയും ചെയ്യും'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അബീ ദുന്‍യാ, അഅ്മശില്‍നിന്നും അദ്ദേഹം സാലിം ഇബ്‌നു അബില്‍ ജഅ്ദില്‍നിന്നും ഉദ്ധരിക്കുന്നു: ''ഒരിക്കല്‍ അബുദ്ദര്‍ദാഅ്(റ)നോട് ഒരാള്‍ നൂറ് ആളുകളെ മോചിപ്പിച്ചതായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഒരാളുടെ സമ്പത്ത് ചെലവഴിച്ച് 100 പേരെ മോചിപ്പിക്കുക എന്നത് ധാരാളം ചെലവുള്ള കാര്യമാണ്. എന്നാല്‍ അതിനെക്കാള്‍ ശ്രേഷ്ഠമായ കാര്യമാണ് രാവും പകലും വേര്‍പിരിയാത്ത ശക്തമായ ഈമാന്‍ (വിശ്വാസം); നിങ്ങളുടെ നാവ് സദാസമയവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കൊണ്ട് പച്ചപിടിച്ചുനില്‍ക്കുക എന്നതും'' (ഇമാം അഹ്മദ് തന്റെ 'അസ്സുഹ്ദി'ലും  ഇബ്‌നു അബീശൈബ 'അല്‍ മുസ്വന്നഫി'ലും ബൈഹക്വി 'ശുഅബുല്‍ ഈമാനി'ലുമൊക്കെ ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയതാണ് (മുന്‍ക്വത്വിഅ്). ഇമാം മുന്‍ദിരി തന്റെ 'അത്തര്‍ഗീബു വത്തര്‍ഹീബ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'ഇത് ഇബ്‌നു അബീ ദുന്‍യാ ഹസനായ പരമ്പരയിലൂടെ മൗക്വൂഫായ നിലയില്‍ അഥവാ സ്വഹാബിയുടെ വാക്കായി ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍).

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുറെ ദീനാറുകള്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം അത്രയും എണ്ണം തസ്ബീഹുകളിലൂടെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കലാണ്'' (ഇബ്‌നു അബീശൈബ, ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയിട്ടുണ്ട്-കുറിപ്പുകാരന്‍).

 അബ്ദുല്ലാഹിബിനു അംറും(റ) അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞുവത്രെ: ''ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം.' അപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞുവത്രെ: 'ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് ഈ ദിക്‌റുകള്‍ ഉരുവിടുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് വഹിക്കപ്പെടുന്നതിനെക്കാളും യുദ്ധത്തിനു പുറപ്പെടുന്നതിനെക്കാളും എനിക്കിഷ്ടം'' (ബൈഹക്വി 'ശുഅബുല്‍ ഈമാനില്‍' ഉദ്ധരിച്ചത്. അതിന്റെ പരമ്പരയില്‍ എനിക്ക് അജ്ഞാതനായ വ്യക്തിയുണ്ട്. എന്നാല്‍ ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ അബ്ദുല്ലാഹിബ്‌നു അംറിന്റെ വാക്ക് മാത്രമായി ഹസനായ സനദോടെ ഉദ്ധരിച്ചിട്ടുണ്ട്-കുറിപ്പുകാരന്‍).

അബുദ്ദര്‍ദാഅ്(റ)ന്റെ ഹദീസ് മുമ്പ് വന്നതാണ്. നബി ﷺ പറഞ്ഞു: ''നിങ്ങളുടെ കള്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതും നിങ്ങളുടെ രാജാധിരാജന്റെ അടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതുമായ ഒരു കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അഭിമുഖീകരിക്കുകയും പരസ്പരം പോരാടുകയും ചെയ്യുന്നതിനെക്കാളും ഉത്തമമാണത്.'' സ്വഹാബികള്‍ പറഞ്ഞു: ''അറിയിച്ചുതന്നാലും റസൂലേ.'' നബി ﷺ പറഞ്ഞു: ''ദിക്‌റുല്ലാഹ് (അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍) ആണത്'' (തിര്‍മുദി, ഇബ്‌നുമാജ, ഹാകിം).

നാല്‍പത്തിനാല്: നിശ്ചയമായും ദിക്‌റാണ് നന്ദിയുടെ പ്രധാനഭാഗം. അല്ലാഹുവിനെ സ്മരിക്കാത്തയാള്‍ അല്ലാഹുവിന് നന്ദി കാണിച്ചിട്ടില്ല. ഇമാം ബൈഹക്വി സൈദ് ഇബ്‌നു അസ്‌ലമില്‍നിന്ന് നിവേദനം ചെയ്യുന്നു: ''മൂസാനബിൗ പറഞ്ഞു: 'നീ എനിക്ക് ധാരാളം അനുഗ്രഹം ചെയ്തു തന്നു. അതിനാല്‍ നിനക്ക് ധാരാളമായി നന്ദിചെയ്യാനായി ഒരു മാര്‍ഗം നീ എനിക്ക് അറിയിച്ചുതരണേ.' അല്ലാഹു പറഞ്ഞു: 'നീ എന്നെ ധാരാളമായി ഓര്‍ക്കുക (ദിക്ര്‍ ചെയ്യുക). നീ എന്നെ ധാരാളമായി സ്മരിച്ചാല്‍  തീര്‍ച്ചയായും നീ എന്നോട് ധാരാളമായി നന്ദി ചെയ്തു. എന്നാല്‍ നീ വിസ്മരിച്ചാല്‍ തീര്‍ച്ചയായും നീ എന്നോട് നന്ദികേട് കാണിച്ചു'' (ശുഅബുല്‍ ഈമാന്‍, ഇബ്‌നു അബീശൈബ 'മുസ്വന്നഫി'ലും  ഇതുപോലൊരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്; ഇബ്‌നുല്‍ മുബാറക് തന്റെ 'അസ്സുഹ്ദി'ല്‍ സംക്ഷിപ്ത രൂപത്തിലും).

