സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നത് കർശനമായി തടയണം

വിസ്ഡം സംസ്ഥാന പ്രതിനിധി സമ്മേളനം

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

തിരൂർ: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തിരൂരിൽ സമാപിച്ച വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

വ്യക്തിസ്വാതന്ത്ര്യത്തെ പൊതുവിടങ്ങളിൽ എന്തും പറയാനും പ്രവർത്തിക്കാനുമുള്ള അവകാശമായി കണക്കാക്കുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഉൾക്കൊണ്ട് ദേശീയ മതേതര മുന്നണി ശക്തിപ്പെടുത്താൻ കോൺഗ്രസ്സ് മുന്നോട്ട് വരണം. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം മതനിരപേക്ഷ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഇത് ഉൾക്കൊണ്ട് കർമപദ്ധതി തയ്യാറാക്കാനും രാജ്യനന്മക്ക് വേണ്ടി ഇച്ഛാശക്തിയുള്ള തീരുമാനങ്ങൾ എടുക്കാനും കോൺഗ്രസ്സിന് സാധിക്കണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് കളങ്കമുണ്ടാക്കുന്നവിധം നടക്കുന്ന സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസുകൾ അന്വേഷണവിധേയമാക്കണം. പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള പ്രത്യേക പദ്ധതികൾ കൊണ്ടുവരണം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലൈംഗിക അരാജകത്വവും മദ്യാസക്തിയും വർധിപ്പിക്കാനുള്ള ഗൂഢസംഘങ്ങളുടെ ശ്രമങ്ങൾക്ക് ജനകീയ പ്രതിരോധം തീർക്കണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

കുടുംബ ബന്ധങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ കേന്ദ്രങ്ങളിൽ ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കും. വിസ്ഡം യൂത്തിന്റെ ആഭിമുഖ്യത്തിൽ ‘പ്രൊഫൈസ്’ പ്രൊഫഷണൽ ഫാമിലി കോൺഫറൻസും ക്വുർആൻ സമ്മേളനവും; സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ‘പ്രൊഫ്കോൺ്’ പ്രൊഫഷണൽ സ്റ്റുഡൻസ് കോൺഫറൻസും (സെപ്തം 8,9,10, കോഴിക്കോട്) നടക്കും.

പ്രതിനിധി സമ്മേളനം വിസ്ഡം പണ്ഡിതസഭ ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, ഭാരവാഹികളായ സി.പി.സലീം, അബൂബക്കർ സലഫി, കെ.സജ്ജാദ്, അബ്ദുൽ മാലിക് സലഫി, ഹാരിസ് ബിൻ സലീം, റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർശദ് അൽഹികമി, കുവൈറ്റ് കേരള ഇസ്വ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, യു.എ.ഇ ഇസ്വ്‌ലാഹി സെന്റർ സെക്രട്ടറി വി.കെ. മുഹമ്മദ് യാസിർ എന്നിവർ പ്രസംഗിച്ചു.