ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന നയം സർക്കാർ തിരുത്തണം:

മുസ്‌ലിം കോർഡിനേഷൻ സമിതി യോഗം

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

കോഴിക്കോട്: ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന സർക്കാർ നിലപാട് തിരുത്തപ്പെടണമെന്ന് കോഴിക്കോട്ടു ചേർന്ന മുസ്‌ലിം കോർഡിനേഷൻ സമിതി യോഗം ആവശ്യപ്പെട്ടു. ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നം മാത്രമല്ലെന്നും ധാർമികതയെയും സദാചാരത്തെയും പവിത്രമായി കാണുന്ന മുഴുവൻ ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണെന്നും യോഗം വിലയിരുത്തി. ഈ വിഷയത്തിലുള്ള പൊതു ജനങ്ങളുടെ അജ്ഞത മുതലെടുത്താണ് ഇതിന് കൊടിപിടിക്കുന്നവർ പൊതുയിടങ്ങളിൽ സ്വാധീനം നേടുന്നത്.

ജെൻഡർ വിഷയത്തിലെ ചതിക്കുഴികൾ സമൂഹത്തെ ബോധവത്കരിക്കാനും സർക്കാറിനെ ഈ നയത്തിൽനിന്ന് പിന്തിരിപ്പിക്കാനും വളരെ വിപുലമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യാനായി എല്ലാ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സബ്കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ഫാസിസത്തോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ പേരിൽ മതേതര സമൂഹത്തിലും വിശിഷ്യാ സമുദായത്തിലും വിള്ളൽ വരാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന് യോഗത്തിൽ പൊതുവികാരം ഉയർന്നു.

ഏക സിവിൽ കോഡ്, സാമ്പത്തിക സംവരണം, പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളും ചർച്ച ചെയ്തു. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103-ാം ഭരണഘടന ഭേദഗതിയിലൂടെ ഇപ്പോൾ അനുവദിച്ച സാമ്പത്തിക സംവരണം, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ തടയപ്പെടുന്നു. 103ാം ഭരണഘടന ഭേദഗതി പിൻവലിക്കുകയും ഭരണഘടന ബെഞ്ചിലെ അഞ്ചംഗ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പുനഃപരിശോധിക്കുകയും വേണം.

ബി.ജെ.പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളോട് പൗരത്വനിയമം നടപ്പിലാക്കാൻ ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ജനവികാരത്തിനെതിരാണ്. ഈ നീക്കം ഭരണകൂടം ഉപേക്ഷിക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം വീണ്ടും സാക്ഷിയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം. പി, പി.എം.എ സലാം, മുഹമ്മദ് ബഹാഉദ്ദീൻ നദ്‌വി, ആർ.വി.കുട്ടി ഹസൻ ദാരിമി, മുസ്തഫ മുണ്ടുപാറ (സമസ്ത), എം.ഐ അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), കടക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), സി.പി ഉമർ സുല്ലമി, അബ്ദുല്ലത്വീഫ് കരിമ്പിലാക്കൽ (മർകസുദ്ദഅ്‌വ), ടി.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), ഡോ.പി.ഉണ്ണീൻ, എഞ്ചിനീയർ അഹ്‌മദ് കോയ (എം.എസ്.എസ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു.