സ്കൂൾ ഓഫ് ക്വുർആൻ സർഗസംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

പാണക്കാട്: ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ക്വുർആൻ വിദ്യാർഥികളുടെ സംസ്ഥാനതല സർഗസംഗമം ‘അൽ ഇത്ഖാൻ’ സമാപിച്ചു.

പാണക്കാട് ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിൽ നടന്ന പ്രോഗ്രാമിൽ ആറ് വേദികളിൽ 20 മത്സര ഇനങ്ങളിലായി 300ലധികം പ്രതിഭകളാണ് മാറ്റുരച്ചത്.

കുട്ടികളുടെ സർഗബോധം വളർത്താനും മത്സരബുദ്ധി നിലനിർത്താനും ഉത്തരവാദിത്ത ബോധമുള്ളവരാക്കിത്തീർക്കാനും ഇത്തരം മത്സരങ്ങൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത പി. ഉബൈദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു.

സ്‌കൂൾ ഓഫ് ക്വുർആൻ കോഡിനേറ്റർ മുസ്‌ലിം ബിൻ ഹൈദർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഓഫ് ക്വുർആൻ റസിഡൻഷ്യൽ കാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള ഉപഹാരങ്ങൾ പി. ഉബൈദുല്ല എം.എൽ.എ, നബീൽ രണ്ടത്താണി എന്നിവർ വിതരണം ചെയ്തു.

ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ആമുഖ ഭാഷണം നടത്തി. ഹാരിസ് അൻസാരി, വസീം അൽഹികമി, അനിൽ പ്രിംറോസ് എന്നിവർ സംസാരിച്ചു. സയ്യിദ് അബ്ദുല്ല, നൗഫൽ സി.പി, സിയാദ് അൽ ഹികമി, അബ്ദു റഊഫ് അൽഹികമി, അജ്മൽ ഫൗസാൻ, സഹൽ മദീനി, സ്വലാഹുദ്ദീൻ ഇബ്‌നു സലീം, ടി.കെ തഖിയുദ്ദീൻ, ഫസൽ മമ്പാട്, എന്നിവർ നേതൃത്വം നൽകി.

ലെവൽ മൂന്ന്, അഞ്ച് ഓവറോൾ ട്രോഫികൾ മഞ്ചേരിയും ലെവൽ നാല് ഓവറോൾ ട്രോഫി കൊല്ലായിലും കരസ്ഥമാക്കി.

ശൈഹാ മറിയം കോട്ടക്കൽ: ലെവൽ മൂന്ന്, അബ്ദുറഹ്‌മാൻ പി.ടി. മഞ്ചേരി: ലെവൽ നാല്, ഫാരിസ് അഹ് മദ് കൊല്ലം: ലെവൽ അഞ്ച് എന്നിവർ വ്യക്തിഗത ചാമ്പ്യരായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് സ്‌കൂൾ ഓഫ് ക്വുർആൻ ഡയറക്ടർ അനിൽ പ്രിംറോസ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.