‘അൽബലാഗ്-23’ ദഅ്‌വ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

ന്യൂസ് ഡസ്ക്

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

മിനിഊട്ടി: വിസ്ഡം സ്റ്റുഡന്റ്‌സ് ജാമിഅ അൽഹിന്ദ് യൂണിറ്റ് സംഘടിപ്പിച്ച ‘അൽബലാഗ്-23’ ദഅ്വാസമ്മേളനം മിനിഊട്ടിയിൽ സമാപിച്ചു.

ഒരു മാസക്കാലമായി നടന്നുവന്ന വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങളുടെ താത്കാലിക സമാപനമായിരുന്നു ദഅ്‌വ സമ്മേളനം. ആയിരക്കണക്കിന് വീടുകളിലും നൂറുകണക്കിന് കവലകളിലുമായി തൗഹീദിന്റെ സന്ദേശം അനേകായിരങ്ങൾക്ക് എത്തിക്കാൻ ഇതിനകം വിദ്യാർഥികൾക്ക് സാധിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന അയൽക്കൂട്ട സംഗമങ്ങളിലൂടെയും വിജ്ഞാനവേദികളിലൂടെയും പൊതുപ്രഭാഷണങ്ങളിലൂടെയും ജന്മനസ്സുകളിലേക്ക് സഞ്ചരിച്ച ‘അർറുഅ്‌യ’ വൈജ്ഞാനിക എക്‌സ്‌പോയും ദഅ്‌വ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.

കുരുന്നു തലമുറയുടെ മസ്തിഷ്‌കത്തിലേക്ക് അധാർമികതയുടെ വിത്തുകൾ പാകാൻ ഒരുങ്ങിയിരിക്കുന്ന ദുശ്ശക്തികളുടെ അജണ്ടകൾക്ക് വിലങ്ങൊരുക്കിയ, സമ്മേളന നഗരിയിലെ ‘കളിച്ചങ്ങാടം’ ബാലസംഗമം വേറിട്ട കാഴ്ചയായി.

കർണാടക സനാബിൽ ജനറൽ സെക്രട്ടറി ശൈഖ് ഖലീലുറഹ്‌മാൻ മുഹമ്മദ് അസീസുദ്ദീൻ അൽ മദനി ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, പി.എൻ അബ്ദുല്ലത്വീഫ് മദനി, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, ത്വൽഹത്ത് സ്വലാഹി, അർഷദ് അൽഹികമി, ശുറൈഹ് സലഫി, ടി.കെ അശ്‌റഫ്, റഷീദ് കുട്ടമ്പൂർ, താജുദ്ദീൻ സ്വലാഹി, അബ്ഹജ് സുറൂർ, ശിബിൽ എംപി എന്നിവർ സംസാരിച്ചു. സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി സമാപന പ്രസംഗം നടത്തി.


കാഴ്ച പരിമിതർക്ക് ഉൾക്കാഴ്ച പകർന്ന് ‘എൻവിഷൻ’ ഫാമിലി കോൺഫറൻസ്

ന്യൂസ് ഡസ്ക്

കോഴിക്കോട്: വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാസമിതി സംഘടിപ്പിച്ച ‘എൻവിഷൻ’ കാഴ്ച പരിമിതരുടെ കുടുംബ സംഗമം കോഴിക്കോട് സ്പാൻ ഹോട്ടലിൽവച്ച് നടന്നു. കാഴ്ച പരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഉൾക്കാഴ്ച പകർന്നുനൽകാൻ സംഗമം കൊണ്ട് സാധിച്ചു. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു.

വിസ്ഡം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അമീർ അത്തോളി അധ്യക്ഷത വഹിച്ചു. റഷീദ് കുട്ടമ്പൂർ, ഡോ. ജൗഹർ മുനവ്വർ, സ്വാദിഖ് മദീനി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിസ്ഡം ജില്ലാ പ്രസിഡന്റ് ബഷീർ വി.ടി ആശംസകൾ നേർന്നു.

പാനൽ ഡിസ്‌കഷനിൽ മുസ്തഫ മദനി മമ്പാട്, അസ്ഹർ ഫറൂഖ്, ജംഷീർ എ.എം, മുഫീദ് നന്മണ്ട എന്നിവർ പങ്കെടുത്തു. എൻവിഷൻ സംസ്ഥാന കൺവീനർ ഷംഷാദ്.എ.എസ്, അബ്ദുൽ ഗഫൂർ മാസ്റ്റർ, ജൈസൽ പരപ്പനങ്ങാടി, നവാസ് ഒളവണ്ണ എന്നിവർ സംസാരിച്ചു.