ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

(ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി രചിച്ച 'അല്‍ വാബിലുസ്സ്വയ്യിബ്' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

(ഭാഗം: 16)

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.'

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: 'എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്' (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മൂഉല്‍ ഫതാവ 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി: 'ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.' അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു: 'അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക് രിക വ ഹുസ്‌നി ഇബാദത്തിക' (അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ). മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു: 'തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.'

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''...അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും'' (ക്വുര്‍ആന്‍ 57:13).

പ്രസ്തുത സുഖജീവിതത്തിന്റെ പ്രശോഭയും പ്രസരിപ്പും അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.  ശക്തമായ ഭയപ്പാടോ ആശങ്കകളോ അസ്വസ്ഥതകളോകൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയാല്‍ അദ്ദേഹത്തിന്റെയടുക്കല്‍ ഞങ്ങള്‍ ചെല്ലുമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണുകയും ശ്രവിക്കുകയും ചെയ്യുന്ന മാത്രയില്‍തന്നെ അതെല്ലാം ഞങ്ങളില്‍നിന്ന് വിട്ടകന്നിട്ടുണ്ടാകും. മനസ്സിനൊരു ആശ്വാസവും ശക്തിയും ദൃഢതയും കരുത്തും സമാധാനവുമൊക്കെ കൈവരികയും ചെയ്യും.

അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനു മുമ്പുതന്നെ അവന്റെ സ്വര്‍ഗത്തിന്റെ സാക്ഷ്യങ്ങളായി ചില ദാസന്മാരെ നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍! കര്‍മലോകത്ത് (ഇഹലോകത്ത്) വെച്ചുതന്നെ അതിന്റെ കവാടങ്ങള്‍ അവര്‍ക്ക് അവന്‍ തുറന്നുകൊടുക്കുകയും അതിന്റെ സുഗന്ധവും ഇളംകാറ്റും ആശ്വാസവുമെല്ലാം അവര്‍ക്ക് വന്നെത്തുകയും അങ്ങനെ അത് തേടിപ്പിടിക്കാനായി സര്‍വശേഷിയും വിനിയോഗിച്ച് അതിനായി മത്സരിക്കുകയും ചെയ്യുമാറ് അവന്‍ അവര്‍ക്ക് 'തൗഫീക്വ്' നല്‍കി.

ചില മഹത്തുക്കള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: 'അവര്‍ അനുഭവിക്കുന്ന ഈ സുഖം ഭൂമിയിലെ രാജാക്കന്മാരും രാജ പുത്രന്മാരും അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ അവര്‍ നമ്മളോട് വാളെടുത്ത് യുദ്ധം ചെയ്യുമായിരുന്നു.' (ഇബ്‌റാഹീമുബ്‌നു അദ്ഹമില്‍നിന്ന് ബൈഹക്വി തന്റെ 'അസ്സുഹ്ദി'ലും അബൂ നുഐം 'അല്‍ഹില്‍യ'യിലും ഉദ്ധരിച്ചത്).

മറ്റൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഇഹലോകത്തിന്റെ ആളുകളായ സാധുക്കള്‍ ഇഹലോകത്തിലെ ഏറ്റവും വീശിഷ്ടമായത് രുചിക്കാതെയാണ് ഇവിടംവിട്ട് പോകുന്നത്!' അദ്ദേഹത്തോട് ചോദിച്ചു:  'എന്താണ് അതിലെ ഏറ്റവും വിശിഷ്ടമായത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും ദിക്‌റുമാണ്.'

അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും നിരന്തരമായ ദിക്‌റും അവയില്‍ ശാന്തിയും സമാധാനവുമടയലും ഒടുങ്ങാത്ത സ്‌നേഹവും, ഭയവും പ്രതീക്ഷയുമെല്ലാം അവനോട് മാത്രമാകലും, ഭരമേല്‍പിക്കലും സുപ്രധാനമായ ഇടപാട് അവനുമായിട്ടാകലും, അഥവാ ഒരു അടിമയുടെ സര്‍വ സങ്കടങ്ങളും ഉദ്ദേശങ്ങളും തീരുമാനങ്ങളുമെല്ലാം എല്‍പിക്കുന്നത് അല്ലാഹുവിലേക്ക് മാത്രമായിരിക്കുക എന്നത്, സത്യത്തില്‍ അതാണ് ദുന്‍യാവിലെ സ്വര്‍ഗം. ആ സുഖത്തോട് മറ്റൊരു സുഖവും സമമാവുകയില്ല. അതാണ് യഥാര്‍ഥ വിശ്വാസിയുടെ കണ്‍കുളിര്‍മയും ജ്ഞാനികളുടെ ജീവനും.

ആളുകളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആനന്ദവും ഉണ്ടാകുന്നത് അവരുടെ കണ്ണുകള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കുളിര്‍മയുണ്ടാകുന്നതിനനുസരിച്ചായിരിക്കും. അല്ലാഹുവിനെക്കൊണ്ട് ഒരാള്‍ക്ക് കണ്‍കുളിര്‍മ നേടാനായാല്‍ അയാളെക്കൊണ്ട് സര്‍വ കണ്ണുകള്‍ക്കും കുളിര്‍മ കിട്ടുന്നതാണ്. എന്നാല്‍ നേരെ മറിച്ച് ഒരാള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാനായില്ലെങ്കില്‍ അയാള്‍ ദുനിയാവിന്റെ കാര്യത്തില്‍ ആശയറ്റവനും അസ്വസ്ഥനുമായിരിക്കും.

ഈ കാര്യങ്ങളൊക്കെ സത്യപ്പെടുത്താനും അനുഭവിച്ചറിയാനും പറ്റുക ഹൃദയം സജീവമായി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. എന്നാല്‍ ഹൃദയത്തിന്റെ ജീവന്‍ നഷ്ടമായവനാകട്ടെ; അവന്‍ നിനക്ക് ഇണക്കമില്ലായ്മയും വെറുപ്പുമായിരിക്കും സമ്മാനിക്കുക. പിന്നീട് അയാളില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കാനായിരിക്കും നീ ആഗ്രഹിക്കുക. അയാളുടെ സാന്നിധ്യം എപ്പോഴും നിനക്ക് ആസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍ ബാഹ്യമായ എന്തെങ്കിലുമൊക്കെ ഉപചാരങ്ങള്‍ ചെയ്തുകൊണ്ട് നീ അവിടുന്ന് രക്ഷപ്പെടാന്‍ നോക്കുക. നിന്റെ മനസ്സും സ്വകാര്യങ്ങളും പങ്കുവെക്കാതിരിക്കുക. അത്തരക്കാരുമായി കൂടുതല്‍ സമയം വിനിയോഗിച്ച് അതിനെക്കാള്‍  പ്രധാനപ്പെട്ടവയില്‍നിന്ന് തിരിഞ്ഞുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അല്ലാഹുവുമായിട്ടുള്ള നിന്റെ ബന്ധവും അവനില്‍നിന്നുള്ള നിന്റെ വിഹിതവും  നഷ്ടപ്പെടുത്തുന്നവനുമായി നീ സമയം വിനിയോഗിക്കുകയും അവനുമായി വ്യാപൃതമാവലുമാണ് ഏറ്റവും വലിയ നഷ്ടവും കൊടും ഖേദവുമെന്ന് നീ തിരിച്ചറിയുക. അല്ലാഹുവില്‍നിന്ന് നിന്റെ പിന്തിരിയലും നിന്റെ സമയം നഷ്ടപ്പെടുത്തലും മനസ്സിനെ അസ്വസ്ഥമാക്കലും മനക്കരുത്ത് തകര്‍ക്കലും നിന്റെ ചിന്തയെ ശിഥിലമാക്കലുമൊക്കെയാണ് അതിലൂടെ സംഭവിക്കുക. ഇത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍-അത് അനിവാര്യമായും ഉണ്ടാകുന്നതാണ്- അപ്പോള്‍ അക്കാര്യത്തിലും നീ റബ്ബുമായി ഇടപാട് നടത്തുക. നിനക്ക് സാധ്യമാകും വിധം റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ച് (ഇഹ്തിസാബോട് കൂടി) അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് അവനിലേക്കടുക്കുക. അത്തരക്കാരുമായി ഒത്തുചേരേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അതും നിനക്ക് പുണ്യം സമ്പാദിക്കാനുള്ള അവസരമാക്കി മാറ്റുക. അതൊരിക്കലും നീ നഷ്ടത്തിന്റെയും ഖേദത്തിന്റെയും സന്ദര്‍ഭമാക്കരുത്. നീ അയാളോടൊപ്പമാകുമ്പോള്‍ ഇങ്ങനെയാവുക. നിന്റെ വഴിയിലൂടെ നീ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ നീ അയാളെയും നിന്റെ കൂടെ കൂട്ടിക്കൊണ്ട് യാത്ര തുടരാന്‍ ശ്രമിക്കുക. നീ അയാളെ കൂട്ടണം; അയാള്‍ ഒരിക്കലും നിന്നെ കൂട്ടിക്കൊണ്ടുപോകരുത്.

