കലാസാംസ്‌കാരിക മേളകളെ മതവിരുദ്ധ പ്രചാരണ വേദികളാക്കരുത്

വിസ്ഡം യൂത്ത്

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

കോഴിക്കോട്: മാനവർക്കിടയിൽ സൗഹാർദവും സാഹോദര്യവും സഹവർത്തിത്വവും വളർത്തിയെടുക്കാൻ ഉപയോഗിക്കേണ്ട കലാസാംസ്‌കാരിക മേളകളെ മതവിരുദ്ധ പ്രചാരണ വേദിയാക്കുന്നത് അപലപനീയമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫഷണൽസ് ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.

മതവും ദൈവവിശ്വാസവുമെല്ലാം മാനവീകരണത്തിന് ഉപയുക്തമാണ് എന്ന് സുഹോദര്യത്തിന്റ മലയാളി ജീവിത രീതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനെ തകർക്കാൻ ഫാഷിസ്റ്റ് വർഗീയ ശക്തികൾ എന്നും ശ്രമം നടത്തിയിട്ടുണ്ട്. അതിന് ആക്കം കൂട്ടുന്ന പ്രചാരണത്തിന് സർക്കാരിന്റെ കീഴിലുള്ള സാംസ്‌കാരിക വേദികളെ ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. സ്വാഗത ഗാനത്തിന്റ ദൃശ്യാവിഷ്‌കാരത്തിലെ മുസ്‌ലിം വേഷവും മോണോ ആക്ടിലെ മതത്തെ പരിഹസിക്കലുമെല്ലാം പുതുതലമുറക്ക് വെറുപ്പിന്റ സന്ദേശമാണ് നൽകുന്നത്. ഇത്തരം സമീപനങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിസ്ഡം യൂത്ത് പ്രൊഫഷണൽസ് ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു.

ജനുവരി 28,29 (ശനി, ഞായർ) ദിവസങ്ങളിലായി കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന പ്രൊഫെയ്‌സ് പ്രൊഫഷണൽസ് ഫാമിലീ കോൺഫറൻസിന് സംഗമം അന്തിമരൂപം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, ഭാരവാഹികളായ മുജീബ് ഒട്ടുമ്മൽ, പി.യു സുഹൈൽ, അബ്ദുല്ല ഫാസിൽ, ടി.കെ നിഷാദ് സലഫി, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, ഫിറോസ് ഖാൻ സ്വലാഹി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

അനീസ് മദനി (കാസർകോട്), ഉബൈദ് (കണ്ണൂർ), ഷാജി വടുവഞ്ചാൽ (വയനാട് ), സാജിദ് ബിസ്മി , അമീർ (കോഴിക്കോട്), സി.എം അബ്ദുൽ ഖാലിഖ്, സുഹൈർ പാണ്ടിക്കാട്, മുഹമ്മദ് ഹസൻ ( മലപ്പുറം) നൗഫൽ (പാലക്കാട്), അംജദ് (എറണാകുളം), റിൻഷാദ് (ആലപ്പുഴ), സഹൽ സലഫി (കൊല്ലം) എന്നിവർ പ്രസംഗിച്ചു.


വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസ് ഫെബ്രുവരി 12ന് - കോഴിക്കോട് കടപ്പുറത്ത്

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട്: ‘മാനവ രക്ഷയ്ക്ക് ദൈവിക ദർശനം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കോൺഫറൻസിന്റ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ആധ്യക്ഷ്യം വഹിച്ചു.

മതനിരാസം, ദൈവനിഷേധം, ലിബറലിസം, ഫാഷിസം, വർഗീയത, തീവ്രവാദം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആത്മീയ ചൂഷണങ്ങൾ, പ്രമാണനിഷേധം, ലഹരി ഉപയോഗം, സദാചാര വിരുദ്ധത, ആൾദൈവ സംസ്‌കാരം, ലിംഗനിഷ്പക്ഷതാവാദങ്ങൾ, ലൈംഗിക അരാചകത്വം എന്നിവക്കെതിരെ സമൂഹത്തെ ബോധവൽകരിക്കുക എന്നതാണ് സമ്മേളനത്തിന്റ ലക്ഷ്യം,

സന്ദേശ വാഹന പ്രയാണം, സന്ദേശ ദിനം, പ്രൊഫഷണൽസ് ഫാമിലി സംസ്ഥാന സംഗമം, സന്ദേശ രേഖാ വിതരണം, ശാഖാ പൊതുപ്രഭാഷണങ്ങൾ, കുടുംബ സംഗമങ്ങൾ, പൊതുജനസമ്പർക്കം, ഗൃഹസന്ദർശനം, അയൽക്കൂട്ടം, വനിതാസംഗമങ്ങൾ, സ്റ്റുഡന്റ്‌സ് മീറ്റുകൾ, വിസ്ഡം കിയോസ്‌ക്, കാമ്പസ് പ്രചാരണം, പ്രവാസി മീറ്റുകൾ, വിദേശ രാജ്യങ്ങളിലെ മലയാളി മീറ്റുകൾ തുടങ്ങിയ വുവിധ പരിപാടികൾ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കും.