സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക

വിസ്ഡം യൂത്ത്

2023 മെയ് 06 , 1444 ശവ്വാൽ 14

മണ്ണാർക്കാട് : സമൂഹത്തിൽ ഏറ്റവുമധികം സ്വാധീനമുള്ള സിനിമപോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിച്ച് വർഗീയവിഷം ചീറ്റുന്നവർക്കെതിരെ നിയമനടപടി എടുക്കണമെന്ന് മണ്ണാർക്കാട് സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു.

കേരളം മാനവ സൗഹാർദത്തിന് പേരുകേട്ട നാടാണ്. ഇവിടെ സ്ത്രീകളെ കൂട്ടത്തോടെ മതംമാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നുവെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. ഒരു സംസ്ഥാനത്തെതന്നെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം വർഗീയ പ്രചാരണങ്ങൾക്ക് രാജ്യത്ത് അനുമതി നൽകരുതെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.

വർഗീയ ഫാഷിസ്റ്റുകൾ ആവർത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകൾക്ക് പിന്നിലുള്ളത്. ഇസ്‌ലാംഭീതി വിതച്ച് ഒരു വിഭാഗത്തെ അപരവൽക്കരിക്കുന്നതോടൊപ്പം ലോകത്താകമാനം ഈ സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.


‘ദി കേരള സ്‌റ്റോറി’ കേരളത്തിനു നേരെയുള്ള കടന്നുകയറ്റം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട് : ‘ദി കേരള സ്‌റ്റോറി’ എന്ന പേരിൽ സുദീപ് തോ സെൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വിഭാഗീയത സൃഷ്ടിക്കാനും ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടാനും ലക്ഷ്യം വെച്ചുള്ളതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റെ് പി.എൻ അബ്ദുല്ല ത്തീഫ് മദനി, ജന:സെക്രട്ടറി ടി.കെ അശ്‌റഫ് എന്നിവർ പ്രസ്താവിച്ചു.

സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന വിധത്തിലുള്ള ഇത്തരം നീക്കങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ കൊണ്ടുവരരുത്. സാമൂഹിക മേഖലകളിൽ ദോഷം മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഐ.എസ് ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ചട്ടുകമാണെന്നും അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ലോക മുസ്‌ലിം പണ്ഡിതന്മാർ അത് ഉദയം ചെയ്ത ഘട്ടത്തിൽതന്നെ വ്യക്തമാക്കിയതാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകളും പൊതുസമൂഹവും തള്ളിക്കളഞ്ഞ ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്.

കേരളത്തെ മൊത്തത്തിൽ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഗൗരവതരമായ ഈ പ്രശ്‌നത്തിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടത്, വലത് മുന്നണികളും, സമുദായ സംഘടനകളും ഒറ്റക്കെട്ടായി ശക്തമായി പ്രദർശന വിലക്ക് ഏർപ്പെടുത്തുംവരെ പ്രതികരിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുമ്പ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഭാരവാഹികൾ പ്രതികരിച്ചത്.

നേരത്തെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചയായപ്പോൾ അതിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നതിലുണ്ടായ കാലതാമസം ഈ വിഷയത്തിലുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം വിഷം വമിക്കുന്ന കഥകൾ മെനയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ഓർമപ്പെടുത്തി.