ഇനി അതിന് അയാള്‍ ഒരുക്കമല്ലെങ്കില്‍ നീ അയാളുടെ കൂടെ പോകാനോ അയാളുടെ കൈവശമുള്ളത് വല്ലതും മോഹിക്കാനോ നോക്കാതെ അയാളെ അയാളുടെ പാട്ടിന് വിട്ടുകൊണ്ട് നീ നിന്റെ യാത്ര തുടരുക. അയാളിലേക്ക് നീ തിരിഞ്ഞുനോക്കേണ്ടതില്ല. കാരണം അയാള്‍ വഴികൊള്ളക്കാരനാണ്. ആരുതന്നെയായിരുന്നാലും നിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നീ അവടെനിന്ന് രക്ഷപ്പെടുക. സമയം പാഴാക്കാതെ നീ യാത്ര തുടരുക. നിന്റെ അലംഭാവം മൂലം നീ ലക്ഷ്യസ്ഥാനത്തെത്തുന്നതിന്  മുമ്പ് നീ പിടിക്കപ്പെടാതിരിക്കാന്‍ നീ ജാഗ്രത പാലിക്കുക. അപ്പോള്‍ നിനക്ക് രക്ഷപ്പെടാന്‍ പറ്റും. നേരെ മറിച്ച് നീ അമാന്തം കാണിച്ച് അവിടെത്തന്നെ നില്‍ക്കുകയും യാത്രക്കാരൊക്കെ പോയിക്കഴിഞ്ഞു നീ തനിച്ചാവുകയും ചെയ്താല്‍ പിന്നെ നിനക്ക് അവരുടെ ഒപ്പം എത്താന്‍ എങ്ങനെയാണ് സാധിക്കുക?

