ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ശമീര്‍ മദീനി

2021 ജൂൺ 05 1442 ശവ്വാല്‍ 24

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

''സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു'' (ക്വുര്‍ആന്‍ 3:126).

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. 'ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം' (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

'നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.'

ഒരു വിശ്വാസിയെ തന്റെ ശത്രുവായ പിശാചില്‍നിന്നും സംരക്ഷിക്കുന്ന 'ദിക്‌റി'നെ സംബന്ധിച്ച് വന്ന ഹാരിഥ്(റ)വിന്റെ ഹദീഥിന്റെ വിശദീകരണത്തിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്.

 നബി ﷺ പറഞ്ഞു: ''അവന്‍ നിങ്ങളോട് നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിച്ചു. അതിന്റെ ഉപമ ഒരു സംഘത്തിലെ ഒരാളെ പോലെയാണ്. അയാളുടെ കയ്യില്‍ ഒരു കിഴിയുണ്ട്; അതില്‍ കസ്തൂരിയും. എല്ലാവരും അയാളെക്കുറിച്ച് ആശ്ചര്യപ്പെടുന്നു! അഥവാ അതിന്റെ പരിമളം അത്ഭുതപ്പെടുത്തുന്നു. നിശ്ചയം, നോമ്പുകാരന്റെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ വീശിഷ്ട്ടമാണ്.''

നബി ﷺ ഇവിടെ നോമ്പുകാരനെ ഉപമിച്ചത് കിഴിയില്‍ കസ്തൂരി സൂക്ഷിച്ച ഒരാളോടാണ്. കാരണം അത് മറ്റുള്ളവരുടെ ദൃഷ്ടികളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. തന്റെ വസ്ത്രത്തിനടിയില്‍ അയാള്‍ അത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഏതൊരു കസ്തൂരി വാഹകനെയും പോലെ. ഇതുപോലെയാണ് നോമ്പുകാരനും. അയാളുടെ നോമ്പ് സൃഷ്ടികളുടെ കണ്ണില്‍നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ശക്തന്മാര്‍ക്കുപോലും അത് കണ്ടെത്താന്‍ സാധിക്കുകയില്ല.

ഒരു യഥാര്‍ഥ നോമ്പുകാരന്‍ എന്നു പറഞ്ഞാല്‍, അയാളുടെ അവയവങ്ങളെല്ലാംതന്നെ പാപങ്ങളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുന്നതായിരിക്കും. അയാളുടെ നാവാകട്ടെ കളവില്‍നിന്നും മറ്റു വൃത്തിക്കേടുകളില്‍ നിന്നും വ്യാജവാക്കുകളില്‍നിന്നുമൊക്കെ അകലം പാലിക്കും. അയാളുടെ വയര്‍ അന്നപാനീയങ്ങളില്‍ നിന്നും ലൈംഗികാവയവം അതിന്റെ ആസ്വാദനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നത്‌പോലെ. അയാള്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തന്റെ വ്രതത്തിനു പരിക്കേല്‍പിക്കുന്ന യാതൊന്നും സംസാരിക്കുകയില്ല. വല്ലതും പ്രവര്‍ത്തിക്കുമ്പോഴും നോമ്പിനെ തകരാറിലാക്കുന്ന യാതൊന്നും ചെയ്യാതെ സൂക്ഷിക്കും. അയാളുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം നന്മനിറഞ്ഞതും ഉപകാരപ്രദവുമായിരിക്കും. അത് കസ്തൂരിവാഹകന്റെ അടുത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന പരിമളത്തിന്റെ സ്ഥാനത്താണ്. ഒരു നോമ്പുകാരന്റെകൂടെ സമയം ചെലവഴിക്കുന്നയാളും ഇതുപോലെയാണ്. ആ ഇരുത്തം അയാള്‍ക്ക് ഉപകാരപ്രദമായിരിക്കും. അക്രമം, തോന്നിവാസം, കളവ്, അധര്‍മം എന്നിവയില്‍നിന്നൊക്കെ അയാള്‍ നിര്‍ഭയാനുമായിരിക്കും.

