സൗഹൃദ സംഗമം സമാപിച്ചു

ന്യൂസ് ഡെസ്ക്

2023 ഏപ്രിൽ 01, 1444 റമദാൻ 10

കോഴിക്കോട്: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെയും സമുദായ നേതാക്കളുടെയും സൗഹൃദ സംഗമത്തിലും ഇഫ്താർ മീറ്റിലും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ്, സംസ്ഥാന ട്രഷറർ കെ സജ്ജാദ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

രാജ്യം ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ ഘട്ടത്തിൽ മതനിരപേക്ഷ നിരയുടെ ഐക്യവും വിവിധ സമുദായങ്ങൾ തമ്മിലുള്ള സഹകരണവും പൊതു വിഷയത്തിൽ മുസ്‌ലിം സംഘടനകൾക്കിടയിൽ ഉണ്ടാകേണ്ട യോജിപ്പും ചർച്ചയിൽ കടന്ന് വന്നു.

ഫാസിസം കേരളത്തിൽ പിടിമുറുക്കാൻ ന്യൂനപക്ഷങ്ങളെ വിവിധ രൂപത്തിൽ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഒരുവേള ഭീഷണിപ്പെടുത്തിയുമെല്ലാം തന്ത്രങ്ങൾ മെനയുന്ന പ്രത്യേക സാഹചര്യത്തിൽ മുസ്‌ലിം സംഘടനകൾക്കിടയിൽ ഫാസിസ്റ്റ് വിരുദ്ധ നീക്കത്തിൽ വിള്ളൽ വീഴാതിരിക്കാനാവശ്യമായ ജാഗ്രത ഉണ്ടാവണമെന്ന് ടി.കെ അശ്‌റഫ് സൂചിപ്പിച്ചു. മുസ്‌ലിം മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ പോലും ഈയിടെ വർധിച്ച് വരുന്ന ഡി.ജെ പാർട്ടികൾ പോലുള്ള വഴിവിട്ട സംസ്‌കാരത്തെ ഗൗരവപൂർവം കാണാൻ ഇനിയും നമ്മൾ തയ്യാറായില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷത്തുകൾ നാം അനുഭവിക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ എല്ലാ പ്രമുഖ മുസ് ലിം സംഘടനകളുടെയും പ്രാതിനിധ്യം യോഗത്തിൽ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. മുസ് ലിം ലീഗിന്റെ ദേശീയ നേതാക്കൾ, ഒട്ടുമിക്ക എം.എൽ.എ മാർ, പോഷക സംഘടനാ നേതാക്കൾ, സംസ്ഥാന സെക്രട്ടറിയേറ്റ് എന്നിവരുടെ സാന്നിധ്യവും യോഗത്തെ പ്രൗഢമാക്കി. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾക്ക് പ്രായോഗിക നടപടികൾ കൂടി ഉണ്ടായാൽ ഇതുപോലുള്ള സംഗമങ്ങൾ സമൂഹത്തിന് മൊത്തത്തിലും സമുദായത്തിന് പ്രത്യേകമായും ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.