പുതിയ പ്രഭാതത്തിലേക്ക് ജാലകം തുറന്ന് വിസ്ഡം സ്‌റ്റേറ്റ് ലീഡേഴ്‌സ് ക്യാമ്പുകൾ

ന്യൂസ് ഡെസ്ക്

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 25, 26 തീയതികളിൽ പൂനൂരിൽവച്ച് ‘വിന്റോസ് സ്‌റ്റേറ്റ് ലീഡേഴ്‌സ് ക്യാമ്പ്’ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ടുനിന്ന സംഗമം വൈജ്ഞാനികവും സംഘടനാപരവുമായ ചർച്ചകളാൽ സമ്പന്നമായിരുന്നു.

സുതാര്യമായ വൈജ്ഞാനിക ചർച്ചകളുടെ ആവശ്യകതയും മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു ഇസ്‌ലാമിക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എത്തരത്തിലുള്ളതായിരിക്കണമെന്നതും ആധുനിക വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നതുമെല്ലാം ക്യാമ്പിൽ വിശദമായി ചർച്ചചെയ്യപ്പെട്ടു.

ഫെബ്രുവരി 12ന് കോഴിക്കോട് കടപ്പുറത്ത് ചരിത്രത്തിന്റെ ഭാഗമായി മാറിയ വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസ് ലക്ഷക്കണക്കിന് അനുഭാവികൾ ഓൺലൈനിലും മറ്റുമായി വീക്ഷിക്കുകയുണ്ടായി. അതിൽ ആയിരങ്ങൾ ധാരാളം നിർദേശങ്ങളും സംഘടനയ്ക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽവച്ച് മുന്നോട്ടുള്ള ഗമനത്തിന് സംഘടന തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് വിസ്ഡം വിന്റോസ് ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചത്.

മാറിയ കാലത്തെയും നേരിടാനിരിക്കുന്ന വെല്ലുവിളികളെയും തിരിച്ചറിഞ്ഞുകൊണ്ട് ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ നേതൃസംഗമം നിർണായക പങ്കുവഹിച്ചു. വരും ദിവസങ്ങളിൽ ഇതിൽനിന്ന് ലഭിച്ച ഊർജവും ക്യാമ്പിലെ സുചിന്തിതമായ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ നയനിലപാടുകളും സംഘടനയുടെ മുന്നോട്ടുള്ള ഗമനത്തിന് കരുത്തുപകരും.

ക്യാമ്പ് വിസ്ഡം പണ്ഡിതസഭയുടെ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽമദീനി ‘നമ്മുടെ ആദർശം’ എന്ന സെഷന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ക്യാമ്പിന്റെ കോഡിനേഷൻ നിർവഹിച്ചു.

വിവിധ ഫോക്കസ് ഗ്രൂപ്പുകൾക്ക് സംസ്ഥാന ഭാരവാഹികളായ അബൂബക്കർ സലഫി, നാസിർ ബാലുശ്ശേരി, ഹാരിസ് ഇബ്‌നു സലീം, സി.പി സലിം, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ് എന്നിവർ നേതൃത്വം നൽകി.

ശമീർ മദീനി, കെ.താജുദ്ദീൻ സ്വലാഹി, ടി.കെ നിഷാദ് സലഫി, അർഷദ് താനൂർ, ഷമീൽ.ടി എന്നിവർ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

‘വിന്റോസ്’ രണ്ടാംഘട്ട ക്യാമ്പ് മാർച്ച് അഞ്ചിന് കോഴിക്കോട് ഹോട്ടൽ സ്പാനിൽവച്ച് നടന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, ട്രഷറർ കെ. സജ്ജാദ്, പണ്ഡിതസഭ ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, കൺവീനർ ശമീർ മദീനി; ഹാരിസ് ബിൻ സലീം, ഫൈസൽ മൗലവി, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ശരീഫ് എലാങ്കോട്, വെൽകം അശ്‌റഫ്, ഹംസക്കുട്ടി സലഫി, റഷീദ് കൊടക്കാട്ട്, അബൂബക്കർ ഉപ്പള, നാസിർ സ്വലാഹി, ജമാൽ കൊല്ലം, എഞ്ചിനീയർ അബ്ദുറസാഖ്, അബ്ദുൽ ഖാദിർ പറവണ്ണ, റഷീദ് മാസ്റ്റർ കാരപ്പുറം, ജാബിർ വി.എം, അഡ്വ. മുഹമ്മദ് അഷ്‌റഫ്, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, പി.എ ശംസുദ്ദീൻ അടിമാലി, നിസാർ എ കരുനാഗപ്പള്ളി, നസീർ കൊല്ലായി തുടങ്ങിയവർസംസാരിച്ചു.

മൂന്നാംഘട്ടം മാർച്ച് 12ന് ഉത്തരമേഖലയിലും 19 ന് ദക്ഷിണ മേഖലയിലും സംഘടിപ്പിക്കും. ഏപ്രിൽ 30, മെയ് 7,14 എന്നീ തീയതികളിൽ നാലാംഘട്ടം ജില്ലാകേന്ദ്രങ്ങളിലും സംഘടിപ്പിക്കും.