ഇതാണ് മതം അനുശാസിക്കുന്ന വ്രതം. അല്ലാതെ കേവലമായ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല യഥാര്‍ഥനോമ്പ്. സ്വഹീഹായ പ്രവാചകവചനത്തില്‍ സ്ഥിരപ്പെട്ടുവന്നതും ഇപ്രകാരമാണ്: ''വ്യാജമായ വാക്കുകളും അതനുസരിച്ചുള്ള പ്രവൃത്തികളും അവിവേകവും ഒരാള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ അയാള്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍ പര്യവുമില്ല.'' (ബുഖാരി).

മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്: ''എത്രയെത്ര നോമ്പുകാരാണ്; നോമ്പില്‍നിന്നുള്ള അവരുടെ വിഹിതം കേവലമായ വിശപ്പും ദാഹവും മാത്രമായി കലാശിക്കുന്നത്.'' (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

യഥാര്‍ഥ നോമ്പ് എന്ന് പറയുന്നത് പാപങ്ങളില്‍നിന്ന് അവയവങ്ങളെയും അന്നപാനീയങ്ങളില്‍നിന്ന് വയറിനെയും തടഞ്ഞുനിര്‍ത്തുന്ന നോമ്പാണ്. തീറ്റയും കുടിയും നോമ്പിനെ തകരാറിലാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുമെന്ന പോലെ തെറ്റുകുറ്റങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ മുറിക്കുകയും അതിന്റെ ഫലങ്ങളെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നോമ്പെടുക്കാത്തയാളെ പോലെ അവ അയാളെ മാറ്റിക്കളയും.

നോമ്പുകാരനില്‍നിന്ന് പുറത്തുവരുന്ന വാസന ഈ ലോകത്തുവെച്ചുണ്ടാകുന്നതാണോ, അതല്ല പരലോകത്തുണ്ടാകുന്നതാണോ എന്നതില്‍ രണ്ടഭിപ്രായം പണ്ഡിതലോകത്തുണ്ട്.

ബഹുമാന്യരായ രണ്ട് പണ്ഡിതന്‍മാര്‍; അബൂമുഹമ്മദിബ്‌നു അബ്ദുസ്സലാം, അബുഅംറുബ്‌നു സ്വലാഹ് എന്നിവര്‍ക്കിടയില്‍ തദ്വിഷയകമായി നടന്ന തര്‍ക്കം സുവിദിതമാണ്. ശൈഖ് അബൂ മുഹമ്മദ് അത് പരലോകത്ത് പ്രത്യേകമായുള്ളതാണെന്ന വീക്ഷണക്കാരനാണ്. തദ്‌വിഷയകമായി അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശൈഖ് അബൂഅംറ് ആകട്ടെ അത് ദുന്‍യാവിലും ആഖിറത്തിലും ഉള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തദ്‌വിഷയകമായി അദ്ദേഹവും ഒരു ഗ്രന്ഥം രചിക്കുകയും ശൈഖ് അബൂമുഹമ്മദിനുള്ള മറുപടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

അബൂഅംറുബ്‌നു സ്വലാഹ്(റഹി) ആ വിഷയത്തില്‍ ഇബ്‌നുഹിബ്ബാന്‍(റഹി)യുടെ രീതിയാണ് സ്വീകരിച്ചത്. ഇബ്‌നുഹിബ്ബാന്‍ തന്റെ 'സ്വഹീഹില്‍' അപ്രകാരമാണ് അധ്യായത്തിന് ശീര്‍ഷകം നല്‍കിയത്. 'നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്ന വിവരണം' എന്ന തലകെട്ടിനു കീഴില്‍ അഅ്മശ്(റ) അബൂസ്വാലിഹ് വഴിയായി അബൂഹുറയ്‌റ(റ) മുഖേന നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്ന ഹദീഥ് നല്‍കുന്നു. അതായത്, നബി ﷺ പറഞ്ഞു: ''അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. നോമ്പാകട്ടെ, അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നിശ്ചയം! നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ പക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്.'' (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, ഈ ഹദീഥ് ഇതേ പരമ്പരയിലൂടെ ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