(35) തീര്‍ച്ചയായും 'ദിക്ര്‍' ഒരാളെ നന്മയുടെയും പുണ്യത്തിന്റെയും അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ചിലപ്പോള്‍ അയാള്‍ തന്റെ വിരിപ്പിലോ അങ്ങാടിയിലോ ആയിരിക്കും. തന്റെ ആരോഗ്യാവസ്ഥയിലോ രോഗസ്ഥിതിയിലോ ആയിരിക്കാം. തന്റെ സുഖാസ്വാദന വേളയിലോ ജീവിത സന്ധാരണ വഴിയിലോ നിറുത്തത്തിലോ ഇരുത്തത്തിലോ കിടത്തത്തിലോ യാത്രയിലോ ഒക്കെ ആവാം. ഏതവസ്ഥയിലായിരുന്നാലും 'ദിക്ര്‍' പോലെ ഏതവസ്ഥകളിലും ഏത് സമയങ്ങളിലും പുണ്യം നേടിത്തരുന്ന വേറൊരു കര്‍മവുമില്ല. ചിലപ്പോള്‍ അത് തന്റെ വിരിപ്പില്‍ കിടന്നുറങ്ങുന്ന ആളെ കൊണ്ടുപോയി അശ്രദ്ധയോടെ രാത്രി എഴുന്നേറ്റു നമസ്‌കരിക്കുന്നയാളെക്കാള്‍ മുമ്പിലെത്തിച്ചിട്ടുണ്ടാകും. അങ്ങനെ പ്രഭാതത്തിലാവുമ്പോള്‍ ഇദ്ദേഹം തന്റെ വിരിപ്പില്‍ കിടന്നുകൊണ്ടുതന്നെ യാത്രാസംഘത്തിന്റെ മുമ്പിലെത്തിയിട്ടുണ്ടാകും. എന്നാല്‍ അശ്രദ്ധയോടെ ('ദിക്ര്‍' ഇല്ലാതെ) രാത്രി നമസ്‌കരിച്ചയാളകട്ടെ യാത്രാസംഘത്തിന്റെ പിന്നിലുമായിരിക്കും. അത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന തന്റെ ഔദാര്യമാണ്.

വലിയ ആബിദായ (ധാരാളം ആരാധന ചെയ്യുന്ന) ഒരു വ്യക്തിയില്‍നിന്നും ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ആബിദായ മറ്റൊരു വ്യക്തിയുടെ അടുക്കല്‍ അതിഥിയായി എത്തി. അപ്പോള്‍ ആതിഥേയനായ ആബിദ് രാത്രി എഴുന്നേറ്റു ദീര്‍ഘമായി നമസ്‌കരിച്ചു. അതിഥിയാകട്ടെ തന്റെ വിരിപ്പില്‍ കിടക്കുകയായിരുന്നു. രാവിലെയായപ്പോള്‍ ആതിഥേയനായ ആബിദ് മറ്റെയാളോട് പറഞ്ഞു: 'യാത്രാസംഘം താങ്കളെ മുന്‍കടന്നു.' അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രെ: 'രാത്രി മുഴുവന്‍ യാത്ര ചെയ്ത് പ്രഭാതത്തില്‍ യാത്രാസംഘത്തോടൊപ്പം എത്തുന്നതിലല്ല കാര്യം. രാത്രി തന്റെ വിരിപ്പില്‍ കഴിച്ചുകൂട്ടിക്കൊണ്ട് പ്രഭാതത്തില്‍ യാത്രാസംഘത്തിന്റെ മുന്നിലെത്തുന്നതിലാണ് കാര്യം!'

ഇത് പോലുള്ളവയ്ക്ക് ശരിയായ വിശദീകരണവും തെറ്റായ വ്യാഖ്യാനവും നല്‍കാന്‍ പറ്റുന്നതാണ്. ആരെങ്കിലും ഇതിനെ, രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ മനുഷ്യന്‍ രാത്രി എഴുന്നേറ്റു ഭക്തിപൂര്‍വം നിന്ന് നമസ്‌കരിച്ചയാളെക്കാള്‍ പുണ്യത്തില്‍ മുന്‍കടക്കുമെന്ന് വ്യാഖ്യാനിച്ചാല്‍ അത് അസംബന്ധമാണ്. മറിച്ച് ഇതിന് നല്‍കാവുന്ന നേരായ വിശദീകരണം ഇങ്ങനെയാണ്; അതായത് തന്റെ ഹൃദയം റബ്ബുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ വ്യക്തി തന്റെ മനസ്സിനെ ദുനിയാവിന്റെ ചിന്തകളില്‍നിന്ന് വേര്‍പെടുത്തി ആത്മീയ ലോകത്ത് ബന്ധിച്ചു. ശരീരത്തിന്റെ ക്ഷീണംകൊണ്ടോ രോഗം കാരണത്താലോ ശത്രു ഭയമോ മെറ്റന്തെങ്കിലും തടസ്സങ്ങള്‍ കാരണത്താലോ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. അങ്ങനെ അയാള്‍ കിടന്നുറങ്ങി. അയാളുടെ മനസ്സിലുള്ളതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. എങ്കില്‍ അയാള്‍ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാതെ ഉറങ്ങിയത് ഒരു അപരാധമല്ല.

