‘പ്രൊഫെയ്‌സ്’ വിസ്ഡം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സമാപിച്ചു

ന്യൂസ് ഡസ്ക്

2023 നവംബർ 18 , 1445 ജു.ഊലാ 04

അങ്കമാലി: സാമൂഹികഭദ്രത നിലനിറുത്തുവാനും ലിബറൽ ചിന്താഗതികൾക്കെതിരെ പോരാടുവാനും പ്രൊഫഷണൽ സമൂഹം രംഗത്തിറങ്ങണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ‘പ്രൊഫെയ്‌സ്’ മൂന്നാമത് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സമാപിച്ചു.

പ്രൊഫഷണലുകളുടെ ഗവേഷണപരവും തൊഴിൽപരവുമായ മികവുകൾ നിലനിറുത്താൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം. മികച്ച പ്രൊഫഷണലുകളുടെ സേവനം രാജ്യത്തുതന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.

ഫലസ്തീനികളുടെ ജന്മാവകാശത്തിൽ ക്രൂരമായ കയ്യേറ്റം തുടരുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ലോകമനസ്സാക്ഷി ഉണരണമെന്നും നിരപരാധികളായ കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും കോൺഫൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരപരാധികളായ കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ ശബ്ദിക്കണം.

‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റ ഭാഗമായാണ് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്. പ്രൊഫഷണൽ തിരക്കുകൾക്കിടയിൽ കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടപ്പാടുകളെ കുറിച്ച് ചർച്ചചെയ്ത കോൺഫറൻസിൽ കേരളത്തിൽനിന്നുള്ള ആയിരത്തിലധികം പ്രൊഫഷണൽ കുടുംബങ്ങൾ പങ്കെടുത്തു.

സൗദി എംബസി കൾച്ചറൽ അറ്റാശെ ഡോ. ഖാലിദ് യൂസുഫ് എ. ബർഖാവി ഉൽഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.അബ്ദുൽ മാലിക് അധ്യക്ഷനായി. വിവിധ സെഷനുകളിലായി ഹാരിസ് കായക്കൊടി, ഡോ. മുഹമ്മദ്കുട്ടി കണ്ണിയൻ, യൂനുസ് പി, ഷംജാദ് കെ അബ്ബാസ്, ഡോ. സമാൻ, മുഹമ്മദ് അജ്മൽ സി, ഡോ. ജൗഹർ മുനവ്വർ, ജാസിർ സാബ്‌രി, മിറാജ് മുഹമ്മദ്, ടി.കെ. അഷ്‌റഫ്, കെ. സജ്ജാദ്, ജംഷീർ സ്വലാഹി, അഡ്വ. മായൻകുട്ടി മേത്തർ, യു. മുഹമ്മദ് മദനി, ടി. കെ. നിഷാദ് സലഫി, ത്വാഹാ റഷാദ്, മുഹമ്മദ് ഖാൻ, കെ. താജുദ്ദീൻ സ്വലാഹി, ബഷീർ വി.പി, ഹാരിസ് ബിൻ സലീം, ഡോ. അബ്ദുല്ല ബാസിൽ, സകരിയ്യ പാണ്ടിക്കാട്, ഹാസിൽ അഹ്‌മദ് എന്നിവർ സംസാരിച്ചു.

പ്രൊഫഷണൽ രംഗത്ത് നീതിബോധവും സേവനതൽപരതയും വളർത്തുക, കുടുംബബന്ധത്തിലെ ധാർമിക സദാചാര മര്യാദകളെ കുറിച്ച് ബോധവൽകരിക്കുക, നവനാസ്തികതയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം നൽകുക, ഏകദൈവവിശ്വാസം നൽകുന്ന ആത്മബലവും വ്യക്തിസംസ്‌കരണവും പകർന്നു നൽകുക, അരാഷ്ട്രീയ പ്രവണതകൾക്കെതിരെ ബോധവൽകരിക്കുക, മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുള്ള സാമൂഹികസൃഷ്ടി സാധ്യമാക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതും സന്താന പരിപാലന മാർഗങ്ങളും പ്രായോഗികമായി നിർവചിക്കുന്നതുമായ ഇസ്‌ലാമിക പാഠങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക, ആൽഫ ജനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങെളയും പാരന്റിംഗ് കാര്യക്ഷമമാക്കാനുള്ള മാർഗങ്ങളെയും കുറിച്ച് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് വിവിധ സെഷനുകൾ ഒരുക്കിയത്.

കോൺഫറൻസിലെത്തിയ പ്രൊഫഷണലുകളുടെ കുട്ടികൾക്കായി പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. വിവിധ പ്രായക്കാരെ സ്വീറ്റ് ബഡ്‌സ്, ബട്ടർഫ്‌ളൈസ്, ലിറ്റിൽ വിങ്‌സ്, ടീൻ സ്‌പേസ് എന്നിങ്ങനെ തിരിച്ച് പാട്ടും കഥകളും കളികളും ഗുണപാഠങ്ങളും പകർന്നു നൽകി.