വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഉത്തരമേഖല ഓറിയന്റേഷൻ ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡെസ്ക്

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ള ഭാരവാഹികളെയും മണ്ഡലം സെക്രട്ടറി പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 12ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഓറിയന്റേഷൻ ക്യാമ്പ് ഇസ്‌ലാമിക പ്രബോധന പ്രവർത്തന മേഖലയിൽ പുതിയ വാതായനങ്ങൾ തുറന്ന് പ്രതീക്ഷാനിർഭരമായി സമാപിച്ചു.

സമുദായത്തിൽ നിലനിൽക്കുന്ന ആശയപരമായ വ്യത്യാസങ്ങളുടെ അടിത്തറയും അഹ്‌ലു സ്സുന്നയുടെ വ്യതിരിക്തതയും വിവരിച്ചുകൊണ്ട് സരളമായും പണ്ഡിതോചിതമായും ഫൈസൽ മൗലവി നടത്തിയ വൈജ്ഞാനിക ഭാഷണം ഈമാനികമായും ആദർശപരമായും ആവേശം നൽകുന്നതായിരുന്നു. യഥാർഥ ആദർശവും നിലപാടുമാണ് വിശ്വാസികളെ മുന്നോട്ട് നയിക്കുകയെന്ന സലഫുകളുടെ ജീവിതാനുഭവങ്ങളെ വിശദീകരിച്ച് കൊണ്ടു സംസാരമവസാനിപ്പിക്കുമ്പോൾ തൗഹീദീ മുന്നേറ്റത്തിന് വലിയ ഊർജമാണ് സമ്മാനിച്ചത്. സംസാരശേഷം സദസ്സും പ്രസീഡിയവും തമ്മിൽ നടന്ന ആശയ വിനിമയം ഹൃദ്യമായി.

യഥാർഥ മുവഹിദുകൾക്കെതിരെ ശിർക്കാരോപിച്ചവർ ഇപ്പോൾ അനുഭവിക്കുന്ന ആശയ വൈരുധ്യങ്ങളും അപമാനവും ലഘുവായ ഭാഷയിൽ വിശദീകരിച്ചുകൊണ്ട് ഹാരിസ് ബിൻ സലീം സംസാരിച്ചു. ജില്ലകളിൽ വ്യത്യസ്ത വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കായി ഒരുക്കിയ പ്രത്യേക കൂടിയിരുത്തവും പ്രവർത്തനപഥങ്ങളെ കുറിച്ചുള്ള ചർച്ചയും പ്രബോധന വഴിത്താരയിൽ വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നതായി.

ഭാരവാഹിത്വം ഭാരമാകാതിരിക്കാനുള്ള കരുതൽ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് സംസാരിച്ചു. തൊഴിൽ, കുടുംബം, പൊതുപ്രവർത്തനം എന്നിവയും ഭാരവാഹിത്വവും ചിട്ടപ്പെടുത്തി അവധാനതയോടെ നിർവഹിക്കാനുള്ള മാർഗങ്ങൾ പങ്കുവച്ചത് പ്രവർത്തകർക്ക് പ്രായോഗിക പാഠങ്ങൾ പകർന്ന് നൽകുന്നതായി.

പ്രവർത്തനങ്ങളുടെ വ്യത്യസ്ത തലങ്ങളും രീതികളും കൃത്യമായി ബോധ്യപ്പെടുത്തിയ ക്യാമ്പിൽ നിന്നിറങ്ങുമ്പോൾ പരലോക മോക്ഷമാണ് ആദ്യന്തിക ലക്ഷ്യമെന്ന് വിശദീകരിച്ചുകൊണ്ട് നാസിർ ബാലുശ്ശേരി നടത്തിയ ഉൽബോധന സംസാരം മുന്നോട്ടുള്ള ഗമനത്തിന് ഊർജം പകരുന്നതായിരുന്നു. സംസ്ഥാന ട്രഷറർ കെ. സജ്ജാദ് വകുപ്പ് യോഗങ്ങൾ ഓർമപ്പെടുത്തി, റഷീദ് കൊടക്കാട്ട് നന്ദി പറഞ്ഞു. ദക്ഷിണമേഖല ഓറിയന്റേഷൻ ക്യാമ്പ് മാർച്ച് 19ന് എറണാകുളത്ത് നടക്കും.


അനന്തരസ്വത്ത്: വിവാദത്തിന് വിവേകത്തിന്റെ തിരുത്ത് ധൈഷണിക സംവാദം ശ്രദ്ധേയമായി

കോഴിക്കോട്: അനന്തരസ്വത്ത് വിഷയത്തിൽ ചിലർ ബോധപൂർവം ഉണ്ടാക്കിയ വിവാദങ്ങൾക്ക് വിവേകത്തിന്റെ വഴിയിൽ എങ്ങനെ പ്രതികരിക്കാമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ‘ശരീഅത്ത് തിരുത്തണമെന്നോ?’ എന്ന വിഷയത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വിസ്ഡം യൂത്ത് സംഘടിപ്പിച്ച ധൈഷണിക സംവാദം.

ശരീഅത്തിന് നേരെ വിമർശനം ഉന്നയിക്കുന്നവരോട് മുസ്‌ലിം സമുദായം വൈകാരികമായി പ്രതികരിക്കുമെന്ന മുൻവിധി മുന്നിൽവച്ചാണ് അനന്തരസ്വത്ത് വിവാദത്തിന് വിമർശകർ തിരികൊളുത്തിയത്. വിവാദത്തിന് കാരണക്കാരനായ വ്യക്തിയുടെ വീടിന് പോലീസ് സംരക്ഷണം ഒരുക്കിയ വാർത്തകൾവരെ വന്നത് ഇതിന്റെ തെളിവാണ്.

മുസ്‌ലിം പക്ഷത്തുനിന്ന് വൈകാരികതക്കപ്പുറം വിവേകത്തിന്റെ വഴിയിൽ ശരീഅത്ത് വിഷയത്തെ തെറ്റിദ്ധരിച്ചവരോട് വസ്തുനിഷ്ഠമായി സംവദിക്കുന്ന ശൈലിയാണ് വിസ്ഡം യൂത്ത് സ്വീകരിച്ചത്. മറ്റു മുസ്‌ലിം പ്ലാറ്റ്‌ഫോമുകളിൽ വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന ശരീഅത്ത് ചർച്ചകളുടെയും പരിപാടികളുടെയും ദിശ തിരിക്കുന്നതിൽ വിസ്ഡം യൂത്തിന്റെ ഈ വിഷയത്തിലുള്ള ഇടപെടൽ സഹായകമാകുമെന്ന് ഉറപ്പാണ്.