എന്നാല്‍ മറ്റൊരാള്‍ രാത്രി എഴുന്നേറ്റു നന്നായി ക്വുര്‍ആന്‍ പാരായണം ചെയ്ത് ദീര്‍ഘനേരം നമസ്‌കരിക്കുന്നു. പക്ഷേ, അയാളുടെ മനസ്സില്‍ പ്രകടനപരതയും (രിയാഅ്) ആത്മപ്രശംസയും ജനങ്ങളുടെ അടുക്കല്‍ അംഗീകാരവും സല്‍കീര്‍ത്തിയുമൊക്കെ കിട്ടുമെന്ന മോഹവുമാണെങ്കില്‍, അതല്ല അയാളുടെ മനസ്സ് ഒരിടത്തും ശരീരം മാറ്റൊരിടത്തുമായി മനഃസാന്നിധ്യമില്ലാതെയാണ് അത് നിര്‍വഹിച്ചതെങ്കില്‍ സംശയിക്കേണ്ടതില്ല, ആ കിടന്നുറങ്ങിയ വ്യക്തിയാണ് ഇയാളെക്കാള്‍ ഏറെ ദുരം മുന്‍കടന്നത്. കര്‍മങ്ങളുടെ കേന്ദ്രം ഹൃദയമാണ്. അതല്ലാതെ ശരീരമല്ല. അതിനാല്‍ ചോദനയും പ്രേരണയുമാണ് കണക്കിലെടുക്കുക. അപ്പോള്‍ 'ദിക്ര്‍' നിശ്ചലമായ മനസ്സിനെ പ്രചോദിപ്പിക്കുകയും ഒളിഞ്ഞുകിടക്കുന്ന സ്‌നേഹത്തെ ഇളക്കിവിടുകയും നിര്‍ജീവമായ തേട്ടങ്ങളെ ജീവിപ്പിക്കുകയും ചെയ്യും.

(36) 'ദിക്ര്‍' അതിന്റെ വക്താവിന് ഇൗലോകത്തും ക്വബ്‌റിലും നാളെ പരലോകത്തുമൊക്കെ വെളിച്ചമായിരിക്കും. 'സ്വിറാത്തില്‍' അത് അയാളുടെ മുന്നിലൂടെ പ്രകാശം പരത്തി സഞ്ചരിക്കും. ഹൃദയങ്ങള്‍ക്കും ക്വബ്‌റുകള്‍ക്കും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക എന്നത് പോലെ പ്രകാശം പരത്തുന്ന മറ്റൊന്നില്ല. അല്ലാഹു പറയുന്നു:

''നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 6:122).

ആദ്യം പറഞ്ഞത് സത്യവിശ്വാസിയെ സംബന്ധിച്ചാണ്. അല്ലാഹുവിലുള്ള വിശ്വാസംകൊണ്ടും അവനോടുള്ള സ്‌നേഹം, അവനെക്കുറിച്ചുള്ള അറിവ്, സ്മരണ എന്നിവകൊണ്ടുമൊക്കെ അവന് പ്രകാശം ലഭിക്കും. മറ്റേത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നവനെക്കുറിച്ചും. അല്ലാഹുവിനോടുള്ള സ്‌നേഹം, അറിവ്, ദിക്ര്‍ എന്നിവയില്‍നിന്നൊക്കെ അയാള്‍ വളരെ പിന്നിലായിരിക്കും.