എന്നിട്ട് അദ്ദേഹം പ്രസ്താവിക്കുന്നു: ''നിശ്ചയം, നോമ്പുകാരന്റെ വായയുടെ വാസന, അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ഉല്‍കൃഷ്ടമായതാണ്.' എന്നിട്ട് മറ്റൊരു നബിവചനം അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂസ്വാലിഹ് വഴി അത്വാഅ് മുഖേനെ ഇബ്‌നുജൂറൈജിലൂടെ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിന്റെ സന്തതിയുടെ കര്‍മങ്ങളെല്ലാം അവനുള്ളതാണ്; നോമ്പൊഴികെ, തീര്‍ച്ചയായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ പക്കല്‍ അന്ത്യനാളില്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് അവസാനിപ്പിച്ചാല്‍ അവനു സന്തോഷമാണ്. അപ്രകാരംതന്നെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പ് കാരണത്താലും അവന്‍ സന്തോഷിക്കുന്നതാണ്.''

അബൂഹാതിം ഇബ്‌നുഹിബ്ബാന്‍(റഹി) പറയുന്നു: ''സത്യവിശ്വസികളെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പരലോകത്തെ അടയാളമാണ് ദുന്‍യാവിലെ അവരുടെ വുദൂഇന്റെ ഭാഗമായി അവയവങ്ങള്‍ പ്രകാശിക്കല്‍. അപ്രകാരംതന്നെ അവരുടെ നോമ്പുകാരണമായി അന്ത്യനാളില്‍ അവര്‍ക്ക് ലഭിക്കുന്ന മറ്റൊരു അടയാളമാണ് കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ള അവരുടെ വായയുടെ സുഗന്ധം. സത്യവിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍കൊണ്ട് ആ മഹാസംഗമത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്ന് വേറിട്ട് അറിയപ്പെടുന്നതിനു വേണ്ടിയാണത്. അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ''(സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍).

ശേഷം അദ്ദേഹം പറയുന്നു: ''നോമ്പുകാരന്റെ വായയുടെ വാസന ചിലപ്പോള്‍ ഇഹലോകത്തും കസ്തൂരിയെക്കാള്‍ പരിമളമുള്ളതായിരിക്കുമെന്ന വിവരണം.'' എന്നിട്ട് ശുഅ്ബ സുലൈമാനില്‍നിന്നും അദ്ദേഹം ദകവാനില്‍നിന്നും അദ്ദേഹം അബൂഹുറയ്‌റ(റ)യില്‍നിന്നുമായി ഉദ്ധരിക്കുന്ന ഹദീഥ് കൊടുക്കുന്നു. നബി ﷺ പറഞ്ഞു: 'ആദമിന്റെ സന്തതി പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും പത്തുനന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടിവരെയായിരിക്കും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എന്റെപേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. എന്റെപേരില്‍ പാനീയവും ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒരു സന്തോഷം നോമ്പ് അവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കിയത് മൂലം ഉണ്ടാകുന്ന വയയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്'' (ഇബ്‌നുഹിബ്ബാന്‍, അഹ്മദ്).

ശൈഖ് അബൂമുഹമ്മദ്(റഹി) തെളിവാക്കുന്നത് ഹദീഥില്‍ വന്ന 'ക്വിയാമത് നാളില്‍' എന്ന ഭാഗമാണ്.

ഞാന്‍ (ഇബ്‌നുല്‍ ക്വയ്യിം) പറയട്ടെ; അതിന് ഉപോല്‍ബലകമാക്കാവുന്നതാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഈ ഹദീഥും. നബി ﷺ പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരു വ്യക്തിയും- എന്നാല്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റവന്‍ എന്ന് അല്ലാഹുവാണ് നന്നായി അറിയുക- ക്വിയാമത്ത് നാളില്‍ വരുമ്പോള്‍ അയാളുടെ മുറിവ് രക്തമൊഴുക്കുന്നുണ്ടാവും. നിറം രക്തത്തിന്റെയും വാസന കസ്തൂരിയുടെയും' (ബുഖാരി, മുസ്‌ലിം).