പണ്ഡിതന്മാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം

വിസ്ഡം പണ്ഡിത സംഗമം

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

മലപ്പുറം: വർത്തമാന കാലഘട്ടത്തിൽ സമൂഹം നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സാമൂഹിക നവോത്ഥാനരംഗത്തെ ദൗത്യം നിർവഹിക്കാൻ പണ്ഡിതന്മാർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച പണ്ഡിത സംഗമം ആവശ്യപ്പെട്ടു.

മിനി ഊട്ടിയിലെ ജാമിഅ അൽഹിന്ദ് ക്യാമ്പസിൽ രണ്ടുദിവസങ്ങളിലായി നടന്ന സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ലജ്‌നതുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംസ്ഥാന കൺവീനർ ശമീർ മദീനി ആമുഖ സംസാരം നടത്തി. ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു.

പ്രബോധകരുടെ വീഴ്ചകൾ ഒരു സമൂഹത്തെ നാശത്തിലേക്ക് വലിച്ചിഴക്കാൻ കാരണമാകുമെന്ന ഉത്തമ ബോധ്യം പകർന്നു നൽകുന്നതായിരുന്നു ക്യാമ്പ്. പഠിക്കുംതോറും കൂടുതൽ പഠിക്കാനും അറിയുംതോറും സ്വന്തം അജ്ഞതയുടെ ആഴം തിരിച്ചറിയാനും പ്രബോധകരെ സഹായിക്കുന്നതായിരുന്നു എല്ലാ സെഷനുകളും.

ഓരോ ക്ലാസ്സ് കഴിയുമ്പോഴും ആ വിഷയത്തിൽ സംശയനിവാരണത്തിനുള്ള അവസരംകൂടി ഒരുക്കിയത് വിഷയങ്ങളുടെ സർവതലങ്ങളിലേക്കും ക്യാമ്പംഗങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ സഹായിച്ചു. ക്യാമ്പിൽ പുറത്തിറങ്ങിയ ‘അന്നസ്വീഹ’ മാഗസിൻ എക്കാലത്തും പ്രയോജനപ്പെടുന്ന പ്രസക്തമായ വൈജ്ഞാനിക വിഷയങ്ങൾ കൊണ്ട് ധന്യമായിരുന്നു. ക്യാമ്പിൽ അവതരിപ്പിച്ച വിഷയങ്ങളുടെ വിശദമായ നോട്ട് പ്രിന്റ് ചെയ്തു മുൻകൂട്ടി നൽകിയത് തുടർപഠനത്തിനും പ്രബോധകർക്ക് സഹായകമാകും.

സമകാലിക സാഹചര്യത്തിൽ പ്രബോധകർ അറിയേണ്ട അടിസ്ഥാന വിഷയങ്ങൾ മുതൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കാറുള്ള വിവിധ മസ്അലകളും ചർച്ച ചെയ്യപ്പെട്ടു.

വിഷയാവതാരകരും വിഷയങ്ങളും: ഹംസ മദീനി (ഇജ്തിഹാദീ വിഷയങ്ങളിലുള്ള നിലപാട്), മുഹമ്മദ് ശബീബ് സ്വലാഹി (അൽഹാകിമിയ്യത്ത്), മുഹമ്മദ് സ്വാദിഖ് മദീനി (ത്വലാക്വ്, ഫസ്ഖ്, ഖുൽഅ്), അബ്ദുൽ മാലിക് സലഫി (മാസപ്പിറവി; ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന പ്രമാണങ്ങൾ), ശമീർ മദീനി (ഇൻഷൂറൻസ്:വിധിവിലക്കുകൾ), അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി (ഹദീസ് പഠനം), ഡോ. അബ്ദുന്നസ്വീർ അസ്ഹരി (ശാഫിഈ മദ്ഹബും പുത്തൻ വാദങ്ങളും), അബൂബക്കർ സലഫി (അൽവലാഉ വൽ ബറാഅ്), ഫൈസൽ മൗലവി പുതുപ്പറമ്പ് (പ്രബോധരംഗം: ആരോപണങ്ങൾ, വസ്തുതകൾ), ടി. കെ അശ്‌റഫ് (വർത്തമാനകാലത്തെ പ്രബോധകന്റെ നിലപാടുകൾ), പ്രഫ.ഹാരിസ് ബിൻ സലീം (പ്രബോധകന്റെ വ്യക്തിത്വം).

വിസ്ഡം യൂത്ത് ജന.സെക്രട്ടറി ടി.കെ നിഷാദ് സലഫി, സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. അന്നസ്വീഹ മാഗസിൻ പ്രഫ. ഹാരിസ് ബിൻ സലീം യു.എ.ഇ ഇസ്വ്‌ലാഹി മലയാള വിഭാഗം പ്രബോധകൻ മുഹമ്മദ് കുട്ടി സലഫിക്ക് നൽകി പ്രകാശനം ചെയ്തു.