വിസ്ഡം ജില്ലാ ഓറിയന്റേഷൻ ക്യാമ്പുകൾക്ക് തുടക്കമായി

ന്യൂസ് ഡെസ്ക്

2023 മെയ് 13 , 1444 ശവ്വാൽ 20

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ റമദാനിനു മുമ്പ് തുടങ്ങിവച്ച ഓറിയന്റേഷൻ ക്യാമ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പ് നടന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, ഫൈസൽ മൗലവി, ഷമീർ മദീനി, അബ്ദുറഹ്‌മാൻ മദനി, ഫൈസൽ ഇബ്‌റാഹീം എന്നിവർ നേതൃത്വം നൽകി. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ സി.പി.സലീം, അബ്ദുൽ മാലിക് സലഫി, മുജീബ് ഒട്ടുമ്മൽ, അബ്ദുല്ല ഫാസിൽ, അശ്‌റഫ് കല്ലായ് തുടങ്ങിയവരും; വയനാട് ജില്ലാ ക്യാമ്പിൽ നാസിർ ബാലുശ്ശേരി, അബൂബക്കർ സലഫി, ഹാരിസ് ബിൻ സലീം, കെ.സജ്ജാദ്, റഷീദ് കൊടക്കാട്ട് എന്നിവരും നേതൃത്വം നൽകി. ആദർശം, സംഘടന, സംഘാടനം, നയനിലപാടുകൾ, സംസ്‌കരണം തുടങ്ങി വിവിധ വിഷയങ്ങൾ ക്യാമ്പുകളിൽ ചർച്ച ചെയ്തു.


‘സമകാലിക ഇന്ത്യയും ന്യൂനപക്ഷ നിലപാടുകളും’ ടേബിൾ ടോക്ക് ശ്രദ്ധേയമായി

ന്യൂസ് ഡെസ്ക്

ജിദ്ധ: ‘സമകാലിക ഇന്ത്യയും ന്യൂനപക്ഷ നിലപാടുകളും’ എന്ന വിഷയത്തിൽ ജിദ്ദ ദഅ്‌വ കോഡിനേഷൻ കമ്മിറ്റി ശറഫിയ്യയിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് മോഡറേറ്ററായി. ജിദ്ദയിലെ രാഷ്ട്രീയ, മത, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖർ ടേബിൾ ടോക്കിനെ ധന്യമാക്കി. ശൈഖ് ഫായിസ് അസ്സഹ്‌ലി മുഖ്യാതിഥിയായിരുന്നു. പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം ചർച്ചക്ക് തുടക്കം കുറിച്ചു.

ചർച്ചയിൽ പങ്കെടുത്ത എല്ലാവരും സമകാലിക ഇന്ത്യൻ സാഹചര്യത്തെ ഓഡിറ്റ് ചെയ്തുകൊണ്ട് സംസാരിച്ചു. എണ്ണത്തിൽ കുറവ് എന്ന അർഥത്തിൽ യഥാർഥ ന്യൂനപക്ഷം ഫാസിസമാണെന്ന് വിലയിരുത്തി. വോട്ടിംഗ് പാറ്റേൺ വെച്ചുതന്നെ നോക്കിയാൽ ഇപ്പോൾ വെറും 35 ശതമാനത്തിന്റെ പിന്തുണയാണ് ഇവർക്കുള്ളതെന്നു കാണാം. മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ ഐക്യം യാഥാർഥ്യമായാൽ ഫാസിസം നിഷ്പ്രഭമാകും.

ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും തങ്ങളുടെ അധികാരം നിലനിർത്താൻ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയണം. ഭരണം ലഭിക്കുന്നതുവരെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നുവെന്ന് വരുത്തുകയും ശേഷം ഭരണമുപയോഗിച്ച് അവരെ വേട്ടയാടുകയും ചെയ്യുന്നതിന്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നത്. ഈ അനുഭവം കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് പാഠമാകണം.

സമുദായങ്ങൾ തമ്മിലുള്ള തർക്കം മതനിരപേക്ഷ വോട്ട് ഭിന്നിക്കാൻ ഇടയാക്കരുത്. അഭിപ്രായ വ്യത്യാസങ്ങൾ ഗുണകാംക്ഷയോടെ കൈകാര്യം ചെയ്യണം. ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലും വിവിധ സമുദായത്തിലെ സംഘടനകൾ തമ്മിലും ആരോഗ്യകരമായ ഡയലോഗുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ടേബിൾ ടോക്ക് വിലയിരുത്തി. സോഷ്യൽ മീഡിയ വിതക്കുന്ന വിദ്വേഷത്തിന്റെ വിത്തുകളെ പ്രായോഗിക ജീവിതത്തിന്റെ ഊഷ്മളമായ സൗഹാർദംകൊണ്ട് പിഴുതെറിയാൻ നമുക്കാവണമെന്നും സംസാരിച്ച പ്രതിനിധികളെല്ലാം ഓർമപ്പെടുത്തി.