വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ദക്ഷിണ മേഖലാ ഓറിയന്റേഷൻ ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡെസ്ക്

2023 മാർച്ച് 25, 1444 റമദാൻ 2

എറണാകുളം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് കോഴിക്കോട്ടു വെച്ച് നടന്ന ഉത്തരമേഖല ഓറിയന്റേഷൻ ക്യാമ്പിന്റെ തുടർച്ചയായി, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും; മണ്ഡലം, സെക്രട്ടറി - പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച് 19 ഞായറാഴ്ച എറണാകുളം ഗ്രാന്റ് മസ്ജിദ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ദക്ഷിണ മേഖല ഓറിയന്റേഷൻ ക്യാമ്പ് പ്രബോധന പ്രവർത്തന മേഖലയിൽ നവോന്മേഷം പകർന്നു നൽകി സമാപിച്ചു.

എറണാകുളം ജില്ലാ സെക്രട്ടറി ഫൈസൽ ഇബ്‌റാഹീം ആമുഖ സംസാരം നടത്തി. ക്യാമ്പിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ചു കൊണ്ട് വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ് അധ്യക്ഷ ഭാഷണം നടത്തി. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡൻറ് അബൂബക്കർ സലഫി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. യഥാർഥ മുവഹ്ഹിദുകൾക്കെതിരെ ശിർക്കാരോപിച്ചവർ ഇപ്പോൾ എത്തിയ ആശയ വൈരുധ്യങ്ങളെ അദ്ദേഹം തുറന്നു കാട്ടി.

സമുദായത്തിൽ നിലനിൽക്കുന്ന ആശയപരമായ വ്യത്യാസങ്ങളുടെ അടിത്തറയും അഹ് ലുസ്സുന്നത്തിന്റ വ്യതിരിക്തതയും വിശദീകരിച്ച് കൊണ്ട് ഹാരിസ് ഇബ്‌നു സലീം പ്രസംഗിച്ചു. ക്യാമ്പംഗങ്ങളുടെ സംശയങ്ങൾക്ക് ടി.കെ. അശ്‌റഫ്, അബൂബക്കർ സലഫി, ഹാരിസ് ഇബ്‌നു സലീം, ഷമീർ മദീനി, സി പി സലിം എന്നിവർ മറുപടി നൽകി.

ഭാരവാഹികളുടെ ദൗത്യവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് സി.പി സലീം ക്ലാസെടുത്തു. ഭാരവാഹിത്വം ഭാരമാകാതിരിക്കാനുള്ള കരുതൽ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് സംസാരിച്ചു. ജില്ലകളിൽ നടക്കേണ്ട റമദാൻ കാല പ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് വേണ്ടി ജില്ലയിലെ പ്രതിനിധികൾ ഒരുമിച്ചിരുന്നുള്ള ചർച്ചയ്ക്ക് ക്യാമ്പ് സഹായകമായി.

ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പരലോകമോക്ഷമാകണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഹാരിസ് മൗലവി സമാപന പ്രസംഗം നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അബ്ദുറഹ്‌മാൻ മദനി പുളിക്കൽ, അബ്ദുല്ല ഫാസിൽ, സുഹൈൽ പി.യു. എന്നിവർ സംബന്ധിച്ചു.

ദക്ഷിണ കേരളത്തിലെ പ്രബോധന പ്രവർത്തനങ്ങൾക്ക് ഊടും പാവും പകർന്നു നൽകി, റമദാനിലെ പുണ്യദിനങ്ങളിൽ ആരാധനകളിൽ മുഴുകുന്നതോടൊപ്പം ചിട്ടയായ പ്രവർത്തനങ്ങൾക്ക് കൂടി സമയം കണ്ടെത്തണമെന്ന നിശ്ചയദാർഢ്യവുമായി ക്യാമ്പിന് സമാപനം കുറിച്ചു. ഇതിന്റെ അടുത്ത ഘട്ടമായി ജില്ലാതലങ്ങളിൽ ഓറിയന്റേഷൻ ക്യാമ്പ് നടക്കും.