കാര്യങ്ങളില്‍ ഏറ്റവും പ്രധാനവും യഥാര്‍ഥ വിജയവും പ്രകാശം കിട്ടുന്നതിലാണ്. ഏറ്റവും വലിയ പരാജയമാകട്ടെ അത് നഷ്ടപ്പെടലിലുമാണ്.

അതിനാല്‍തന്നെ നബി ﷺ പ്രകാശത്തിനു വേണ്ടി അല്ലാഹുവിനോട് ധാരാളമായി ചോദിക്കാറുണ്ടായിരുന്നു. തന്റെ മാംസത്തിലും  പേശിയിലും രോമത്തിലും ചര്‍മത്തിലും കണ്ണിലും കാതിലും മുകളിലും താഴെയും വലതുവശത്തും ഇടതുവശത്തും മുന്നിലും പിന്നിലും എല്ലാം പ്രകാശം ഏര്‍പ്പെടുത്തിത്തരുവാനായി പ്രാര്‍ഥിക്കും. എത്രത്തോളമെന്നാല്‍ നബി ﷺ ഇപ്രകാരം പറയുമായിരുന്നു: 'എന്നെ നീ പ്രകാശ മാക്കേണമേ' (ഇമാം മുസ്‌ലിം ഇബ്‌നു അബ്ബാസി(റ)നിന്ന് നിവേദനം ചെയ്തത്).

അതായത്, നബി ﷺ തന്റെ രക്ഷിതാവിനോട് തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാറ്റിലും പ്രകാശം നിറക്കാനായി തേടുകയാണ്. തന്റെ എല്ലാ വശങ്ങളിലും പ്രകാശം ചുറ്റിനില്‍ക്കാനും തന്റെ എല്ലാമെല്ലാം പ്രകാശമയമാക്കാനും ആവശ്യപ്പെടുകയാണ്.

അല്ലാഹുവിന്റെ മതം(ദീന്‍) പ്രകാശമാണ്. അവന്റെ ഗ്രന്ഥം പ്രകാശമാണ്. അവന്റെ ഇഷ്ടദാസന്മാര്‍ക്കായി അവനൊരുക്കിയ ഭവനവും (സ്വര്‍ഗം) മിന്നിത്തിളങ്ങുന്ന പ്രകാശമാണ്. അനുഗ്രഹപൂര്‍ണനും അത്യുന്നതനുമായ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. അവന്റെ വിശിഷ്ടമായ നാമങ്ങളില്‍പെട്ടതാണ് 'അന്നൂര്‍' (പ്രകാശം) എന്നത്. അവന്റ തിരുമുഖത്തിന്റെ പ്രകാശത്താല്‍ അന്ധകാരങ്ങള്‍വരെയും പ്രകാശ പൂരിതമായി.

ത്വാഇഫ് ദിനത്തില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം: 'നിന്റെ ശാപകോപങ്ങള്‍ എന്റെമേല്‍ വന്നിറങ്ങുന്നതില്‍ നിന്നും നിന്റെ മുഖത്തിന്റെ പ്രകാശംകൊണ്ട് നിന്നോട് ഞാന്‍  രക്ഷതേടുന്നു-അതുമുഖേന ഇരുട്ടുകള്‍ നീങ്ങുകയും ഇരുലോകത്തെയും കാര്യങ്ങള്‍ നന്നാവുകയും ചെയ്യുന്നുവല്ലോ- നീ തൃപ്തിപ്പെടുന്നത് വരെ ഞാനെന്റെ വീഴ്ചകള്‍ സമ്മതിച്ചു നിനക്ക് കീഴ്‌പ്പെടുന്നു. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല' (ത്വബ്‌റാനി, ദിയാഉല്‍ മക്വ്ദിസി തന്റെ 'അല്‍അഹാദീഥുല്‍ മുഖ്താറ'യിലും ഉദ്ധരിച്ചത്).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞതായി നിവേദനം: 'നിങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ രാത്രിയും പകലുമില്ല, ആകാശഭൂമികളുടെ പ്രകാശം അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ്' (ത്വബ്‌റാനി).

