തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവതയെ സക്രിയമാക്കണം

വിസ്ഡം യൂത്ത്

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

പെരിന്തൽമണ്ണ: രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവതയെ സക്രിയമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

തൊഴിൽരാഹിത്യം ലഹരിപദാർഥങ്ങളുടെ വിപണിയെ സജീവമാക്കി നിർത്തുന്നുവെന്ന വിമർശനത്തെ ഗൗരവമായി കാണണം. തൊഴിൽ -വിദ്യാഭ്യാസ രംഗങ്ങളിലെ സംവരണ സമുദായങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും അവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുവാനും നടപടികൾ സ്വീകരിക്കണം. കലാ സാംസ്‌കാരിക വേദികൾ മനസ്സുകൾ തമ്മിൽ ഇണക്കുന്നതും വിഭാഗീയ ചിന്തകളെ നിരാകരിക്കുന്നതുമാകാൻ അധികൃതർ ശ്രദ്ധിക്കണം. സ്വതന്ത്രവാദവും നവനാസ്തികതയും കേരളത്തിൽ ഫാഷിസത്തിന് വഴിയൊരുക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രതിനിധി സമ്മേളനം പി.വി.അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഹാരിസ് കായക്കൊടി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, ട്രഷറർ നാസിർ ബാലുശ്ശേരി, അബ്ദുല്ല ഫാസിൽ, ഫൈസൽ മൗലവി, ഒ. മുഹമ്മദ് അൻവർ, താജുദ്ദീൻ സ്വലാഹി, ടി.കെ നിഷാദ് സലഫി, അൻഫസ് മുക്‌റം, ഡോ. ഫസലുറഹ്‌മാൻ, ഡോ. അബ്ദുൽ മാലിക്, ഡോ. പി.പി നസീഫ്, ജംഷീർ സ്വലാഹി, ഷിനാജുദ്ദീൻ, ഫിറോസ് ഖാൻ സ്വലാഹി, മുസ്തഫ മദനി, ബഷീർ വി.പി പ്രസംഗിച്ചു.


സംഘപരിവാരങ്ങൾ ഇന്ത്യയെ നാണംകെടുത്തുന്നു:

പി.വി അബ്ദുൽ വഹാബ് എംപി

പെരിന്തൽമണ്ണ: വർഗീയരാഷ്ട്രീയം കൊണ്ട് രാജ്യത്തെ പൗരൻമാരെ വിഭജിക്കുകയും ന്യൂനപക്ഷങ്ങളെ അക്രമത്തിലൂടെ അരക്ഷിതരാക്കുകയും ചെയ്തുകൊണ്ട് ബിജെപി ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണം കെടുത്തുകയാണ് എന്ന് പി.വി. അബ്ദുൽ വഹാബ് എംപി അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം രാജ്യങ്ങളിൽ ഉണ്ടായ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഹ്യൂമൻ റൈറ്റ്‌സ് വാച്ചിെന്റ പഠന റിപ്പോർട്ടിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ബുൾഡോസർ രാജിനെക്കുറിച്ചുവരെ പരാമർശമുണ്ട്.

ഇന്ത്യയിലെ മുസ്‌ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള അക്രമപരമ്പരയെക്കുറിച്ചും അതിൽ പരാമർശമുണ്ട്. രാജ്യത്തിെന്റ സാമൂഹിക തകർച്ചയും വിഭാഗീയതയും ലക്ഷ്യമാക്കുന്ന ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനെതിരെ സൈദ്ധാന്തികമായി യുവത പോരാടണം. കേരളത്തിലെ സാംസ്‌കാരിക കലാവേദികൾ പോലും ഫാഷിസത്തിന്റ കുഴലൂത്തിന് അവസരമൊരുക്കുന്ന അധികാരികളുടെ സമീപനം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.