ഇമാം ബൈഹക്വി 'ശുഅബുല്‍ ഈമാന്‍' എന്ന ഗ്രന്ഥത്തില്‍തന്നെ അബ്ദുല്ലാഹിബ്‌നു സലാമില്‍നിന്ന് ഉദ്ധരിക്കുന്നു: ''മൂസാനബിൗ പറഞ്ഞു: 'അല്ലാഹുവേ, നിനക്ക് അനുയോജ്യമായ വിധത്തില്‍ എങ്ങനെയാണ് നന്ദി ചെയ്യുക?' അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ സദാസമയവും നിന്റെ നാവ് പച്ചപിടിച്ചുനില്‍ക്കട്ടെ എന്ന് അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി. മൂസാനബിൗ പറഞ്ഞു: 'അല്ലാഹുവേ, നിന്നോടുള്ള ആദരവിനാല്‍ നിന്നെ ദിക്ര്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലാണ് ഞാന്‍ എങ്കിലോ?' അല്ലാഹു ചോദിച്ചു: 'അതെന്താണ്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ വലിയ അശുദ്ധിയിലോ മലമൂത്രവിസര്‍ജന അവസ്ഥയിലോ മറ്റോ ആണെങ്കില്‍.' അപ്പോള്‍ അല്ലാഹു പറഞ്ഞു: 'അങ്ങനെയാണെങ്കില്‍ നീ ഇപ്രകാരം പറഞ്ഞുകൊള്ളുക: 'അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും. നീ എത്രയോ പരിശുദ്ധന്‍. മാലിന്യങ്ങളില്‍നിന്ന് എന്നെ നീ അകറ്റേണമേ. നീ എത്രയോ പരിശുദ്ധനാണ്. നിനക്കാണ് സര്‍വസ്തുതിയും. ബുദ്ധിമുട്ടുകളില്‍നിന്നും നീ എന്നെ കാക്കേണമേ'' (ശുഅബുല്‍ ഈമാന്‍ 2:591).

ആഇശ(റ) പറയുന്നു: ''നബി ﷺ അല്ലാഹുവിനെ സദാസമയത്തും സ്മരിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം). ഇതില്‍ ഏതെങ്കിലും ഒരു അവസ്ഥയെ പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ശുദ്ധിയുള്ളപ്പോഴും ശുദ്ധിയില്ലാത്ത-വലിയ അശുദ്ധിയുടെ- സന്ദര്‍ഭത്തിലും നബി ﷺ റബ്ബിനെ സ്മരിക്കാറുണ്ടായിരുന്നു എന്നാണ് ഇത് അറിയിക്കുന്നത്. എന്നാല്‍ വിസര്‍ജനവേളയില്‍ നബി ﷺ യെ ഒരാളും കാണുകയോ നബിയില്‍നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ മലമൂത്ര വിസര്‍ജനത്തിന് മുമ്പും ശേഷവും പ്രത്യേകമായ ദിക്‌റുകള്‍ അവിടുന്ന് സമുദായത്തിന് പഠിപ്പിച്ചിട്ടുണ്ട്. അത് ദിക്‌റിന്റെ മതിയായ പ്രാധാന്യത്തെയും പരിഗണനയെയുമാണ് അറിയിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ദിക്ര്‍ ഉപേക്ഷിക്കുകയോ അതില്‍ വീഴ്ചവരുത്തുകയോ ചെയ്യരുത് എന്നാണ് താല്‍പര്യം. ഭാര്യാഭര്‍തൃബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും പ്രത്യേകമായ ദിക്‌റുകള്‍ സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്:

'അല്ലാഹുവിന്റെ നാമത്തില്‍' (ബിസ്മില്ലാഹി), 'അല്ലാഹുവേ, ഞങ്ങളില്‍നിന്നും പിശാചിനെ നീ അകറ്റേണമേ' (അല്ലാഹുമ്മ ജന്നിബ്‌നശ്ശൈത്വാന്‍), 'ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍നിന്നും പിശാചിനെ നീ അകറ്റേണമേ' (വ ജന്നിബിശ്ശൈത്വാന മാ റസറക്വ്തനാ) (ബുഖാരി, മുസ്‌ലിം).

എന്നാല്‍ മലമൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും മനസ്സില്‍ അല്ലാഹുവിനെ സ്മരിക്കുക എന്നത് അനഭിലഷണീയമായ കാര്യമൊന്നുമല്ല. പ്രത്യുത, സത്യവിശ്വാസിയുടെ മനസ്സില്‍ ആ സ്മരണ സദാ സമയവും ഉണ്ടാവേണ്ടതാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനില്‍നിന്ന് തന്റെ മനസ്സിനെ തിരിച്ചുവിടുക എന്നത് അവന് സാധിക്കുകയില്ല. മാത്രവുമല്ല അങ്ങനെയുള്ളവനെ മറന്നുകളയാന്‍ മനസ്സിനോട് നിര്‍ബന്ധിക്കുകയാണെങ്കില്‍ അസാധ്യമായ ഒന്നിന് അയാളെ നിര്‍ബന്ധിക്കുകയാകുമത്. (തുടരും)