അല്ലാഹു പറയുന്നു: ''ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ടു പ്രകാശിക്കുകയും ചെയ്യും...'' (ക്വുര്‍ആന്‍ 39:69).

അല്ലാഹു അന്ത്യനാളില്‍ അവന്റെ അടിയാറുകള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാന്‍ വരുമ്പോള്‍ അവന്റെ പ്രഭെകാണ്ട് ഭൂമി പ്രകാശിക്കും. അന്നേദിവസം സൂര്യനോ ചന്ദ്രനോ കാരണത്താലല്ല ഭൂമിയിലെ പ്രകാശം. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും അവയുടെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു.

അബുമൂസാ(റ) പറയുന്നു: ''ഒരിക്കല്‍ നബി ﷺ ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു: 'നിശ്ചയമായും, അല്ലാഹു ഉറങ്ങുകയില്ല, ഉറങ്ങുക എന്നത് അവന് യോജിച്ചതല്ല. അവന്‍ തന്റെ അടിമകള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കുന്നു. പകലിലെ കര്‍മങ്ങള്‍ക്കു മുമ്പായി രാത്രിയിലെ കര്‍മങ്ങളും രാത്രിയിലെ കര്‍മങ്ങള്‍ക്കു മുമ്പായി പകലിലെ കര്‍മങ്ങളും അവന്റെ പക്കലേക്കു ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. അവനത് നീക്കിയാല്‍ അവന്റെ മുഖത്തിന്റെ പ്രകാശം സൃഷ്ടികളെ ആസകലം കരിച്ചുകളയുന്നതാണ്'' (മുസ്‌ലിം, അഹ്മദ്).

അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ് ആ മറയുടെ പ്രകാശം. ആ മറയില്ലായിരുന്നെങ്കില്‍ അവന്റെ മുഖത്തിന്റെ പ്രകാശം എല്ലാറ്റിനെയും കരിച്ചുകളയുമായിരുന്നു. അതിനാലാണ് അല്ലാഹു പര്‍വതത്തിന് വെളിപ്പെടുകയും  ആ മറയുടെ അല്‍പമൊന്ന് വെളിവാകുകയും ചെയ്തപ്പോള്‍ പര്‍വതം ഭൂമിയിലേക്ക് ആണ്ടുപോവുകയും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തത്. (വിശുദ്ധ ക്വുര്‍ആന്‍ 7:143 കാണുക).

ഇതാണ് വിശുദ്ധ ക്വുര്‍ആന്‍ 6:103ലെ 'ദൃഷ്ടികള്‍ അവനെ പ്രാപിക്കുകയില്ല' എന്നതിന്റെ ആശയമായി ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത്: 'അല്ലാഹു അവന്റെ പ്രകാശം കൊണ്ട് വെളിപ്പെട്ടാല്‍ അതിനുനേരെ ഒന്നും നില്‍ക്കുകയില്ല' (തിര്‍മിദി, നസാഈ, ത്വബ്‌റാനി, ഹാകിം).

ഇത് അദ്ദേഹത്തിന്റെ കൗതുകകരമായ ഗ്രാഹ്യതയും സൂക്ഷ്മവുമായ ചിന്തയുമാണ്. നബി ﷺ ക്വുര്‍ആന്‍ വ്യാഖ്യാനത്തിനുള്ള അറിവ് നല്‍കാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച വ്യക്തിത്വമാണല്ലോ അദ്ദേഹം!

(അവസാനിച്ചില്ല)